Begin typing your search above and press return to search.
തകൃതിയായി ലാഭമെടുപ്പ്; നിഫ്റ്റിയും സെന്‍സെക്‌സും നേരിയ നഷ്ടത്തില്‍
വന്‍കിട ഓഹരികളിലെ ലാഭമെടുപ്പിന് തുടര്‍ന്ന് ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 68.36 പോയിന്റ് (0.10%) താഴ്ന്ന് 66,459.31ലും നിഫ്റ്റി 20.25 പോയിന്റ് (0.10%) നഷ്ടത്തോടെ 19,733.55ലുമാണുള്ളത്. നിഫ്റ്റി 19,700ന് താഴെപ്പോയില്ലെന്ന ആശ്വാസമുണ്ട്.
നിരവധി കമ്പനികള്‍ നേട്ടത്തിലേറിയപ്പോള്‍ മറ്റ് ഒട്ടേറെ കമ്പനികളില്‍ അതേസമയം ലാഭമെടുപ്പും തകൃതിയായതോടെയാണ് ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണത്. സെന്‍സെക്‌സില്‍ 2,068 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,492 കമ്പനികള്‍ നഷ്ടത്തിലായിരുന്നു. 168 ഓഹരികളുടെ വില മാറിയില്ല.
338 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 28 എണ്ണം താഴ്ചയിലുമായിരുന്നു. 12 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. മൂന്ന് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും. സെന്‍സെക്‌സിന്റെ മൂല്യം 306.66 ലക്ഷം കോടി രൂപയില്‍ നിന്ന് 306.80 ലക്ഷം കോടി രൂപയായിട്ടുണ്ട്.
ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ 0.01 ശതമാനം നഷ്ടത്തോടെ 82.26ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നഷ്ടത്തിലേക്ക് വീണവര്‍
പവര്‍ഗ്രിഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദവും ആഗോള ഓഹരി സൂചികകളിലെ സമ്മിശ്ര പ്രകടനവുമാണ് ഇന്ത്യയിലും ചാഞ്ചാട്ടത്തിന് കളമൊരുക്കിയത്.
ജൂണ്‍പാദ ലാഭം 5 ശതമാനം കുറഞ്ഞത് പവര്‍ ഗ്രിഡിന് തിരിച്ചടിയായി. റിലയന്‍സ് ഇന്‍സ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., മാരുതി സുസുക്കി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയും സെന്‍സെക്‌സിന്റെ നഷ്ടത്തിന് കാരണക്കാരായി.
ചെയര്‍മാന്‍ പവന്‍ മുഞ്ജാലിനെതിരെ പി.എം.എല്‍.എ ചട്ടപ്രകാരം ഇ.ഡി അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ഓഹരി 5 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റിയില്‍ റിയല്‍റ്റി ഓഹരികള്‍ 1.77 ശതമാനം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 0.13 ശതമാനം താഴ്ന്ന് 45,592.50ലെത്തി. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്.എം.സി.ജി., പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും നഷ്ടത്തിലാണ്.
പവര്‍ ഗ്രിഡാണ് നിഫ്റ്റിയില്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത്. പോളിക്യാബ് ഇന്ത്യ, ഡി.എല്‍.എഫ്., മാക്‌സ് ഹെല്‍ത്ത് കെയര്‍, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയാണ് നഷ്ടത്തില്‍ ഇന്ന് മുന്‍നിര സ്ഥാനം നേടിയ മറ്റ് കമ്പനികള്‍.
നേട്ടം കുറിച്ചവര്‍
നിഫ്റ്റിയില്‍ ഐ.ടി സൂചിക ഇന്ന് 1.20 ശതമാനം നേട്ടമുണ്ടാക്കി. ലോഹം, ഫാര്‍മ, സ്വകാര്യ ബാങ്ക് എന്നിവ നേരിയ നേട്ടം കുറിച്ചു. ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി., ആക്‌സിസ് ബാങ്ക്, ടി.സി.എസ് എന്നിവ കുറിച്ച നേട്ടമാണ് ഇന്ന് സെന്‍സെക്‌സിനെ വലിയ നഷ്ടം നേരിടുന്നതില്‍ നിന്ന് പിടിച്ചുനിറുത്തിയത്. പണപ്പെരുപ്പം താഴുന്നതും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നതും ഐ.ടി ഓഹരികള്‍ക്ക് ആശ്വാസമാകുന്നുണ്ട്.
ജൂലൈയില്‍ കൽക്കരി ഉത്പാദനം 13.4 ശതമാനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോള്‍ ഇന്ത്യ ഓഹരികള്‍ 5 ശതമാനം നേട്ടം കൈവരിച്ചു. ജൂണില്‍ ഇന്ത്യയുടെ മുഖ്യ (Core) വ്യവസായ വളര്‍ച്ച 8.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മേയില്‍ വളര്‍ച്ച 5 ശതമാനമായിരുന്നു. 2022 ജൂണില്‍ 13.1 ശതമാനവും.
നിഫ്റ്റി മിഡ്ക്യാപ്പ് 0.03 ശതമാനം, സ്‌മോള്‍ക്യാപ്പ് 0.68 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍, നവിന്‍ ഫ്‌ളോറിന്‍ ഇന്റര്‍നാഷണല്‍, കോള്‍ ഇന്ത്യ, പി.ബി. ഫിന്‍ടെക്, എസ്.ആര്‍.എഫ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയവര്‍. റെയില്‍വേയുടെ വിവിധ വികസന പദ്ധതികള്‍ക്കായുള്ള കരാര്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഐ.ആര്‍.എഫ്.സിയുടെ മുന്നേറ്റം.
ഇന്‍ഡിട്രേഡിന്റെ ദിനം, സ്റ്റെല്ലിന്റെയും
കേരള കമ്പനികളില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഇന്‍ഡിട്രേഡും സ്റ്റെല്‍ ഹോള്‍ഡിംഗ്‌സുമാണ്. ഇന്‍ഡിട്രേഡ് 16.76 ശതമാനവും സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് 14.27 ശതമാനവും മുന്നേറി. ഇന്നലത്തെ നേട്ടം ഇന്നും സ്‌റ്റെല്‍ ഓഹരികള്‍ തുടരുകയായിരുന്നു. സാധാരണയിലും അധികമായ വ്യാപാര അളവാണ് (Trading Volume) ഇന്‍ഡിട്രേഡിന് നേട്ടമായത്. സാധാരണ ഒരു സെഷനില്‍ ശരാശരി 5,000 ഓഹരികളുടെ കൈമാറ്റം നടക്കാറുള്ള ഇന്‍ഡിട്രേഡില്‍ ഇന്ന് കണ്ടത് രണ്ടരലക്ഷത്തോളം ഓഹരികളുടെ കൈമാറ്റമാണ്.
കേരള ആയുര്‍വേദ (4.97 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.96 ശതമാനം), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിന്റെ മുന്‍ ഉടമസ്ഥരായ ഹാരിസണ്‍സ് മലയാളം (4.60 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടം കുറിച്ച മറ്റ് കേരള ഓഹരികള്‍.
യൂണിറോയല്‍ മറീന്‍ എക്‌സ്‌പോര്‍ട്‌സ് (4.31 ശതമാനം), കൊച്ചിന്‍ മിനറല്‍സ് (3.32 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.91 ശതമാനം), ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് (2.66 ശതമാനം), മണപ്പുറം ഫൈനാന്‍സ് (2.16 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
Next Story
Videos