അമേരിക്കൻ ഫെഡ് കോളിളക്കം സൃഷ്ടിക്കുമോ? ഓഹരി വിപണിയിൽ തിരുത്തൽ വരുമോ? ക്രൂഡ് വില മുന്നോട്ട്

ബുള്ളുകളുടെ ആവേശലഹരിക്കു തടസം ഉയർത്തിക്കൊണ്ടു വീണ്ടും പലിശപ്പേടി വിപണികളെ ഉലയ്ക്കുന്നു. ഇന്ന് അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡിൻ്റെ (ഫെഡ്) പണനയ കമ്മിറ്റി എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചൊവ്വാഴ്ച ആശങ്കകൾ മാറ്റിവച്ച് പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യൻ വിപണി ഉയർന്നു. നിഫ്റ്റി 15,900 കടന്ന ശേഷം തിരിച്ചിറങ്ങി 15,869.25 ൽ ക്ലോസ് ചെയ്തു.നേട്ടം 57.4 പോയിൻ്റ്. സെൻസെക്സ് 52,800-നു മുകളിൽ വിഹരിച്ചിട്ട് 221.52 പോയിൻ്റ് നേട്ടത്തോടെ 59,773.05ൽ ക്ലാേസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നല്ല നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, വാഹന കമ്പനികളാണു മുഖ്യ സൂചികകളെ ഉയർത്തിയത്.
സംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ (എസ്ജി എക്സ്) നിഫ്റ്റി 15,817 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 15,807-ലേക്കു താണു. ഇന്നു ദുർബല തുടക്കം പ്രതീക്ഷിക്കുന്നു എന്നാണു സൂചന.
ചെറിയ ദൗർബല്യം വിപണിക്കുണ്ടെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. സൂചികകൾ ഉയരുമ്പോഴും ചാർട്ടുകൾ നൽകുന്ന സൂചന അതാണ്. അടുത്ത വലിയ ഉയർച്ചയ്ക്കു മുമ്പായി മുഖ്യസൂചികകൾ ചെറിയ തിരുത്തലോടെ ശക്തി സമാഹരിക്കേണ്ടതുണ്ടെന്ന് അവർ പറയുന്നു. നിഫ്റ്റിക്കു 15,840-ലും 15,815-ലും സപ്പോർട്ട് ഉണ്ട്. അവിടം ഭേദിച്ചാൽ 15,700 ആക്കു ശക്തമായ സപ്പോർട്ട് ലെവൽ. മേലോട്ട് നീങ്ങുമ്പോൾ 15,900 ലും 15,930 ലും ശക്തമായ തടസം നേരിടും.
വിദേശ നിക്ഷേപകർ ഇന്നലെ 633.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 649.29 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്നലെ യൂറോപ്യൻ വിപണികൾ റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. എന്നാൽ അമേരിക്കൻ സൂചികകൾ എല്ലാം താഴ്ന്നു. ഫെഡ് ഇന്നു യുഎസ് സമയം ഉച്ചയ്ക്കു തീരുമാനം പ്രഖ്യാപിക്കും. അതാകും വിപണിയുടെ ഗതി നിർണയിക്കുക.
എഷ്യൻ വിപണികൾ ഇന്നു ചെറിയ താഴ്ചയിലാണു തുടങ്ങിയത്.

ക്രൂഡ് കയറി, സ്വർണം താണു

സ്വർണം ലോകവിപണിയിൽ അനിശ്ചിതത്വത്തിനു നടുവിലാണ്. ഫെഡ് എന്തു പറയുന്നു എന്നാണ് സ്വർണനിക്ഷേപകരും നോക്കുന്നത് ഇന്നലെ 1851-1869 ഡോളർ മേഖലയിലായിരുന്നു സ്വർണം. ഇന്നു രാവിലെ 1855-1856 മേഖലയിൽ വ്യാപാരം നടക്കുന്നു. കേരളത്തിൽ സ്വർണ വില കുറയാനിടയുണ്ട്.
ചൈനയിൽ നിന്നു ഡിമാൻഡ് കൂടിയത് ക്രൂഡ് ഓയിൽ വിപണിയെ ഉയർത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 74.36 ഡോളറിലെത്തി. ഇനിയും കയറുമെന്നാണു സൂചന. ഡബ്ള്യുടിഐ ഇനത്തിന് 72.55 ഡോളറായി.

ഫെഡ് എന്തു പറയും?

അമേരിക്കൻ ഫെഡിൻ്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) ഇന്നലെ തുടങ്ങിയ യോഗത്തിൽ പലിശ നിരക്കു കൂട്ടുകയില്ലെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച പത്രക്കുറിപ്പിലും ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ വാർത്താസമ്മേളനത്തിലും പറയുന്ന വാക്കുകളും നൽകുന്ന സൂചനകളുമാണു വിപണി നോക്കുന്നത്.
പലിശ താഴ്ത്തി നിർത്താനും പണലഭ്യത കൂട്ടാനുമായി കടപ്പത്രങ്ങൾ വാങ്ങുന്നതിൻ്റെ തോത് ഫെഡ് കുറയ്ക്കുമോ? എത്രകണ്ട് കുറയ്ക്കും? പലിശ നിരക്ക് കൂട്ടാനുള്ള ആലോചന എന്നു തുടങ്ങും? ഈ ചോദ്യങ്ങൾക്കാണു വിപണികൾ ഉത്തരം തേടുന്നത്.
അമേരിക്കൻ 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില ഈയാഴ്ച ഇടിവിലാണ്. കഴിഞ്ഞയാഴ്ച 1.4 ശതമാനമായിരുന്ന കടപ്പത്ര നിക്ഷേപനേട്ടം (Yield) ഇന്നലെ 1.501 ശതമാനമായി. പലിശ കൂടിയാൽ നിക്ഷേപനേട്ടവും കൂടും.

കോളിളക്കം ഉണ്ടാകും

യുഎസ് പലിശനിരക്ക് കൂടുമ്പോൾ നിക്ഷേപങ്ങൾ യു എസ് കടപ്പത്രങ്ങളിലേക്കു മാറും. അത് വികസ്വര രാജ്യങ്ങളിലെ ഓഹരികളിൽ നിന്നു നിക്ഷേപം പിൻവലിക്കാൻ ഇടയാക്കും.
2008-ലെ സാമ്പത്തിക മാന്ദ്യകാലത്താണു കടപ്പത്രം തിരിച്ചു വാങ്ങുന്ന പദ്ധതി യു എസ് ഫെഡ് തുടങ്ങിയത്.പിന്നീടു യൂറോപ്യൻ കേന്ദ്ര ബാങ്കും ആ വഴി തുടർന്നു. 2013-ൽ പദ്ധതി തിരുത്താൻ ആലോചിക്കണമെന്നു ഫെഡ് പറഞ്ഞതു ലോകമെങ്ങും വിപണികളെ ഉലച്ചു. ഇന്ത്യൻ ഓഹരികളും രൂപയും ഇടിഞ്ഞു. കടപ്പത്രം വാങ്ങൽ തുടരുമെന്ന പ്രഖ്യാപനം വരും വരെ ആ കോളിളക്കം തുടർന്നു.

ഇന്ത്യയിലും പലിശപ്പേടി

ഇന്ത്യയിലും പലിശ ഗൗരവമായ വിഷയമായി. ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലായതാണു കാരണം. ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം 5.1 ശതമാനമായിരിക്കും എന്നാണു റിസർവ് ബാങ്ക് കണക്കാക്കിയത്. പക്ഷേ വാർഷിക വിലക്കയറ്റം ആറു ശതമാനത്തിനടുത്താകുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ആഗാേള ഉൽപന്ന വിലക്കയറ്റവും ഡിമാൻഡ് വർധനയും അതിനു വഴിയൊരുക്കും. കാതൽ വിലക്കയറ്റം കഴിഞ്ഞ മാസം 66 ശതമാനമായിരുന്നു.
ഇതെല്ലാം ഇന്നലെ 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം 6.04 ശതമാനത്തിലേക്ക് ഉയർത്തി. തലേന്ന് ആറു ശതമാനമായിരുന്നു. ഏപ്രിൽ 30-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

റിസർവ് ബാങ്കിനു മുന്നിൽ പ്രശ്നങ്ങൾ

വിലക്കയറ്റത്തെ അവഗണിച്ചും സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി നിലകൊള്ളാനാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. എന്നാൽ ബാങ്കുകളുടെ പണലഭ്യത കൂട്ടാൻ കടപ്പത്രം തിരിച്ചു വാങ്ങുന്ന പദ്ധതിയുടെ തോത് കുറയ്ക്കുമോ എന്നു ചിലർ സംശയിക്കുന്നു. അതും വിപണിയിൽ പ്രശ്നമുണ്ടാക്കും. സർക്കാരിൻ്റെ കടപ്പത്രങ്ങൾക്കു കൂടുതൽ പലിശ നൽകേണ്ടി വരും.
ഇതിനിടെ വിദേശത്തെ കയറ്റത്തെ മറികടന്നുള്ള ഉയർച്ചയാണ് ഇന്ത്യയിൽ ഡോളറിനുണ്ടായത്. ഇന്നലെ ഡോളർ 73.31 രൂപയായി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയ്ക്കു ക്ഷീണമായി.

കയറ്റുമതിയിൽ മികവില്ല

മേയ് മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി തലേ മേയുമായി താരതമ്യപ്പെടുത്തുമ്പോൾ 69 ശതമാനം കൂടി. തലേ മേയ് ലോക്‌ ഡൗൺകാലമായിരുന്നു. ഏപ്രിലിനെ അപേക്ഷിച്ച് 5.35 ശതമാനവും 2019 മേയ് മാസത്തെ അപേക്ഷിച്ച് 8.1 ശതമാനവും വളർച്ചയാണ് ഉള്ളത്. അത്ര മികച്ച നിലയല്ല ഇത്. 3227 കോടി ഡോളറാണു കയറ്റുമതി.
ഇറക്കുമതി 3855 കോടി ഡോളറായി. ഏപ്രിലിനെ അപേക്ഷിച്ചു കുറവും തലേ മേയ് മാസത്തെ വച്ച് 73.64 ശതമാനം കൂടുതലും ആണിത്.
വാണിജ്യകമ്മി 628 കോടി ഡോളറായി താണു. ഏപ്രിലിൽ 1510 കോടി ഡോളറും കഴിഞ്ഞ വർഷം മേയിൽ 1684 കോടി ഡോളറുമായിരുന്നു കമ്മി.

അഡാനി ഗ്രൂപ്പ് ഓഹരികളിൽ ചാഞ്ചാട്ടം

വിവാദച്ചുഴിയിൽ പെട്ട അഡാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ വിപണിയിൽ ചാഞ്ചാടി. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അഡാനി എൻ്റർപ്രൈസസ് കയറിയിറങ്ങിയിട്ട് ഒടുവിൽ 2.5 ശതമാനം ഉയരത്തിൽ ക്ലോസ് ചെയ്തു. അഡാനി ഗ്രീനും നേട്ടമുണ്ടാക്കി. അഡാനി പോർട്സ് അടക്കം മറ്റു കമ്പനികൾ താഴാേട്ടു പോയി.
അഡാനി ഗ്രൂപ്പ് കമ്പനികളിൽ അഞ്ചു മുതൽ 10 വരെ ശതമാനമേ സാധാരണ നിക്ഷേപകരുടെ ഓഹരി ഉള്ളു. മിക്ക കമ്പനികളിലും 70-75 ശതമാനം ഗൗതം അഡാനി നയിക്കുന്ന പ്രൊമാേട്ടർ ഗ്രൂപ്പിൻ്റേതാണ്. 20-25 ശതമാനം മൗറീഷ്യസിൽ നിന്നുള്ള ഫണ്ടുകളുടെ പക്കലാണ്. ഈ ഫണ്ടുകളുടെ പണത്തിൽ 90 ശതമാനത്തിലേറെ അഡാനി ഗ്രൂപ്പിലാണു നിക്ഷേപിച്ചിരിക്കുന്നത്.ഈ ഫണ്ടുകളുടെ ഗുണഭോക്താക്കൾ ആരാണെന്ന് അറിയിക്കാത്തതിനെ തുടർന്നാണു കഴിഞ്ഞ വർഷം സെബി ഫണ്ടുകൾക്കെതിരേ അന്വേഷണം തുടങ്ങിയത്. അത്യുന്നത രാഷ്ട്രീയ ബന്ധം ഉള്ള അഡാനിയുടെ ഗ്രൂപ്പിനെതിരേ അന്വേഷണം വന്നതും അതു വാർത്തയായതും വിപണിയിൽ വലിയ കിംവദന്തികൾക്ക് ഇടയാക്കി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it