Begin typing your search above and press return to search.
റെക്കോഡ് പഴങ്കഥയാക്കി പ്രത്യേക വ്യാപാരവും; ടാറ്റാ സ്റ്റീലും അദാനി പോര്‍ട്‌സും തിളങ്ങി, പേയ്ടിഎം താഴേക്ക് തന്നെ
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് സംഘടിപ്പിച്ച പ്രത്യേക വ്യാപാരത്തിലും സൂചികകളുടെ റെക്കോഡ് തിളക്കം. ഓഹരി വ്യാപാരത്തിന്റെ പ്ലാറ്റ്‌ഫോം മാറ്റത്തിന്റെ ഭാഗമായാണ് ഇന്ന് (ശനി) പ്രത്യേക വ്യാപാരം ഒരുക്കിയത്. ഇന്നലെ വന്‍ മുന്നേറ്റവുമായി കുറിച്ചിട്ട പുത്തന്‍ ഉയരത്തെ ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും മറികടന്നു.
ഇന്ന് വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 60.80 പോയിന്റ് (+0.08%) ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റായ 73,806.15ലാണ്. ഇന്നൊരുവേള സെന്‍സെക്‌സ് 73,788 വരെ താഴ്‌ന്നെങ്കിലും വൈകാതെ തിരിച്ചുകയറി സര്‍വകാല ഉയരമായ 73,994 വരെ എത്തിയിരുന്നു.
നിഫ്റ്റി 39.65 പോയിന്റ് (+0.18%) ഉയര്‍ന്ന് 23,378.40 എന്ന റെക്കോഡിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നൊരുവേള നിഫ്റ്റി 22,419.55 എന്ന സര്‍വകാല ഉയരം തൊട്ടിരുന്നു.
നേട്ടത്തിന് പിന്നില്‍
ഇന്ത്യയുടെ പ്രതീക്ഷകള്‍ കവച്ചുവച്ച മൂന്നാംപാദ ജി.ഡി.പി വളര്‍ച്ച മെറ്റല്‍, അടിസ്ഥാന സൗകര്യ ഓഹരികളില്‍ സൃഷ്ടിച്ച ആവേശം, ഫെബ്രുവരിയിലെ മികച്ച വില്‍പനക്കണക്കിന്റെ ബലത്തില്‍ വാഹന ഓഹരികളുടെ നേട്ടം, മികച്ച വ്യാപാര ട്രെന്‍ഡിന്റെ ആവേശവുമായി എഫ്.എം.സി.ജി ഓഹരികള്‍ കൈവരിക്കുന്ന മികച്ച വാങ്ങല്‍ ട്രെന്‍ഡ് എന്നിവ ഇന്ത്യന്‍ ഓഹരി സൂചികകളുടെ റെക്കോഡ് യാത്രയ്ക്ക് വളമാകുന്നുണ്ട്.
പുറമേ, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വീണ്ടും വാങ്ങിത്തുടങ്ങിയതും അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്ക് വൈകാതെ താഴുമെന്ന വിലയിരുത്തലുകളുമായി ആഗോള ഓഹരികള്‍ കൈവരിച്ച നേട്ടം എന്നിവയും ഇന്ത്യന്‍ ഓഹരികളെ സ്വാധീനിക്കുന്നുണ്ട്.
നേട്ടത്തിലേറിയവര്‍
ബ്ലോക്ക് ഡീലിന്റെ കരുത്തില്‍ ടാറ്റാ സ്റ്റീല്‍ ഇന്ന് 4 ശതമാനത്തോളം കുതിച്ചു. ഏകദേശം 300 കോടി രൂപയ്ക്കടുത്ത് ഓഹരികളുടെ കൈമാറ്റം ഇന്ന് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഐ.ടി.സി., ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, അദാനി പോര്‍ട്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയും ഇന്ന് സെന്‍സെക്‌സിന്റെ നേട്ടത്തിന് പിന്തുണ നല്‍കി.
ഓറോബിന്ദോ ഫാര്‍മ, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഹാവല്‍സ് ഇന്ത്യ, സെയില്‍, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ. ജി.ഡി.പിയില്‍ മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലകള്‍ കാഴ്ചവച്ച മികച്ച വളര്‍ച്ചയുടെ കരുത്തിലാണ് സ്റ്റീല്‍ ഓഹരികള്‍ തിളങ്ങുന്നത്. പുതിയൊരു മരുന്നിന് അമേരിക്കന്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (USFDA) അനുമതി കിട്ടിയ പശ്ചാത്തലത്തിലാണ് ഓറോബിന്ദോയുടെ തിളക്കം.
നിരാശപ്പെടുത്തിയവര്‍
മാരുതി സുസുക്കി, എന്‍.ടി.പി.സി., സണ്‍ ഫാര്‍മ, നെസ്‌ലെ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടവ.
പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) 2.14 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവയില്‍ മുന്നിലെത്തി. ഇന്‍ഫോ എഡ്ജ് (നൗക്രി), എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് (-0.01%) സൂചിക ഒഴികെയുള്ളവയെല്ലാം പച്ചതൊട്ടു. നിഫ്റ്റി മീഡിയ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1.75 ശതമാനം വരെ നേട്ടത്തിലേറി. നിഫ്റ്റി മിഡ്ക്യാപ്പ് 0.74 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.69 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി 50ല്‍ ഇന്ന് 35 ഓഹരികള്‍ നേട്ടത്തിലും 14 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, എന്‍.ടി.പി.സി എന്നിവ നഷ്ടം നേരിട്ടവയില്‍ മുന്നിട്ടുനിന്നു.
ബി.എസ്.ഇയില്‍ 2,466 ഓഹരികള്‍ നേട്ടത്തിലും 965 എണ്ണം നഷ്ടത്തിലുമായിരുന്നു. 126 ഓഹരികളുടെ വില മാറിയില്ല. 229 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 18 ഓഹരികള്‍ താഴ്ചയും കണ്ടു. 321 ഓഹരികളാണ് അപ്പര്‍-സര്‍കീട്ടില്‍ വ്യാപാരം ചെയ്യപ്പെട്ടത്. 132 ഓഹരികള്‍ ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 1.81 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് റെക്കോഡ് 394.06 ലക്ഷം കോടി രൂപയിലുമെത്തി.
കേരള ഓഹരികള്‍ സമ്മിശ്രം
പ്രത്യേക വ്യാപാരത്തില്‍ കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ വലിയ കുതിപ്പോ കിതപ്പോ ദൃശ്യമായില്ല. കല്യാണ്‍ ജുവലേഴ്‌സ് 3.25 ശതമാനം നേട്ടം കുറിച്ചു. നിറ്റ ജെലാറ്റിന്‍ 2.42 ശതമാനം, ഹാരിസണ്‍സ് മലയാളം 1.85 ശതമാനം, സി.എസ്.ബി ബാങ്ക് 1.77 ശതമാനം, ആസ്റ്റര്‍ 1.21 ശതമാനം, ഫാക്ട് രണ്ട് ശതമാനം, വി-ഗാര്‍ഡ് 1.19 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
ആസ്പിന്‍വാള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ല എന്നിവ നഷ്ടത്തിലാണുള്ളത്. എന്തിനാണ് ഇന്ന് ഓഹരി വിപണികള്‍ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത് എന്നറിയാന്‍ വായിക്കുക - പ്രത്യേക വ്യാപാരം: ലക്ഷ്യം തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനം (Click here)
Next Story
Videos