സൂചികകൾ അത്യുന്നതങ്ങളിൽ; ആവേശം പാരമ്യത്തിൽ; വിദേശികൾക്കും വാങ്ങൽ ലഹരി; ജിഡിപി കണക്കിൻ്റെ യഥാർഥ ചിത്രം ഇങ്ങനെ; മാരുതി ഉൽപാദനം കുറയ്ക്കുന്നത് എന്തുകൊണ്ട്?

സൂചികകൾ റിക്കാർഡ് ഉയരങ്ങളിലെത്തി. തിരുത്തും തടസവുമില്ലാത്ത കുതിപ്പിൻ്റെ ഫലം. 16,000-ൽ നിന്ന് 19 വ്യാപാരദിനങ്ങൾ കൊണ്ടു നിഫ്റ്റി 17,000-ൽ എത്തി. സെൻസെക്സ് 57,000 കടന്നു. ഒന്നാം പാദ ജിഡിപി 20.1 ശതമാനം വളർന്നെന്ന കണക്ക് ഈ കുതിപ്പിനെ സാധൂകരിക്കുകയും ചെയ്യുന്നു. വിപണിയുടെ പ്രതീക്ഷ പോലെ വന്നു ജിഡിപി വളർച്ച.

എന്നാൽ ഇത് നിർത്തില്ലാതെ തുടരാൻ പറ്റുമോ? ആഗോള സൂചകങ്ങൾ നിഷേധ സൂചനകളാണു നൽകുന്നത്. ഒരു ഹ്രസ്വകാല പിൻവലിയൽ ആണു മുന്നിൽ കാണാവുന്നത്. വിദേശ നിക്ഷേപകർ ഇന്നലത്തേതു പോലെ അത്യാവേശം കാണിക്കുന്നില്ലെങ്കിൽ വിപണി പാർശ്വ നീക്കത്തിലേക്കോ ചെറിയ താഴ്ചയിലേക്കോ നീങ്ങിയേക്കാം. കഴിഞ്ഞ വർഷമാരംഭിച്ച ബുൾ തരംഗത്തിൽ നിന്നുള്ള മാറ്റമല്ല, കൂടുതൽ കുതിപ്പിനുള്ള കരുത്താർജിക്കലാകും അത്.
ഇന്നലെ സെൻസെക്സ് 662.63. പോയിൻ്റ് (1.16 ശതമാനം) ഉയർന്ന് 57,552.39 ൽ എത്തി. നിഫ്റ്റി 201.15 പോയിൻ്റ് (1.19 ശതമാനം) കയറി 17,132.2 ൽ ക്ലോസ് ചെയ്തു. മെറ്റൽ, ഐടി കമ്പനികളുടെ കുതിപ്പാണു വിപണിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്. ബാങ്ക്, വാഹന ഓഹരികൾ ശരാശരിയിലും താഴ്ന്ന നേട്ടമാണുണ്ടാക്കിയത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുടെ ഉയർച്ചയും നിറം മങ്ങിയതായിരുന്നു. മുഖ്യസൂചികകളുടെ ഉയർച്ചയുടെ പകുതിയിൽ താഴെയേ അവ ഉയർന്നുള്ളു.

വിദേശികൾ വാങ്ങിക്കൂട്ടി

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ വിപണിയിൽ കനത്ത നിക്ഷേപം നടത്തി. 3881.6 കോടി രൂപ അവർ ഓഹരികളുടെ ക്യാഷ് സെക്ഷനിൽ നിക്ഷേപിച്ചു. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന ഏകദിന നിക്ഷേപമാണിത്. കഴിഞ്ഞ രണ്ടു ദിവസത്തെ ഇടപാടുകളിലൂടെ ഓഗസ്റ്റിലെ വിദേശനിക്ഷേപം 5083.97 കോടി രൂപയായി ഉയർന്നു. ഇന്നലെ സ്വദേശി ഫണ്ടുകൾ 1872.4 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഇന്നലെ യൂറോപ്യൻ വിപണി താഴ്ചയിലായിരുന്നു. അമേരിക്കൻ വിപണിയിലെ പ്രധാന സൂചികകൾ നേരിയ ഇടിവാേടെയാണ് അവസാനിച്ചത്‌. ഇന്ന് ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജി എക്സ് നിഫ്റ്റി ഡെറിവേറ്റീവ് 17,096 ലാണ് ഇന്നലെ ക്ലാേസ് ചെയ്തത്.ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പന സമ്മർദവും വിലയിടിവും അവർ പ്രതീക്ഷിക്കുന്നുണ്ട്.

ക്ലാസിക് ബുൾ കൊടുമുടി

രണ്ടു ദിവസം കൊണ്ടു പ്രതീക്ഷിത തടസ മേഖലകളെല്ലാം ചാടിക്കടന്ന നിഫ്റ്റിയും സെൻസെക്സും ഇപ്പോഴത്തെ കുതിപ്പ് പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നാണു ബ്രോക്കർമാർ കരുതുന്നത്. യുഎസ് ഫെഡിൻ്റെ നിലപാട് വിപണിയിലേക്കുള്ള പണമൊഴുക്ക് തുടരാൻ സഹായിക്കും. റീട്ടെയിൽ നിക്ഷേപകരും ആവേശത്തിലാണ്. തടസങ്ങൾ മറികടന്നു വീണ്ടും മുന്നേറാൻ
അതു സഹായിക്കും. വിപണിയിലെ ശക്തമായ ബുള്ളിഷ് അന്തരീക്ഷം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും. ഓഹരികൾ ന്യായീകരണമില്ലാത്ത വിധം ഉയർന്ന പി ഇ (ഓഹരിവിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം) നിലവാരത്തിലാണെന്നതു പോലും നിക്ഷേപകർ പരിഗണിക്കുന്നില്ല. നിക്ഷേപത്തിന് ഇനിയൊരവസരം കിട്ടില്ലെന്ന മട്ടിൽ നല്ലതും ചീത്തയും വാങ്ങിക്കൂട്ടുകയാണു ചിലർ. ഒരു ക്ലാസിക് ബുൾ തരംഗത്തിൻ്റെ ഉച്ച നില വിപണിയിൽ കാണാം. കാർമേഘങ്ങൾ ഇല്ലാതെ തെളിഞ്ഞ നീലാകാശമാണു കാണുന്നതെന്നു ബുള്ളിഷ് നിക്ഷേപകർ അവകാശപ്പെടുന്നു.

പ്രതിരോധ മേഖലകൾ

നിഫ്റ്റി 17,150-17,200 മേഖലയിൽ ശക്തമായ പ്രതിരോധം നേരിടുമെന്നാണ് സാങ്കേതിക വിശകലനക്കാരുടെ വിലയിരുത്തൽ. അതു കടന്നാൽ 17,350-17,500 മേഖലയിലേക്കാകും നീക്കം. 17,000 വിപണിയുടെ പുതിയ സപ്പോർട്ട് നിലവാരമായി കാണാം. തുടർച്ചയായി ഏഴു ദിവസം ഉയർന്ന വിപണി വിശ്രമത്തിനുള്ള സൂചനകളൊന്നും നൽകുന്നില്ലെന്നാണ് ബ്രോക്കർമാരും പറയുന്നത്.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ചെറിയ കയറ്റിറക്കങ്ങളിലാണ്.ഇന്നു ചേരുന്ന ഒപെക് യോഗത്തിലേക്കാണു വിപണി നോക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഉൽപാദന ക്വാേട്ടയിൽ മാറ്റത്തിനു സാധ്യത കാണുന്നില്ല. ബ്രെൻറ് ഇനം വീപ്പയ്ക്ക് 73 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.

ലോഹങ്ങൾ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങളുടെ കുതിപ്പ് തുടരുകയാണ്. അലൂമിനിയം വില പത്തു വർഷത്തിനു ശേഷം ടണ്ണിനു 2700 ഡോളറിനു മുകളിലെത്തി. ചെമ്പ്, നിക്കൽ, സിങ്ക് തുടങ്ങിയവയും ഉയർന്നു. ചൈനയിൽ നിന്നു ഡിമാൻഡ് കുറഞ്ഞതുമൂലം ഇരുമ്പയിരിനു വില താണു.
സ്വർണം ഇന്നു രാവിലെ 1814-1815 ഡോളറിലാണ്.

ജിഡിപിയും ചില V ചിത്രങ്ങളും

ഇന്ത്യയുടെ ഏപ്രിൽ-ജൂൺ ഒന്നാം പാദ ജിഡിപി 20.1 ശതമാനം വളർന്നതു വിപണിയുടെ നിഗമനത്തോട് ഒത്തു പോകുന്നതായി. റിസർവ് ബാങ്കിൻ്റെ 21.4 ശതമാനം എന്ന നിഗമനം പാളി.
തലേ വർഷം ഇതേ പാദത്തിൽ ജിഡിപി 24.4 ശതമാനം ചുരുങ്ങിയിരുന്നു. അതുകൊണ്ടാണ് ഇത്തവണ അസാധാരണമാം വിധം ഉയർന്ന വളർച്ചക്കണക്കു കാണിക്കാനായത്. ഇതു V ആകൃതിയിലുള്ള വളർച്ചയെ കാണിക്കുന്നു എന്നൊക്കെയുള്ള അവകാശവാദങ്ങൾ ചിലർ നിരത്തുന്നുണ്ട്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ തന്നെ V മാതൃകയിൽ വളർച്ച അവകാശപ്പെട്ടവരാണ് ഇപ്പോൾ വീണ്ടും V യുമായി വരുന്നത്.

യഥാർഥത്തിൽ സമ്പത്ത് കുറഞ്ഞു

യാഥാർഥ്യം പരിശോധിച്ചാൽ അവരോടു സഹതാപമേ തോന്നൂ. ഈ ഏപ്രിൽ - ജൂണിലെ ജിഡിപി 32.38 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ജൂ ണിൽ 26.95 ലക്ഷം കോടി രൂപ. അങ്ങനെയാണ് 20.1 ശതമാനം വളർച്ച. എന്നാൽ 2019 ഏപ്രിൽ-ജൂണിൽ ജിഡിപി 35.67 ലക്ഷം കോടി രൂപയുണ്ടായിരുന്നു. അതിനു മുമ്പത്തെ വർഷം ഇതേ പാദത്തിൽ 33.84 ലക്ഷം കോടിയും.
ചുരുക്കം: 2018 ഏപ്രിൽ-ജൂണിലേക്കാൾ കുറവാണ് ഇന്നത്തെ ജിഡിപി. മൂന്നു വർഷം കൊണ്ടു ജനസംഖ്യ നാലരക്കോടി വർധിച്ചു. അപ്പോൾ ജിഡിപി ഒന്നര ലക്ഷം കോടി രൂപ കണ്ടു കുറഞ്ഞു. ജനങ്ങളുടെ വരുമാനവും ജീവിത നിലവാരവും 2018 ലേതിൽ നിന്നു തുലോം താഴെയായി. V ആകൃതി വരച്ചു വച്ചാൽ വരുമാനം വർധിക്കില്ല.

പുതിയ താരതമ്യരീതിയിൽ വലിയ ഇടിവ്

ഇപ്പോൾ കൂടുതൽ രാജ്യങ്ങളും വളർച്ച താരതമ്യപ്പെടുത്തുന്നത് തലേ വർഷത്തെ ഇതേ പാദവുമായല്ല. തൊട്ടു തലേ പാദവുമായാണ്. അങ്ങനെയൊരു താരതമ്യത്തിൽ വളരെ ദയനീയമാണു നില. ജനുവരി-മാർച്ചിലെ ജിഡിപിയിൽ നിന്ന് 16.9 ശതമാനം കുറവാണ് ഏപ്രിൽ - ജൂണിലേത്. ജനുവരി-മാർച്ചിൽ 38.96 ലക്ഷം കോടി ഉണ്ടായിരുന്നു ജിഡിപി.
നികുതികൾ പെടുത്താത്ത വരുമാനമായ മൊത്ത മൂല്യവർധന (ജിവിഎ) ഇത്തവണ 18.8 ശതമാനം വർധിച്ചു. എന്നാൽ ജനുവരി -മാർച്ചിനെ അപേക്ഷിച്ചു 13.3 ശതമാനം കുറവാണ്.

പണം ചെലവാക്കണം, നിക്ഷേപം കൂട്ടണം

സർക്കാർ ചെലവാക്കിയ പണത്തിൻ്റെ തോത് ഈ വർഷം ഗണ്യമായി കുറഞ്ഞു. കാർഷിക മേഖല 4.5 ശതമാനം വളർന്നു. ജനങ്ങളുടെ പണം ചെലവഴിക്കൽ 19.3 ശതമാനം കൂടിയെന്നു കാണുന്നുണ്ടെങ്കിലും 2019- ലേതുമായി താരതമ്യപ്പെടുത്തുമ്പോൾ 12 ശതമാനം കുറവാണ്. മൂലധന നിക്ഷേപം (ജിഎഫ്സിഎഫ്) 2009 നെ അപേക്ഷിച്ച് 17 ശതമാനം താഴെയാണ്.
സർക്കാരും ജനങ്ങളും പണം ചെലവഴിക്കൽ കൂട്ടുകയും (ഡിമാൻഡ് വർധിക്കുകയും) മൂലധന നിക്ഷേപം (ജിഎഫ്സിഎഫ്) വർധിപ്പിക്കുകയും ചെയ്താലേ ശരിയായ വളർച്ച തുടങ്ങൂ. അതിനുള്ള നടപടികൾ ഇതുവരെയും കാണുന്നില്ല.

കാതൽമേഖലയിലും ആശ്വാസമില്ല

കാതൽ മേഖലയിലെ എട്ടു വ്യവസായ വിഭാഗങ്ങളുടെ ഉത്പാദനം ജൂലൈയിൽ 9.4 ശതമാനം വർധിച്ചു. ക്രൂഡ് ഓയിൽ ഒഴികെ ഏഴു വിഭാഗങ്ങളിലും വളർച്ച ഉണ്ട്. ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ശതമാനമാണു വളർച്ച. കഴിഞ്ഞ വർഷം ജൂലൈയിൽ 7.6 ശതമാനം കുറഞ്ഞതാണ്. അടിസ്ഥാന വർഷത്തിലെ താഴ്ച കൊണ്ടുള്ള കയറ്റമേ കാതൽ മേഖലയിൽ കാണുന്നുള്ളു. 2019നെ അപേക്ഷിച്ച് 1.1 ശതമാനം വളർച്ചയുണ്ട്. എന്നാൽ ഏപ്രിൽ - ജൂലൈ നാലു മാസ കണക്ക് 2019- മായി താരതമ്യപ്പെടുത്തുമ്പോൾ 2.8 ശതമാനം ഇടിവുണ്ട്. കാതൽ മേഖല ആശ്വാസ ചിത്രം നൽകുന്നില്ലെന്നു ചുരുക്കം.

മാരുതി ഉൽപാദനം 60 ശതമാനം കുറയ്ക്കും

സെപ്റ്റംബറിൽ മാരുതി കാർ ഉൽപാദനം 60 ശതമാനം കുറയ്ക്കാൻ പോകുന്നു. സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യമാണു കാരണം. ചിപ്പുകൾ നിർമിക്കുന്ന മലേഷ്യയിലെ ബോഷ് ഫാക്ടറി ലോക്ക് ഡൗണിലായതാണു ദൗർലഭ്യത്തിലേക്കു നയിച്ചത്. ജൂണിനു ശേഷം മാരുതി ഉൽപാദനം കുറഞ്ഞു വരികയാണ്. ജൂലെെയിൽ 1,70,719 കാറുകൾ നിർമിച്ചു. ഓഗസ്റ്റിൽ അത് 1,33,520 ആയി കുറഞ്ഞു.
മാരുതി അടക്കം പല കമ്പനികളും വാഹനങ്ങൾക്ക് ഇന്നു വില വർധിപ്പിക്കും.


This section is powered by Muthoot ഫിനാൻസ്


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it