ഫെഡ് വിപണിയെ ഉയർത്തി; പുതിയ റിക്കാർഡ് തേടി വിപണികൾ; പലിശപ്പേടി ഉടനില്ല; ക്രൂഡ് ഉയർന്നു തന്നെ; സീ-സോണി ലയനം മാറ്റങ്ങൾക്കു തുടക്കം

യുഎസ് കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡി(ഫെഡ്) ൻ്റെ ചെയർമാൻ ജെറോം പവലിൻ്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. അദ്ദഹത്തിന് ഒരു വട്ടം കൂടി അനുവദിക്കണോ എന്നു യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വരും മാസങ്ങളിൽ തീരുമാനിക്കും. ആ തീരുമാനമെടുക്കാൻ ഇന്ത്യയടക്കമുള്ള ഓഹരി വിപണികളെ ഏൽപ്പിച്ചാൽ ഒരു കാര്യം ഉറപ്പ് - പവൽ തുടരണം എന്നു വിധിക്കും.

ഇന്നലെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിനു ശേഷം പവൽ കാര്യങ്ങൾ വിശദീകരിച്ചതോടെ ഓഹരിവിപണി നല്ല ഉഷാറായി. ഡൗ ജോൺസും എസ് ആൻഡ് പിയും നാസ് ഡാക്കും ഒരു ശതമാനത്തിലധികം ഉയർന്നു. ഇന്ത്യ അടക്കം മറ്റു വിപണികൾ ഇന്ന് നല്ല ഉയരത്തിലാകും എന്നാണു സൂചന. ഇന്ത്യൻ വിപണി പുതിയ ഉയരങ്ങൾ തേടിയുള്ള യാത്ര തുടങ്ങും.
പവൽ പറഞ്ഞത്
യു എസ് ഫെഡ് കടപ്പത്രം വാങ്ങൽ നവംബർ മുതൽ കുറയ്ക്കും; 2022 പകുതിയോടെ കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കും; പലിശ വർധന അതിനു ശേഷമേ ഉണ്ടാകൂ; ചൈനയിലെ എവർഗ്രാൻഡെ പ്രതിസന്ധി ആഗോള വിഷയമായി മാറാനിടയില്ല - ഇതാണു ജെറോം പവൽ ഇന്നലെ പറഞ്ഞത്. ഡോളർ നിരക്ക് ഉയരാനും സ്വർണവില താഴാനും ഇതു സഹായിച്ചു. യുഎസ് ഓഹരികൾ ഉയർന്നു; കടപ്പത്രങ്ങൾക്കു വില താണില്ല. ഉൽപന്ന വിപണികളെ ഫെഡ് തീരുമാനം ഉലച്ചില്ല.
ഫെഡ് എന്തു പറയും എന്ന ആശങ്കയും ചൈനയിലെ എവർഗ്രാൻഡെയുടെ ആസന്നമായ തകർച്ചയെപ്പറ്റിയുള്ള ഭീതിയും എല്ലാം ചേർത്ത് ബുധനാഴ്ച ഇന്ത്യൻ വിപണി വല്ലാത്ത ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ മുഖ്യസൂചികകൾ നേരിയ താഴ്ചയോടെ ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും അടക്കമുള്ള വിശാല വിപണി നല്ലതുപോലെ ഉയർന്നു.
വിശാലവിപണി കുതിച്ചു
സെൻസെക്സ് 77.04 പോയിൻ്റ് താണ് 58,927.33 ലും നിഫ്റ്റി 15.35 പോയിൻ്റ് താണ് 17,546.65ലും ആണു ബുധനാഴ്ച ക്ലോസ് ചെയ്തത്. എന്നാൽ മിഡ് ക്യാപ് സൂചിക 1.67 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.44 ശതമാനവും ഉയർന്നു. സീ എൻ്റർടെയ്ൻമെൻറും സോണിയും ഒന്നിക്കുന്നു എന്ന വാർത്തയുടെ ബലത്തിൽ നിഫ്റ്റി മീഡിയ സൂചിക ഇന്നലെ 13.57 ശതമാനം ഉയർന്നു. ചൈനയിൽ റിയൽ എസ്റ്റേറ്റ് രംഗം തളരുമ്പോൾ ഇന്ത്യൻ റിയൽറ്റിയിലേക്കു കൂടുതൽ പണം ഒഴുകിയെത്തും എന്ന പ്രതീക്ഷയിൽ റിയൽറ്റി സൂചിക ഇന്നലെ 8.45 ശതമാനം ഉയർന്നു. മെറ്റൽ, ഐടി, വാഹനസൂചികകളും നേട്ടത്തിലായിരുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,636 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അവിടെ 17,658 ലേക്ക് എസ് ജി എക്സ് നിഫ്റ്റി ഉയർന്നു. ഫെഡ് തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ഇന്ത്യൻ വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഡെറിവേറ്റീവ് കമ്പോളം.
ഇന്നലെ വിദേശ നിക്ഷേപകർ 1943.26 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1850 കോടിയുടെ ഓഹരികൾ വാങ്ങി.
സ്വർണക്കുതിപ്പിനു തിരിച്ചടി
ഫെഡ് തീരുമാനം സ്വർണവിലയിലെ കുതിപ്പിനു വിരാമമിട്ടു. ഇന്നലെ 1787 ഡോളർ വരെ സ്വർണം ഉയർന്നതാണ്. ഫെഡ് തീരുമാനം വന്നതോടെ വില 1765 ഡോളറിലേക്കു താണു.ഇന്നു രാവിലെ 1761-1762 ഡോളറിലാണു വ്യാപാരം. ഡോളർ നിരക്കാകും വരും ദിവസങ്ങളിൽ സ്വർണവിലയെ നിയന്ത്രിക്കുക.
ഫെഡ് പ്രഖ്യാപന ശേഷം ഡോളർ സൂചിക 93.49 ലേക്ക് ഉയർന്നിരുന്നു. ഇന്നലെ രൂപയ്ക്കെതിരേ ഡോളർ 26 പൈസ കയറി 73.89 രൂപയിലെത്തി. ഡോളർ കുടുതൽ കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.
പ്രകൃതിവാതകത്തിനു ക്ഷാമം; ക്രൂഡ് വില കുതിക്കുന്നു
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ നീങ്ങുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 76.2 ഡോളർ കടന്നിട്ട് അൽപം താണു. ആഗോളതലത്തിൽ പ്രകൃതിവാതക ലഭ്യത കുറഞ്ഞത് ക്രൂഡ് വിലയിൽ അമിത വർധനയ്ക്കു കാരണമാകുമെന്ന് പെട്രാേളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) മുന്നറിയിപ്പ് നൽകി. ഒപെക് ക്രൂഡ് ഓയിൽ കയറ്റുമതി പ്രതിദിനം 20 ലക്ഷം വീപ്പ കണ്ടു വർധിപ്പിക്കേണ്ടി വരുമെന്നാണു നിരീക്ഷകർ കരുതുന്നത്. വില 85 ഡോളറിനു മുകളിലാകുമെന്ന് ഊഹക്കച്ചവടക്കാർ പറയുന്നു.
വൈദ്യുതി ഉൽപാദനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്രകൃതിവാതക വില ഈയിടെ ഇരട്ടിയിലേറെ ആയി. ശീതകാലമാകുന്നതോടെ ആവശ്യവും വിലയും വീണ്ടും വർധിക്കും. കഴിഞ്ഞ ജനുവരിയിൽ എത്തിയ യൂണിറ്റിന് 10 ഡോളറിലേക്കു വില വീണ്ടും എത്തിയേക്കാം. ശരാശരി മൂന്നു ഡോളറിൽ നിന്ന് ഇപ്പോൾ ആറു ഡോളറിലേക്കു പ്രകൃതിവാതക വില ഉയർന്നിട്ടുണ്ട്.
പഞ്ചസാരമില്ലുകൾക്കും നേട്ടം
ക്രൂഡ്, ഗ്യാസ് ഉൽപാദക കമ്പനികൾ മാത്രമല്ല ഇതിൽ നേട്ടം കൊയ്യുന്നത്. കരിമ്പിലും ധാന്യങ്ങളിലും നിന്ന് ഉണ്ടാക്കുന്ന എഥനോൾ അടക്കമുള്ള ജൈവഇന്ധനങ്ങൾക്കും വില കുതിക്കുകയാണ്. പഞ്ചസാര കമ്പനികൾക്ക്‌ ഡിമാൻഡ് ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
സീ- സോണി ലയനം മാറ്റങ്ങൾക്കു തുടക്കമിടും
സീ എൻ്റർടെയിൻമെൻ്റും സോണിയും ഒന്നിക്കുന്നത് ഇന്ത്യൻ ടെലിവിഷൻ ചാനൽ വിപണിയിൽ 30 ശതമാനത്തോളം വിപണി പങ്ക് ഉള്ള ഒരു മാധ്യമ ഭീമൻ്റെ രൂപവൽക്കരണത്തിലേക്കു നയിക്കും. പ്രാദേശിക ഭാഷാ ചാനലുകളാണ് ഈ ലയനത്തിൻ്റെ ആദ്യ ഇരകളാകുക. ചാനൽ വിപണിയിൽ വലിയ കോളിളക്കവും ഏറ്റെടുക്കൽ - ലയന നീക്കങ്ങളും പ്രതീക്ഷിക്കാം. അദാനി ഗ്രൂപ്പ് മാധ്യമ രംഗത്തേക്കു കടക്കാൻ ഒരുങ്ങുന്നതും റിലയൻസ് വലിയ പദ്ധതികൾ ആവിഷ്കരിക്കുന്നതും ഈ രംഗത്തു വമ്പൻ പടയോട്ടങ്ങൾ വരാനിരിക്കുന്നതിൻ്റെ സൂചനകൾ നൽകുന്നു.
ഗോയങ്കയ്ക്കു നേട്ടം

തന്നെ പുറത്താക്കാൻ നിക്ഷേപക ഗ്രൂപ്പ് നടത്തിയ നീക്കത്തെ അതിസമർഥമായ മറുനീക്കത്തിലൂടെ തോൽപ്പിച്ച സീ എംഡി - സിഇഒ പുനീത് ഗോയങ്കയുടേതു തകർപ്പൻ ജയമാണ്. അഞ്ചു വർഷം സംയുക്ത കമ്പനിയുടെ എംഡി - സിഇഒ പദവിയും ഗോയങ്ക നേടിയെടുത്തു. സീ യുടെ പ്രൊമോട്ടർ സുഭാഷ് ചന്ദ്രയ്ക്ക് സംയുക്ത കമ്പനിയിൽ നാലു ശതമാനം ഓഹരി ഉണ്ടാകും. അത് 20 ശതമാനമാക്കി ഉയർത്താൻ അവകാശവും ഉണ്ടാകും.
സംയുക്ത കമ്പനിയിൽ 52.9 ശതമാനം ഓഹരി സോണിക്കാണ്. ബാക്കിയാണ് സീ ഗ്രൂപ്പിനുള്ളത്. സോണി 157.5 കോടി ഡോളർ മൂലധന നിക്ഷേപം നടത്തും.
സീ ഓഹരികൾ ഇന്നലെ 31.72 ശതമാനം ഉയർന്നു. രണ്ടാഴ്ച കൊണ്ടു വില 96 ശതമാനമാണ് ഉയർന്നത്. ഒരാഴ്ച മുമ്പ് സീ ഓഹരിയിൽ 110 കോടി രൂപ നിക്ഷേപിച്ച രാകേഷ് ജുൻജുൻവാലയുടെ ലാഭം 58.3 കോടി രൂപ.
സംയുക്ത കമ്പനിയുടെ മൂല്യനിർണയം ഇപ്പാഴത്തേതിലും കൂടുതലാകുമെന്നാണ് അനാലിസ്റ്റുകൾ കരുതുന്നത്. വിപണി മൂല്യം ഇരട്ടിക്കും എന്നാണു പ്രവചനം.
ടയർ കമ്പനികൾക്കു കുതിപ്പ്
റബർ വില വിദേശത്തും ഇന്ത്യയിലും കുറയുന്നത് ടയർ കമ്പനി ഓഹരികൾ കുതിച്ചുയരാൻ കാരണമായി. പുതിയ ഒരു യൂണിറ്റ് തുടങ്ങാൻ പോകുന്ന ബാലകൃഷ്ണാ ഇൻഡസ്ട്രീസ് 6.2 ശതമാനം ഉയർന്ന് 2692.2 രൂപയിലെത്തി. അപ്പോളോ ടയേഴ്സ് 5.9 ശതമാനം ഉയർന്നു. ജെകെ, സിയറ്റ്, എം ആർ എഫ് തുടങ്ങിയവയും കുതിച്ചു. കാർ വിൽപന ഇക്കൊല്ലം റിക്കാർഡാകുമെന്ന ചില റിപ്പോർട്ടുകളും ഈ കുതിപ്പിനു പ്രേരകമായി. എന്നാൽ ചിപ്പ് ക്ഷാമം കാർ ഉൽപാദനം കുറയ്ക്കുന്ന സാഹചര്യവുമുണ്ട്.
പലിശ കൂടും, സാവധാനം
യു എസ് ഫെഡ് തീരുമാനം ഇന്നും വിപണികളെ ഉയർത്തുമെന്ന സൂചനയാണ് യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് നൽകുന്നത്. ഡൗ ഫ്യൂച്ചേഴ്സ് 0.3 ശതമാനം കയറി. നവംബർ ആദ്യമുള്ള എഫ് ഒ എം സി യോഗം കടപ്പത്രം വാങ്ങൽ എത്ര വീതം കുറയക്കണമെന്നു തീരുമാനിക്കും. പവൽ നൽകിയ സൂചന പ്രതിമാസം 2000 കോടി ഡോളർ വീതം കുറയ്ക്കുമെന്നാണ്. ഇപ്പോൾ മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണ് വാങ്ങുന്നത്.
2023-ൽ കുറഞ്ഞ പലിശ ഒരു ശതമാനം എന്ന സൂചനയും ഫെഡ് നൽകി. ഇപ്പാേൾ 0 - 0.25 ശതമാനത്തിലാണു കുറഞ്ഞ പലിശ. അടുത്ത വർഷം ഓഗസ്റ്റിലാകും പലിശ വർധന തുടങ്ങുക എന്നാണു നിഗമനം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it