Top

ഓഹരി വിപണിയിൽ തിരുത്തൽ അനിവാര്യം; വിലക്കയറ്റം പ്രതീക്ഷകൾക്കപ്പുറം; അഡാനിയുടെ പ്രശ്നത്തിനു പിന്നിൽ കോർപറേറ്റ് - രാഷ്ട്രീയ ചേരിപ്പോര് ?

ഏറെ സമയവും നഷ്ടത്തിലായിരുന്ന സൂചികകൾ ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു. തിങ്കളാഴ്ചത്തെ ഈ വിപണിഗതി വലിയ തിരുത്തൽ ഒഴിവാക്കി ചെറിയ ചാഞ്ചാട്ടങ്ങളിലൂടെ മുന്നേറുന്ന സമീപകാല പ്രവണതയുടെ തുടർച്ചയായി കാണാം.

തിങ്കളാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം മുഖ്യസൂചികകൾ നാമമാത്ര ഉയർച്ച കുറിച്ചെങ്കിലും വിശാലവിപണി താഴ്ചയിലായിരുന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ്, ബാങ്ക്, മെറ്റൽ സൂചികകളെല്ലാം താഴാേട്ടു പോയി. റിലയൻസ് ഇൻഡസ്ട്രീസും ഇൻഫോസിസും ടാറ്റാ ഗ്രൂപ്പും ആണു മുഖ്യ സൂചികകളെ ഉയർത്തിയത്.
ഇന്ന് 15,850 ലെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതു സാധിച്ചാൽ 15,900-ലേക്കും 16,000-ലേക്കും വേഗം പോകാമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. മറിച്ച് 15,750 ലെ സപ്പോർട്ട് നഷ്ടമായാൽ 15,650-നു താഴേക്കു വീഴാനാണു വഴി. അതു തിരുത്തലിനും താഴ്ചയിൽ നല്ല ഓഹരികൾ വാങ്ങാനും അവസരമാകും.
വിദേശ നിക്ഷേപകർ ഇന്നലെ വിൽപനക്കാരായി. 503.51 കോടിയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. സ്വദേശി ഫണ്ടുകൾ 544.26 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
ഇന്നലെ യൂറോപ്യൻ, അമേരിക്കൻ ഓഹരികൾ സമ്മിശ്ര ചിത്രമാണു നൽകിയത്. അമേരിക്കയിൽ ഡൗ സൂചിക താണപ്പോൾ നാസ്ഡാക് ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ സൂചികകൾ ആവേശത്തോടെയാണു തുടങ്ങിയത്.
സിംഗപ്പുരിൽ നിഫ്റ്റി യുടെ ഡെറിവേറ്റീവ് ( എസ്ജി എക്സ് നിഫ്റ്റി ) വ്യാപാരം ഇന്നലെ 15,805 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും താണു. ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വ്യാപാരത്തിലെ സൂചന.

റിലയൻസ് ബോർഡിലേക്ക് അരാംകോ മേധാവി

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കെമിക്കൽ ബിസിനസിൽ സൗദി അരാംകാേ ഓഹരി നിക്ഷേപം നടത്തുന്ന കാര്യത്തിൽ പുരോഗതി ഉണ്ടായി. അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസ് ഡയറക്ടർ ബോർഡിൽ അംഗമാകുമെന്ന് റിപ്പോർട്ടുണ്ട്. റിലയൻസ് ഓഹരിക്ക് ഇത് ഉണർവ് നൽകും.

അഡാനി ഗ്രൂപ്പിൻ്റെ കഥ തുടരും

ഗൗതം അഡാനിയുടെ ഗ്രൂപ്പിൻ്റെ പ്രശ്നങ്ങൾ വിപണിയെ ഉലയ്ക്കുകയില്ലെങ്കിലും അതിൻ്റെ തുടർചലനങ്ങൾ നിക്ഷേപകർ സശ്രദ്ധം നിരീക്ഷിക്കേണ്ടതുണ്ട്. ആഴമേറിയ കോർപറേറ്റ് - രാഷ്ട്രീയ പോര് അഡാനി ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിലുണ്ടാകണം.
അഡാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപിച്ച മൂന്നു മൗറീഷ്യസ് ഫണ്ടുകളുടെ പ്രവർത്തനാനുമതി മരവിപ്പിച്ചെന്ന റിപ്പോർട്ടാണ് അഡാനി ഗ്രൂപ്പിനെ കുഴപ്പത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ഇക്കണോമിക് ടൈംസ് അതു റിപ്പോർട്ട് ചെയ്തത്. എന്നാൽ അഡാനി ഗ്രൂപ്പിലെ മൗറീഷ്യസ് നിക്ഷേപത്തെപ്പറ്റി കഴിഞ്ഞയാഴ്ച തന്നെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. മേയ് 31 നാണു മൂന്നു ഫണ്ടുകളുടെ ഡെപ്പോസിറ്ററി അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇന്നലെ രാവിലെ വന്ന റിപ്പോർട്ട് തെറ്റിധാരണാജനകമാണെന്ന ബദൽ പ്രസ്താവന അഡാനി ഗ്രൂപ്പിൽ നിന്നു പുറത്തുവന്നത് ഉച്ചയ്ക്കാണ്. അതിനു ശേഷം ഓഹരികൾ അൽപം തിരിച്ചു കയറിയെങ്കിലും അഡാനി ഗ്രൂപ്പിൻ്റെ വിപണി മൂല്യം 54,000 കോടി രൂപ താണു. നേരത്തേ 70,000 കോടി രൂപ കണ്ടു താണതാണ്.
അഡാനി ഗ്രൂപ്പിൻ്റെ വിശദീകരണം ഇക്കണോമിക് ടൈംസ് നൽകിയെങ്കിലും റിപ്പോർട്ട് പിൻവലിച്ചിട്ടില്ല. കഥയുടെ അന്ത്യമായിട്ടില്ല എന്നാണു സൂചന. അഡാനി ഗ്രൂപ്പിൽ സാദാ നിക്ഷേപകർക്കും മ്യൂച്വൽ ഫണ്ടുകൾക്കും വലിയ നിക്ഷേപമില്ല.

ക്രൂഡ് വീണ്ടും കയറി; സ്വർണം ഇറങ്ങിക്കയറി

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 73.3 ഡോളറിലെത്തി. പത്തു ദിവസത്തിനുള്ളിൽ നാലാം തവണയാണു ബ്രെൻ്റ് 73 ഡോളറിനു മുകളിലാകുന്നത്. പക്ഷേ മൂന്നു തവണയും മുന്നോട്ടു പോകാതെ പിൻ വാങ്ങി.
സ്വർണം രാജ്യാന്തര വിപണിയിൽ വലിയ സമ്മർദത്തിലാണ്.ഇന്നലെ ഔൺസിന് 1877 ഡോളറിൽ നിന്ന് 1844 ഡോളറിലേക്ക് വില കൂപ്പുകുത്തിയ ശേഷം തിരിച്ചു കയറി. ഇന്നു രാവിലെ 1866-1868 മേഖലയിലാണു വ്യാപാരം. 40,000 ഡോളറിനു മുകളിലേക്കു തിരിച്ചു കയറിയ ബിറ്റ് കോയിനിലേക്കും മറ്റു ഡിജിറ്റൽ ഗൂഢ കറൻസികളിലേക്കും ചിലവലിയ നിക്ഷേപകർ മാറുന്നതു സ്വർണത്തെ ദുർബലമാക്കി.
ഡോളർ കരുത്തു നേടുകയാണ്. യൂറാേ 1.21 ഡോളറിലേക്കു താണു. ഇന്നലെ രൂപയും ക്ഷീണിച്ചു. ഡോളർ 23 പൈസ നേട്ടത്തിൽ 73.29 രൂപയിലെത്തി.

തിരുത്തൽ അനിവാര്യം

വിപണി റിക്കാർഡ് ഉയരത്തിൽ എത്തി നിൽക്കുന്നു. തുടർന്നു കുതിക്കാൻ ആഗ്രഹിക്കുന്ന ബുള്ളുകൾ പോലും അൽപം താഴ്ന്നിട്ട് ശക്തി സമാഹരിച്ചു നീങ്ങുന്നതാണു നല്ലതെന്നു കരുതുന്നു. ഒരു വർഷത്തിലധികമായി തുടരുന്ന ബുൾ തരംഗത്തിൽ അർഹതയില്ലാത്ത പലതും വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതു തിരുത്തണം. നെല്ലും പതിരും തിരിക്കേണ്ടിയിരിക്കുന്നു. അതു ശരിയായ ശക്തിസമാഹരണത്തിനു സഹായിക്കും.
വിപണി അപ്പപ്പോഴത്തെ സമ്പദ്ഘടനയെ പ്രതിഫലിപ്പിക്കണം എന്ന പിടിവാശി ഇല്ലാത്തവർ പോലും ചില മേഖലകളിലെ വലിയ കുതിപ്പിനു ന്യായീകരണം കാണുന്നില്ല. ഇതെല്ലാം തിരുത്തലിലേക്കു നയിക്കുന്ന കാര്യങ്ങളാണ്.അത് എപ്പോൾ എന്നേ അറിയാനുള്ളു.

വിലക്കയറ്റം പ്രതീക്ഷകൾക്കപ്പുറം; പക്ഷേ പലിശ കൂട്ടുകയില്ല

രാജ്യത്തെ വിലക്കയറ്റം പ്രതീക്ഷകളേക്കാളും കൂടുതലായി. ചില്ലറ വിലക്കയറ്റം മേയിൽ 6.3 ശതമാനത്തിലെത്തിയപ്പോൾ മൊത്ത വില സൂചിക ആധാരമാക്കിയുള്ളത് 12.94 ശതമാനമായി. ഏപ്രിലിൽ ചില്ലറ വിലക്കയറ്റം 4.23 ശതമാനവും മൊത്ത വിലക്കയറ്റം 10.43 ശതമാനവുമായിരുന്നു.
ചില്ലറ വിലക്കയറ്റം റിസർവ് ബാങ്കിൻ്റെ സഹനപരിധിയായ ആറ് ശതമാനത്തിനു മുകളിലായെങ്കിലും പലിശ കൂട്ടുന്നതു പോലുള്ള പ്രതിരോധ നടപടികൾ ഉണ്ടാകില്ലെന്നു തീർച്ചയാണ്. ഇപ്പോൾ വിലക്കയറ്റം തടയലല്ല, വളർച്ച തിരിച്ചുപിടിക്കലാണു പ്രധാനമെന്ന് റിസർവ് ബാങ്കും ഗവണ്മെൻ്റും കരുതുന്നതു തന്നെ കാരണം.
ഇന്ത്യ മാത്രമല്ല അമേരിക്കയും യൂറോപ്പും അങ്ങനെയാണു ചിന്തിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് പറയുന്നതു വിലക്കയറ്റം താൽക്കാലികമാണെന്നാണ്. ആഗോളതലത്തിൽ ലോഹങ്ങൾ മുതൽ ധാന്യങ്ങൾ വരെ വിലക്കയറ്റത്തിൻ്റെ മൂർധന്യത്തിൽ നിന്നു താഴോട്ടു പോന്നു തുടങ്ങിയെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ചില്ലറ വിലക്കയറ്റത്തിലെ കുതിപ്പിന് അടിസ്ഥാനം ഭക്ഷ്യവിലക്കയറ്റമാണ് ഏപ്രിലിലെ 1.96 ശതമാനത്തിൽ നിന്നു മേയിൽ ഭക്ഷ്യവിലക്കയറ്റം 5.01 ശതമാനമായി. പച്ചക്കറികളുടെ വില രണ്ടു ശതമാനം കുറഞ്ഞപ്പോൾ പഴങ്ങളുടേത് 12 ശതമാനവും മുട്ടയുടേത് 15 ശതമാനവും കൂടി. ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവയുടെ വിലക്കയറ്റം 30 ശതമാനത്തിലേക്കു കുതിച്ചു. പയറു വർഗങ്ങൾക്ക് 9.4 ശതമാനവും ലഘു പാനീയങ്ങൾക്ക് 15 ശതമാനവും ആണു കൂടിയത്.
ഇന്ധനം - വൈദ്യുതി വിഭാഗത്തിൽ 11.6 ശതമാനവും ടെലികോം ചെലവിൽ 12.4 ശതമാനവുമാണു വർധന. ചില്ലറ വില സൂചികയിൽ ഇവയുടെ പങ്ക് ചെറുതാണ്.
ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും മൂലമുള്ള വിതരണ തടസങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്നു ചില്ലറ വിലക്കയറ്റം കാണിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. ആറുമാസത്തിനു ശേഷമാണ് ഇത് ആറു ശതമാനത്തിനു മുകളിലാകുന്നത്. ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം ശരാശരി 5.1 ശതമാനമാകും എന്നാണു റിസർവ് ബാങ്ക് കണക്കാക്കിയത്.ആ ധാരണ തിരുത്തേണ്ടി വരാം. റേറ്റിംഗ് സ്ഥാപനമായ ഇക്രയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയാർ കരുതുന്നത് ശരാശരി വിലക്കയറ്റം ആറു ശതമാനത്തിനടുത്താകുമെന്നാണ്.
ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.6 ശതമാനമാണ്. ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

മൊത്തവിലയെ നയിച്ചത് ഇന്ധനവിലക്കയറ്റം

മൊത്ത വിലക്കയറ്റം 12.94 ശതമാനത്തിലേക്കുയർന്നതിന് ഒരു പ്രധാന കാരണം കഴിഞ്ഞ വർഷം മേയിൽ മൊത്തവില സൂചിക 3.37 ശതമാനം കുറഞ്ഞതാണ്. എങ്കിലും തുടർച്ചയായ അഞ്ചാം മാസവും ഉള്ള ഈ കുതിപ്പ് താരതമ്യ മാസത്തിൻ്റെ ഇടിവു കൊണ്ടു മാത്രമല്ല. ഇന്ധനവിലവർധന വലിയ പങ്കു വഹിച്ചിട്ടുണ്ട്. മേയിൽ ഇന്ധന- വൈദ്യുതി വിഭാഗത്തിൻ്റെ കുതിപ്പ് 37.61 ശതമാനമായി. ഏപ്രിലിൽ ഇത് 20.94 ശതമാനം മാത്രമായിരുന്നു. പെട്രോൾ, ഡീസൽ എന്നിവയ്‌ക്കൊപ്പം ഫർണസ് ഓയിൽ, നാഫ്ത, എൽപിജി, വിമാന ഇന്ധനം തുടങ്ങിയവയുടെ വില വർധനയും മൊത്തവില സൂചികയിൽ കണക്കിലെടുക്കുന്നുണ്ട്.
ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം ഒൻപതു ശതമാനത്തിൽ നിന്ന് 10.83 ശതമാനമായി. ഇതു രണ്ടും ലോക്ക് ഡൗണുമായി ബന്ധമില്ലാത്ത വർധനകളാണ്.
മൊത്തവില സൂചികയിൽ ഭക്ഷ്യ വിഭാഗത്തിനുള്ള പങ്ക് ചെറുതാണ്. ഭക്ഷ്യവില വർധന മേയിൽ 4.34 ശതമാനത്തിലേക്കു കുറഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it