ജി.ഡി.പിയും 'വാഹനങ്ങളും' തുണച്ചു; സെന്‌സെക്സും നിഫ്റ്റിയും കുതിച്ചു

സെന്‍സെക്‌സ് 555 പോയിന്റ് ഉയർന്നു, ഐ.ആര്‍.എഫ്.സിയും ഭെല്ലും 11 ശതമാനത്തിലേറെ മുന്നേറി
stock market closing points
Published on

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന ജി.ഡി.പി വളര്‍ച്ച, വാഹന നിര്‍മ്മാണക്കമ്പനികളുടെ ഓഗസ്റ്റിലെ മികച്ച വില്‍പന നേട്ടം, വ്യാവസായിക രംഗത്ത് ഉണര്‍വുണ്ടെന്ന് വ്യക്തമാക്കുന്ന പി.എം.ഐ കണക്ക് എന്നിങ്ങനെ അനുകൂല തരംഗങ്ങളുടെ കാറ്റ് ആഞ്ഞടിച്ചതിന്റെ കരുത്തില്‍ സെപ്റ്റംബറിലെ ആദ്യദിനം ആഘോഷമാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍.

നേട്ടത്തോടെ തന്നെയായിരുന്നു ഓഹരികളുടെ തുടക്കം. ഇടയ്‌ക്കൊന്ന് ചാഞ്ചാടിയെങ്കിലും പിന്നീട് കുതിച്ചങ്ങ് കയറി. സെന്‍സെക്‌സ് ഇന്നൊരുവേള 600 പോയിന്റിലേറെ മുന്നേറി 65,473 വരെ എത്തിയിരുന്നു; നിഫ്റ്റി 19,458 പോയിന്റും ഭേദിച്ചു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത് 555.75 പോയിന്റ് (0.86%) നേട്ടവുമായി 65,387.16ല്‍; നിഫ്റ്റി 181.50 പോയിന്റ് (0.94%) ഉയര്‍ന്ന് 19,435.30ലും.

സെന്‍സെക്‌സില്‍ ഇന്ന് 2,183 ഓഹരികള്‍ നേട്ടത്തിലാണ്; 1,479 കമ്പനികള്‍ നഷ്ടത്തിലും. 124 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. 281 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 22 എണ്ണം താഴ്ചയിലുമാണ്. എട്ട് ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും മൂന്നെണ്ണം ലോവര്‍-സര്‍കീട്ടിലും ആയിരുന്നു.

ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം ഇന്ന് സര്‍വകാല റെക്കോഡും കുറിച്ചു. 309.59 ലക്ഷം കോടി രൂപയില്‍ നിന്ന് 312.41 ലക്ഷം കോടി രൂപയിലേക്കാണ് കുതിച്ചത്. ഇന്ന് ഒറ്റദിവസത്തെ നേട്ടം 2.82 ലക്ഷം കോടി രൂപ. തുടര്‍ച്ചയായി അഞ്ച് ആഴ്ചകള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ശേഷമാണ്, ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഈ വാരം നേട്ടത്തിന്റേതാക്കി മാറ്റിയത്.

നേട്ടത്തിന് പിന്നില്‍

ഇന്ത്യ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന മേജര്‍ (വലിയ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തിയിരുന്നു.

വാഹന നിര്‍മ്മാണക്കമ്പനികള്‍ പൊതുവേ ഓഗസ്റ്റില്‍ മികച്ച വില്‍പനനേട്ടം കുറിച്ചുവെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ വില്‍പനയാകട്ടെ എക്കാലത്തെയും ഉയരത്തിലാണ്.

ഇന്ത്യയുടെ വ്യാവസായിക രംഗത്ത് ഉണര്‍വ് ശക്തമാണെന്ന് കാട്ടുന്ന പി.എം.ഐ ഡേറ്റ ഇന്ന് പുറത്തുവന്നിരുന്നു. മാനുഫാക്ചറിംഗ് മേഖലയിലെ കമ്പനികളുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ചൂണ്ടിക്കാട്ടി, ഓഗസ്റ്റില്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി.എം.ഐ/PMI) 58.6 ആയാണ് മെച്ചപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും മികച്ച നിലവാരമാണത്. ഇത് 50ന് താഴെയായാല്‍ മാത്രമേ ആശങ്കയുള്ളൂ.

ചൈനയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ഓഹരികള്‍ക്ക് ഇന്ന് ഊര്‍ജമായി. ചൈനയുടെ ഓഗസ്റ്റിലെ പി.എം.ഐ സൂചിക ജൂലൈയിലെ 49.2ല്‍ നിന്ന് കഴിഞ്ഞമാസം അപ്രതീക്ഷിതമായി 51ലെത്തി. ഇത് വ്യാവസായിക ലോകത്തിനും മെറ്റല്‍ ഓഹരികള്‍ക്കും ആശ്വാസമായി.

നേട്ടത്തിന്റെ ദിവസം

ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ എന്നിവ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് മികച്ച നേട്ടത്തിലാണ്. ചൈനയില്‍ നിന്നുള്ള അനുകൂല വാര്‍ത്തയുടെ കരുത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 2.88 ശതമാനം കുതിച്ചു.

ഓഗസ്റ്റിലെ മികച്ച വാഹന വില്‍പന നിഫ്റ്റി ഓട്ടോ സൂചികയെ 1.65 ശതമാനം ഉയര്‍ത്തി. എല്‍.പി.ജിക്ക് ഇറക്കുമതി സെസ് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ 1.56 ശതമാനം നേട്ടത്തിലാണ്.

നിഫ്റ്റി ബാങ്ക് (Nifty Bank) ഇന്ന് 1.02 ശതമാനം കുതിച്ച് 44,436.10ലെത്തി. പി.എസ്.യു ബാങ്ക് 1.60 ശതമാനവും സ്വകാര്യബാങ്ക് ഓഹരി സൂചിക 0.96 ശതമാനവും ധനകാര്യ സേവനം 0.85 ശതമാനവും നേട്ടത്തിലാണ്.

റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഉണര്‍വുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 0.94 ശതമാനം ഉയര്‍ന്നു. ഐ.ടി ഓഹരികള്‍ 1.12 ശതമാനവും നേട്ടം കുറിച്ചു.

മുന്നേറിയവര്‍

പുതിയ പ്രോജക്റ്റ് ഓര്‍ഡറുകളുടെയും ബ്രോക്കറേജ് ഏജന്‍സികളില്‍ നിന്നുള്ള 'വാങ്ങല്‍' (buy) സ്റ്റാറ്റസിന്റെയും കരുത്തില്‍ പൊതുമേഖലാ ഓഹരികള്‍ കാഴ്ചവയ്ക്കുന്ന മുന്നേറ്റവും തുടരുകയാണ്.

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC/12.05 ശതമാനം), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (BHEL/11.75 ശതമാനം) എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്. ഛത്തീസ്ഗഢില്‍ ഏകദേശം 10,000 കോടി രൂപയുടെ പുതിയ സൂപ്പര്‍ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പദ്ധതിയുടെ കരാര്‍ ഭെല്ലിന് ലഭിച്ചിട്ടുണ്ട്.

ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ഇരു കമ്പനികളുടെയും 19-23 കോടിയോളം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടതെന്നതും ഓഹരി വിലക്കുതിപ്പിന് വഴിയൊരുക്കി. വൊഡാഫോണ്‍-ഐഡിയ ഓഹരി 11.05 ശതമാനവും ഇന്ന് മുന്നേറി. കടപ്പത്രങ്ങളുടെ തിരിച്ചടവിന് കമ്പനിക്ക് കൂടുതല്‍ സാവകാശം ലഭിച്ചതും പുതുതായി നിക്ഷേപങ്ങള്‍ നേടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതും ബ്രോക്കറേജുകളില്‍ നിന്നുള്ള വാങ്ങല്‍ സ്റ്റാറ്റസുമാണ് കരുത്തായത്. ട്രൈഡന്റ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ജിയോ ഫിനാന്‍ഷ്യല്‍ ഇന്നും 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലായിരുന്നു. എന്‍.ടി.പി.സി., ഒ.എന്‍.ജി.സി., ടാറ്റാ സ്റ്റീല്‍, മാരുതി സുസുക്കി, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, എസ്.ബി.ഐ ലൈഫ് എന്നിവയാണ് സെന്‍സെക്‌സിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച പ്രമുഖര്‍.

നിരാശപ്പെടുത്തിയവര്‍

സെന്‍സെക്‌സില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ പ്രമുഖര്‍ എച്ച്.ഡി.എഫ്.സി ലൈഫ്, എല്‍ ആന്‍ഡ് ടി., സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമന്റ്, നെസ്‌ലെ, സിപ്ല എന്നിവയാണ്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

മാന്‍കൈന്‍ഡ് ഫാര്‍മ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ്, ടൊറന്റ് ഫാര്‍മ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ആസ്ട്രല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത്.

വെര്‍ട്ടെക്‌സും സ്‌കൂബിഡേയും ഇന്നും കുതിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റപാതയിലുള്ള വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബിഡേ ഓഹരികള്‍ ഇന്നും അപ്പര്‍-സര്‍കീട്ടിലായിരുന്നു. വെര്‍ട്ടെക്‌സ് 9.84 ശതമാനവും സ്‌കൂബിഡേ 5 ശതമാനവും നേട്ടമുണ്ടാക്കി. ഉയര്‍ന്ന ഓഹരി ഇടപാടുകളുടെ ബലത്തിലാണ് ഇവയുടെ കുതിപ്പ്.

ബി.പി.എല്‍., പ്രൈമ ഇന്‍ഡസ്ട്രീസ്, റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപ്പിറ്റല്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കഴിഞ്ഞദിവസങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയ കല്യാണ്‍ ജുവലേഴ്‌സ് ഇന്ന് 2.50 ശതമാനം നഷ്ടം നേരിട്ടു. പ്രൈമ അഗ്രോ, മണപ്പുറം ഫിനാന്‍സ്, വണ്ടര്‍ല ഹോളിഡെയ്‌സ്, സി.എസ്.ബി ബാങ്ക്, കെ.എസ്.ഇ., കൊച്ചിന്‍ മിനറല്‍സ്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ.

ആഗോള വിപണികളും രൂപയും

ചൈനയിലെ ഉണര്‍വ് പൊതുവേ മറ്റ് ഏഷ്യന്‍ ഓഹരി വിപണികളെയും ഇന്ന് നേട്ടത്തിലേക്ക് ഉയര്‍ത്തി. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍ ഓഹരി വിപണികള്‍ 0.3-0.5 ശതമാനം നേട്ടത്തിലാണ്.

ഡോളറിനെതിരെ രൂപ ഇന്ന് മികച്ച നേട്ടം കുറിച്ചെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് നേട്ടം കുറഞ്ഞു. വ്യാപാരാന്ത്യം ഡോളറിനെതിരെ 82.72ലാണ് രൂപയുള്ളത്. ഇന്നലെ മൂല്യം 82.78 ആയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com