യുദ്ധം വ്യാപിക്കാം എന്നു ഭീതി, ചിപ്പ് തകര്‍ച്ചയില്‍ ഏഷ്യന്‍ വിപണികള്‍ ഇടിയുന്നു; ക്രൂഡ് 86 ഡോളറിനു താഴെ

ചിപ്പ് നിര്‍മാണ കമ്പനികള്‍ വില്‍പന പ്രതീക്ഷ കുറച്ചത് യുഎസ് വിപണിയെ വീണ്ടും താഴ്ത്തി. മൈക്രോണും ഇന്റലും മുതല്‍ സാന്‍ഡിസ്‌ക് വരെ 5.5 മുതല്‍ 13.5 ശതമാനം വരെ ഇടിഞ്ഞു.
stock market morning
image credit : canva
Published on

പശ്ചിമേഷ്യയില്‍ യുഎസ് ബോംബിംഗും ഇറാന്റെ പ്രത്യാക്രമണവും തുടരുന്നു. ഏതവസരത്തിലും യുദ്ധം വ്യാപകമാകാം എന്ന ഭീതി ഉണ്ട്. എങ്കിലും ക്രൂഡ് ഓയില്‍ വില 86 ഡോളറിനു താഴെ നില്‍ക്കുന്നു. ചിപ്പ് ഓഹരികളുടെ തകര്‍ച്ചയില്‍ യുഎസ് വിപണിയുടെ പിന്നാലെ ഇന്നും ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞു. ഇന്ത്യന്‍ വിപണിയിലും നിക്ഷേപകര്‍ ആശങ്കയിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യഴാഴ്ച രാത്രി 24,171.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,104 വരെ താഴ്ന്നിട്ട് അല്‍പം കയറി. വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മണ്‍സൂണ്‍ കമ്മി 23.9 ശതമാനം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 16 ന് 23.9 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കമ്മി 33 ശതമാനത്തിലേക്കു കയറി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയില്‍ 50 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തില്‍ കൂടുതലായി.

യുഎസ് വിപണി നഷ്ടത്തില്‍

ചിപ്പ് നിര്‍മാണ കമ്പനികള്‍ വില്‍പന പ്രതീക്ഷ കുറച്ചത് യുഎസ് വിപണിയെ വീണ്ടും താഴ്ത്തി. മൈക്രോണും ഇന്റലും മുതല്‍ സാന്‍ഡിസ്‌ക് വരെ 5.5 മുതല്‍ 13.5 ശതമാനം വരെ ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ടു കൊറിയന്‍ ഭീമന്‍ എസ്‌കെ ഹൈനിക്‌സ് എഡിആര്‍ 22 ശതമാനം നഷ്ടത്തിലായി. ജെമിനൈ 3.5 പ്രോ മാസങ്ങളോളം വൈകും എന്ന റിപ്പോര്‍ട്ട് ആല്‍ഫബെറ്റിനെ 4.5 ശതമാനം താഴ്ത്തി.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് വിക്ഷേപണം അവസാനനിമിഷം റദ്ദാക്കി. വിപണി സമയത്ത് മൂന്നു ശതമാനം താഴ്ന്ന ഓഹരി തുടര്‍വ്യാപാരത്തില്‍ ഇടിഞ്ഞ് 127 ഡോളറിനു താഴെയായി. ഐപിഒ 135 രൂപയ്ക്കായിരുന്നു.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 105.67 പോയിന്റ് (0.20 ശതമാനം) താഴ്ന്ന് 52,552.97ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 38.63 പോയിന്റ് (0.51%) നഷ്ടത്തോടെ 7533.77 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 387.28 പോയിന്റ് (1.47%) ഇടിഞ്ഞ് 25,881.95ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഇടിവില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും താഴ്ചയിലാണ്. ഡൗ ജോണ്‍സ് 225 പോയിന്റും (0.41%) എസ് ആന്‍ഡ് പി 31 പോയിന്റും (0.41%) നാസ്ഡാക് 196 പോയിന്റും (0.67%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 0.46 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 1.11 ശതമാനം താഴ്‌ന് 26.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.58 ശതമാനം കയറിയിട്ടു തുടര്‍ വ്യാപാരത്തില്‍ 0.07 ശതമാനം താഴ്ന്ന് 29.55 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 4.44% കുതിച്ച ശേഷം തുടര്‍വ്യാപാരത്തില്‍ 1.91% താഴ്ന്ന് 11.31 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.54 ശതമാനം കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.37 ശതമാനം താഴ്ന്ന് 1.843 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് പലവഴി

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചയും ഭിന്നദിശകളില്‍ നീങ്ങി. ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ താഴ്ന്നു. യുകെ, പൊതു യൂറോപ്യന്‍ സൂചികകള്‍ ഉയര്‍ന്നു.

ഏഷ്യന്‍ വിപണികളില്‍ തകര്‍ച്ച

ഏഷ്യന്‍ വിപണികള്‍ ഇന്നും തകര്‍ച്ചയിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി ഏഴു ശതമാനം ഇടിഞ്ഞു. ചിപ്പ് നിര്‍മാണ കമ്പനികള്‍ വീണതോടെ അവയിലെ വലിയ നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് എട്ടു ശതമാനം നഷ്ടത്തിലായി. എസ്‌കെ ഹൈനിക്‌സ് 12 ശതമാനം വീഴ്ചയിലാണ്. ജാപ്പനീസ് സൂചിക നിക്കൈ 3.5 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.70 ശതമാനം നഷ്ടത്തിലായി. ഹോങ്കോംഗ് സൂചിക നേരിയ കയറ്റത്തിലാണ്. ഷാങ്ഹായ് സൂചിക 0.50 ശതമാനം താഴ്ന്നു. തായ്‌പേ സൂചിക നാലു ശതമാനം ഇടിവിലായി.

ഇന്ത്യന്‍ വിപണി ഇടറി

ഇന്ത്യന്‍ വിപണി വലിയ അനിശ്ചിതത്വം പ്രകടമാക്കി. രാവിലെ ഉയര്‍ന്ന ശേഷം ഇടിഞ്ഞ് ഫ്‌ലാറ്റ് ആയി അവസാനിച്ചു. ബാങ്കുകളും മിഡ് ക്യാപ് ഓഹരികളും കൂടുതല്‍ താഴ്ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും രൂപയുടെ ഇടിവും വിദേശനിക്ഷേപകരുടെ വരവ് സംഭവിക്കാത്തതും ആണു വിപണിയെ അലട്ടുന്നത്. ബാങ്ക്, ധനകാര്യ, മെറ്റല്‍, റിയല്‍റ്റി, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, ടൂറിസം മേഖലകള്‍ താഴ്ചയ്ക്കു മുന്നില്‍ നിന്നു. ഐടിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും ഓട്ടോയും മുന്നേറി.

വിദേശനിക്ഷേപകര്‍ ഇന്നലെയും വലിയ വില്‍പനക്കാരായിരുന്നു. അവര്‍ കാഷ് വിപണിയില്‍ 4205.56 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 2986.41 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

വ്യാഴാഴ്ച സെന്‍സെക്സ് 1.44 പോയിന്റ് (0.00%) കൂടി 77,186.87ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 5.75 പോയിന്റ് (0.02%) നഷ്ടത്തോടെ 24,072.75ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 175.60 പോയിന്റ് (0.30%) താഴ്ന്ന് 57,582.25ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 256.45 പോയിന്റ് (0.41%) നഷ്ടത്തോടെ 62,686.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 19.10 പോയിന്റ് (0.10%) താഴ്ന്ന് 19,336.25ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1927 ഓഹരികള്‍ കയറി, 2311 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1529 എണ്ണം ഉയര്‍ന്നപ്പോള്‍ 1759 എണ്ണം താഴ്ന്നു.

തുടര്‍ച്ചയായ ആറു ദിവസം ഉയര്‍ന്ന കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്നലെ നാമമാത്രമായ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആറു ദിവസം കൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 20,000 കോടി രൂപയുടെ വര്‍ധന ഉണ്ടായി.

ഐസിഐസിഐ ലൊംബാര്‍ഡ് ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. ഒന്നാം പാദ ലാഭം 46 ശതമാനം കുറഞ്ഞതാണു കാരണം. സുപ്രീം കോടതി വിധിയെ തുടര്‍ന്നു മോട്ടോര്‍വാഹന ക്ലെയിമുകള്‍ക്കു കൂടുതല്‍ തുക വകയിരുത്തേണ്ടി വന്നതാണു ലാഭക്കുറവിലേക്കു നയിച്ചത്.

ഇലക്ട്രോണിക്, മൊബൈല്‍ ഉല്‍പന്ന നിര്‍മാണത്തിനുളള പുതിയ സബ്സിഡി ഡിക്‌സണ്‍ ടെക്‌നോളജീസ്, കെയ്ന്‍സ് ടെക്‌നോളജീസ്, ആംബര്‍, പിജി ഇലക്ട്രോപ്ലാസ്റ്റ് തുടങ്ങിയവയെ ഉയര്‍ത്തി.

കമ്പനികള്‍, വാര്‍ത്തകള്‍

റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യല്‍ ജൂണ്‍ പാദത്തില്‍ അറ്റാദായം 156 ശതമാനം വര്‍ധിപ്പിച്ച് 830 കോടി രൂപയില്‍ എത്തിച്ചു.

ടെക് മഹീന്ദ്ര ഒന്നാം പാദത്തില്‍ വരുമാനം സ്ഥിര കറന്‍സിയില്‍ 6.6 ശതമാനം വര്‍ധിപ്പിച്ചു. രൂപയില്‍ വരുമാനം 17.6 ശതമാനവും അറ്റാദായം 31.6 ശതമാനവും കൂടി. 100 കോടി ഡോളറിന്റെ പുതിയ കരാറുകള്‍ നേടി.

വിപ്രോയ്ക്കു സ്ഥിരകറന്‍സിയില്‍ വരുമാനം 1.2 ശതമാനം കുറഞ്ഞു. രൂപയില്‍ വരുമാനം 10.6 ശതമാനം കൂടി. അറ്റാദായം 4.7 ശതമാനം താഴ്ന്നു. ലാഭമാര്‍ജിന്‍ കുറഞ്ഞു.

ടയര്‍ കമ്പനി സിയാറ്റിന്റെ ജൂണ്‍ പാദ അറ്റാദായം 96.4 ശതമാനം ഇടിഞ്ഞു.

ബോറോസില്‍ റിന്യൂവബിള്‍സ് ജൂണ്‍ പാദത്തില്‍ 166.5 കോടിയുടെ നഷ്ടത്തില്‍ നിന്ന് 86.8 കോടി രൂപയുടെ അറ്റാദായത്തിലേക്കു കയറി.

പിരമള്‍ ഫിനാന്‍സ് ജൂണ്‍ പാദ അറ്റാദായം 67 ശതമാനം വര്‍ധിപ്പിച്ച് 461 കോടി രൂപയാക്കി.

സ്വര്‍ണം ഇടിഞ്ഞു

പശ്ചിമേഷ്യന്‍ യുദ്ധം മുറുകുന്നതും ചെങ്കടലിലെ എണ്ണനീക്കം തടയും എന്ന ഭീഷണിയും സ്വര്‍ണത്തെ ഇടിവിലാക്കി. എണ്ണവില കൂടുമ്പോള്‍ പലിശ കൂടും എന്ന ഭീതിയാണു കാരണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രതിബദ്ധനാണെന്ന പുതിയ ഫെഡ് ചെയര്‍മാന്റെ നിലപാട് പലിശയെപ്പറ്റി ആശങ്ക കൂട്ടുന്നു.

സ്വര്‍ണം ഇന്നലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിനു 4000 ഡോളറിനു താഴെയായി. 3969 ഡോളര്‍ വരെ താഴ്ന്നിട്ട് 84.20 ഡോളര്‍ നഷ്ടത്തോടെ 3977.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3995 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 1,05,080 രൂപ ആയി. ഇന്നു വില ഗണ്യമായി കുറയാം.

വെള്ളിവില ഇന്നലെ നാലു ശതമാനം ഇടിഞ്ഞത് ഔണ്‍സിന് 55.64 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 55.56 ഡോളര്‍ ആയി.

പ്ലാറ്റിനം 1605 ഡോളര്‍, പല്ലാഡിയം 1228 ഡോളര്‍, റോഡിയം 7875 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ കയറി

ബുധനാഴ്ച ഇടിഞ്ഞ വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച ഉയര്‍ന്നു. ചെമ്പ് 0.20 ശതമാനം കയറി ടണ്ണിനു 13,563.35 ഡോളര്‍ ആയി. അലൂമിനിയം 0.51 ശതമാനം ഉയര്‍ന്ന് 3166.25 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും കയറി.

ബാങ്കോക്കില്‍ റബര്‍ അല്‍പം താഴ്ന്നു, കേരളത്തില്‍ കൂടി

വ്യാഴാഴ്ച രാജ്യാന്തര റബര്‍ വില അല്‍പ്പം താഴ്ന്നു. രൂപ ദുര്‍ബലമായതിനാല്‍ കേരളത്തില്‍ കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 306.20 ഡോളറിലും ആര്‍എസ്എസ് മൂന്ന് 302.80 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,200 രൂപയിലേക്കു കയറി റെക്കോര്‍ഡ് കുറിച്ചു.

കാപ്പിയും കൊക്കോയും ഇടിവില്‍

കൊക്കോ വില വ്യാഴാഴ്ച 7.51 ശതമാനം ഇടിഞ്ഞു ടണ്ണിന് 5441 ഡോളറില്‍ എത്തി. കഴിഞ്ഞ യൂറോപ്പില്‍ ഡിമാന്‍ഡ് കുറയുന്നതായ സൂചനയാണു താഴ്ചയ്ക്കു കാരണം. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്ന വിലയിരുത്തല്‍ തുടരുന്നു.

അറബിക്ക കാപ്പിവില 3.92 ശതമാനം താഴ്ന്നു പൗണ്ടിന് 3.14 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച ഉയര്‍ന്നു 100.76ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.73 വരെ താഴ്ന്നു.

യൂറോ 1.1441 ഡോളറിലേക്കും പൗണ്ട് 1.3467 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.37 യെന്‍ എന്ന നിലയില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാനില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.557 ശതമാനത്തിലേക്കു താഴ്ന്നു.

ഡോളര്‍ വീണ്ടും കയറി

വ്യാഴാഴ്ചയും ഇന്ത്യന്‍ രൂപ ഇടിവിലായി. ഡോളര്‍ ഒന്‍പതു പൈസ കൂടി 96.35 രൂപയില്‍ അവസാനിച്ചു. എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ വഴി വിദേശനാണ്യ സമാഹരണത്തിനുള്ള നീക്കത്തിനു പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാത്തതാണു രൂപയുടെ ക്ഷീണത്തിന് ഒരു കാരണം. ഏതാനും ദിവസം കൊണ്ടു രൂപ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.40 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.22 രൂപയിലും യൂറോ 110.24 രൂപയിലും നില്‍ക്കുന്നു.

ക്രൂഡ് ഓയില്‍ ഉയരുന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുകയാണെങ്കിലും ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ ചാഞ്ചാടുകയാണ്. വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഒരു ശതമാനം കുറഞ്ഞു വീപ്പയ്ക്ക് 84.23 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഒന്നര ശതമാനം ഉയര്‍ന്ന് 85.34 ഡോളര്‍ വരെ എത്തി. ഡബ്‌ള്യുടിഐ ഇനം 80.04 ഡോളറിലേക്കു കയറി.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോകറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. ബിറ്റ് കോയിന്‍ 63,750 ഡോളറില്‍ എത്തി. ഈഥര്‍ 1860 ഡോളറിനും സൊലാന 75.40 ഡോളറിനും തൊട്ടടുത്തായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com