ഏഷ്യൻ ഓഹരി വിപണിയിലെ ഉണർവ് ഇന്നു രാവിലെ രക്ഷയ്ക്കെത്തുമോ? വാഹന വിൽപ്പനക്കണക്കിൽ ആവേശം നിറയാത്തത് എന്തുകൊണ്ട്? ബാങ്കുകൾക്ക് ശരിക്കും ആരോഗ്യമുണ്ടോ?

തുടർച്ചയായ നാലാം ദിവസവും ഓഹരികൾ താഴോട്ടു നീങ്ങി. ഉയരുമെന്ന് കരുതിയ നിലവാരത്തിൽ നിന്നു താഴെയെത്തിയ സൂചികകൾ കൂടുതൽ ആഴത്തിലുള്ള തിരുത്തൽ സൂചിപ്പിക്കുന്നതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാശ്ചാത്യ സൂചനകളും ഏഷ്യൻ വിപണികളിലെ ഉണർവും ഇന്നു വിപണിയെ സഹായിക്കുമെന്നു പല ബ്രോക്കറേജുകളും കരുതുന്നു. വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിൽപനക്കാരായിരുന്നു.

ബാങ്കുകൾക്കു പുറമെ ഐടി കമ്പനികളും ഇന്നലെ മുഖ്യസൂചികകളെ വലിച്ചു താഴ്ത്തുന്നതിൽ വലിയ പങ്കു വഹിച്ചു. നിഫ്റ്റി ബാങ്ക് കാൽ ശതമാനം താണപ്പോൾ ഐടി സൂചിക 0.57 ശതമാനം താണു. നിഫ്റ്റി 0.26 ശതമാനം ( 41.5 പോയിൻ്റ് ) താണ് 15,680 ലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 164.11 പോയിൻ്റ് (0.31%) താഴ്ചയോടെ 52,318.6 ൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ഇന്നലെ നല്ല തിരിച്ചു കയറ്റം നടത്തി. അമേരിക്കയിൽ എല്ലാ സൂചികകളും ഉയർന്നെങ്കിലും കുതിപ്പിൻ്റെ ലക്ഷണം കണ്ടില്ല. പുതുതായി തൊഴിലില്ലായ്മാ സഹായം തേടുന്നവരുടെ എണ്ണം കുറഞ്ഞു. അമേരിക്കയിലെ പുതിയ തൊഴിലവസരങ്ങളുടെ കണക്ക് ഇന്നു പുറത്തുവരും.
ഇന്നു രാവിലെ എഷ്യൻ ഓഹരികൾ നല്ല ഉയർച്ചയിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,746 ലായിരുന്നു. ഇന്നു രാവിലെ 15,757-ലേക്കു കയറി. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.

ശുഭകരമല്ല

നിഫ്റ്റി 15,700 ൻ്റെ സപ്പോർട്ട് വിട്ടു താഴോട്ടു പോയത് ശുഭകരമല്ലെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 15, 683 ,ലെ സപ്പോർട്ടിലും സൂചികയ്ക്ക് നിൽക്കാനായില്ല. ഇവിടെ നിന്നു താണാൽ 15,650-15,500 മേഖലയിലേക്കു വീഴുമെന്നാണു നിഗമനം. 15,550 ലക്ഷ്യം വച്ചു വ്യാപാരം നടത്താനാണ് ബ്രോക്കറേജുകൾ ഉപദേശിക്കുന്നത്. 15,645-ലും 15,610-ലും ആണു സപ്പോർട്ട് പ്രതീക്ഷിക്കുന്നത്. 15,700-നു മുകളിൽ ഇന്നു ക്ലോസ് ചെയ്താൽ മാത്രമേ പെട്ടെന്നു തിരിച്ചു കയറ്റം പ്രതീക്ഷിക്കാനാവൂ. ഉയർച്ചയിൽ 15,735 ൽ തടസം പ്രതീക്ഷിക്കാം.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1245.29 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 880.6 കോടിയുടെ നിക്ഷേപം നടത്തി.

ക്രൂഡ് ഉൽപാദനം തീരുമാനമായില്ല

ഒപെക് പ്ലസ് യോഗത്തിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്നു തീരുമാനം ഇന്നേക്ക് നീട്ടി. തങ്ങളുടെ ക്വോട്ട പുനർനിർണയിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടതാണു വിഷയമായത്. ചെറിയ തോതിൽ ക്രമമായി ഉൽപാദനം വർധിപ്പിക്കാനുള്ള നിർദേശവും ചർച്ചയിലുണ്ട്. ഏതായാലും അനിശ്ചിതത്വം വില വർധിപ്പിച്ചു. ബ്രെൻ്റ് ഇനം 75.86 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനവും 75 ഡോളറിനു മുകളിലായി. രണ്ട് ഇനങ്ങളും ഇത്ര അടുത്തു വ്യാപാരം നടക്കുന്നതു വർഷങ്ങൾക്കു ശേഷമാണ്.
സ്വർണവില അൽപം ഉയർന്നു. ഇന്നലെ ഔൺസിന് 1768-1783 ഡോളർ മേഖലയിൽ കറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1777.5 ഡോളറിലാണ്.

ഉൽപാദനമേഖലയിൽ ഇടിവ്

ജൂണിൽ രാജ്യത്തെ ഫാക്ടറി ഉൽപാദനം കുറഞ്ഞെന്ന് ഐ എച്ച് എസ് മാർക്കിറ്റിൻ്റെ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) സർവേ. 60 മാസത്തെ 50.8 ൽ നിന്ന് 48.1 ലേക്കു സൂചിക താണു. കഴിഞ്ഞ വർഷം ജൂലൈക്കു ശേഷം ഇതാദ്യമാണു സൂചിക താഴാേട്ടു പോകുന്നത്. (ഈ സൂചികയിൽ 50-നു മുകളിൽ ഉൽപാദനവർധനയും 50-നു താഴെ ഉൽപാദനക്കുറവുമാണു കാണിക്കുന്നത്).
തുടർച്ചയായ 15-ാം മാസവും കമ്പനികൾ ജോലിക്കാരുടെ എണ്ണം കുറച്ചെന്നും സർവേ കണ്ടെത്തി. യന്ത്രങ്ങൾ, ഘടക ഭാഗങ്ങൾ, അസംസ്കൃതവസ്തുക്കൾ തുടങ്ങിയവയുടെ വാങ്ങലും കുറഞ്ഞു. യന്ത്ര നിർമാണ മേഖലയിലാണ് ഏറ്റവും വലിയ ഇടിവ്.
പി എം ഐ സർവേ കാണിക്കുന്നതു പോലെ മോശമല്ല വ്യവസായ ഉൽപാദന നില എന്നാണ് റേറ്റിംഗ് ഏജൻസി ഇക്രയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാർ പറയുന്നത്.

വാഹനവിൽപന കൂടിയെന്നു കമ്പനികൾ

ജൂൺ മാസത്തിൽ വാഹനവിൽപന ഇരട്ടിയിലേറെ ആയതായി കമ്പനികളുടെ കണക്ക്. ഫാക്ടറികളിൽ നിന്നു ഡീലർമാരുടെ പക്കലേക്കു വാഹനങ്ങൾ നീക്കിയതിൻ്റെ കണക്കാണിത്. യഥാർഥ വിൽപന ഇതിനേക്കാൾ വളരെ കുറവാണ്. ഒരാഴ്ച കഴിഞ്ഞേ ഡീലർമാരിൽ നിന്നുള്ള കണക്ക് വരൂ.
മാരുതി 157 ശതമാനം, ഹ്യൂണ്ടായി 103%, ടാറ്റാ മോട്ടോഴ്സ് 125%, മഹീന്ദ്ര 67%, കിയ106%, ഹോണ്ട 240%, ടൊയോട്ട 127% എന്നിങ്ങനെയാണു 2020 ജൂണിനെ അപേക്ഷിച്ചുള്ള വളർച്ച. ടൂ വീലറുകാർക്ക് ഇത്ര വളർച്ച ഇല്ല. ടിവിഎസ് 25 ശതമാനവും ബജാജ് 24 ശതമാനവും ഹീറോ നാലു ശതമാനവും വളർച്ച കാണിച്ചു.

ബാങ്കുകൾക്കു കുഴപ്പമില്ലെന്നു റിസർവ് ബാങ്ക്

ബാങ്കുകളുടെ ആരാേഗ്യം സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ സ്ട്രെസ് ടെസ്റ്റ് തൃപ്തികരമായ റിസൽട്ടാണു നൽകിയത്.അടുത്ത മാർച്ചോടെ പ്രശ്ന കടങ്ങൾ (ഗ്രോസ് എൻ പി എ) 9.8 ശതമാനമാകുമെന്നാണു കണ്ടെത്തൽ. കൂടുതൽ വഷളായാൽ 11.2 ശതമാനമാകാം. എന്നാൽ അതു മറികടക്കാൻ മാത്രം മൂലധനം ബാങ്കുകൾക്കുണ്ടെന്നു റിസർവ് ബാങ്ക് വിലയിരുത്തി.

ഇന്ധനവിൽപന ഇപ്പോഴും പിന്നിൽ

ജൂണിൽ ഇന്ധനവിൽപന ഗണ്യമായി വർധിച്ചു. എന്നാൽ 2019 ജൂണിനെ അപേക്ഷിച്ച് 90 ശതമാനമേ ആയിട്ടുള്ളു. 2019 ജൂണിലെ വിൽപനയെ അപേക്ഷിച്ച് ഡീസൽ വിൽപന 18.8 ശതമാനവും പെട്രോൾ വിൽപന 10.4 ശതമാനവും കുറവാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ കോവിഡിനു മുമ്പത്തെ നിലയിലെത്താൻ ഇനിയും ഏറെ ദൂരം പോകണമെന്നു ചുരുക്കം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it