

മുഹൂർത്ത വ്യാപാരം ഒട്ടും ആവേശകരമായില്ല. നിഫ്റ്റി 25.40 ഉം സെൻസെക്സ് 62.97 ഉം പോയിൻ്റ് ഉയർന്നു ക്ലോസ് ചെയ്തു.
വിക്രമ സംവത്സരം 2082 ലേക്കുള്ള മുഹൂർത്ത വ്യാപാരം ഇന്ന് ഉച്ചയ്ക്കു ശേഷം തുടങ്ങിയപ്പോൾ ഓഹരികൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യ സൂചികകളും ബാങ്ക് നിഫ്റ്റിയും ചുവപ്പിലായി. 84,665.44 വരെ കയറിയ സെൻസെക്സ് 84,286 വരെ താഴ്ന്നു. നിഫ്റ്റി 25,934.35 ൽ എത്തിയ ശേഷമാണു താഴ്ന്ന് 25,825.80 ൽ എത്തിയത്. എങ്കിലും സാങ്കേതികമായി മുഖ്യ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
തിങ്കളാഴ്ചത്തെ വ്യാപാരത്തിൻ്റെ തനിയാവർത്തനമാണ് ഇന്നുണ്ടായത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തിയില്ലെങ്കിൽ ഉയർന്ന തീരുവ കുറയ്ക്കില്ലെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതാണ് തിങ്കളാഴ്ച്ച ഇന്ത്യൻ വിപണിയെ രാവിലെ കയറിയ ഉയരത്തിൽ നിന്നു താഴ്ത്തി ക്ലോസ് ചെയ്യിച്ചത്. ചൈനയ്ക്കു 100 ശതമാനം അധികച്ചുങ്കം ചുമത്തും എന്നു ട്രംപ് ഇന്നു വീണ്ടും പറഞ്ഞത് യുഎസ് ഫ്യൂച്ചേഴ്സിനെ താഴ്ചയിലാക്കി. അത് ' മുഹൂർത്ത വ്യാപാരത്തിനു മേൽ നിഴൽ പരത്തി.
റിലയൻസ്, എയർടെൽ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യൂണിലീവർ, എസ്ബിഐ തുടങ്ങിയവ ഇന്നു താഴ്ന്നു.
കഴിഞ്ഞ ദിവസം മികച്ച റിസൽട്ടിനെ തുടർന്ന് 20 ശതമാനം വരെ കുതിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്നു തുടക്കത്തിൽ നാലു ശതമാനം ഉയർന്നു.
തിങ്കളാഴ്ച ഏഴു ശതമാനത്തിലധികം കുതിച്ച ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് ഒരു ശതമാനം വരെ ഉയർന്നു. ബാങ്ക് ഒരു പ്രൈവറ്റ് ഇക്വിറ്റിക്ക് 10 ശതമാനം ഓഹരി പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. ബാങ്കിൻ്റെ മൂലധനപര്യാപ്തത ഭദ്രമാക്കുകയാണു ലക്ഷ്യം. 6000 കോടി രൂപ അതു വഴി സമാഹരിക്കും.
തിങ്കളാഴ്ച 3.4 ശതമാനം ഉയർന്ന അപ്പോളോ ടയേഴ്സ് ഇന്ന് ഒന്നര ശതമാനത്തിലധികം കയറി. കഴിഞ്ഞ ദിവസം 12 ശതമാനത്തോളം കുതിച്ചു കയറിയ സിയറ്റ് ഇന്നു 2.3 ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ്, എഫ്എസിടി, കിറ്റെക്സ് എന്നിവ ഉയർന്നു. മുത്തൂറ്റ് ഫിനാൻസ് താഴ്ന്നു.
റിയൽറ്റി ഓഹരി സൂചിക ചെറിയ നഷ്ടത്തിലായി. മെറ്റലും ഓട്ടോയും ഫാർമയും ഹെൽത്ത് കെയറും ഉയർന്നു.
Stock market analysis of muhurat trading 2025.
Read DhanamOnline in English
Subscribe to Dhanam Magazine