

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടക്കച്ചവടം. ഓഗസ്റ്റ് ഡെറിവേറ്റീവ് സീരീസിന്റെ ആദ്യ ദിവസം പല മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. യു.എസ് ഇറക്കുമതി തീരുവ, കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവയിലെ ആശങ്കയും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിക്കുന്നതുമാണ് പ്രധാനമായും നഷ്ടത്തിനിടയാക്കിയത്.
മുഖ്യസൂചികയായ സെന്‍സെക്‌സ് 586 പോയിന്റുകള്‍ (0.72%) നഷ്ടത്തില്‍ 80,599.91 എന്ന നിലയിലെത്തി. നിഫ്റ്റി 203 പോയിന്റുകള്‍ (0.82%) നഷ്ടത്തില്‍ 24,565.35 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ ആറുലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 450 ലക്ഷം കോടി രൂപയില്‍ നിന്ന് 444 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.33 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.66 ശതമാനവും ഇടിഞ്ഞു. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി എഫ്.എം.സി.ജി ഒഴികെയുള്ളതെല്ലാം നഷ്ടത്തിലായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അടക്കമുള്ള കമ്പനികളുടെ മികച്ച ഒന്നാം പാദ ഫലവും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയുമാണ് ഈ മേഖലക്ക് തുണയായത്. നിഫ്റ്റി ഫാര്‍മ 3.33 ശതമാനവും ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് 2.77 ശതമാനവും ഇടിഞ്ഞു. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, പി.എസ്.യു ബാങ്ക്, മെറ്റല്‍, ഐ.ടി, ഓട്ടോ എന്നീ മേഖലകള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.
യു.എസിലേക്കുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിപണിക്ക് ഇപ്പോഴും ആശങ്കയുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം തീരുവ നിരക്ക് 15-20 ശതമാനത്തിലെത്തുമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ, പ്രതിരോധ ഇറക്കുമതിയില്‍ പിഴച്ചുങ്കം ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. പിഴച്ചുങ്കം ചുമത്തുന്നത് ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്കയാണ് ഇന്നത്തെ ഇടിവിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പന കാര്യമായി തുടരുകയാണ്. ജൂലൈയില്‍ മാത്രം 47,667 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വിറ്റൊഴിച്ചെന്നാണ് കണക്കുകള്‍. താരിഫ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത. യു.എസില്‍ പണപ്പെരുപ്പം വര്‍ധിച്ചതും വ്യാപാര യുദ്ധം തുടരുന്നതും ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് തിരിച്ചടിയാണെന്നും വിദഗ്ധര്‍ പറയുന്നു.
അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതും വിപണിയെ സാരമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഇന്ന് ഡോളര്‍ സൂചിക 100.26 വരെ ഉയര്‍ന്നു. മെയ് 29ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡോളര്‍ വിനിമയ നിരക്ക് ഏറെക്കാലം ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യ പോലുള്ള വിപണികളില്‍ വിദേശനിക്ഷേപം കുറക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടിയ ഡോളര്‍ നിരക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിക്കുകയും കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.
വിപണിയുടെ നിലവിലെ മൂല്യത്തിനോട് ചേരാത്ത നിലയിലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് ഒന്നാം പാദത്തില്‍ മിക്ക കമ്പനികളും പുറത്തുവിട്ടതെന്നും നിക്ഷേപകര്‍ കരുതുന്നു. ഇത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതില്‍ നിന്നും വിപണിയെ തടയുന്നു. രണ്ടാം പാദത്തിലെങ്കിലും കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ താരിഫ് യുദ്ധം ഏത് ദിശയിലേക്ക് സഞ്ചരിക്കുമെന്നതിനെ അനുസരിച്ചായിരിക്കും ഇത് നിര്‍ണയിക്കപ്പെടുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഗോള ഊര്‍ജ്ജ കമ്പനിയായ സെലസ്ട്ര (Zelestra)യില്‍ നിന്ന് 381 മെഗാ വാട്ട് കാറ്റാടി വൈദ്യുത യൂണിറ്റ് സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന സുസ്‌ലോണ്‍ എനര്‍ജി ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. വാരീ എനര്‍ജീസ് ലിമിറ്റഡ്, ടാറ്റ ഗ്രൂപ്പിന് കീഴിലെ ട്രെന്‍ഡ്, അംബുജ സിമന്റ്‌സ്, ടി.വി.എസ് മോട്ടോര്‍ കമ്പനി എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
അമേരിക്കന്‍ വിപണിയിലെ മരുന്ന് വില കുറക്കണമെന്ന് കാട്ടി 17 ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ക്ക് ട്രംപ് കത്തയച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഫാര്‍മ മേഖലയിലെ അരബിന്ദോ ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വലിയ നഷ്ടം നേരിട്ടു. പ്രീമിയര്‍ എനര്‍ജീസ്, പേജ് ഇന്‍ഡസ്ട്രീസ്, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു.
കഴിഞ്ഞ ദിവസം 5 ശതമാനത്തോളം ഇടിഞ്ഞ യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സാണ് ശതമാനക്കണക്കിലെ നേട്ടത്തില്‍ ഇന്ന് മുന്നിലെത്തിയത്. 4.50 ശതമാനമാണ് ഇന്ന് ഓഹരികള്‍ ഉയര്‍ന്നത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പീസ് കെയര്‍ എന്നീ ഓഹരികളും ഇന്ന് ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
12 കമ്പനികളൊഴിച്ച് ബാക്കിയുള്ളവയെല്ലാം കനത്ത നഷ്ടമാണ് ഇന്ന് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ശതമാനക്കണക്കിലെ നഷ്ടത്തില്‍ ഒന്നാമതെത്തി. പ്രൈമ ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് മൈക്രോഫിന്‍, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സെല്ല സ്‌പേസ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് തുടങ്ങിയ കമ്പനികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine