വിപണികളെ രക്ഷിച്ചു പുടിൻ; ഓഹരികൾ വീണ്ടും ഉണർവിലേക്ക്; ദാസ് എന്തു പറയും, ദാസിനോട് എന്തു പറയും? ശ്രൈയും സീയും ചെയ്യുന്നത്

പുടിൻ വിപണികളുടെ രക്ഷകൻ; ശക്തികാന്ത ദാസ് എന്തു പറയും? ഡോളർ 75 കടക്കുമോ? ബിറ്റ്കോയിൻ കുതിക്കുന്നു
വിപണികളെ രക്ഷിച്ചു പുടിൻ; ഓഹരികൾ വീണ്ടും ഉണർവിലേക്ക്; ദാസ് എന്തു പറയും, ദാസിനോട് എന്തു പറയും? ശ്രൈയും സീയും ചെയ്യുന്നത്
Published on

പരസ്പരം ബന്ധമില്ലാത്ത രണ്ടു കാര്യങ്ങൾ ആഗോള വിപണികളെ സഹായിച്ചു. ഒന്ന് യൂറോപ്പിലേക്കു കൂടുതൽ പ്രകൃതി വാതകം നൽകുമെന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത്. ഇത് പ്രകൃതി വാതകത്തിൻ്റെയും ക്രൂഡ് ഓയിലിൻ്റെയും കൽക്കരിയുടെയും വില താഴ്ത്തി. രണ്ട് അമേരിക്കൻ സെനറ്റിൽ ദേശീയ കടത്തിൻ്റെ പരിധി കൂട്ടുന്ന കാര്യത്തിൽ താൽക്കാലിക ധാരണ ഉണ്ടാകുമെന്ന് ഉറപ്പായത്. ഇതോടെ അമേരിക്കൻ ഭരണകൂടത്തിനു കൂടുതൽ കടമെടുക്കാമെന്നാകും. ഇപ്പോൾ 28.4 ലക്ഷം കോടി ഡോളറാണു പരിധി. ഇതു ഡിസംബർ വരെ കൂട്ടാനാണു ധാരണ. ഇതുണ്ടായില്ലെങ്കിൽ ഒരാഴ്ചയ്ക്കു ശേഷം കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി പണം നൽകാൻ യുഎസ് ഗവണ്മെൻ്റിനു കഴിയാതെ വരുമായിരുന്നു. അതു വലിയ ധനകാര്യ കോളിളക്കം ഉണ്ടാക്കുമായിരുന്നു.

പുടിൻ ഇടപെട്ടു, വാതകവില താണു

വിലക്കയറ്റ ഭീഷണി ഇന്നലെ ആഗാേള വിപണികളെയെല്ലാം വല്ലാതെ ഉലച്ചു. ഇന്ത്യൻ വിപണി ഒരു ശതമാനത്തോളം ഇടിഞ്ഞു. പ്രകൃതിവാതക വില ഇന്നലെ യൂറോപ്യൻ വ്യാപാരം തുടങ്ങിയപ്പോൾ കുതിച്ചു കയറി. ജനുവരി ഒന്നിനെ അപേക്ഷിച്ച് എട്ടു മടങ്ങായി യൂറോപ്യൻ വില. അമേരിക്കയിൽ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയുമായി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 83.47 ഡോളർ വരെ ഉയർന്നു. യൂറോപ്യൻ വിപണികൾ ഒന്നര ശതമാനം ഇടിവിലാണു ക്ലോസ് ചെയ്തത്. യുഎസ് വിപണി ഒന്നര ശതമാനത്തിലധികം താഴ്ന്നു വ്യാപാരം തുടങ്ങി.

അതിനു ശേഷമാണ് പുടിൻ്റെ പ്രഖ്യാപനം വന്നത്. പ്രകൃതിവാതക വില 10 ശതമാനം താണു. ബ്രെൻ്റ് ഇനം. ക്രൂഡ് 81 ഡോളറിനടുത്തായി. യു എസ് ഓഹരി വിപണി തിരിച്ചു കയറി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സും ഉയരത്തിലാണ്.

ഉയർന്നു തുടങ്ങിയിട്ടു വീണു

ബുധനാഴ്ച ഉയരത്തിൽ വ്യാപാരം തുടങ്ങിയ ശേഷമാണ് ഇന്ത്യൻ വിപണി ഇടിഞ്ഞത്. മിക്ക വ്യവസായ മേഖലകളും താഴാേട്ടു നീങ്ങി. ഇന്ധന വിലക്കയറ്റം, പലിശ വർധന, അമേരിക്കയിലെ കടപ്പത്രപ്രതിസന്ധി എന്നിവയെപ്പറ്റിയുള്ള ആശങ്ക ഇവിടെയും പടർന്നു. റേറ്റിംഗ് പ്രതീക്ഷ ഉയർത്തിയതടക്കമുള്ള നല്ല വാർത്തകൾക്കു വിപണി ചെവി കൊടുത്തതേയില്ല. രൂപയും കുത്തനേ താണു.

സെൻസെക്സ് 555.15 പോയിൻ്റ് (0.93%) താണ് 59,189.73 ലും നിഫ്റ്റി 176.3 പോയിൻ്റ് (0.99%) താണ് 17,646ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് കമ്പനികളും താഴോട്ടായിരുന്നു. മെറ്റലുകൾ, ഹെൽത്ത് കെയർ, ഐടി, റിയൽറ്റി, ഗൃഹാേപകരണങ്ങൾ, ഫാർമ, ഓട്ടോ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം താഴോട്ടു പോയി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 802.81 കോടിയുടെയും സ്വദേശി ഫണ്ടുകൾ 998.69 കോടിയുടെയും ഓഹരികൾ വിറ്റഴിച്ചു.

പോസിറ്റീവ് മനോഭാവം പ്രതീക്ഷിക്കാം

നിഫ്റ്റിക്കു 17,900 ബാലികേറാമലയാണെന്ന പലരുടെയും വിലയിരുത്തൽ ശരി വയ്ക്കുന്ന രീതിയിലായിരുന്നു ഇന്നലെ വ്യാപാരം. ആദ്യം ലാഭമെടുക്കലിൻ്റെ സമ്മർദവും പിന്നെ ആഗോള ആകുലതകളുടെ വിഷമവും വിപണിയെ ഇടിച്ചുതാഴ്ത്തി.

രാത്രി യുഎസ് വിപണി തിരിച്ചു കയറിയതും ഏഷ്യൻ വിപണികൾ ഉണർവോടെ തുടങ്ങിയതും ഇന്നു വ്യാപാര മനോഭാവം പോസിറ്റീവാക്കും. ജപ്പാനിലെ നിക്കൈ സൂചിക ഒരു ശതമാനം ഉയരത്തിലാണ്. ബുള്ളുകൾ വീണ്ടും ആവേശത്തോടെ കളത്തിലിറങ്ങാം. റിസർവ് ബാങ്ക് നാളെ പണനയ പ്രഖ്യാപനത്തിൽഎന്തു പറയുമെന്ന ആശങ്ക അധികം പേർക്ക് ഇല്ല. നാടകീയമായ നിരക്കു വർധനയൊന്നും ഉണ്ടാകില്ലെന്ന് വിപണി പൊതുവേ കരുതുന്നു.

എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ആദ്യ സെഷൻ 17,628 ലാണു ക്ലോസ് ചെയ്തത്. എന്നാൽ രണ്ടാമത്തെ സെഷനിൽ 17,754 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ 17,767 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഉയർച്ചയോടെ തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം.

നിഫ്റ്റിക്ക് 17,540 ലും 17,450 ലും നല്ല സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 17,730 ലും 17,850 ലും ശക്തമായ ഒരു പ്രതീക്ഷിക്കുന്നു.

സ്വർണം ചാഞ്ചാടി, രൂപ വീണു

സ്വർണവില ഇന്നലെ 1745 ഡോളറിനും 1767 ഡോളറിനുമിടയിൽ ചാഞ്ചാടി. ഓഹരി വിപണി തിരിച്ചു കയറിയ ശേഷം 1760 ഡോളറിനു മുകളിൽ സ്ഥിരത തേടി. ഇന്നു രാവിലെ 1761-1762 ഡോളറിലാണു വ്യാപാരം.

ഡോളറിൻ്റെ കരുത്തു കാണിക്കുന്ന ഡോളർ സൂചിക 94.26 വരെ ഉയർന്നു. ഇതും ക്രൂഡ് വിലക്കയറ്റവും ഓഹരികളുടെ തകർച്ചയും ഇന്നലെ രൂപയെ വലിച്ചു താഴ്ത്തി. ഡോളർ 56 പൈസ കയറി 74.98 രൂപയിലെത്തി. 74.99 വരെ ഉയർന്നപ്പോൾ റിസർവ് ബാങ്ക് ഇടപെട്ടാണു വിലപിടിച്ചു നിർത്തിയത്. ഡോളർ 75 രൂപയ്ക്കു മുകളിലാകുന്നതു തടയാനാണു റിസർവ് ബാങ്ക് ശ്രമിച്ചത്.

കടപ്പത്രങ്ങളിൽ ആശ്വാസം?

പലിശ നിരക്ക് കൂടുമെന്ന ആശങ്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (Yield) 6.28 ശതമാനത്തിലേക്കു കയറി. ആഗോള വിലക്കയറ്റ ഭീതി കുറഞ്ഞത് ഇന്നലെ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 1.52 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. ഇന്ത്യയിലും ചെറിയ ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്.

വ്യാവസായിക ലോഹങ്ങളുടെ വിലയിൽ ചെറിയ കുറവു വന്നു. ഇന്ധന വില കുറയുന്നതാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 80.95 ഡോളറിലേക്കു താണു. വില കുറേക്കൂടി താഴുമെന്നാണു വിപണിയുടെ നിഗമനം.

ശക്തികാന്ത ദാസ് എന്തു പറയും?

റിസർവ് ബാങ്ക് നാളെ രാവിലെ പ്രഖ്യാപിക്കുന്ന പണനയത്തിൽ റീപോ, റിവേഴ്സ് റീപാേ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നു ലഭിക്കുന്ന ഏകദിന വായ്പപയുടെ പലിശയാണു റീപോ നിരക്ക്. ഇപ്പോൾ നാലു ശതമാനമാണിത്. ബാങ്കുകൾ അധിക പണം റിസർവ് ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശയാണു റിവേഴ്സ് റീപോ. ഇപ്പോൾ ഇതു 3.35 ശതമാനമാണ്.

രാജ്യത്തെ വായ്പയെടുക്കൽ കുറവായതിനാൽ ബാങ്കുകളിൽ പണം അധികമുണ്ട്. 12 ലക്ഷം കോടി രൂപയാണു ബാങ്ക് മേഖലയിലുള്ള ശരാശരി മിച്ചം (Excess Liquidity). ഈ സാഹചര്യത്തിൽ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്ന ജിസാപ് (GSAP) നിർത്തലാക്കുമെന്നു സൂചനയുണ്ട്.

പലിശവർധന ജനുവരിയോടെ ആരംഭിക്കുമെന്നാണു പൊതു നിഗമനം. ഡിസംബർ 6-8 തീയതികളിലെ എംപിസി (പണനയ കമ്മിറ്റി) യോഗത്തിനു ശേഷം ഇതു പ്രഖ്യാപിച്ചേക്കും. മറിച്ച് ഇത്തവണ തന്നെ പ്രഖ്യാപനമുണ്ടായാൽ വിപണിയിൽ വലിയ ആഘാതമുണ്ടാകും.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിൻ്റെ കാലാവധി ഡിസംബർ 11-ന് അവസാനിക്കും. അദ്ദേഹത്തിന് ഒന്നോ രണ്ടോ വർഷം കൂടി കാലാവധി നീട്ടിക്കൊടുക്കുമെന്നു വിപണി പ്രതീക്ഷിക്കുന്നു.

ശ്രൈയും സീയും ചെയ്യുന്നത്

ശ്രൈ ഗ്രൂപ്പിലെ രണ്ടു കമ്പനികളെ പാപ്പർ നടപടിയിലേക്കു വിട്ട റിസർവ് ബാങ്ക് നടപടിക്കെതിരെ ചെയർമാൻ ഹേമന്ത് കനാേറിയ മുംബൈ ഹൈക്കാേടതിയെ സമീപിച്ചു. ബാങ്കുകൾക്കുള്ള ബാധ്യത തീർക്കാൻ കമ്പനി തയാറായിരുന്നപ്പോൾ റിസർവ് ബാങ്ക് ഏകപക്ഷീയമായി മാനേജ്മെൻ്റിനെ പിരിച്ചുവിടുകയായിരുന്നെന്നാണു കനാേറിയയുടെ വാദം.

സീ എൻ്റർടെയ്ൻമെൻ്റിനെ സ്വന്തമാക്കാൻ വിദേശ നിക്ഷേപ ഗ്രൂപ്പായ ഇൻവെസ്കാേയും ചില ഫണ്ടുകളും കൂടി നടത്തുന്ന ശ്രമം വിജയിക്കാൻ അനുവദിക്കില്ലെന്ന് സീ പ്രൊമോട്ടർ സുഭാഷ് ചന്ദ്ര പറഞ്ഞു. കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ (എൻസിഎൽടി) മുന്നിലുള്ള കേസിനെതിരേ മാനേജ്മെൻ്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

ബിറ്റ്കോയിൻ കുതിക്കുന്നു

ഓഹരി വിപണി ദിവസേന വലിയ ചാഞ്ചാട്ടങ്ങൾ നടത്തുന്നതിനിടെ ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ്കോയിൻ 55,000 ഡോളറിനു മുകളിലെത്തി. സെപ്റ്റംബർ 21 ന് 40,000 ഡോളറിനു തൊട്ടടുത്തായിരുന്ന വില രണ്ടാഴ്ച കൊണ്ടു 38 ശതമാനം കൂടി.

This section is powered by Muthoot Finance

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com