ആശങ്കകൾ തുടരുന്നു; വിദേശികൾ ശ്രദ്ധാകേന്ദ്രം; 2022 എന്തു നൽകും? വിലക്കയറ്റത്തിനു ശമനം ഉണ്ടാകുമോ?

വിപണി ഇനിയും ദിശാബോധം വീണ്ടെടുത്തിട്ടില്ല. കോവിഡിൻ്റെ പുതിയ വകഭേദം ആശങ്ക ജനിപ്പിക്കുന്നില്ല. പക്ഷേ, അതിൻ്റെ പേരിലുള്ള നിയന്ത്രണങ്ങൾ സാമ്പത്തിക വളർച്ചയെ ബാധിക്കും എന്നതു പ്രശ്നമാണ്.

ഇന്നു പ്രതിമാസ സെറ്റിൽമെൻ്റ് ദിവസമാണ്. അതിനു ശേഷമേ വിപണി ശക്തമായ നീക്കങ്ങൾ നടത്തൂ. വിദേശ നിക്ഷേപകർ പുതുവർഷത്തിൽ എന്തു നിലപാട് എടുക്കും എന്നതാണു പ്രധാന ചിന്താവിഷയം. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിദേശികൾ ഇന്നലെ വിപണിയിൽ വിൽപനക്കാരായി. വിൽപനയുടെ തോത് കൂട്ടുമോ എന്നതാണു വിപണി ശ്രദ്ധിക്കുന്നത്.
ബുധനാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഫാർമ, ഹെൽത്ത് കെയർ, വാഹന കമ്പനികൾക്കുണ്ടായ ഉയർച്ചയാണ് കൂടുതൽ തകർച്ചയിൽ നിന്നു സൂചികകളെ രക്ഷിച്ചത്. ഹെൽത്ത് കെയർ - ഡയഗ്നോസ്റ്റിക് കമ്പനികളുടെ ഓഹരികൾ കുതിച്ചു. ജനുവരിയിൽ രാജ്യത്ത് കോവിഡിൻ്റെ ഒമിക്രോൺ വകഭേദം വലിയ തോതിൽ പടരും എന്ന പ്രവചനങ്ങളാണ് ആശുപത്രികൾക്കും രോഗ പരിശോധന കമ്പനികൾക്കും പ്രിയം കൂട്ടിയത്. കൂടുതൽ മരുന്നുകൾക്കും വാക്സീനുകൾക്കും അനുമതി കിട്ടുന്നതു ഫാർമ കമ്പനികളെ സഹായിച്ചു.
സെൻസെക്സ് ഇന്നലെ 90.99 പോയിൻ്റ് (0.16%) നഷ്ടത്തിൽ 57,806.49 ലും നിഫ്റ്റി 19.65 പോയിൻ്റ് (0.11%) താഴ്ന്ന് 14,213.6 ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ്-സ്മാേൾ ക്യാപ് സൂചികകൾ ഉയർന്നു.
യൂറോപ്യൻ സൂചികകൾ ഇന്നലെ സമ്മിശ്ര ചിത്രമാണു നൽകിയത്. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും പുതിയ റിക്കാർഡ് കുറിച്ചു. ഈ വർഷം 70-ാം തവണയാണ് എസ് ആൻഡ് പി റിക്കാർഡ് കുറിക്കുന്നത്. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ജപ്പാനിലടക്കം ഏഷ്യൻ വിപണികളിലും രാവിലെ ഓഹരിവിലകൾ താണു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 975.23 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1006.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ അനിശ്ചിതത്വം തുടരുന്നു എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്കു 17,165 ലും 17,115 ലും താങ്ങുകൾ ഉണ്ട്. ഉയർച്ചയിൽ 17,275-ഉം 17,330-ഉം തടസങ്ങളാകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,299 വരെ ഉയർന്നു. ഇന്നു രാവിലെ 17,302 വരെ കയറി./ ഇന്ത്യൻ വിപണിയിൽ ഉണർവോടെയുള്ള തുടക്കമാണ് ഡെറിവേറ്റീവ് വ്യാപാരം സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെൻ്റ് ഇനം 79.36 ഡാേളറിലാണ്. ഏഷ്യൻ രാജ്യങ്ങൾക്കു ഫെബ്രുവരിയിലേക്കുള്ള ക്രൂഡ് ഓയിൽ വില അൽപം കുറയ്ക്കുമെന്ന സൂചന സൗദി അറേബ്യ നൽകി. എന്നാൽ ഇതു വിപണിയിൽ പെട്ടെന്നു ചലനമൊന്നും ഉണ്ടാക്കിയില്ല.
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് വ്യാപാരം ഇന്നലെ പുനരാരംഭിച്ചെങ്കിലും വ്യാവസായിക ലോഹങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. അടുത്തയാഴ്ചയാേടെയേ വ്യാപാരം സജീവമാകൂ.
സ്വർണം 1800-നു താഴാേട്ടു വീണ ശേഷം തിരിച്ചു കയറി. 1788 ഡോളർ വരെ താണ വില ഇന്നു രാവിലെ 1802 -1804 ഡോളർ മേഖലയിലാണ്.
ഒൻപതു ദിവസത്തെ കയറ്റത്തിനു ശേഷം രൂപ ഇന്നലെ അൽപം താണു. ആറു പൈസ താണ് 74.71 രൂപയിലായി ഡോളർ.

2022-ൻ്റെ വാഗ്ദാനങ്ങൾ

2022 ഉയർന്ന പലിശ നിരക്കും കുറഞ്ഞ പണലഭ്യതയും ആണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്കിൽ രണ്ടു തവണ വർധന വരുമെന്നതിൽ ആർക്കും സംശയമില്ല. അത് ഭവന-വാഹന വായ്പകളടക്കം എല്ലായിനം വായ്പകളുടെയും പലിശ ഉയർത്തും. പലിശ നിരക്ക് മൂന്നു തവണ ഉയരുന്ന പക്ഷം വായ്പ എടുക്കാനുള്ള താൽപര്യം കുറഞ്ഞെന്നു വരാം.
കടന്നു പോകുന്ന വർഷം ചിപ് ക്ഷാമം വാഹന വ്യവസായത്തെ സാരമായി ബാധിച്ചു. വാഹന നിർമാണം ഉദ്ദേശിച്ചതു പോലെ വർധിച്ചില്ല. എന്നിട്ടും ലോഹങ്ങൾ അടക്കമുള്ള അസംസ്കൃത പദാർഥങ്ങൾക്കു വില പല മടങ്ങു വർധിച്ചു. പൊതു വിലക്കയറ്റം റിക്കാർഡ് നിലവാരത്തിലേക്കു കയറി.

വിലക്കയറ്റത്തിനു ശമനം?

പുതിയ വർഷം വില വർധനയുടെ തോതു കുറയുമെന്ന പ്രതീക്ഷയാണ് എങ്ങുമുള്ളത്. ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും രാസവസ്തുക്കളും കാർഷികോൽപന്നങ്ങളും കാര്യമായ ഉൽപാദന-ചരക്കുനീക്ക പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഈ വർഷം ഉണ്ടായ ലാ നീന പ്രതിഭാസം കുറേ മാസം കൂടി തുടരുന്നത് 2022-ലെ കാലാവസ്ഥയെപ്പറ്റി ആശങ്ക വേണ്ടെന്നു സൂചിപ്പിക്കുന്നു. ഇന്ത്യയിലും മറ്റും വരൾച്ചയ്ക്കു കാരണമാകുന്ന എൽ നീനോ പ്രതിഭാസത്തിൻ്റെ വിപരീതമാണു ലാ നീന.
ഇന്ധനവില ഉയർത്തി നിർത്തുന്നതിൽ ഒപെക് പ്ലസ് കൂട്ടായ്മ വിജയം കുറിച്ച വർഷമാണ് 2021. സൗദി അറേബ്യയും റഷ്യയും ഒന്നിച്ചു നീങ്ങിയതാണു കാരണം. ഇരു രാജ്യങ്ങൾക്കും വരുമാനം ഗണ്യമായി വർധിപ്പിച്ച നയം ഇക്കൊല്ലവും തുടരും എന്നതിൽ സംശയമില്ല.

സംഘർഷങ്ങൾ വളർച്ചയ്ക്കു ഭീഷണി

വൻശക്തി ബന്ധങ്ങൾ (യുഎസ് - റഷ്യ, യുഎസ്-ചൈന) സംഘർഷത്തിലേക്കു നീങ്ങുകയോ കൂടുതൽ വഷളാകുകയാ ചെയ്യില്ലെന്നും ലോകം കരുതുന്നു. യുക്രെയിനെ പിടിക്കാൻ റഷ്യയാേ തായ്‌വാനെ ബലമായി കൂട്ടിച്ചേർക്കാൻ ചൈനയാേ തുനിഞ്ഞാൽ സാഹചര്യം മാറും. സൈനിക പ്രതികരണങ്ങളേക്കാൾ സാമ്പത്തിക - വാണിജ്യ നടപടികൾക്കാകും അമേരിക്ക തുനിയുക. അതു സാമ്പത്തിക മേഖലയെ വല്ലാതെ ബാധിക്കാം. എതിരാളികളില്ലാത്ത അധികാരികൾ ആണു റഷ്യയിലെ വ്ലാദിമിർ പുടിനും ചൈനയിലെ ഷി ചിൻപിംഗും. അവർ തീവ്ര ദേശീയതയും കരുത്തൻ പ്രതിച്ഛായയും ഉപയോഗിച്ചാണ് രാജ്യത്തെ നയിക്കുന്നത്. അതിൻ്റെ ഭാഗമായി യുക്രെയിൻ, തായ് വാൻ പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അമേരിക്കയുടെ ആഗോള നേതൃത്വത്തിനു കനത്ത ആഘാതമാകും ആ വിഷയങ്ങൾ. ദീർഘകാലാടിസ്ഥാനത്തിൽ ലോക സാമ്പത്തിക ക്രമത്തെ വരെ ബാധിക്കാവുന്നതാണ് ഈ സംഭവവികാസങ്ങൾ.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it