പുതിയ റിക്കാർഡ് കുറിക്കാനൊരുങ്ങി ഓഹരി വിപണി; റേറ്റിംഗിൽ സന്തോഷവും നിരാശയും; ജുൻജുൻവാല മോദിയെ കണ്ടതിന്റെ പിന്നിലെന്ത്? ടെലികോമിൽ വീണ്ടും ആശ്വാസം

പുതിയ റിക്കാർഡുകൾ കുറിക്കാൻ ഇന്ത്യൻ വിപണിക്ക് അവസരമൊരുങ്ങുകയാണ്. മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ നെഗറ്റീവിൽ നിന്ന് ഭദ്രം (സ്റ്റേബിൾ) എന്നതിലേക്കു മാറ്റി. 2009 നവംബറിലാണ് ഇന്ത്യയെ നെഗറ്റീവ് സാധ്യതയുള്ള വിഭാഗത്തിലാക്കിയത്. അതു മാറ്റിയെടുക്കാനുള്ള ശ്രമം ഇന്നലെ രാത്രി വിജയം കണ്ടു. എന്നാൽ ബിഎഎ3 എന്ന റേറ്റിംഗ് മാറ്റിയിട്ടില്ല. എങ്കിലും പ്രതീക്ഷ മെച്ചപ്പെടുത്തിയത് വിപണിക്ക് കാര്യമാണ്. നിഫ്റ്റി 17,947.65 എന്ന സർവകാല ഉയരത്തിൽ നിന്ന് 125.35 പോയിൻ്റ് മാത്രം താഴെയാണ്. സെൻസെക്സ് 60,412.32 എന്ന റിക്കാർഡിന് 667.84 പോയിൻ്റ് മാത്രം അകലെ.

മുഖ്യ റേറ്റിംഗ് ഉയർത്താത്തതിലെ നിരാശ ഡെറിവേറ്റീവ് വിപണിയിൽ കണ്ടെങ്കിലും ഇന്നു വിപണി പോസിറ്റീവായി നീങ്ങുമെന്നാണു ബ്രോക്കർമാരുടെ വിലയിരുത്തൽ.

മോദിയുടെ വസതിയിൽ 'ബിഗ് ബുൾ'

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ബിഗ് ബുൾ' രാകേഷ് ജുൻജുൻവാലയെ ഔദ്യാേഗിക വസതിയിൽ സ്വീകരിച്ചതും അതിൻ്റെ ചിത്രം ട്വീറ്റ് ചെയ്തതും ശ്രദ്ധേയമാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യൻ വിപണിയിലെ 'ബിഗ്ബുൾ' പദമലങ്കരിക്കുന്ന ജുൻജുൻ വാലയെ ഇന്ത്യയെപ്പറ്റി ബുള്ളിഷ് ആയ ആൾ, ഊർജസ്വലൻ, ഉൾക്കാഴ്ചയുള്ളയാൾ എന്നൊക്കെ വിശേഷിപ്പിച്ചായിരുന്നു ട്വീറ്റ്. മോദിയെ എന്നും പിന്തുണയ്ക്കുന്ന അദ്ദേഹത്തെ സകുടുംബം സ്വീകരിച്ചതും അതു ട്വീറ്റ് ചെയ്തതും യാദൃച്ഛികമല്ല. ഓഹരി വിപണിയുടെ ചലനങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്ന ഭരണകൂടത്തിൻ്റെ തലവനാണല്ലോ മോദി. ഇതും വിപണിയിൽ അനുകൂല ചലനമുണ്ടാക്കാം.

അനിശ്ചിതത്വം മാറി ആവേശമായി

ഇന്നലെ രാവിലെ അനിശ്ചിതത്വത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു മികച്ച നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 445.56 പോയിൻ്റ് (0.75 ശതമാനം) ഉയർന്ന് 59,744.88 ലും നിഫ്റ്റി 131.05 പോയിൻ്റ് (0.74%) നേട്ടത്തിൽ 17,822.3 ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഉയർന്നു. യൂറോപ്യൻ വിപണി തിരിച്ചു കയറിയതും യുഎസ് ഫ്യൂച്ചേഴ്സ് കുതിപ്പ് സൂചിപ്പിച്ചതുമാണ് ഉച്ചയ്ക്കു ശേഷം വിപണിയെ ഉയരത്തിലേക്കു നയിച്ചത്.
നിഫ്റ്റിയുടെ എണ്ണ - പ്രകൃതി വാതക സൂചിക 2.77 ശതമാനം ഉയർന്നു. ഐടി, മീഡിയ, ഗൃഹോപകരണ കമ്പനികളും വലിയ കുതിപ്പിലായിരുന്നു. ബാങ്ക് , ധനകാര്യ , വാഹന കമ്പനികൾ മിതമായി ഉയർന്നു. റിയൽറ്റിയും ഹെൽത്ത് കെയറും ഗണ്യമായി താണു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ഓഹരികളുടെ ക്യാഷ് വിപണിയിൽ 1915 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1868 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി 17,840 ലും 17,950 ലും തടസം നേരിടുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. താഴെ 17,750 ലും 17,710 ലും സപ്പോർട്ടുണ്ട്.

എണ്ണ-വാതക കമ്പനികളിലേക്കു നിക്ഷേപക പ്രവാഹം

എണ്ണ - പ്രകൃതി വാതക കമ്പനികളിലേക്ക് ഫണ്ടുകളും നിക്ഷേപകരും കൂട്ടത്താേടെ പായുകയായിരുന്നു. ഒഎൻജിസിയും റിലയൻസും അടക്കമുള്ള കമ്പനികൾ വൻ നേട്ടമുണ്ടാക്കി. ഒഎൻജിസി ഓഹരികൾ 10.77 ശതമാനം ഉയർന്നു. റിലയൻസിൻ്റെ വിപണിമൂല്യം 17.62 ലക്ഷം കോടി രൂപ എന്ന പുതിയ റിക്കാർഡിലെത്തി. ക്രൂഡ് വില വീപ്പയ്ക്ക് 90-100 ഡോളർ മേഖലയിലേക്കു കുതിക്കുമെന്ന റിപ്പോർട്ടുകളും പ്രകൃതിവാതക വില പല മടങ്ങായി വർധിച്ചതുമാണ് ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.

ഐടി റിസൽട്ടുകളിൽ പ്രതീക്ഷ

രൂപയുടെ ഇടിവ് ഐടി കമ്പനികൾക്കു നേട്ടമാകുമെന്നതാണ് ഐടി ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ടിസിഎസ് വെള്ളിയാഴ്ചയും ഇൻഫോസിസ് അടുത്ത ബുധനാഴ്ചയും റിസൽട്ട് പുറത്തുവിടും. സാധാരണ രണ്ടാം പാദ റിസൽട്ടുകൾ ശരാശരിയിലും മെച്ചമാകാറുണ്ട്. ഇത്തവണ കൂടുതൽ മികച്ച റിസൽട്ട് ആണു പ്രതീക്ഷിക്കുന്നത്. ടിസിഎസിന് ഒരു ദശകത്തിനുള്ളിലെ ഏറ്റവും മികച്ച രണ്ടാം പാദമാണു കടന്നു പോയതെന്ന് ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് വിലയിരുത്തുന്നു. ഇൻഫോസിസിനു ഡയംലറുമായുള്ള കരാറിൻ്റെ നേട്ടം ഉണ്ടാകും. കാപ്കോയെ ലയിപ്പിച്ചതിൻ്റെയും മെട്രോയുമായുള്ള കരാറിൻ്റെയും ഫലം വിപ്രോയുടെ റിസൽട്ടിൽ ഉണ്ടാകും.

വിപണികൾ തിരിച്ചു കയറി

യൂറോപ്യൻ, അമേരിക്കൻ വിപണികൾ ശക്തമായി തിരിച്ചു കയറിയതും ഏഷ്യൻ വിപണി ഉണർവോടെ തുടങ്ങിയതും ഇന്നു വിപണിക്ക് നല്ല തുടക്കം സമ്മാനിക്കും. തലേന്നു ഫേയ്സ് ബുക്കും ആപ്പിളും അടക്കമുള്ള ടെക്നോളജി കമ്പനികളാണ് യു എസ് വിപണിയെ താഴാേട്ടു വലിച്ചത്. ഇന്നലെ അവ തന്നെ ഉയർച്ചയ്ക്കും നേതൃത്വം വഹിച്ചു. എങ്കിലും വ്യാപാര തുടക്കത്തിൽ കണ്ട ഉയർച്ച ക്ലോസിംഗിൽ ഉണ്ടായില്ല. ശരാശരി ഒരു ശതമാനം നേട്ടത്തിലാണ് യു എസ് സൂചികകൾ അവസാനിച്ചത്. ഏഷ്യൻ വിപണി സൂചികകൾ ഇന്നു രാവിലെ ഒരു ശതമാനം ഉയരത്തിലാണ്.
സിംഗപ്പുർ വിപണിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ്‌ നിഫ്റ്റി 1785) ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ താഴ്ന്ന് 17,810 ലെത്തി.

ക്രൂഡ് വീണ്ടും കയറി

ക്രൂഡ് ഓയിൽ വില 82.75 ഡാേളറിനു മുകളിലേക്കു കയറിയത് വിലക്കയറ്റ ഭീഷണി കൂട്ടുന്നു. പക്ഷേ വിപണി ഇന്ന് അത്തരം നെഗറ്റീവ് കാര്യങ്ങൾക്കു ചെവി കൊടുക്കാനിടയില്ല.
സ്വർണ വില ഔൺസിന് 1756-1757 ഡോളറിലേക്കു താണു. ഡോളർ സൂചിക 94.05 ലേക്ക് ഉയർന്നതാണു കാരണം.
ഡോളർ 74.63 രൂപ വരെ ഉയർന്നിട്ട് ഇന്നലെ 12 പൈസ നേട്ടത്തിൽ 74.44 രൂപയിലാണു ക്ലോസ് ചെയ്തത്.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങൾ കാണിച്ചു.

റേറ്റിംഗ് പ്രതീക്ഷ ഉയർത്തിയത് നിക്ഷേപവരവ് കൂട്ടും

മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ ഭദ്രം എന്നതിലേക്കു മാറ്റിയത് ഇന്ത്യയിലേക്കു കുടുതൽ നിക്ഷേപം വരാൻ സഹായിക്കും.
മൂന്നു പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളിൽ ഫിച്ച് മാത്രമേ നെഗറ്റീവ് പ്രതീക്ഷ നിലനിർത്തുന്നുള്ളു. എസ് ആൻഡ് പി നേരത്തേ തന്നെ ഭദ്രം എന്നാക്കിയിരുന്നു.
റേറ്റിംഗ് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെയും ഇന്ത്യൻ കമ്പനികൾ എടുക്കുന്ന വിദേശവായ്പകളെയും ബാധിക്കും. കൂടുതൽ തുക ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ മൂഡീസ് തീരുമാനത്തിൻ്റെ ബലത്തിൽ നിക്ഷേപ സ്ഥാപനങ്ങൾ തയാറാകും. ഇന്ത്യൻ കമ്പനികൾ കടം വാങ്ങുമ്പോൾ പലിശ അൽപം കുറയാനും ഇതു സഹായിക്കും.
റേറ്റിംഗ് ഏജൻസി ഭാവിപ്രതീക്ഷ മാത്രമേ ഉയർത്തിയുള്ളു. റേറ്റിംഗ് പഴയ തോതിൽ തന്നെ. നിക്ഷേപ യോഗ്യമായവയിൽ ഏറ്റവും താഴ്ന്ന റേറ്റിംഗ് ആയ ബിഎഎ3 (Baa3) ആണ് മൂഡീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂണിലാണ് ബിഎഎ 2ൽ നിന്നു താഴ്ത്തിയത്. അതു തിരിച്ചു കിട്ടാൻ കുറേക്കാലം കൂടി കാത്തിരിക്കേണ്ടിവരും. മറ്റു രണ്ട് ഏജൻസികളും ട്രിപ്പിൾ ബി നെഗറ്റീവ് (BBB-) എന്നതാണ് നൽകിയിരിക്കുന്നത്.

മൂഡീസ് ഇപ്പോൾ പറയുന്നത്

കഴിഞ്ഞ വർഷം 7.3 ശതമാനം ചുരുങ്ങിയ ജിഡിപി ഇത്തവണ 9.3 ശതമാനം വളരുമ്പോൾ 2018-19 ലെ നിലവാരത്തിനു മുകളിലാകുമെന്നു മൂഡീസ് വിലയിരുത്തി. ഇന്ത്യയുടെ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. കമ്മിയും കടവും ഗണ്യമായി കൂടിയെങ്കിലും ഇപ്പോഴത്തെ നിലയിൽ നിന്നു മോശമാകാൻ സാധ്യത ഇല്ലെന്ന് മൂഡീസ് കരുതുന്നു. കമ്മി ക്രമമായി കുറഞ്ഞു വരുമെന്ന ഗവണ്മെൻ്റ് വിലയിരുത്തൽ ഏജൻസി അംഗീകരിച്ചു. ധനകാര്യ മേഖലയിലെ വലിയ ഭീഷണികൾ ഒഴിവായെന്നാണ് മൂഡീസ് വൈസ് പ്രസിഡൻ്റ് വില്യം ഫോസ്റ്റർ പറഞ്ഞത്. ബാങ്കുകൾക്കു വേണ്ടത്ര മൂലധനമുള്ളതിനാൽ ആശങ്കയ്ക്കു കാര്യമില്ല.
കഴിഞ്ഞ ബജറ്റിനു തൊട്ടു മുമ്പുള്ള സാമ്പത്തിക സർവേയിൽ റേറ്റിംഗ് ഏജൻസികളെ ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. അതിനു ശേഷം രണ്ടു വട്ടം റേറ്റിംഗ് ഏജൻസികൾ ഡൽഹിയിലെത്തി ചർച്ച നടത്തി. സെപ്റ്റംബർ 30-നു മൂഡീസ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണു പുതിയ തീരുമാനം.

പലിശപ്പേടി കൂടുന്നു

ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തു പൊതു വിലക്കയറ്റം വർധിപ്പിക്കുമെന്നും പലിശ നിരക്കു താമസിയാതെ ഉയരുമെന്നും വിപണി കണക്കാക്കുന്നു. രൂപയുടെ വിനിമയനിരക്ക് താഴുന്നതും വെള്ളിയാഴ്ച റിസർവ് ബാങ്ക് പണനയ കമ്മിറ്റിയുടെ വിലയിരുത്തൽ പുറത്തു വരും. പണലഭ്യത കുറയ്ക്കാനുള്ള ചില നടപടികൾ അതിലുണ്ടാകും. പലിശ നിരക്ക് എന്നു കൂട്ടും എന്ന സൂചനയും ലഭിക്കും.
പലിശ കൂടുമെന്ന നിഗമനത്തിൽ കടപ്പത്രവിലകൾ താഴുകയാണ്. നിക്ഷേപനേട്ടം (Yield) 6.29 ശതമാനത്തിലേക്ക് ഉയർന്നു. അമേരിക്കയിലും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയരുകയാണ്. ഫെഡ് അടുത്ത മാസമാദ്യം യോഗം ചേരുമ്പോൾ പലിശ ഗതിയെപ്പറ്റി അറിയാനാകും.

ടെലികാേമിൽ ആശ്വാസനീക്കം

ടെലികോം മേഖലയിൽ ഒറ്റത്തവണ സ്പെക്ട്രം ചാർജ് വിഷയത്തിലെ നിയമയുദ്ധം അവസാനിപ്പിക്കാൻ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നതായി റിപ്പാർട്ടുണ്ട്. ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ഗണ്യമായ നേട്ടമുണ്ടാക്കുന്നതാണ് ഈ നീക്കം.
സീ എൻ്റർടെയ്‌ൻമെൻറും വിദേശ നിക്ഷേപകരും തമ്മിലുള്ള പോര് കോടതിയിൽ തുടരുകയാണ്. നിക്ഷേപകരുടെ ഹർജിയിൽ നാളെയാണു സീ എതിർ സത്യവാങ്മൂലം നൽകുക.

കൽക്കരിക്ഷാമം രൂക്ഷം

രാജ്യത്തു താപവൈദ്യുത നിലയങ്ങൾക്കു വേണ്ടത്ര കൽക്കരി സ്റ്റോക്ക് ഇല്ലാത്തതു പരിഹരിക്കാൻ ഗവണ്മെൻ്റ് തീവ്രശ്രമം തുടരുകയാണ്. പല നിലയങ്ങളിലും നാലു ദിവസത്തെ ആവശ്യത്തിനു പോലും കൽക്കരി ഇല്ല. സ്വന്തം ആവശ്യത്തിനു മാത്രം ഖനന അനുമതി ഉള്ള കമ്പനികൾക്ക് കൽക്കരി പുറത്തു വിൽക്കാൻ ഗവണ്മെൻ്റ് അനുവാദം നൽകിയതു ക്ഷാമം പരിഹരിക്കാൻ അൽപം സഹായിക്കും. കൽക്കരി ഖനികൾ ഉള്ള കമ്പനികൾക്ക് നേട്ടമാണ് ഈ സാഹചര്യം.
This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it