തീരുവ ആവേശത്തില്‍ കത്തിക്കയറി, 'ആസിയാന്‍' അസാന്നിധ്യം ആവിയാക്കി, കുതിച്ചുയര്‍ന്ന് കിറ്റെക്‌സ്; വിപണിക്ക് ഇന്ന് നാടകീയത!

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കുമെന്നതും ട്രംപ്-മോദി കൂടിക്കാഴ്ച്ച മലേഷ്യയില്‍ നടക്കുമെന്ന സൂചനകളുമാണ് വിപണിയെ കൊടുമുടിയിലേക്ക് നയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഗ്യാസ് പോയ സെന്‍സെക്‌സ് 84,556.40ല്‍ ക്ലോസ് ചെയ്തു
തീരുവ ആവേശത്തില്‍ കത്തിക്കയറി, 'ആസിയാന്‍' അസാന്നിധ്യം ആവിയാക്കി, കുതിച്ചുയര്‍ന്ന് കിറ്റെക്‌സ്; വിപണിക്ക് ഇന്ന് നാടകീയത!
Published on

ഉച്ചവരെ ത്രില്ലര്‍ സിനിമകളുടെ ശരവേഗം, ശേഷം അവാര്‍ഡ് സിനിമകളുടെ ശാന്തത. ഇന്ത്യന്‍ ഓഹരി വിപണിയുടെ ഇന്നത്തെ പോക്കിനെ ഒറ്റ വാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കുമെന്നതും ട്രംപ്-മോദി കൂടിക്കാഴ്ച്ച മലേഷ്യയില്‍ നടക്കുമെന്ന സൂചനകളുമാണ് വിപണിയെ കൊടുമുടിയിലേക്ക് നയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഗ്യാസ് പോയ സെന്‍സെക്‌സ് കേവലം 130.05 പോയിന്റ് മാത്രം ഉയര്‍ന്ന് 84,556.40ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി ഇന്ന് 25,888.90ലാണ് ക്ലോസ് ചെയ്തത്. 20.30 പോയിന്റിന്റെ ഉയര്‍ച്ച. ഒരുഘട്ടത്തില്‍ 26,000 പോയിന്റും കടന്ന് കുതിച്ച നിഫ്റ്റി പിന്നീട് താഴേക്ക് പോകുകയായിരുന്നു. സെപ്റ്റംബര്‍ 30ന് ശേഷം ആദ്യമായാണ് നിഫ്റ്റി 26,000ത്തിന് മുകളിലെത്തുന്നത്.

ജിഎസ്ടി കുറച്ചതുമൂലമുണ്ടായ ഉണര്‍വ് സാമ്പത്തികമേഖലയില്‍ പ്രകടമാണ്. കോര്‍പറേറ്റ് ഫലങ്ങളും പ്രതീക്ഷകളെ ശരിവയ്ക്കുന്ന തരത്തിലാണ്. മൂന്നാംപാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട റിസല്‍ട്ട് പ്രതീക്ഷിക്കാമെന്ന വിലയിരുത്തലുകള്‍ നിക്ഷേപകരെ ഉത്സാഹഭരിതരാക്കുന്നു. ഇന്ത്യയ്‌ക്കെതിരായ യുഎസ് താരിഫ് 15-16 ശതമാനത്തിലേക്ക് താഴ്ത്താന്‍ ട്രംപ് തയാറായേക്കുമെന്ന വാര്‍ത്തകളും വിപണിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

ഇന്ന് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളിലൊന്ന് വോഡഫോണ്‍ ഐഡിയയുടേതാണ്. യെസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളും ഇന്ന് വലിയതോതില്‍ കൈമറിഞ്ഞു.

കിറ്റെക്‌സ് ഉള്‍പ്പെടെ ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള ഓഹരികളും ഇന്ന് വലിയ നേട്ടമുണ്ടാക്കി. യുഎസിലേക്കുള്ള കയറ്റുമതി പഴയപടി ആയേക്കുമെന്ന സൂചനകളാണ് ഈ ഓഹരികളെ ഉയര്‍ത്തിയത്.

സൂചികകളുടെ പ്രകടനം

റഷ്യന്‍ എണ്ണ വാങ്ങല്‍ അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളെ സമ്മര്‍ദത്തിലാക്കി. 0.57 ശതമാനം താഴ്ച്ചയാണ് ഈ സെക്ടര്‍ നേരിടേണ്ടി വന്നത്. ഓട്ടോ (0.04), ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് (0.33), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.03) സൂചികകളും നഷ്ടത്തിലായി.

ഐടി (2.21), മീഡിയ (0.31), പ്രൈവറ്റ് ബാങ്ക് (0.49), പൊതുമേഖല ബാങ്ക് (0.28) സൂചികകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

വാണവരും വീണവരും

ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നായി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാറി. 15.12 ശതമാനം നേട്ടത്തോടെയാണ് കിറ്റെക്‌സ് ഇന്നത്തെ കുതിപ്പ് അവസാനിപ്പിച്ചത്.

നൗകരി ഡോട്ട്‌കോമിന്റെ മാതൃകമ്പനിയായ ഇന്‍ഫോഎഡ്ജ് ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 4.79 ശതമാനം നേട്ടം കൊയ്തു. ഭാരത് ഫോര്‍ജ് (4.23), ഇന്‍ഫോസിസ് (3.57) ഓഹരികളും ഇന്ന് നേട്ടത്തോടെയാണ് അവസാനിപ്പിച്ചത്.

ഫോര്‍ട്ടിസ് (-4.46), ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (-3.29), അദാനി പവര്‍ (-3.26) ഹിന്ദുസ്ഥാന്‍ പെട്രോളിയം (-3.21) ഓഹരികള്‍ക്ക് ഇന്ന് തിളങ്ങാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടായത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിവിലയില്‍ പ്രതിഫലിച്ചു. മണപ്പുറം ഫിനാന്‍സ് 1.07 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ് ആകട്ടെ 2.95 ശതമാനത്തിന്റെ താഴ്ച്ചയിലാണ് ക്ലോസ് ചെയ്തത്.

കേരള ബാങ്ക് ഓഹരികളെല്ലാം ഇന്ന് മോശം പ്രകടനമായിരുന്നു നടത്തിയത്. എല്ലാ ബാങ്കിംഗ് ഓഹരികളും നഷ്ടത്തിലായി. ടോളിന്‍സ് ടയേഴ്‌സ് ഓഹരികള്‍ ഇന്ന് 7.85 ശതമാനം നേട്ടമുണ്ടാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com