
ഐസിഐസിഐ ബാങ്കിൻ്റെ തിളക്കമാർന്ന പ്രകടനത്തിൽ ഇന്നലെ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. അതുണ്ടായിരുന്നില്ലെങ്കിൽ മുഖ്യ സൂചികകൾ നഷ്ടത്തിലാകുമായിരുന്നു. വിപണിയുടെ മനോഭാവം മാറിയിട്ടില്ലെന്നു ചുരുക്കം. വിദേശ നിക്ഷേപകർ വൻതോതിൽ വിറ്റഴിക്കുന്നതും അവർ ഡെറിവേറ്റീവ് വിപണിയിലെ പൊസിഷനുകൾ കുറയ്ക്കുന്നതും യാദൃച്ഛികമല്ല. കൂടുതൽ താഴ്ചകൾക്കു നിക്ഷേപകർ തയാറായേ പറ്റൂ. ഇന്ത്യൻ ഓഹരികൾക്കു വില വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ തുടർച്ചയായി വിദേശ ബ്രോക്കറേജുകൾ പുറത്തു വിടുന്നത് മാറിയ സമീപനത്തെ കാണിക്കുന്നു.
ഹ്രസ്വകാലത്തു വിപണി ചെറിയ പാർശ്വ നീക്കങ്ങളിലാകും എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റിക്കു 18,030-ലും 17,980 ലും അവർ സപ്പോർട്ട് കാണുന്നു. മുകളിലേക്കുള്ള വഴിയിൽ 18,255 ലും 10,385 ലും തടസങ്ങളും കാണുന്നു.
തിരിച്ചു കയറ്റത്തിനു പ്രേരകങ്ങൾ ഒന്നും കാണുന്നില്ല എന്നതാണു വസ്തുത. സെപ്റ്റംബറിലെയും ഒക്ടോബറിലെയും വ്യവസായ ഉൽപാദനം കുറവാകുമെന്നും വിലക്കയറ്റത്തോത് ഉയരുമെന്നും നൊമുറ വിലയിരുത്തിയത് വിപണി മനോഭാവം തളരാൻ ഇടയാക്കും. നൊമുറയുടെ പ്രതിവാര ഉണർവ് സൂചിക താഴോട്ടു പോയതും പ്രതീക്ഷയ്ക്കു വിപരീതമാണ്. ആഗോള വിപണികളിലെ ഉണർവിലാണു ബുള്ളുകൾ പ്രതീക്ഷ വയ്ക്കുന്നത്. സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ നിഫ്റ്റി ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലാണ്.
തിങ്കളാഴ്ച ഉയരത്തിൽ തുടങ്ങി എറെ താഴോട്ടു പോയ ശേഷമാണു മുഖ്യസൂചികകൾ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 145.43 പോയിൻ്റ് കയറി 60,967.55 ലും നിഫ്റ്റി 10.5 പോയിൻ്റ് ഉയർന്ന് 18,125.4 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, ധനകാര്യ സർവീസ് മേഖലകൾ മാത്രമേ ഇന്നലെ ഉയർച്ച കാണിച്ചുള്ളു. ബാങ്ക് നിഫ്റ്റി 2.15 ശതമാനം ഉയർന്നു. റിയൽറ്റി, ഐടി, ഓട്ടാേ, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി തുടങ്ങിയവയെല്ലാം താഴോട്ടായിരുന്നു. എൻഎസ്ഇ യിൽ ഇന്നലെ 539 ഓഹരികൾ ഉയർന്നപ്പോൾ 1534 ഓഹരികൾ താഴുകയായിരുന്നു. വിപണി മനോഭാവം നെഗറ്റീവ് ആണെന്നു ചുരുക്കം. മിഡ് ക്യാപ് സൂചിക 1.7 ശതമാനവും സ്മോൾ ക്യാപ്സൂചിക 2.34 ശതമാനവും ഇടിഞ്ഞു. ഒരാഴ്ചകൊണ്ട് ഇവ ശരാശരി എട്ടു ശതമാനത്തിലധികം താഴോട്ടു പോയി..
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തോടെ അവസാനിച്ചു. യുഎസ് സൂചികകൾ പുതിയ ഉയരങ്ങളിലേക്കു കയറി. ഒരു ലക്ഷം കാറുകൾക്കു ഹെർട്സ് എന്ന കാർ റെൻ്റൽ കമ്പനി ഓർഡർ നൽകിയത് ടെസ്ലയുടെ വില 12.5 ശതമാനം വർധിപ്പിച്ചു. ടെസ്ലയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ കടന്നു. ഇന്നലെ മാത്രം ടെസ്ല സാരഥി ഇലോൺ മസ്കിൻ്റെ സമ്പത്തിലുണ്ടായ വർധന 11,900 കോടി ഡോളർ (8.93 ലക്ഷം കോടി രൂപ).
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയരത്തിലാണ്. ഏഷ്യൻ ഓഹരികൾ പൊതുവേ ഉയർന്നു. ജപ്പാനിലെ നിക്കെെ സൂചിക ഒന്നര ശതമാനം കയറി. ജിഡിപി പ്രതീക്ഷയോളം ഉയർന്നില്ലെങ്കിലും ദക്ഷിണ കൊറിയൻ വിപണി നല്ല നേട്ടം കാണിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 18,198 വരെ കയറി. ഇന്നു രാവിലെ 18,245 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിലുള്ളത്.
ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻ്റ് ഇനം രാവിലെ 86.06 ഡോളറിലാണ് വ്യാപാരം.
വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറി. ചെമ്പ് 10,046 ഡോളറിലെത്തി. അലൂമിനിയം, നിക്കൽ തുടങ്ങിയവയും ഉയർന്നു.
സ്വർണം വീണ്ടും 1800 ഡോളറിനു മുകളിൽ കയറി. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു തവണ 1800 കടന്നിട്ടും മണിക്കൂറുകൾക്കകം തിരിച്ചിറങ്ങുകയായിരുന്നു. ഇത്തവണ ഏതായാലും 1800 നു മുകളിലെ വ്യാപാരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നു രാവിലെ 1808-1809 ഡോളറിലാണു സ്വർണം.
ഡോളർ സൂചിക 93.86 ലേക്ക് ഉയർന്നു. ഇന്നലെ ഡോളർ 19 പൈസ നേട്ടത്തോടെ 75.08 രൂപയിലെത്തി.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2459.1 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ വിൽപന 12,329 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 2390.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഐസിഐസിഐ ബാങ്ക് ഓഹരി ഇന്നലെ 11.52 ശതമാനം ഉയർന്നു. കുറേക്കാലമായി വിപണി താഴ്ത്തി നിർത്തിയിരുന്ന ഓഹരിക്ക് മികച്ച രണ്ടാം പാദ ഫലം പുതുജീവൻ നൽകി. വിപണി മൂല്യത്തിൽ ഹിന്ദുസ്ഥാൻ യൂണിലീവറിനെ പിന്നിലാക്കി അഞ്ചാം സ്ഥാനം ബാങ്ക് പിടിച്ചെടുത്തു. ഈയാഴ്ചകളിൽ തിളങ്ങി നിന്ന എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഓഹരി വില ഇന്നലെ 1.4 ശതമാനം താഴുകയും ചെയ്തു.
ഐസിഐസിഐ ബാങ്ക് ഓഹരിക്ക് 25 മുതൽ 30 വരെ ശതമാനം ഉയർച്ചയാണു പ്രമുഖ ബ്രോക്കറേജുകളും അനാലിസ്റ്റുകളും ഇന്നലെ രാവിലെ പ്രവചിച്ചത്. ഇന്നും ഓഹരി ഉയരുമെന്നാണു സൂചന.
ഒറ്റ നാേട്ടത്തിൽ മികച്ചതെന്നു കരുതാവുന്ന റിസൽട്ട് പ്രസിദ്ധീകരിച്ച റിലയൻസ് ഇൻഡസ്ടീസിൻ്റെ ഓഹരി ഇന്നലെ ചാഞ്ചാടി. ആദ്യം മൂന്നു ശതമാനത്തോളം ഉയർന്നിട്ടു താഴ്ന്നു. ഒടുവിൽ 0.78 ശതമാനം താണു ക്ലാേസ് ചെയ്തു. റിലയൻസ് ഓഹരിക്കു വലിയ നേട്ടം ചില ബ്രോക്കറേജുകൾ പ്രവചിച്ച ശേഷമാണിത്. ഓഹരി നാലു ശതമാനം കയറുമെന്നായിരുന്നു പ്രവചനം. പക്ഷേ ഓഹരി താണു. ഒരാഴ്ച കൊണ്ടു റിലയൻസിനുണ്ടായ ഇടിവ് 4.3 ശതമാനമാണ്. കമ്പനി പ്രതീക്ഷ പോലെ വളർച്ച കാണിക്കുന്നില്ല എന്നാണു വിലയിരുത്തൽ. ജിയോയുടെ സ്മാർട്ട് ഫോൺ ഇനിയും വിപണിയിലെത്തിക്കാൻ പറ്റാത്തതും ഓഹരിക്കു ക്ഷീണമായി. ജിയാേ പ്ലാറ്റ്ഫോംസ് ഇതുവരെയും വിപണിയിൽ സംസാരമായിട്ടില്ലെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഫ്യൂച്ചറുമായുള്ള ഇടപാട് അനിശ്ചിതത്വത്തിലായതും സൗരാേർജ മേഖലയിൽ അഡാനി ഗ്രൂപ്പ് വളരെ വേഗം മുന്നേറുന്നതും മുകേഷ് അംബാനിയുടെ കമ്പനിയുടെ തിളക്കം കുറയ്ക്കുന്നു. അരാംകോ സാരഥിയെ റിലയൻസ് ഡയറക്ടറാക്കുന്നതിനെതിരേ നിക്ഷേപക ഗ്രൂപ്പുകൾ രംഗത്തുവന്നത് ചെറിയ കാര്യമല്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ പെൻഷൻഫണ്ടായ കലിഫാേർണിയ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയർമെൻ്റ് ഫണ്ട് ആണ് എതിർപ്പുന്നയിച്ചത്. വമ്പൻ ഫണ്ടുകൾ വെറും നിശബ്ദ നിക്ഷേപകരായി തുടരില്ലെന്ന മുന്നറിയിപ്പ് ഇതിലുണ്ട്. മുകേഷ് അംബാനിക്കു വിദേശ നിക്ഷേപകരെ ശ്രവിക്കേണ്ട ബാധ്യത വളർന്നു വരികയാണ്.
വലിയ ഫണ്ടുകൾ സജീവമാകുന്നതിൻ്റെ ഫലം സീ യുടെ സുഭാഷ് ചന്ദ്രയും പുനീത് ഗോയങ്കയും പഠിച്ചു വരികയാണ്. നിക്ഷേപക ആക്റ്റീവിസം ഐഷർ മോട്ടോഴ്സിലെ സിദ്ധാർഥ് ലാലിൻ്റെ ശമ്പള വർധനയെ ചോദ്യം ചെയ്യുന്നതിലെത്തി.
പണം വെറുതേ നിക്ഷേപിച്ചു നിശബ്ദരായിരിക്കുന്ന ഫണ്ടുകളുടെ കാലം കഴിഞ്ഞു. അവർക്കു വരുമാനം കൂട്ടാൻ തക്കവിധം കമ്പനി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്താനും അവർ ശ്രമിക്കും.
This section is powered by Muthoot Finance
Read DhanamOnline in English
Subscribe to Dhanam Magazine