പതിഞ്ഞ വേഗത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി, തിളങ്ങി പൊതുമേഖ ബാങ്കുകള്‍; വിപണിയില്‍ ഇന്നെന്ത് സംഭവിച്ചു?

ബോണസ് ഓഹരികള്‍ നല്കുന്നതില്‍ തീരുമാനമെടുക്കുമെന്ന വാര്‍ത്തയാണ് പതഞ്ജലി ഓഹരികള്‍ക്ക് തുണയായത്
പതിഞ്ഞ വേഗത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി, തിളങ്ങി പൊതുമേഖ ബാങ്കുകള്‍; വിപണിയില്‍ ഇന്നെന്ത് സംഭവിച്ചു?
Published on

വ്യാപാര കരാറിലെ അനിശ്ചിതത്വവും ആദ്യ പാദത്തിലെ സുഖകരമല്ലാത്ത ഫലങ്ങളും വിപണിയെ സമ്മര്‍ദത്തിലാക്കിയപ്പോള്‍ ഇന്ന് പതിഞ്ഞ ക്ലോസിംഗ്. സെന്‍സെക്‌സ് 63.57 പോയിന്റ് മാത്രം ഉയര്‍ന്ന് 82,634.48ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 16.25 പോയിന്റ് കയറി 25,212.05 പോയിന്റിലാണ് ദിനം അവസാനിപ്പിച്ചത്.

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 460.3 ലക്ഷം കോടി രൂപയില്‍ നിന്ന് 461 ലക്ഷം കോടിയായി ഉയര്‍ന്നു. മിഡ്ക്യാപ് സൂചിക 0.10 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചികയുടെ നേട്ടം 0.28 ശതമാനമാണ്.

വിപണിയെ സ്വാധീനിച്ച ഘടകങ്ങള്‍

ജൂണ്‍ പാദത്തിലെ കമ്പനികളുടെ ഫലങ്ങള്‍ അത്ര ആകര്‍ഷകമല്ല. ഇതിനൊപ്പം വ്യാപാര കരാറിലെ അനിശ്ചിതത്വം കൂടിയായതോടെ വിപണിക്ക് ആവേശം ഇടിയാന്‍ കാരണമായി. കാത്തിരുന്ന് പ്രതികരിക്കുകയെന്ന നയത്തിലേക്ക് നിക്ഷേപകരും മാറി.

പണപ്പെരുപ്പം ജൂണില്‍ കുറഞ്ഞുവെന്ന വാര്‍ത്തകളും മികച്ച മണ്‍സൂണ്‍ ലഭിച്ചു കൊണ്ടിരിക്കുന്നതും വിപണിക്ക് കരുത്തു പകര്‍ന്നേനെ. എന്നാല്‍ മേല്‍പ്പറഞ്ഞ അനിശ്ചിതത്വം നിക്ഷേപകരില്‍ ആശയക്കുഴപ്പത്തിന് കാരണമായി.

സമ്മിശ്രമായിരുന്നു സൂചികകളുടെ ഇന്നത്തെ പ്രകടനം. ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് (0.34), ഫാര്‍മ (0.32), മെറ്റല്‍ (0.54), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.05) സൂചികകള്‍ മാത്രമാണ് നെഗറ്റീവിലേക്ക് പോയതെങ്കിലും മറ്റുള്ളവയുടെ മുന്നോട്ടു പോക്ക് പതിഞ്ഞ വേഗത്തിലായിരുന്നു. പൊതുമേഖല ബാങ്കിംഗ് സൂചിക 1.81 ശതമാനം ഉയര്‍ന്നു. മീഡിയ (1.31), ഐടി (0.63), റിയാലിറ്റി (0.50) സൂചികകളും ഉയര്‍ന്നു.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

നേട്ടത്തില്‍ പതഞ്ജലി

ഇന്ന് ഏറ്റവും നേട്ടം കൊയ്ത ഓഹരികളിലൊന്ന് പതഞ്ജലി ഫുഡ്‌സിന്റേതാണ്. 6.05 ശതമാനം ഉയര്‍ന്നാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. നാളെ (ജൂലൈ 17) ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. ഈ മീറ്റിംഗില്‍വച്ച് ബോണസ് ഓഹരികള്‍ നല്കുന്നതില്‍ തീരുമാനമെടുക്കുമെന്ന വാര്‍ത്തയാണ് ഓഹരികള്‍ക്ക് തുണയായത്.

നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സാണ്. 3.09 ശതമാനം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (3.03), ടാറ്റ പവര്‍ (2.60) ഓഹരികളും ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

അടിക്കടി തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ഒല ഇലക്ട്രിക് മൊബിലിറ്റി ഇന്നും നഷ്ടം നേരിട്ടു. 4.47 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. രാജ്യത്തുടനീളം കമ്പനിക്കെതിരായ കേസുകള്‍ നിക്ഷേപകരുടെ താല്പര്യം ഈ ഓഹരിയില്‍ ഇല്ലാതാക്കുന്നുണ്ട്. ജൂണ്‍ പാദത്തിലെ വില്പനയും വരുമാനവും കനത്ത ഇടിവിലുമാണ്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ പ്രകടനം

സമ്മിശ്ര പ്രകടനമാണ് കേരള കമ്പനികളില്‍ നിന്നുണ്ടായത്. 20 കേരള ഓഹരികള്‍ ഇന്ന് നഷ്ടം നേരിട്ടു. ടെക്‌സ്റ്റൈല്‍ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ കാര്യമായി സഹായിച്ചില്ല. 0.19 ശതമാനം ഓഹരികള്‍ താഴ്ന്നു. മണപ്പുറം ഫിനാന്‍സ് 0.43 ശതമാനം ഉയര്‍ന്നപ്പോള്‍ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന് 0.09 ശതമാനം നഷ്ടം നേരിടേണ്ടിവന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com