വിപണിക്കു ദിശമാറി; നിക്ഷേപകർ ജാഗ്രത കൂട്ടണം; പണമൊഴുക്കിൻ്റെ ഭാവി ശ്രദ്ധിക്കുക; പിഎൻബി ഹൗസിംഗിൻ്റെ ഇടപാടിനു സ്റ്റേ; ക്രൂഡ് ഉയരുന്നു

ഓഹരി വിപണികൾ ദിശമാറി സഞ്ചരിക്കുകയാണ്. സൂചികകൾ കുത്തനെ ഇടിയുന്നു. വലിയ ചുഴലിക്കാറ്റുകളുടെ സീസൺ തുടങ്ങുകയായി. ആദ്യം കാറ്റ് ചെറുതായിരിക്കും. പിന്നീട് ഓരോ ആവർത്തനത്തിലും കരുത്തു കൂടും. നിക്ഷേപകർ അങ്ങേയറ്റം കരുതലോടെയും സൂക്ഷ്മതയോടെയും വേണം നീങ്ങാൻ. യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ വെള്ളിയാഴ്ചയും ഏഷ്യൻ വിപണികളിൽ ഇന്നു രാവിലെയും വലിയ തകർച്ചയാണുണ്ടായത്. ആ കാറ്റ് ഇന്ന് ഇന്ത്യയിലും ആഞ്ഞടിക്കും.

വിപണിയെ എന്നും നിയന്ത്രിക്കുന്നത് പണലഭ്യതയാണ്. കുറഞ്ഞ പലിശയ്‌ക്കു ധാരാളം പണം വിപണിയിൽ എത്തിയിരുന്ന ഒരു വ്യാഴവട്ടം അവസാനിക്കുകയാണ്. അതിൻ്റെ പ്രത്യാഘാതം നീണ്ടു നിൽക്കുകയും ചെയ്യും.
കഴിഞ്ഞ വ്യാപാരദിനങ്ങളിലെ വിപണി ഗതി വച്ച് സപ്പോർട്ടും തടസവും കണക്കാക്കുന്നത് ഇങ്ങനെയൊരു സാഹചര്യത്തിൽ അബദ്ധമാകും. അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ക്രമേണ പലിശ കൂട്ടാനും കടപ്പത്രം വാങ്ങൽ കുറയ്ക്കാനും എടുത്ത തീരുമാനത്തിൻ്റെ ഫലമാണിത്. ഫെഡ് തീരുമാനം പ്രശനമല്ലെന്നു കാണിക്കാൻ ഇന്ത്യൻ ഓഹരി വിപണി കാര്യമായി ശ്രമിച്ചു. പക്ഷേ ആ പ്രതിരോധത്തെ തകർക്കുന്ന ചലനങ്ങളാണു വരുന്നത്.

വലിയ ചാഞ്ചാട്ടം

വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര മാറ്റത്തിലാണു വിപണി കോസ് ചെയ്തത്. നിഫ്റ്റി 331 പോയിൻ്റും സെൻസെക്സ് 985 പോയിൻ്റും കയറിയിറങ്ങി. നിഫ്റ്റി 8.05 പോയിൻ്റ് താഴ്ന്നും സെൻസെക്സ് 21.12 പോയിൻ്റ് ഉയർന്നും ക്ലോസ് ചെയ്തു. ആഴ്ചയിലെ കണക്കുനോക്കിയാൽ നിഫ്റ്റി 0.73 ശതമാനവും സെൻസെക്സ് 0.25 ശതമാനവും താണു. എന്നാൽ വിശാല വിപണി ഇങ്ങനെയല്ല നീങ്ങിയത്. നിഫ്റ്റി മിഡ് ക്യാപ് വെള്ളിയാഴ്ച 1.05 ശതമാനം സ്മോൾ ക്യാപ് 0.88 ശതമാനവും വീണു.
നിഫ്റ്റി 15,901 വരെ ഉയർന്ന കഴിഞ്ഞയാഴ്ച പ്രതിവാര ചാഞ്ചാട്ടം 600 ലേറെ പോയിൻ്റായിരുന്നു. വെള്ളിയാഴ്ച എത്തിയ താഴ്ന്ന നിലയായ 15,450-ൽ സാങ്കേതിക വിശകലന വിദഗ്ധർ ഇന്നേക്കു സപ്പോർട്ട് കാണുന്നുണ്ട്. അതിനു താഴെ 15,320-ലാണു പിൻബലം.
ഉയരാനുള്ള ശ്രമം ഉണ്ടായാൽ 15,720-ലും 15,810 ലും തടസങ്ങൾ ഉണ്ടാകുമെന്നാണു വിശകലനം.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 2680.57 കോടിയുടെയും സ്വദേശി ഫണ്ടുകൾ 446.2 കോടിയുടെയും ഓഹരികൾ വാങ്ങി.

പടിഞ്ഞാറും കിഴക്കും താഴ്ച

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഒന്നര - രണ്ടു ശതമാനം താണു. യു എസ് സൂചികകളും അതേ ഗതി കാണിച്ചു. ഡൗ ജോൺസ് സൂചിക അന്ന് 1.58 ശതമാനവും ആഴ്ചയിൽ 3.45 ശതമാനവും ഇടിഞ്ഞു. ഇന്നു രാവിലെ ജപ്പാനിലെ നിക്കൈ സൂചിക മൂന്നു ശതമാനത്തോളം താഴ്ന്നാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് എസ്ജിഎക്സ് നിഫ്റ്റി യിൽ വിൽപന സൂചനകളാണുള്ളത്.15,568 വരെ എസ്ജി എക്സ് നിഫ്റ്റി താണിരുന്നു.

ഇറാൻ- യു എസ് ചർച്ച നിർത്തി, ക്രൂഡ് വില കൂടി

ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുന്നു.ഇറാനിൽ കടുത്ത യാഥാസ്ഥിതികനും പാശ്ചാത്യ വിരുദ്ധനുമായ ഇബ്രാഹിം റയ്സി പ്രസിഡൻ്റായത് ഇറാനും പാശ്ചാത്യരുമായുള്ള ബന്ധം വീണ്ടും മോശമാക്കും. ഇറാൻ്റെ ആണവ പദ്ധതി സംബന്ധിച്ച ഇറാൻ - യു എസ്- യൂറോപ്യൻ യൂണിയൻ ചർച്ച നിർത്തിവച്ചു. ഇറാൻ്റെ മേലുള്ള ഉപരോധം ഉടനെ നീക്കില്ലെന്ന് ഉറപ്പായി. അതു വിപണിയിലെ ക്രൂഡ് ലഭ്യത വർധിക്കുന്നതിനു സാധ്യത ഇല്ലാതാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 74.05 ഡോളറിലേക്കു കയറി. ഇനിയും കയറിയേക്കും.
സ്വർണം കഴിഞ്ഞയാഴ്ചത്തെ കോളിളക്കത്തിനു ശേഷം താഴ്ന്ന നിലവാരത്തിൽ ഒരു ആശ്വാസ റാലിക്കു ശ്രമിക്കുകയാണ്. വെള്ളിയാഴ്ച ഔൺസിന് 1762 ഡോളറിലേക്കു താണ സ്വർണം ഇന്നു രാവിലെ 1774 വരെ കയറിയിട്ട് 1772 ഡോളറിലേക്കു നീങ്ങി.

ചത്ത പൂച്ചയുടെ ചാട്ടത്തിൽ വിശ്വസിക്കരുത്

ദീർഘകാല പ്രവണതകൾ മാറുമ്പോൾ അത് അംഗീകരിക്കാൻ വിപണികൾ മടിക്കുക സ്വാഭാവികമാണ്. ഗതി മാറിയതല്ല, താൽക്കാലികമായി വേഗം കുറയ്ക്കുന്നതാണ് എന്ന മട്ടിൽ വ്യാഖ്യാനിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ചത്ത പൂച്ച പല തവണ ചാടുകയും മറിയുകയും ചെയ്യുന്നതു പോലെ വിപണികളിൽ ചലനങ്ങൾ കാണുമ്പോൾ തങ്ങൾ പറഞ്ഞതു പോലെയായി എന്നു വ്യാഖ്യാനിക്കുകയും ചെയ്യും.
അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് നയം തിരുത്താൻ ആലോചന തുടങ്ങിയതു വിപണിയുടെ ഗതി മാറ്റുകയാണ്. ലോകമെങ്ങും പണലഭ്യത വർധിപ്പിച്ച കടപ്പത്രം വാങ്ങൽ പരിപാടി അവർ ചുരുക്കാൻ പോകുന്നു. ഇത്എന്നു മുതൽ എന്ന് ഓഗസ്റ്റിൽ കേന്ദ്ര ബാങ്ക് മേധാവികളുടെ വാർഷിക യോഗത്തിലെ പ്രസംഗത്തിൽ ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചേക്കും. പലിശ വർധന അടുത്ത വർഷം ആദ്യ പകുതിയിൽ തുടങ്ങാനാണു സാധ്യതയെന്നു ഫെഡിലെ ഉന്നതനായ ജയിംസ് ബള്ളാർഡ് കഴിഞ്ഞ ദിവസം പറഞ്ഞു. ബുധനാഴ്ച ഫെഡ് യോഗം കഴിഞ്ഞപ്പോൾ നൽകിയ സൂചനയിൽ നിന്നു വ്യത്യസ്തമാണിത്.
അടുത്ത വർഷാവസാനമോ 2023 ആദ്യമോ മുതലേ പലിശ കൂടൂ എന്ന ധാരണയാണു മാറുന്നത്. അതിനർഥം നിക്ഷേപ സമീപനം ഇപ്പോഴേ മാറണം എന്നു തന്നെ. ഇഷ്ടം പോലെ പണം, നാമമാത്ര പലിശ എന്ന അവസ്ഥ മാറുന്നു. യു എസ് പലിശ കൂടുമ്പോൾ വികസ്വര വിപണികളിൽ നിന്നു പണം തിരിച്ചൊഴുകും.

അതു നമുക്കു പ്രശ്നമല്ലെന്നോ?

തിരിച്ചുപോക്കു പ്രശ്നമല്ല, ഇഷ്ടം പോലെ വിദേശനാണ്യം നമുക്കുണ്ട് എന്നു പറയുമ്പോൾ ചില കണക്കുകൾ ശ്രദ്ധിക്കുക.
ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇപ്പോൾ 60,800 കോടി ഡോളർ. ഇത് ഇപ്പോഴത്തെ നിലയിൽ 15 മാസത്തെ ഇറക്കുമതിക്കു തികയും.
ഇന്ത്യയുടെ വിദേശനാണ്യശേഖരം കയറ്റുമതിയിലെ മിച്ചം കൊണ്ട് ഉണ്ടാക്കിയതല്ല. ഓഹരി വിപണിയിലും (FPl) കമ്പനികളിലും (FDl) വന്ന വിദേശ നിക്ഷേപമാണ് അതിനാധാരം. പിന്നെ കമ്പനികൾ എടുത്ത വിദേശവായ്പയും. ഓഹരികളിലെ നിക്ഷേപം എപ്പോൾ വേണമെങ്കിലും മടങ്ങിപ്പോകാം. കമ്പനികളിൽ നേരിട്ടുള്ള നിക്ഷേപം അത്ര വേഗം മടങ്ങില്ല. പക്ഷേ കച്ചവടം മോശമെന്നോ നഷ്ടമെന്നോ കണ്ടാൽ വിറ്റു മടങ്ങാൻ അവർ മടിക്കില്ല.
കമ്പനികൾ എടുത്ത കടം ഉടനേ തിരിച്ചുപിടിക്കില്ല. പക്ഷേ പലിശ മാറും. ഡോളർ നിരക്ക് കൂടിയാൽ അതിൻ്റെ അധികച്ചെലവും വരും. അമേരിക്കയിൽ പലിശ കൂടിയാൽ മറ്റു രാജ്യങ്ങളിലും കൂടും. ഒപ്പം ഡോളർ നിരക്ക് ഉയരും. കമ്പനികളുടെ വിദേശകടം (ECB - External Commercial Borrowing) ഇരട്ടപ്രഹരം ഏൽപ്പിക്കും എന്നു ചുരുക്കം.

അത്ര വലുതല്ല ശേഖരം

ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 61,000 കോടി ഡോളറിനടുത്താണ്. കഴിഞ്ഞ മൂന്നു ദശകം കൊണ്ട് 50,000 കോടി ഡോളറിൻ്റെ പ്രത്യക്ഷ വിദേശ നിക്ഷേപവും ലഭിച്ചു. കമ്പനികളുടെ വിദേശകടം 56,000 കോടി ഡോളറും വരും. യാഥാസ്ഥിതിക കണക്കുകൂട്ടലിൽ ഇവയിൽ ഓഹരി നിക്ഷേപവും വാണിജ്യ വായ്പയും 'ചൂടുപണം' (Hot money) ആണ്. എപ്പോൾ വേണമെങ്കിലും മടങ്ങിപ്പോകാവുന്നത്. നമ്മുടെ ശേഖരം 60,800 കോടി ഡോളർ. ചൂടുപണത്തിൻ്റെ പകുതിയോളം മാത്രം. കൊട്ടിഘോഷിക്കുന്നത്ര വലുതല്ല ഈ ശേഖരം.

പിഎൻബി ഹൗസിംഗിൻ്റെ ഓഹരി വിൽപ്പനയിൽ വൻ കുംഭകോണമെന്ന്

പിഎൻബി ഹൗസിംഗ്‌ ഫിനാൻസിൻ്റെ നിയന്ത്രണം പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് കാർലൈലിനു നൽകാൻ ഉള്ള നീക്കത്തിനു തിരിച്ചടി. നീക്കം സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. പിഎൻബി ഹൗസിംഗിൻ്റെ സിഎംഡിയും മറ്റു പല ഉന്നതരും കാർലൈലുമായി മുമ്പേ ബന്ധമുള്ളവരാണെന്നതാണു കാരണം. തങ്ങൾക്ക് അടുപ്പവും ബന്ധവുമുള്ള ഗ്രൂപ്പിനു നേട്ടമുണ്ടാക്കാൻ കുറഞ്ഞ വിലയ്ക്കാണ് ഓഹരി വിൽക്കുന്നത് എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വിപണിയിൽ 739 രൂപ വിലയുളള ഓഹരി 390 രൂപയ്ക്കാണു കാർലൈലിനു നൽകുന്നത്. ഓഹരിയുടെ ബുക്ക് വാല്യു 530 രൂപ വരും' മാതൃ കമ്പനിയായ പഞ്ചാബ് നാഷണൽ ബാങ്കിനു വലിയ നഷ്ടം വരുത്തുന്നതാണ് ഇടപാട്. യാതൊരു പ്രതിഫലവും വാങ്ങാതെ പിഎൻബി തങ്ങൾ വളർത്തിയ കമ്പനി വിദേശ നിക്ഷേപ ഗ്രൂപ്പിനു നൽകുകയാണ്. 2000 കോടി രൂപയെങ്കിലും പിഎൻബിക്ക് ഈ ഇടപാടിൽ നഷ്ടം വരുമത്രെ. എച്ച്ഡിഎഫ്സി ബാങ്ക് മുൻ സി ഇ ഒ ആദിത്യ പുരിയും കാർലൈലും ചേർന്നാണ് ഏറ്റെടുക്കൽ നീക്കം. വമ്പൻ പൊതു മേഖലാ ബാങ്കിന് കനത്ത നഷ്ടം വരുത്തുന്ന തീരുമാനത്തിനു പിന്നിൽ വലിയ ശക്തികൾ ഉണ്ടാകാം. കഴിഞ്ഞ ഒരു മാസത്തിനകം 80 ശതമാനത്തിലേറെ വില വർധിച്ച പിഎൻബി എച് എഫ് ഓഹരിക്കു കഴിഞ്ഞ ആഴ്ച നാലു ശതമാനം വിലയിടിഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it