

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാളകള്‍ കീഴടക്കി. ഇന്നലത്തെ നഷ്ടം മുഴുവന്‍ തിരിച്ചു പിടിക്കാനും സൂചികകള്‍ക്കായി. എല്ലാ സെക്ടറുകളിലും തന്നെ മികച്ച വാങ്ങല്‍ നടന്നതാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും പ്രതിഫലിച്ചത്.
സെന്‍സെക്‌സ് 304 പോയിന്റ് ഉയര്‍ന്ന് 80,539.91 ലും നിഫ്റ്റി 132 പോയിന്റ് ഉയര്‍ന്ന് 24,619ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും ആഹ്‌ളാദത്തിലായി. മിഡ്ക്യാപ് സൂചിക 0.56 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.58 ശതമാനവും ഉയര്‍ന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 443 ലക്ഷം കോടി രൂപയില്‍ നിന്ന് 445 ലക്ഷം കോടിയായി. അതോടെ നിക്ഷേപകര്‍ക്ക് ഇന്നത്തെ നേട്ടം രണ്ട് ലക്ഷം കോടി രൂപ.
ഇന്നലെ വന്ന ചില്ലറ വില്‍പ്പന കണക്കുകളാണ് വിപണിക്ക് ആശ്വാസം പകര്‍ന്നത്. ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും താഴെയാണ്. യു.എസ് വിലക്കയറ്റം വര്‍ധിക്കാതിരുന്നത് യു.എസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് വഴിവച്ചു. ഇതിനൊപ്പം യുക്രെയ്ന്‍ യുദ്ധത്തിന് വിരമാമാകുമെന്ന പ്രതീക്ഷകളും വിപണിയെ ഉത്തേജിപ്പിച്ചു. ഓഗസ്റ്റ് 15ന് നടക്കുന്ന ട്രംപ് -പുടിന്‍ കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ വിപണി ശ്രദ്ധിക്കുന്നത്.
ഉത്സവകാല വില്‍പ്പന പ്രതീക്ഷയിലാണ് ഓട്ടോ മേഖല. ഓട്ടോ സൂചിക ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. ഹീറോ മോട്ടോകോര്‍പ്പാണ് ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചത്.
ഫാര്‍മ മേഖലയില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് 8 ശതമാനം ഉയര്‍ന്നു. മികച്ച ഒന്നാം പാദഫലങ്ങളാണ് ഓഹരിക്ക് ഗുണമായത്. ആല്‍കെം ലബോറട്ടറീസ് ഇന്നലത്തെ നേട്ടം ഇന്നും തുടര്‍ന്നു. ഡി.ആര്‍.എല്‍, സിപ്ല എന്നിവയും മുന്നേറ്റത്തിലാണ്.
പോസിറ്റീവായ അഭിപ്രായങ്ങള്‍ക്ക് പിന്നാലെ ഹിന്‍ഡാല്‍കോ 5 ശതമാനം ഉയര്‍ന്നു.
എച്ച്.എ.എല്‍ മികച്ച ഒന്നാം പാദഫലങ്ങള്‍ കാഴ്ചവച്ചത് പ്രതിരോധ ഓഹരികളിലും മുന്നേറ്റത്തിനിടയാക്കി.
ഒന്നാം പാദഫലകണക്കുകള്‍ക്ക് പിന്നാലെ നൈക ഓഹരികളും ഇന്ന് 5 ശതമാനം ഉയര്‍ന്നു. ഒന്നാം പാദത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മുന്നേറ്റ പ്രവചനങ്ങള്‍ സംവര്‍ധന മതേഴ്‌സണ്‍ ഓഹരികളെ 3 ശതമാനം ഉയര്‍ത്തി.
സൗന്ദര്യ സംരക്ഷണ ബ്രാന്‍ഡായ മാമ എര്‍ത്തിന്റെ മാതൃ കമ്പനിയായ ഹോനാസ കണ്‍സ്യൂമര്‍ ത്രൈമാസ പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനു പിന്നാലെ ഓഹരി വില 13 ശതമാനം ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ എന്‍.എസ്.ഡി.എല്ലിന്റെ ഓഹരി വില ഒന്നാം പാദ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് 5 ശതമാനം ഇടിഞ്ഞു. ലിസ്റ്റ് ചെയ്തതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഇടിവാണിത്. ഓഗസ്റ്റ് ആറിനായിരുന്നു ഓഹരിയുടെ ലിസ്റ്റിംഗ്.
സി.എഫ്.ഒ രാജിവച്ച വാര്‍ത്തകള്‍ സുസ്‌ലോണ്‍ എനര്‍ജിയെ നാല് ശതമാനം ഇടിവിലാക്കി. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ എല്‍.ഐ.സി ഓഹരികളും ഇടിവിലായി.
കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ് കണ്ടത്. കിറ്റെക്‌സ് തുടര്‍ച്ചയായ രണ്ടാം ദിവസവും 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലായി. ഫാക്ടും ഇന്ന് മികച്ച മുന്നേറ്റത്തിലാണ്. ഓഹരി വില 947 രൂപയില്‍ നിന്ന് 986 രൂപയിലെത്തി. ഇന്‍ഡിട്രേഡ് ക്യാപിറ്റലാണ് ശതമാനക്കണക്കില്‍ (9%) കൂടുതല്‍ മുന്നേറിയത്. മുത്തൂറ്റ് മൈക്രോഫിന്‍ 4.87 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് 3.42 ശതമാനം, വെസ്റ്റേണ്‍ ഇന്ത്യ 4 ശതമാനം, എ.വി.ടി നാച്വറല്‍സ് 4.37 ശതമാനം എന്നിങ്ങനെ നേട്ടത്തിലാണ്.
പോപ്പീസ് കെയറാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. റിവേഴ്‌സ് ലിസ്റ്റിംഗ് നടത്തിയ ഓഹരി ഇന്നലെയും നഷ്ടത്തിലായിരുന്നു. സി.എസ്.ബി ബാങ്ക് ഓഹരി 4.96 ശതമാനം ഇടിഞ്ഞു. പ്രൈമ അഗ്രോ, പോപ്പുലര്‍, സെല്ല സ്‌പേസ് എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റു കേരള ഓഹരികള്‍.
Indian stock market rallies with bulls leading the charge, investors gain ₹2 lakh crore as Kitex hits consecutive upper circuits.
Read DhanamOnline in English
Subscribe to Dhanam Magazine