'ഫിച്ച്' വേദന തുടരുന്നു; സെന്‍സെക്‌സ് 542 പോയിന്റിടിഞ്ഞു, നിഫ്റ്റി 19,400ന് താഴെ

അമേരിക്കയുടെ റേറ്റിംഗ് വെട്ടിക്കുറച്ചുകൊണ്ട് ഫിച്ച് (Fitch) എല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ രണ്ടാംദിനവും ആഗോള ഓഹരി വിപണികള്‍ക്കായില്ല. ഇന്നലെ 676 പോയിന്റിടിഞ്ഞ സെന്‍സെക്‌സ് ഇന്ന് അടിയറവ് പറഞ്ഞത് 542 പോയിന്റ്. ഇന്നലെ 207 പോയിന്റ് കൂപ്പുകുത്തിയ നിഫ്റ്റിക്ക് ഇന്നത്തെ നഷ്ടം 144 പോയിന്റ്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


ഇന്നൊരുവേള 19,296.45 വരെ തകര്‍ന്ന നിഫ്റ്റി വ്യാപാം അവസാനിപ്പിച്ചത് 0.74 ശതമാനം താഴ്ന്ന് 19,381.65ലാണ്. സെന്‍സെക്‌സ് 64,963.08 വരെ താഴ്ന്നശേഷം 65,240.68ലേക്ക് നില അല്പം മെച്ചപ്പെടുത്തി; ഇന്നത്തെ നഷ്ടം 0.82 ശതമാനം.

ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം 303.33 ലക്ഷം കോടി രൂപയില്‍ നിന്ന് 1.02 ലക്ഷം കോടി രൂപയുടെ നഷ്ടവുമായി 302.31 ലക്ഷം കോടി രൂപയിലെത്തി. സെന്‍സെക്‌സില്‍ ഇന്ന് 1,790 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,770 ഓഹരികള്‍ നിരാശപ്പെടുത്തി. 155 ഓഹരികളുടെ വില മാറിയില്ല.
174 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 33 ഓഹരികള്‍ താഴ്ചയിലും ആയിരുന്നു. 9 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും തട്ടി. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ചില ഓഹരികളിലുണ്ടായ വാങ്ങല്‍ താത്പര്യമാണ് ഇന്ന് കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സൂചികകളെ രക്ഷിച്ചത്. ഇന്ത്യയുടെ സോവറീന്‍ റേറ്റിംഗ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മാര്‍ഗന്‍ സ്റ്റാന്‍ലി 'ഓവര്‍വെയിറ്റ്' ആയി ഉയര്‍ത്തിയെങ്കിലും ഓഹരി വിപണിയില്‍ അത് കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല.
നിരാശപ്പെടുത്തിയവര്‍
മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ എന്നിവ ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. ബാങ്ക് നിഫ്റ്റി 1.07 ശതമാനം ഇടിഞ്ഞ് 44,513.45ലെത്തി. നിഫ്റ്റി ധനകാര്യ സേവനം 1.17 ശതമാനം, സ്വകാര്യബാങ്ക് ഒരു ശതമാനം, റിയല്‍റ്റി 1.78 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 0.80 ശതമാനം, എഫ്.എം.സി.ജി 0.58 ശതമാനം എന്നിങ്ങനെയും താഴ്ന്നു.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത് വേദാന്ത, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), ഗുജറാത്ത് ഗ്യാസ്, എല്‍.ഐ.സി ഹൗസിംഗ് ഫൈനാന്‍സ് എന്നിവയാണ്.
വേദാന്ത ഓഹരികള്‍ ഇന്നൊരുവേള 9.02 ശതമാനം വരെ ഇടിഞ്ഞു. ഓഹരി ഉടമകളായ ട്വിന്‍സ്റ്റാര്‍ ഹോള്‍ഡിംഗ്‌സ് വേദാന്തയിലെ 4.3 ശതമാനം ഓഹരികള്‍ വിറ്റൊഴിയുമെന്ന് വ്യക്തമാക്കിയിരുന്നു.
2022-23 ജൂണ്‍പാദത്തിലെ 1,064 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 3,091 കോടി രൂപയുടെ ലാഭത്തിലേക്ക് കുതിച്ചുയര്‍ന്നിട്ടും ഇന്‍ഡിഗോ ഓഹരി ഇന്ന് 5 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞപാദത്തിലെ നേട്ടം അടുത്തപാദങ്ങളില്‍ കമ്പനി ആവര്‍ത്തിക്കാനുള്ള സാദ്ധ്യത വിരളമാണെന്ന് ചില ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടതാണ് തിരിച്ചടിയായത്.
പാദാടിസ്ഥാനത്തില്‍ ജൂണ്‍പാദ ലാഭം 453 കോടി രൂപയില്‍ നിന്ന് 133.69 കോടി രൂപയായി കുറഞ്ഞതാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ഓഹരികളെ തളര്‍ത്തിയത്. ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ഒ.എന്‍.ജി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, അള്‍ട്രാടെക് സിമന്റ്, എച്ച്.ഡി.എഫ്.സി ലൈഫ്, യു.പി.എല്‍., ബജാജ് ഫൈനാന്‍സ്, ടി.സി.എസ്., ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് ഇന്ന് സൂചികകളുടെ താഴ്ചയ്ക്ക് വഴിയൊരുക്കിയ മറ്റ് ഓഹരികള്‍.
നേട്ടത്തിലേറിയവര്‍
നിഫ്റ്റി മിഡ്ക്യാപ്പ് 0.25 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.12 ശതമാനവും നേട്ടം കുറിച്ചു. നിഫ്റ്റി മീഡിയ 0.91 ശതമാനം മുന്നേറി. 1.04 ശതമാനമാണ് ഫാര്‍മ ഓഹരികളുടെ നേട്ടം. ഹെല്‍ത്ത്‌കെയര്‍ സൂചികയുടെ നേട്ടം 0.68 ശതമാനം.
മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ ഇന്ന് ഫാര്‍മ ഓഹരികളുടെ നേട്ടത്തിന് വളമായി. മാന്‍കൈന്‍ഡ് ഫാര്‍മ 10 ശതമാനം മുന്നേറി. 5.76 ശതമാനമാണ് ലോറസ് ലാബ്‌സിന്റെ നേട്ടം. ജൂണ്‍പാദ ലാഭം 66 ശതമാനം ഉയര്‍ന്നതാണ് മാന്‍കൈന്‍ഡിന് ഊര്‍ജമായത്. സണ്‍ഫാര്‍മയുടെ ഓഹരി മൂന്ന് ശതമാനവും നേട്ടം രേഖപ്പെടുത്തി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

നിഫ്റ്റിയില്‍ ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.ആര്‍.എഫ്.സി) 14.11 ശതമാനം നേട്ടത്തോടെ ഇന്നും മുന്നിലെത്തിയത്. പുതിയ കരാറുകളാണ് കമ്പനിക്ക് നേട്ടമാകുന്നത്. ഡിക്‌സണ്‍ ടെക്‌നോളജീസ്, മാന്‍കൈന്‍ഡ് ഫാര്‍മ, പൂനാവാല ഫാര്‍മ ഫിന്‍കോര്‍പ്പ്, ലോറസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
രൂപയ്ക്ക് ഇന്നും ക്ഷീണം
ആഗോള തലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതോടെ രൂപ ഇന്നും തളര്‍ച്ചയിലാണ്. ഇന്ന് ആറ് പൈസ ഇടിഞ്ഞ് 82.73ലാണ് വ്യാപാരാന്ത്യം രൂപയുടെ മൂല്യമുള്ളത്. ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയ്ക്ക് സമ്മര്‍ദ്ദമാകുന്നുണ്ട്.
20 ശതമാനം ഇടിഞ്ഞ് കൊച്ചിന്‍ മിനറല്‍സ്
കേരള ഓഹരികളില്‍ ഇന്നും ഏറ്റവുമധികം തിളങ്ങിയത് ഇന്‍ഡിട്രേഡാണ്; ഇന്നത്തെ നേട്ടം 10.60 ശതമാനം. കഴിഞ്ഞ മൂന്ന് സെഷനുകളിലായി 48% മുന്നേറ്റം ഇന്‍ഡിട്രേഡ് കാഴ്ചവച്ചു.
ബി.പി.എല്‍ (7.94%), കിംഗ്‌സ് ഇന്‍ഫ്ര (7.31%), കേരള ആയുര്‍വേദ (4.99%), പ്രൈമ ഇന്‍ഡസ്ട്രീസ് (4.95%) എന്നിവയാണ് ഇന്ന് ഏറ്റവുമധികം മുന്നേറിയ മറ്റ് കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ഓഹരി ഇന്ന് 20 ശതമാനം തകര്‍ന്നടിഞ്ഞു. ഇന്നലെ പുറത്തുവന്ന മോശം ജൂൺപാദ പ്രവർത്തനഫലമാണ് തിരിച്ചടിയായത്. കമ്പനിയുടെ ലാഭം പാദാടിസ്ഥാനത്തില്‍ മാര്‍ച്ച്പാദത്തിലെ 13 കോടി രൂപയില്‍ നിന്ന് 2.27 കോടി രൂപയിലേക്കും മൊത്ത വരുമാനം 109.86 കോടി രൂപയില്‍ നിന്ന് 67.53 കോടി രൂപയിലേക്കും താഴ്ന്നിട്ടുണ്ട്. സെല്ല സ്‌പേസ് (2.78%), സഫ സിസ്റ്റംസ് (2.53%), ആസ്പിന്‍വോള്‍ (2.04%), വെസ്‌റ്റേണ്‍ ഇന്ത്യ (1.95%) എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.
പലിശ കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ടും; 15 വര്‍ഷത്തെ ഉയരം
പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുന്നുവെന്ന് വ്യക്തമാക്കി ബ്രിട്ടന്റെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE) തുടര്‍ച്ചയായ 14-ാം വട്ടവും അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തി. കാല്‍ ശതമാനം വര്‍ദ്ധനയോടെ 5.25 ശതമാനമായാണ് പലിശ പുതുക്കിയത്. ഇത് കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ECB) കഴിഞ്ഞ യോഗത്തില്‍ പലിശ കൂട്ടിയിരുന്നു. എന്നാല്‍, ഇവയുടെ നിലപാടിന് വിരുദ്ധമായി പലിശ വര്‍ദ്ധനയുടെ ട്രെന്‍ഡ് വൈകാതെ അവസാനിക്കുമെന്ന സൂചന ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുണ്ട്. എങ്കിലും, പലിശ കൂട്ടിയ നടപടിയോട് ഓഹരി സൂചികകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നാളെ അറിയാം.
ബ്രിട്ടന്റെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 41 വര്‍ഷത്തെ ഉയരമായ 11.1 ശതമാനത്തില്‍ എത്തിയിരുന്നു. കഴിഞ്ഞമാസം ഇത് 7.9 ശതമാനമാണെങ്കിലും വെല്ലുവിളി ഒഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it