നേട്ടത്തിലേക്ക് തിരിച്ചെത്തി വിപണി, ടെലികോം ഓഹരികള്‍ക്ക് ഇടിവ്, റൈറ്റ്‌സ് ഇഷ്യൂവില്‍ തട്ടി ജിയോജിത്ത്

അമേരിക്കന്‍ നിരക്ക് കുറയ്ക്കലിന്റെ ആവേശത്തില്‍ മുന്നേറ്റം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തന്നെ വ്യാപാരം നിറുത്തി. ബാങ്ക്, എഫ്.എം.സി.ജി, റിയല്‍റ്റി സെക്ടറുകളുടെ ബലത്തില്‍ റെക്കോഡ് നേട്ടത്തിലാണ് വ്യാപാരാന്ത്യത്തില്‍ വിപണി. ഫെഡ് നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ ഇന്ത്യ പോലുള്ള വളര്‍ന്ന് വരുന്ന രാജ്യങ്ങളിലെ വിദേശനിക്ഷേപം വര്‍ധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണിയുടെ കുതിച്ചുചാട്ടം.
236.57 പോയിന്റുകള്‍ ഉയര്‍ന്ന സെന്‍സെക്‌സ് 83,184.80ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗായ 25,377.55നേക്കാള്‍ 0.29 ശതമാനം വര്‍ധന. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെന്‍സെക്‌സ് നേട്ടത്തിലേക്ക് തിരിച്ചു കയറുന്നത്. സെന്‍സെക്‌സിലെ മുപ്പത് കമ്പനികളില്‍18 എണ്ണവും പച്ചകത്തിയാണ് അവസാനിപ്പിച്ചത്. എന്‍.ടി.പി.സി, കൊടക് ബാങ്ക്, ടൈറ്റന്‍, നെസ്‌ലേ ഇന്ത്യ, ഭാരതി എയര്‍ടെല്‍, മാരുതി എന്നിവരാണ് നേട്ടക്കണക്കില്‍ മുന്നില്‍. അദാനി പോര്‍ട്‌സാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്.
മറ്റൊരു സൂചികയായ നിഫ്റ്റി 38.25 പോയിന്റുകള്‍ കയറി 25,415.80ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍.ടി.പി.സി, നെസ്‌ലേ ഇന്ത്യ, ടൈറ്റന്‍ കമ്പനി, കൊട്ടക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട് എന്നിവരാണ് നിഫ്റ്റിയിലെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ബി.പി.സി.എല്‍, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, അദാനി പോര്‍ട്‌സ്, ശ്രീറാം ഫിനാന്‍സ് എന്നിവരാണ് നഷ്ടക്കണക്കില്‍ മുന്നില്‍.
4,075 ഓഹരികളാണ് ഇന്ന് വ്യാപാരത്തിനെത്തിയത്. ഇതില്‍ 1,255 എണ്ണം നേട്ടത്തിലായി. 2,722 എണ്ണത്തിന് നഷ്ടം നേരിട്ടു. 98 ഓഹരികള്‍ക്ക് മാറ്റമില്ല. 241 ഓഹരികള്‍ 52 ആഴ്ചത്തെ ഉയര്‍ന്ന വിലയിലെത്തി. 267 കമ്പനികളുടെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 326 എണ്ണം ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ഇരുസൂചികകളും ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ സൂചികകള്‍

വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് (-0.67%), സ്മാള്‍ക്യാപ് (-1.26%) സൂചികകള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്നാല്‍ ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ നേട്ടത്തിലായി. ഈ ഓഹരികളുടെ ബലത്തിലാണ് വിപണി നേട്ടത്തിലേക്ക് കയറിയത്. ഐ.ടി ഇന്നലത്തെ പോലെ ഇന്നും നഷ്ടത്തിലാണ്. നിഫ്റ്റി മീഡിയയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 2,107.70ല്‍ വ്യാപാരം തുടങ്ങിയ മീഡിയ സൂചിക 2.45 ശതമാനം ഇടിഞ്ഞ് 2,056.10ലാണ് അവസാനിച്ചത്. നിഫ്റ്റി ഐ.ടി, മെറ്റല്‍, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും നഷ്ടത്തിലാണ് അവസാനിച്ചത്.

നേട്ടത്തിലെത്തി ഇവര്‍

ബാങ്കിംഗ് ഓഹരികളാണ് ഇന്ന് വിപണിയിലെ താരമായത്. നിഫ്റ്റി ബാങ്ക് സൂചിക ഇതാദ്യമായി 53,000 പോയിന്റ് കടന്നു. ഇതിന് ചുക്കാന്‍ പിടിച്ച എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് തന്നെയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. 724.25 രൂപയില്‍ വ്യാപാരം തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ 3.54 ശതമാനം ഉയര്‍ന്ന് 749.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ പി.ബി ഫിന്‍ടെക് ലിമിറ്റഡിന്റെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. 3.23 ശതമാനമാണ് ഇന്ന് ഓഹരി വില ഉയര്‍ന്നത്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവനദാതാവായ പോളിസി ബസാര്‍ പി.ബി ഫിന്‍ടെകിന്റെ കീഴിലാണ്. ഇന്ത്യയിലെ ഡൊമിനോസ് പിസ സെന്ററുകളുടെ നടത്തിപ്പുകാരായ ജുബിലന്റ് ഫുഡ് വര്‍ക്ക്‌സ് ലിമിറ്റഡിന്റെ ഓഹരികളും വിപണിയില്‍ തിളങ്ങി. ജെ.പി ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ സ്വന്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് സ്വകാര്യ ആശുപത്രി ശൃംഖലയായ മാക്‌സ് ഹെല്‍ത്ത് കെയറിന്റെ ഓഹരികളും നേട്ടത്തിലേക്ക് ചുവടുവച്ചു. 962.95 രൂപയില്‍ തുടങ്ങിയ വ്യാപാരം 3.08 ശതമാനം ഉയര്‍ന്ന് 992.60 രൂപയിലാണ് അവസാനിപ്പിച്ചത്. ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഇന്ന് നേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

ടെലികോം ഓഹരികള്‍ക്ക് തിരിച്ചടി

കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കുടിശികയില്‍ ഇളവ് തേടി ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ഈ കമ്പനികളുടെ ഓഹരികളില്‍ വലിയ ഇടിവുണ്ടായി. കേന്ദ്ര ടെലികോം മന്ത്രാലയം എ.ജി.ആര്‍ കണക്കാക്കിയതില്‍ പിശകുണ്ടെന്നും പുനപരിശോധിക്കണമെന്നും വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ വോഡഫോണ്‍-ഐഡിയയുടെ ഓഹരികള്‍ കുത്തനെയിടിഞ്ഞു. 12.90 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 19.07 ശതമാനം ഇടിഞ്ഞ് 10.44 രൂപയിലാണ് വ്യാപാരം നിറുത്തിയത്.
അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ ഇന്‍സ്റ്റലേഷന്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ ഓഹരികളും ഇന്ന് തകര്‍ച്ചയിലാണ്. രാവിലെ 428.25 രൂപയില്‍ വ്യാപാരം തുടങ്ങിയെങ്കിലും 8.23 ശതമാനം നഷ്ടത്തില്‍ 393 രൂപയില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കമ്പനിയിലെ 50 ശതമാനത്തിലേറെ ഓഹരികള്‍ ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയതോടെ എയര്‍ടെല്ലിന്റെ ഒരു സബ്‌സിഡറി കമ്പനിയായി ഇന്‍ഡസ് ടവര്‍ മാറിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ ബി.എസ്.ഇ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്. മറ്റൊരു എക്‌സ്‌ചേഞ്ചായ എന്‍.എസ്.ഇ പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബി.എസ്.ഇ നഷ്ടത്തിലായത്.

കേരള കമ്പനികള്‍

ഇന്ത്യന്‍ വിപണി നേട്ടത്തിലേക്ക് കുതിച്ചതൊന്നും കാര്യമാക്കാത്ത രീതിയിലായിരുന്നു കേരള കമ്പനികളുടെ പ്രകടനം.

കേരള കമ്പനികളില്‍ പത്തെണ്ണം മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം നിറുത്തിയത്. കൂട്ടത്തില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ആണ് 2.84 ശതമാനം മുന്നേറി നേട്ടക്കാരില്‍ മുന്നിലെത്തിയത്. അപ്പോളോ ടയേഴ്‌സ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവര്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. സി.എസ്.ബി ബാങ്കിന്റെ ഓഹരികള്‍ വ്യാപാരാന്ത്യം 0.55 ശതമാനം ഉയരത്തിലാണുള്ളത്. മുത്തൂറ്റ് ഫിനാന്‍സ് (0.89 %), മുത്തൂറ്റ് മൈക്രോഫിന്‍ (0.05%), നിറ്റ ജെലാറ്റിന്‍ ഇന്ത്യ (0.33%), പ്രൈമ ഇന്‍ഡസ്ട്രീസ് (0.71%) എന്നിവരും നേട്ടക്കാരുടെ പട്ടികയിലുണ്ട്.
കേരള കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഇന്നലെ മികച്ച പ്രകടനം കാഴ്ച്ച വച്ച ജിയോജിത്തിന്റെ ഓഹരികള്‍ക്കാണ്. റൈറ്റ്‌സ് ഇഷ്യൂ വഴി 200 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഓഹരി വിലയിടിഞ്ഞത്. ആറ് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഓരോഹരി എന്ന രീതിയിലാണ് റൈറ്റ്‌സ് ഇഷ്യൂ അനുവദിക്കുക. 162.93 രൂപയില്‍ തുടങ്ങിയ ജിയോജിത്ത് ഓഹരികള്‍ 6.46 ശതമാനം ഇടിഞ്ഞ് വ്യപാരാന്ത്യത്തില്‍ 152.40 രൂപ എന്ന നിലയിലാണ്. ടോളിന്‍സ് (-5%), ടി.സി.എം (-5.47%), സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് (-4.95%), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (-5%) എന്നിവരും നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it