റിസർവ് ബാങ്കിൽ കണ്ണുനട്ട് വിപണി; വിലക്കയറ്റ ഭീഷണി അകലുന്നില്ല; ക്രൂഡ് വീണ്ടും കുതിക്കുന്നു; ടാറ്റാ മോട്ടോഴ്സ്, കല്യാൺ ജ്വല്ലേഴ്സ് ഓഹരി വിലകൾ ഉയർന്നത് എന്തുകൊണ്ട്?

ബുധനാഴ്ചയിലെ ആശങ്കകൾ മാറ്റിവച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നല്ല മുന്നേറ്റം കാണിച്ചു. എങ്കിലും തലേന്നത്തെ നഷ്ടം മുഴുവൻ നികത്തിയില്ല. കൂടുതൽ മുന്നേറാനുള്ള ശ്രമം ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ പരാജയപ്പെട്ടു.

ഇന്നു രാവിലെ വരാനിരിക്കുന്ന റിസർവ് ബാങ്കിൻ്റെ പണനയം സംബന്ധിച്ച ആശങ്കകൾ വിപണിയെ അലട്ടി. പ്രതീക്ഷിക്കുന്നതിലും നേരത്തേ പലിശ കൂട്ടാനോ പണലഭ്യത വലുതായി കുറയ്ക്കാനോ നടപടി ഉണ്ടായാൽ വിപണി താഴോട്ടു നീങ്ങിയെന്നു വരാം.
ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ താണിട്ടു രാത്രി വീണ്ടും കയറി 82 ഡോളറിനു മുകളിലെത്തിയത് വിലക്കയറ്റത്തെപ്പറ്റി വീണ്ടും ആശങ്ക ജനിപ്പിക്കുന്നു. വിലക്കയറ്റത്തെപ്പറ്റി റിസർവ് ബാങ്ക് എന്താണു പറയുന്നതെന്നും വിപണി ശ്രദ്ധിക്കും. വിലക്കയറ്റ പ്രതീക്ഷ വർധിക്കുന്നതും വിപണിക്ക് ആഘാതമാകും.

മറ്റു വിപണികൾ ഉയർന്നു

ഇന്ത്യൻ ഓഹരികൾക്കു പിന്നാലെ യൂറോപ്യൻ വിപണി ഇന്നലെ ശരാശരി രണ്ടു ശതമാനത്തിലേറെ ഉയർന്നു. യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിൽപന വർധിപ്പിക്കുമെന്ന റഷ്യൻ പ്രസിഡൻ്റിൻ്റെ പ്രഖ്യാപനമാണു സഹായിച്ചത്. യുഎസ് വിപണി ഉണർവ് കാണിച്ചെങ്കിലും നേട്ടം ഒരു ശതമാനത്തിൽ താഴെയായിരുന്നു.
ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ജപ്പാൻ അടക്കം ഏഷ്യൻ വിപണികളും ഉണർവോടെ തുടങ്ങി. നിക്കെെ സൂചിക തുടക്കത്തിൽ ഒന്നര ശതമാനത്തിലധികം കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,832 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,835 ലെത്തി. ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിലുള്ളത്.

മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ വലിയ കയറ്റം

ഇന്നലെ സെൻസെക്സ് 488.1 പോയിൻ്റ് ( 0.82 ശതമാനം) ഉയർന്ന് 59,677.83ലും നിഫ്റ്റി 144.35 പോയിൻ്റ് (0.82%) ഉയർന്ന് 17,790.35ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 1.88 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.22 ശതമാനവും ഉയർന്നു. റിയൽറ്റി 6.16 ശതമാനം, കൺസ്യൂമർ ഡ്യുറബിൾസ് 5.28%, ഓട്ടോമൊബൈൽ 4.39%, ഐടി 1.79% എന്നിവ മികച്ച പ്രകടനം നടത്തി.
വിപണി അനിശ്ചിത നിലയാണു കാണിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,900 നു മുകളിലേക്കു നീങ്ങിയാൽ പിന്നീടു 18,200 ലക്ഷ്യമാക്കും. മറിച്ചു 17,750 നു താഴേക്കു മാറിയാൽ 17,600 ആകും ലക്ഷ്യം. നിഫ്റ്റിക്ക് 17, 750 ലും 17,710 ലും സപ്പോർട്ട് ഉണ്ട്. 17,845 ലും 17,900 ലും തടസം പ്രതീക്ഷിക്കുന്നു.

വിദേശികൾ വിൽപനക്കാർ

വിദേശ ഫണ്ടുകൾ ഈ മാസം തുടക്കത്തിൽ ക്യാഷ് വിപണിയിൽ വാങ്ങലുകാരായിരുന്നെങ്കിലും പിന്നീടു വിൽപനക്കാരായി മാറി. ഈ മാസം ഇതു വരെ 3490 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റൊഴിഞ്ഞത്. ഇന്നലെ 1764.25 കോടിയുടെ ഓഹരികൾ വിറ്റു. ബാങ്ക്, ഐടി, മെറ്റൽ ഓഹരികളിലാണ് അവരുടെ വിൽപന ഏറെയും. ഇൻഡെക്സ് ഫ്യൂച്ചേഴ്സിലും അവർ വിൽപനക്കാരാണ്. എന്നാൽ ഇൻഡെക്സ് ഓപ്ഷൻസിൽ 10,953 കോടിയുടെ വാങ്ങൽ നടത്തി.
ഇന്നലെ സ്വദേശി ഫണ്ടുകൾ 2528.64 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.

ക്രൂഡ് വീണ്ടും 82 ഡോളറിനു മുകളിൽ

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. അമേരിക്കയിൽ ഡീസൽ സ്റ്റോക്ക് 20 വർഷത്തിനിടയിലെ ഏറ്റവും താണ നിലയിലായതും ഏഷ്യയിൽ ഡിമാൻഡും ഉപയോഗവും വർധിക്കുന്നതും വിലക്കയറ്റത്തെ ന്യായീകരിക്കുന്നു. ഇന്നലെ 80 ഡോളറിലേക്കു താണ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 82.4 ഡോളറിനു മുകളിലായി. വില ഇനിയും കൂടുമെന്നാണു വിപണിയിലെ സൂചന.
യൂറോപ്പിൽ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ലോഹങ്ങൾക്കു വില ഉയർന്നു. ചെമ്പിന് 2.6 ശതമാനം കയറ്റമുണ്ടായി.
സ്വർണവില കയറിയിറങ്ങി. ഡോളർ സൂചിക 94 നു മുകളിൽ നിൽക്കുന്നത് കയറ്റത്തിനു തടസമാണ്. ഇന്നലെ 1751 ഡോളറിനും 1768 ഡോളറിനുമിടയിൽ ചാഞ്ചാടിയ സ്വർണം ഇന്നു രാവിലെ 1757-1758 ഡോളർ മേഖലയിലാണ്.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ 74.79 രൂപയിലേക്കു താണു.

കൽക്കരി വിലക്കയറ്റം രൂക്ഷം

ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങൾക്കു കൽക്കരി ക്ഷാമം വരാതിരിക്കാൻ നടപടികൾ വേഗത്തിലാക്കി. കൽക്കരി വില നാലിരട്ടിയായതു മൂലം വൈദ്യുതിവില കൂട്ടാൻ ഉൽപാദകർ നിർബസിതരായി. ഇതു വൈദ്യുതി വിതരണ കമ്പനികൾക്കു വലിയ ബാധ്യത വരുത്തും. ഉപയോക്താക്കളിൽ നിന്ന് ഉടനടി കൂടിയ വില വാങ്ങാൻ അവർക്കു കഴിയില്ല.
കൽക്കരി വിലക്കയറ്റം ലോഹ വ്യവസായത്തെയും ബാധിക്കുന്നു. സ്റ്റീൽ, അലൂമിനിയം, ചെമ്പ്, നിക്കൽ, സിങ്ക് തുടങ്ങിയവയുടെ ഉൽപാദന- ശുദ്ധീകരണ - വിശേഷീകരണ ഘട്ടങ്ങളിലെല്ലാം കൽക്കരി ഫർണസുകൾ പ്രവർത്തിപ്പിക്കണം.

വാഹനവിൽപന കുറഞ്ഞു; ഇനിയും കുറയും

രാജ്യത്ത് വാഹന വിൽപന 5.27 ശതമാനം കുറഞ്ഞതായി വാഹന വിൽപനക്കാരുടെ ഫെഡറേഷൻ (എഫ് എ ഡി എ). രജിസ്ട്രേഷൻ കണക്കുകൾ വച്ചുള്ളതാണു ഈ റിപ്പോർട്ട്.
ടൂ വീലർ വിൽപന 11.5 ശതമാനവും ട്രാക്ടർ വിൽപന 23.9 ശതമാനവും കുറഞ്ഞു. സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാർ വാങ്ങുന്ന തരം ടൂ വീലറുകളുടെ വിൽപനയിലാണു വലിയ കുറവ്. ആഡംബര ബൈക്കുകൾക്കു വിൽപന കുറവില്ല. താഴേത്തട്ടിൽ വരുമാനം കൂടുന്നില്ല എന്നാണ് ഇതിനർഥം. കാർഷിക മേഖലയിലെ ഡിമാൻഡ് വർധന പെട്ടെന്നു കുറഞ്ഞതിൻ്റെ കാരണം വ്യക്തമല്ലെന്നു ട്രാക്ടർ വിൽപനയിലെ ഇടിവിനെ പരാമർശിച്ചു വിപണിനിരീക്ഷകർ പറയുന്നു.
പല സംസ്ഥാനങ്ങളിലും സ്കൂളുകൾ പ്രവർത്തനം തുടങ്ങുന്നത് ത്രീവീലർ വിൽപന 51 ശതമാനം വർധിക്കാൻ കാരണമായി. എന്നാൽ കഴിഞ്ഞ മാസത്തെ ത്രീവീലർ വിൽപന 36,612 എണ്ണം മാത്രമാണ്. 2019ലെ പ്രതിമാസ ശരാശരിയേക്കാൾ വളരെ താഴെയാണിത്.
യാത്രാവാഹന (കാർ, എസ് യു വി ) വിൽപന 16.3 ശതമാനം വർധിച്ച് 2.33 ലക്ഷത്തിൽ എത്തി. വാണിജ്യ വാഹന വിൽപന 46.6 ശതമാനം ഉയർന്ന് 58,820 എണ്ണമായി.
മൈക്രോ ചിപ് ക്ഷാമം ഉടനെങ്ങും പരിഹരിക്കില്ലെന്നാണ് സൂചന. അതിനാൽ ഉത്സവ സീസണിലടക്കം വരും മാസങ്ങളിൽ വിൽപന കുറവാകും.

വളർച്ചനിഗമനം കുറച്ചു ഫിച്ച്

ഇന്ത്യയുടെ ഈ ധനകാര്യ വർഷത്തെ സാമ്പത്തിക (ജിഡിപി) വളർച്ച സംബന്ധിച്ച നിഗമനം അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി ഫിച്ച് താഴ്ത്തി. 8.7 ശതമാനമാണു പുതിയ നിഗമനം. ജൂണിൽ 10 ശതമാനം വളർച്ച കണക്കാക്കിയിരുന്നതാണ്. എന്നാൽ 2022-23 ലെ വളർച്ച നിഗമനം 8.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി.
ഫിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗോ റേറ്റിംഗ് പ്രതീക്ഷയോ തിരുത്തിയില്ല. ട്രിപ്പിൾ ബി നെഗറ്റീവ് ആണ് ഫിച്ച് നൽകിയിട്ടുള്ള റേറ്റിംഗ്. പ്രതീക്ഷയും നെഗറ്റീവാണ്. മൂഡീസ് ഈയിടെ പ്രതീക്ഷ ഭദ്രം എന്നതിലേക്കുയർത്തിയിരുന്നു.
ഇന്ത്യയുടെ മധ്യകാല വളർച്ച പ്രതീക്ഷ ശക്തമാണെന്നും ഉയർന്ന വിദേശനാണ്യശേഖരം കരുത്തു പകരുന്നുവെന്നും ഏജൻസി പറയുന്നു. എന്നാൽ ഉയർന്ന കടവും ദുർബലമായ ധനകാര്യ മേഖലയും ഘടനാപരമായ ചില വിഷയങ്ങളും റേറ്റിംഗ് പ്രതീക്ഷ ഉയർത്താൻ തടസങ്ങളായി ഏജൻസി ചൂണ്ടിക്കാട്ടി.
എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ഇന്ത്യയുടെ ജിഡിപി വളർച്ച ഈ വർഷം 9.5 ശതമാനമാകും എന്നാണു പ്രവചിക്കുന്നത്. മൂഡീസ് പ്രതീക്ഷ 9.3 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. ലോകബാങ്കിൻ്റെ നിഗമനം 8.3 ശതമാനം വളർച്ചയാണ്. റിസർവ് ബാങ്ക് 9.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

പിരമളിൻ്റെ ഫാർമ ബിസിനസ് വേറേ കമ്പനിയാക്കും

പിരമൾ ഗ്രൂപ്പ് ഫാർമ ബിസിനസ് പ്രത്യേക കമ്പനിയായി ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. രാജ്യത്തെ പത്താമത്തെ വലിയ ഫാർമ കമ്പനിയാകും പിരമൾ എൻ്റർപ്രൈസസിൽ നിന്നു വേർതിരിക്കപ്പെടുന്ന പിരമൾ ഫാർമ. 5776 കോടി രൂപയാണ് കഴിഞ്ഞ വർഷം പിരമൾ ഗ്രൂപ്പിൻ്റെ ഫാർമ വിറ്റുവരവ്.
ഫാർമ മാറ്റിയ ശേഷം പിരമൾ എൻ്റർപ്രൈസസ് ബാങ്കിതര ധനകാര്യ കമ്പനിയായി തുടരും. ഈയിടെ ദിവാൻ ഹൗസിംഗിനെ ഇതിൽ ലയിപ്പിച്ചിരുന്നു. പി എച്ച് എൽ ഫിൻവെസ്റ്റ് എന്ന കമ്പനിയെയും പിരമൾ എൻ്റർപ്രൈസസിൽ ലയിപ്പിക്കും.

ഫോഡിൻ്റെ പ്ലാൻ്റ് വാങ്ങാൻ ടാറ്റാ മോട്ടോഴ്സ്

ഫോഡ് കമ്പനിയുടെ ചെന്നൈയിലെ പ്ലാൻ്റ് ടാറ്റാ മോട്ടോഴ്സ് ഏറ്റെടുത്തേക്കും. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചർച്ച നടത്തി. രണ്ടു ലക്ഷം കാറുകളും 3.4 ലക്ഷം എൻജിനുകളും നിർമിക്കാൻ ശേഷിയുള്ളതാണ് ഫോഡിൻ്റെ പ്ലാൻ്റ്. ടാറ്റാ മോട്ടോഴ്സിന് ഇലക്ട്രിക് വാഹന നിർമാണം ഇങ്ങോട്ടു മാറ്റാൻ പദ്ധതിയുണ്ട്. ഈ വാർത്തയും മോർഗൻ സ്റ്റാൻലി ടാറ്റാ മോട്ടോഴ്സിനെ ഓവർ വെയ്റ്റ് വിഭാഗത്തിലേക്ക് മാറ്റിയതും ടാറ്റാ മോട്ടോഴ്സ് ഓഹരി വില 12 ശതമാനം ഉയർത്തി. എം ജി മോട്ടോറും ഫോഡ് പ്ലാൻറിൽ താൽപര്യം എടുത്തിട്ടുണ്ട്.

ജ്വല്ലറി, ടൂറിസം ശ്രദ്ധിക്കാം

ജ്വല്ലറി കമ്പനികൾക്ക് ഇന്നലെ വിപണിയിൽ നല്ല പ്രിയമായിരുന്നു. കല്യാൺ ജ്വല്ലേഴ്സ് ഓഹരി 13 ശതമാനത്തോളം കയറി. ടൈറ്റൻ 10.6 ശതമാനം ഉയർന്നു.
വിദേശ ടൂറിസ്റ്റുകൾക്കു വീസ നൽകാൻ കേന്ദ്രം തീരുമാനിച്ചത് ഹോട്ടൽ - ട്രാവൽ വ്യവസായത്തിന് ഉത്തേജനമാകും.

എവർഗ്രാൻഡെയിൽ ഇനി എന്ത്?

ഒരാഴ്ചത്തെ അവധിക്കു ശേഷം ചൈനീസ് വിപണി ഇന്നു തുറന്നു. തകർച്ചയിലായ എവർഗ്രാൻഡെ കമ്പനിയുടെ ഓഹരി വ്യാപാരം ഹോങ്കോംഗിൽ നിർത്തി വച്ച ശേഷം ചൈനീസ് വിപണി പ്രവർത്തിച്ചിരുന്നില്ല. എവർഗ്രാൻഡെ പാപ്പരാകുമെന്ന നില വന്നതോടെ മറ്റു റിയൽറ്റി കമ്പനികളുടെ കടപ്പത്രങ്ങൾക്കു വില 25 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. എവർഗ്രാൻഡെ കുറേ പ്രോജക്റ്റുകൾ വിറ്റു കടബാധ്യത കുറയ്ക്കും എന്നു സൂചനയുണ്ട്. കമ്പനിയെ രക്ഷിക്കാൻ ചൈനീസ് ഭരണകൂടം ഇടപെടുന്നില്ല. എന്നാൽ അവരിൽ നിന്നു പാർപ്പിടം ബുക്ക് ചെയ്തിട്ടുള്ളവർക്കു പാർപ്പിടം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്കു ചൈനീസ് ഗവണ്മെൻ്റ് നിർദേശം നൽകിയിട്ടുണ്ട്. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് വിപണി എങ്ങനെ കൈകാര്യം ചെയ്യും എന്ന സൂചന ഇന്നു ലഭിച്ചേക്കും.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it