വിദേശികളുടെ നീക്കത്തിൽ ഗൂഢതന്ത്രങ്ങൾ? നിക്ഷേപകർ കരുതി നീങ്ങുക; ക്രൂഡ് വീണ്ടും കയറുന്നു

വിൽപന സമ്മർദത്തിൽ വിപണി വീണ്ടും താഴാേട്ടു നീങ്ങി. ആഗാേള സൂചനകളും താഴ്ചക്കാണു പ്രേരിപ്പിച്ചത്. ഇന്ത്യക്കു പിന്നാലെ യൂറോപ്യൻ ഓഹരികളും ഇടിവിലായിരുന്നു. അമേരിക്കയിൽ മുഖ്യസൂചികകൾ താഴോട്ടു നീങ്ങിയപ്പോൾ നാസ്ഡാക് ചെറിയ കയറ്റത്താേടെ പുതിയ റിക്കാർഡിലെത്തി.

നല്ല തുടക്കത്തിനു ശേഷം വിൽപന സമ്മർദത്തിൽ സൂചികകൾ താഴോട്ടു പോകുകയായിരുന്നു. സെൻസെക്സും നിഫ്റ്റിയും 0.54 ശതമാനം വീതം താണ് യഥാക്രമം 52,306.08 ലും 15,686.95 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് ഓഹരികളും താഴ്ന്നു. ബാങ്ക്, മെറ്റൽ ഓഹരികളിലെ വില്പനയാണു സൂചികകളെ താഴ്ത്തിയത്.
വിപണി കുറെ ദിവസം ചാഞ്ചാട്ടം തുടരുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. നിഫ്റ്റി 20 ദിവസ മൂവിംഗ് ആവരേജിലാണു ക്ലോസ് ചെയ്തത്. 15,600-15,500 മേഖലയിൽ നിഫ്റ്റിക്കു നല്ല സപ്പോർട്ട് കാണുന്നുണ്ട്. അവിടെ നിന്നില്ലെങ്കിൽ വിൽപന സമ്മർദം വലിയ തിരുത്തലിലേക്കു നയിക്കും.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ താഴോട്ടു പാേയി. ഗ്രൂപ്പിൻ്റെ പല നീക്കങ്ങളും വിപണിക്കു വിശ്വാസം പകരുന്നവയല്ല

ഏറ്റവും വലിയ വാങ്ങൽ; എന്നിട്ടും താഴ്ച

ഇന്നലെ വിദേശിയും സ്വദേശിയുമായ ഫണ്ടുകൾ വിപണിയിൽ നിന്നു വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ 3156.53 കോടിയുടെയും സ്വദേശികൾ 1317.2 കോടിയുടെയും ഓഹരികളാണു വാങ്ങിയത്.ഇരു കൂട്ടരും ഈ മാസം നടത്തിയ ഏറ്റവും വലിയ ഏകദിന നിക്ഷേപമായിരുന്നു ഇന്നലത്തേത്.
ഇത്ര വലിയ വാങ്ങൽ ഉണ്ടായിട്ടും സൂചികകൾ താഴോട്ടു പോയത് ശ്രദ്ധേയമാണ്. സൂചികാ ഓഹരികളിൽ വിൽപന നടത്തി. സൂചികയ്ക്കു പുറമേ നിന്നു വാങ്ങി. അതാണു വിശദീകരണം. സൂചികയിൽ വലിയ സ്ഥാനമുള്ള ബാങ്ക്, മെറ്റൽ ഓഹരികൾ അവർ വിറ്റഴിച്ചു.

വിദേശികൾ ഓപ്ഷൻസ് തേടുന്നു?

വിദേശ നിക്ഷേപകർ കാഷ് വിപണിയിൽ നിന്നു വലിയ തോതിൽ വാങ്ങിയെങ്കിലും ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഓഹരികൾ താഴോട്ടു പോകുമെന്ന നിലപാടാണു കാണിക്കുന്നത്. പലിശ വർധിക്കുമെന്നും അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ കുറയ്ക്കുമെന്നും വിദേശ ഫണ്ട് മാനേജർമാർ കണക്കാക്കുന്നു എന്നാണു സൂചന. അതായതു താമസിയാതെ വിപണി വലിയ തിരുത്തലിലേക്കു നീങ്ങുമെന്ന് അവർ കരുതുന്നു. എന്തായാലും വിദേശ നിക്ഷേപകരുടെ തന്ത്രങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട സമയമാണിത്.

ഏഷ്യൻ സൂചന ദുർബലം

ഇന്ന് ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ചെറിയ നേട്ടത്തിലായി. എങ്കിലും ദുർബലമാണു വിപണിയുടെ കാഴ്ചപ്പാട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ഇന്നലെ 15,750 വരെ ഉയർന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വ്യാപാരം 15,704 ലേക്കു താണു. ഇന്നത്തെ വ്യാപാരത്തുടക്കം അത്ര ആവേശകരമാകില്ലെന്നാണു സൂചന.

ക്രൂഡ് വീണ്ടും കയറി

അമേരിക്കയിൽ ക്രൂഡ് സ്റ്റാേക്ക് കുറഞ്ഞെന്ന റിപ്പോർട്ട് ക്രൂഡ് ഓയിൽ വില ഉയർത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 76 ഡോളറിനു മുകളിലെത്തിയിട്ട് താണു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 75.19 ഡോളറിലായി. അടുത്ത വർഷം ക്രൂഡ് 100 ഡോളറിനു മുകളിലാകുമെന്നാണു വിപണിയിലെ നിഗമനം. സാമ്പത്തിക വളർച്ച കൂടുന്നതോടെ ഇന്ധന ഡിമാൻഡ് കൂടും.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. ഇന്നലെ ഔൺസിന് 1795 ഡോളർ വരെ കയറിയ മഞ്ഞലോഹം ഇന്നു രാവിലെ 1775 ഡോളറിലാണ്.
രണ്ടു ദിവസം തുടർച്ചയായി താണ രൂപ ഇന്നലെ അൽപം കയറി. ഡോളർ 10 പൈസ കുറഞ്ഞ് 74.27 രൂപയായി.

മൂഡീസിൻ്റെ നിഗമനം

ഈ ധനകാര്യ വർഷം ഇന്ത്യ 9.6 ശതമാനം ജിഡിപി വളർച്ച കുറിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസസ് വിലയിരുത്തി. 13.9 ശതമാനം ആയിരുന്നു അവരുടെ ആദ്യ നിഗമനം. കോവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണുകളും മൂലമാണു നിഗമനം താഴ്ത്തിയത്. കോവിഡ് രണ്ടാം തരംഗം മൂലമുള്ള തളർച്ച ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രമായിരിക്കും എന്നു മൂഡീസ് കരുതുന്നു. 9.5 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് ഇക്കൊല്ലത്തേക്കു കണക്കാക്കിയിട്ടുള്ളത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it