റിസര്‍വ് ബാങ്കും ട്രംപും ചതിച്ചു, വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തി വിപണി, നഷ്ടജാഥയില്‍ അണിചേര്‍ന്ന് കിറ്റെക്‌സും മുത്തൂറ്റ് ക്യാപിറ്റലും ഈസ്റ്റേണും

ഫാര്‍മ, ഐ.ടി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍
sensex & Nifty Chart
Published on

റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തില്‍ പലിശ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇന്ന് ഓഹരി സൂചികകളെയും കനത്ത ഇടിവിലാക്കി. സെന്‍സെക്‌സ് 166.26 പോയിന്റ് ഇടിഞ്ഞ് 80,543.99ലും നിഫ്റ്റി 75.35 പോയിന്റ് താഴ്ന്ന് 24,574.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 200 പോയിന്റ് വരെ ഇടിഞ്ഞിരുന്നുവെങ്കിലും പിന്നീട് റിലയന്‍സ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ വന്‍ ഓഹരികളുടെ കരുത്തില്‍ നഷ്ടം കുറെയൊക്കെ തിരിച്ചു പിടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള വ്യാപാരച്ചുങ്കം വീണ്ടും ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതും വിപണിയുടെ വികാരത്തെ ബാധിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ നികുതി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് അറിയിച്ചത്‌. കഴിഞ്ഞയാഴ്ച ഇന്ത്യയ്‌ക്കെതിരെ ട്രംപ് 25 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ പിഴ ഈടാക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതെത്ര ശതമാനമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Performance of Nifty stocks
നിഫ്റ്റി സൂചികകളുടെ പ്രകടനം

സൂചികകള്‍ ആകെ ചുവപ്പില്‍

വിപണി വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത് മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളെയും ബാധിച്ചു. എന്‍.എസ്.ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക ഒരു ശതമാനത്തിലധികവും ഇടിഞ്ഞു.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാതിരുന്നത് ബാങ്ക് ഓഹരികളെ സന്തോഷിപ്പിച്ചു. ബാങ്ക് നിഫ്റ്റി സൂചിക 0.09 ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. പി.എസ്.യു ബാങ്ക് സൂചിക 0.59 ശതമാനവും നേട്ടത്തിലായി.

വിശാല വിപണിയില്‍ ബാക്കിയെല്ലാം സൂചികകളും ചുവപ്പില്‍ മുങ്ങി.

ഫാര്‍മയാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടാക്കിയത്. മരുന്ന് ഇറക്കുമതിക്ക് 250 ശതമാനം വരെ തീരുവ ഈടാക്കിയേക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഫാര്‍മ ഓഹരികളില്‍ കുത്തനെ ഇടിവുണ്ടാക്കി. സണ്‍ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ്, ലുപിന്‍ എന്നിവയുടെ ഓഹരി വിലകള്‍ രണ്ട് ശതമാനം വരെ താഴ്ന്നു.

ഐ.ടി ഓഹരികളും ഇന്ന് വലിയ സമ്മര്‍ദ്ദത്തിലാണ്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യ വരുമാനം അമേരിക്കയില്‍ നിന്നാണ്. ഇന്ത്യ-അമേരിക്ക താരിഫ് പ്രശ്‌നങ്ങളാണ് ഐ.ടി മേഖലയില്‍ കാര്‍മേഘം പടര്‍ത്തുന്നത്‌

എന്‍.എസ്.ഡി.എല്ലിന്റെ കണക്ക് പ്രകാരം ഐ.ടി ഓഹരികളില്‍ നിന്ന് 2.3 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ജൂലൈയില്‍ നിഫ്റ്റി ഐ.ടി സൂചിക 7 ശതമാനത്തോളം താഴ്ന്നിരുന്നു. ഒന്നാം പാദത്തിലെ ഐ.ടി കമ്പനികളുടെ വരുമാനം കുറഞ്ഞതും ടി.സി.എസ് 12,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതുമെല്ലാം ഐ.ടി മേഖലയെ ഉലച്ചു.

ഹെല്‍ത്ത് കെയര്‍ സൂചികകളും ഗണ്യമായ ഇടിവിലാണ്.

Nifty Gainers and loser

ഓഹരികളുടെ കയറ്റിറക്കങ്ങള്‍

  • പ്രതിമാസകണക്കുകള്‍ പുറത്തു വരുന്നതിനു മുന്നോടിയായി ഇന്‍ഷുറന്‍സ് ഓഹരികള്‍ ഇന്ന് നേട്ടത്തിലായി. എച്ച്.ഡി.എഫ്.സി ലൈഫ് രണ്ട് ശതമാനം ഉയര്‍ന്നു.

  • മികച്ച ഒന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടത് ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളെ രണ്ട് ശതമാനത്തോളം ഉയര്‍ത്തി.

  • അണ്‍ലിസ്റ്റഡ് കമ്പനികളുടെ ലയനത്തെ കുറിച്ചുള്ള കമന്റുകള്‍ ബോഷ് ഓഹരികളെ 6 ശതമാനം താഴ്ത്തി.

  • ഇന്ത്യയ്ക്കുള്ള താരിഫ് നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരികളെ 5 ശതമാനം ഇടിവിലാക്കി.

  • ഒന്നാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കോണ്‍കോര്‍ ഓഹരികളെ നാല് ശതമാനം താഴ്ത്തി.

  • ഡിവീസിനും ഒന്നാം പാദഫലം മോശമായത് ഓഹരി ഇടിവിന് കാരണമായി

  • ട്രെന്‍ഡ് ഓഹരികള്‍ ഇന്ന് നേരിയ നേട്ടമുണ്ടാക്കി.

  • പാദഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഭെല്‍ ഓഹരികള്‍ 3 ശതമാനം ഇടിവിലായി.

  • ഒന്നാം പാദഫലകണക്കുകളില്‍ കാലിടറി ബ്രിട്ടാനിയയും നാല് ശതമാനം താഴേക്ക് പോയി.

വീഴ്ചയ്ക്ക് കൊടിപിടിച്ച് കിറ്റെക്‌സും ഈസ്‌റ്റേണും

വിപണിയുടെ പൊതു വികാരത്തിനൊപ്പമായിരുന്നു കേരള കമ്പനികളുടെയും പ്രകടനം. കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലാണ്. ഒന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം 24.01 ശതമാനം ഇടിഞ്ഞ് 20.76 കോടി രൂപയിലെത്തിയിരുന്നു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 197 കോടിയായി ഉയര്‍ന്നിട്ടുണ്ട്. യു.എസിലെ താരിഫ്‌ ആശങ്കകള്‍ കഴിഞ്ഞ പാദത്തില്‍ ഓര്‍ഡറുകള്‍ മാറ്റിവയ്ക്കാനിടയായതാണ് ലാഭത്തെ ബാധിച്ചത്.

Performance of Kerala Companies
കേരള ഓഹരികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന് 11 ശതമാനത്തിലധികം ഇടിവിലായി. കമ്പനി മൂന്നാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതാണ് ഓഹരികളെ ബാധിച്ചത്.

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരികള്‍ ഏഴ്‌ ശതമാനത്തോളം ഇടിഞ്ഞു. ആഡ്‌ടെക് സിസ്റ്റംസ് (4.5%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (3.48%), മുത്തൂറ്റ് മൈക്രോഫിന്‍ (3.47%), റബ്ഫില ഇന്റര്‍നാഷണല്‍ ( 3.98%) എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവു നേരിട്ട കേരള ഓഹരികള്‍.

കേരള കമ്പനികളില്‍ ഒന്നും തന്നെ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചില്ല. ടി.സി.എം ഓഹരി മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പോപ്പീസ് കെയര്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, യൂണിറോയല്‍ മറൈന്‍ തുടങ്ങിയ ചുരുക്കം ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Indian markets slump as RBI holds rates and Trump hikes trade tariffs; Kerala stocks like Kitex, Muthoot, Eastern see sharp fall.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com