നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍; വരവ് ഗംഭീരമാക്കി ടാറ്റ ടെക്, നിറം മങ്ങി ഫെഡ്ഫിന

തുടക്കം മുതല്‍ നിലനിന്ന ചാഞ്ചാട്ടത്തിനും വില്‍പ്പന സമ്മര്‍ദ്ദത്തിനുമൊടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. അമേരിക്കന്‍ വിപണിയിലെ ആവേശമില്ലായ്മയും എഫ് ആന്‍ഡ് ഒയുടെ നവംബര്‍ സീരീസ് സെറ്റില്‍മെന്റും നിക്ഷേപകരെ ലാഭമെടുക്കലിലേക്ക് നയിച്ചതാണ് ചാഞ്ചാട്ടത്തിനിടയാക്കിയത്. ഒപ്പം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വിപണയെ സമ്മര്‍ദ്ദത്തിലാക്കി.

ബാങ്ക്, മെറ്റല്‍, റിയല്‍റ്റി മേഖലകളിലെ വില്‍പ്പന സമ്മര്‍ദമാണ് തുടക്കത്തില്‍ സൂചികകളെ നഷ്ടത്തിലേക്ക് വലിച്ചത്. വ്യാപാരത്തിനിടെ ഒരുവേള 66,610 വരെ താഴ്ന്ന സെന്‍സെക്‌സ് പിന്നീട് നഷ്ടം തിരിച്ചു പിടിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 87 പോയിന്റ് ഉയര്‍ന്ന് 66,988ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 20,133ലും.
ഏഷ്യന്‍ വിപണിയില്‍ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലായപ്പോള്‍ സിയോള്‍, ടോക്കിയോ സൂചികകള്‍ നഷ്ടത്തിലായി. യു.എസ് വിപണി ഇന്നലെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയിന്ന് ഡോളറിനെതിരെ ഏഴ് പൈസയിടിഞ്ഞ് 83.39 ലെത്തി.
ഗംഭീര എന്‍ട്രിയുമായി ടാറ്റ ടെക്
ഇന്ന് ഓഹരി വിപണിയില്‍ വരവറയിച്ച ടാറ്റ ടെക്‌നോളജീസും ഗാന്ധാര്‍ ഓയില്‍ റിഫൈനറിയുമാണ് വിപണിയെ ഒരു പരിധി വരെ പിടിച്ചു നിറുത്തിയത്.
ഇഷ്യുവിലയായ 500 രൂപയില്‍ നിന്ന് 140 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ടാറ്റ ടെക്‌നോളജീസാണ് ഇന്ന് ഓഹരി വിപണിയിലെ താരം. അനലിസ്റ്റുകളുടെ പ്രതീക്ഷകളെയും മറികടന്നാണ് 1200 രൂപയില്‍ വ്യാപാരത്തിന് തുടക്കം കുറിച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ 1,326 രൂപയിലാണ് ഓഹരിയുള്ളത്. വ്യാപാരത്തിനിടെ ഓഹരി 1,400 രൂപ വരെ എത്തിയിരുന്നു.
15,000 രൂപയ്ക്ക് ഒരു ലോട്ട് എടുത്ത നിക്ഷേപകരുടെ ഓഹരി മൂല്യം 42,000 രൂപ വരെ ഉയര്‍ന്നു. അതായത് ഒറ്റ ദിവസം കൊണ്ട് 27,000 രൂപ നേട്ടം.

ഗാന്ധാര്‍ ഓയില്‍ റിഫൈനറി 75 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 79 ശതമാനം ഉയര്‍ന്ന് 302 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇഷ്യുവില 169 രൂപയായിരുന്നു.

ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ്ഫിന) ലിസ്റ്റിംഗ് ദിനത്തില്‍ നിക്ഷേപകരെ നിരാശപ്പെടുത്തി. ഇഷ്യു വിലയേക്കാള്‍ രണ്ട് ശതമാനം താഴ്ന്ന് 138 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
സെക്ടടറല്‍ സൂചികകള്‍
സെക്ടറല്‍ സൂചികകളില്‍ പി.എസ്.യു ബാങ്ക് 1.5 ശതമാനം നഷ്ടവുമായി മുന്നില്‍ നിന്നു. ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-1.5 ശതമാനം വീതം ഉയര്‍ന്നു.
ബി.എസ്.ഇ മിഡ് ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 3,857 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 1,898 എണ്ണം നേട്ടത്തിലും 1,810 എണ്ണം നഷ്ടത്തിലുമായിരുന്നു. 149 ഓഹരികളുടെ വിലയിന്ന് മാറിയില്ല. 347 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും 30 ഓഹരികള്‍ താഴ്ന്ന വിലയും തൊട്ടു. 9 ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍കീട്ടിലുണ്ടായിരുന്നത്. ഏഴ് ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലേക്ക് പോയി.
നേട്ടത്തിലിവര്‍
സെന്‍സെക്‌സില്‍ അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ഫാര്‍മ, കോട്ടക് മഹീന്ദ്ര ബാങ്ക്. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികള്‍.
ഇന്നലെ ലിസ്റ്റ് ചെയ്ത ഐ.ആര്‍.ഇ.ഡി.എ ഇന്നും 14 ശതമാനത്തോളം ഉയര്‍ന്നു. വ്യാപാരാന്ത്യം 10.17 ശതമാനം ഉയര്‍ന്ന് 66.10 രൂപയിലാണ് ഓഹരിയുള്ളത്.
ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചതോടെ ജി.ഐ.സി റീ ഓഹരികളും ഇന്ന് നേട്ടം തുടര്‍ന്നു.
കരൂര്‍വൈശ്യ ബാങ്കില്‍ 9.99 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ എസ്.ബി.ഐ മ്യൂച്വല്‍ഫണ്ടിന് റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരി മൂന്ന് ശതമാനം ഉയര്‍ന്നു.
ഫാഷന്‍ ബ്രാന്‍ഡുകളായ മെട്രോ ബ്രാന്‍ഡ് (MBL), നൈകയുടെ മാതൃകമ്പനിയായ എഫ്.എസ്.എന്‍-ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് എന്നീ ഓഹരികള്‍ ഇന്ന് ഒമ്പത് ശതമാനം ഉയര്‍ന്നു. യു.എസ് കമ്പനിയായ ഫൂട് ലോക്കറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിപണനം ചെയ്യുന്നതിനായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഓഹരികള്‍ കുതിച്ചത്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വിപണിമൂല്യം ഇന്ന് ഒരു ലക്ഷം കോടി കടന്നു. ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്ന ഓഹരി 2,768 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

പൂനവാല ഫിന്‍കോര്‍പ്. പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ്, വരുണ്‍ ബിവറേജസ്, എ.ബി.ബി ഇന്ത്യ, ഗെയില്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

നഷ്ടം രുചിച്ചവര്‍

ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, എന്‍.ടി.പി.സി എന്നിവയാണ് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
കഴിഞ്ഞ ദിവസം വലിയ മുന്നേറ്റം നടത്തിയ അദാനി ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. 10ല്‍ ഏഴും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ ബാങ്ക്, അദാനി ടോട്ടല്‍ ഗ്യാസ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് നിഫ്റ്റി 200ല്‍ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

നേട്ടം തുടര്‍ന്ന് കിംഗ്‌സ് ഇന്‍ഫ്രായും കേരള ആയുര്‍വേദയും

പ്രിഫറന്‍ഷ്യല്‍ ഷെയര്‍ വില്‍പ്പന വാര്‍ത്തകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ചവച്ച ഇന്ന് കിംഗ്‌സ് ഇന്‍ഫ്ര, കേരള ആയുര്‍വേദ ഓഹരികള്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. വണ്ടര്‍ലാഹോളിഡേയ്‌സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.

ഇന്ന് കേരള ഓഹരികൾ കാഴ്ചവെച്ച പ്രകടനം

അതേസമയം, കേരള കമ്പനികളില്‍ പകുതിയോളവും ഇന്ന് നഷ്ടത്തിലായിരുന്നു. ഗള്‍ഫ് ബിസിനസ് വില്‍പ്പന വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ 20 ശതമാനത്തോളം ഉയര്‍ന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്ന് 3.62 ശതമാനത്തോളം ഇടിഞ്ഞു. കിറ്റെക്‌സ്, കെ.എസ്.ഇ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Resya R
Resya R  

Related Articles

Next Story

Videos

Share it