ഓഹരികളില്‍ 'മോദി 3.0' തരംഗം; സൂചികകള്‍ റെക്കോഡില്‍, താരമായി അദാനിയും പൊതുമേഖലയും

നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എയ്ക്ക് മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച പ്രവചിച്ചുകൊണ്ട് എക്‌സിറ്റ് പോളുകള്‍ തൊടുത്തുവിട്ട ആവേശം ഊര്‍ജമാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കുതിച്ചുകയറിയത് പുത്തന്‍ ഉയരത്തിലേക്ക്. വ്യാപാരത്തിന്റെ തുടക്കംമുതല്‍ ആഞ്ഞടിച്ച മുന്നേറ്റക്കാറ്റിലേറി സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് 4 വര്‍ഷത്തിനിടെയുള്ള മികച്ച കുതിപ്പും കാഴ്ചവച്ചു. ഈ തരംഗത്തില്‍ ശ്രേണിഭേദമന്യേ ഒട്ടുമിക്ക ഓഹരികളും ഇന്ന് നേട്ടം കീശയിലാക്കി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും മോദിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന അദാനി ഗ്രൂപ്പിന്റെ അടക്കമുള്ളവയുടെയും ഓഹരികള്‍ നടത്തിയ കുതിപ്പാണ് സൂചികകളെ റെക്കോഡിലേക്ക് ഉയര്‍ത്തിയത്.
സെന്‍സെക്‌സ് ഇന്ന് ഒറ്റയടിക്ക് 2,507.47 പോയിന്റ് (+3.39%) കുതിച്ച് സര്‍വകാല റെക്കോഡ് ക്ലോസിംഗ് പോയിന്റായ 76,468.78ലാണുള്ളത്. ഇന്നൊരുവേള സെന്‍സെക്‌സ് വ്യാപാരത്തിനിടെ 2,600ലധികം പോയിന്റുയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയരമായ 76,738 വരെ എത്തിയിരുന്നു. നിഫ്റ്റി 733.20 പോയിന്റ് (+3.25%) ഉയര്‍ന്ന് റെക്കോഡ് 23,263.90ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്‍ട്രാ-ഡെയില്‍ സൂചിക എക്കാലത്തെയും ഉയരമായ 23,337ല്‍ തൊട്ടിരുന്നു.
4 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം
2020 ഏപ്രില്‍ 17ന് സെന്‍സെക്‌സ് 3.65 ശതമാനം നേട്ടം കുറിച്ചിരുന്നു. തുടര്‍ന്ന് 4 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്നാണ് സമാന മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. നിലവിലെ സര്‍ക്കാരിന് തന്നെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രവചനങ്ങളുടെ ചുവടുപിടിച്ചാണ് വിപണിയുടെ കുതിപ്പ്. ഈ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ തുടരുമെന്നതാണ് എക്‌സിറ്റ് പോളുകളില്‍ ആനന്ദം കണ്ടെത്താന്‍ വിപണിയെ പ്രേരിപ്പിച്ചത്.
ഇതോടൊപ്പം, കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യ 8.2 ശതമാനം ജി.ഡി.പി വളര്‍ച്ച കൈവരിച്ചുവെന്ന റിപ്പോര്‍ട്ടും അമേരിക്കയില്‍ പലിശഭാരം കുറഞ്ഞേക്കുമെന്ന പ്രതീക്ഷകളും ഏഷ്യന്‍ ഓഹരി വിപണികള്‍ കുറിച്ച നേട്ടവും ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പിന്റെ ആക്കംകൂട്ടി.
8 ശതമാനത്തിലധികം കുതിച്ച് പൊതുമേഖലാ ബാങ്കുകള്‍
ഇന്ന് എല്ലാ ഓഹരിശ്രേണികളും വന്‍ കുതിപ്പ് നടത്തുന്ന കാഴ്ചയായിരുന്നു വിശാല വിപണിയില്‍. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 8.40 ശതമാനമാണ് ഇന്നുയര്‍ന്നത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.04 ശതമാനവും പ്രൈവറ്റ് ബാങ്ക് 3.34 ശതമാനവും ഉയര്‍ന്നു. ഇത് കരുത്താക്കി ബാങ്ക് നിഫ്റ്റി 4.07 ശതമാനം കുതിച്ച് റെക്കോഡായ 50,979ലെത്തി. ഒരുവേള ബാങ്ക് നിഫ്റ്റി ഇന്ന് 51,000 തൊട്ടിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി റിയല്‍റ്റി 5.95 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 6.81 ശതമാനം, മീഡിയ 3.34 ശതമാനം, ഓട്ടോ 2.45 ശതമാനം, മെറ്റല്‍ 3.34 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
ഏറ്റവും കുറഞ്ഞ നേട്ടം കുറിച്ചത് ഫാര്‍മയും (0.36%) ഐ.ടിയുമാണ് (0.39%). നിഫ്റ്റി മിഡ്ക്യാപ്പ് 3.19 ശതമാനവും സ്‌മോള്‍ക്യാപ്പ് 2.41 ശതമാനവും നേട്ടമുണ്ടാക്കി.
14 ലക്ഷം കോടി നേട്ടം
നിഫ്റ്റി50ല്‍ ഇന്ന് 43 ഓഹരികള്‍ നേട്ടത്തിലും 7 എണ്ണം നഷ്ടത്തിലുമായിരുന്നു. 10.62 ശതമാനം ഉയര്‍ന്ന് അദാനി പോര്‍ട്‌സ് നേട്ടത്തില്‍ ഒന്നാമതെത്തി. എസ്.ബി.ഐ 9.48 ശതമാനം, എന്‍.ടി.പി.സി 9.33 ശതമാനം, പവര്‍ഗ്രിഡ് 9.03 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന് തൊട്ടുപിന്നാലെയുമുണ്ട്. ഐഷര്‍ മോട്ടോഴ്‌സാണ് 1.34 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നില്‍.
ബി.എസ്.ഇയില്‍ 2,346 ഓഹരികള്‍ നേട്ടത്തിലും 1,615 എണ്ണം നഷ്ടത്തിലുമായിരുന്നു. 154 ഓഹരികളുടെ വില മാറിയില്ല. 284 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 68 എണ്ണം താഴ്ചയും കണ്ടു. 12 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍ക്യൂട്ടിലും 7 എണ്ണം ലോവര്‍-സര്‍ക്യൂട്ടിലും ആയിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് എക്കാലത്തെയും ഉയരത്തിലുമെത്തി. ഇന്ന് ഒറ്റയടിക്ക് 14 ലക്ഷം കോടി രൂപ ഉയര്‍ന്ന് 425.91 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യമെത്തിയത്.
കുതിച്ചവരും കിതച്ചവരും
ഒന്നും രണ്ടും മോദി സര്‍ക്കാര്‍ നടത്തിവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍, അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലുകളാണ് ഓഹരി വിപണിക്ക് ഊര്‍ജമായതും ഈ നയങ്ങളുമായി ബന്ധപ്പെട്ട പൊതുമേഖലയിലെ ഉള്‍പ്പെടെ ഓഹരികളില്‍ ഇന്ന് മികച്ച വാങ്ങല്‍ ട്രെന്‍ഡ് സൃഷ്ടിച്ചതും.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

എസ്.ബി.ഐ നയിച്ച സെന്‍സെക്‌സിലെ മുന്നേറ്റത്തിന് എല്‍ ആന്‍ഡ് ടി., ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, എന്‍.ടി.പി.സി എന്നിവ മികച്ച പിന്തുണ നല്‍കി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

നിഫ്റ്റി 200ല്‍ അദാനി പവര്‍ 16.17 ശതമാനം കുതിച്ച് നേട്ടത്തില്‍ ഒന്നാമതെത്തി. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഗെയില്‍ ഇന്ത്യ, ആര്‍.ഇ.സി ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ എന്നിവ 12 മുതല്‍ 13.5 ശതമാനം വരെ നേട്ടവുമായി തൊട്ടുപിന്നിലുണ്ട്.
ഓഹരി വിപണി ഏറെക്കാലത്തിന് ശേഷം ആവേശക്കുതിപ്പിലേറിയിട്ടും നേട്ടത്തിന്റെ വണ്ടി കിട്ടാതെ പോയ ഓഹരികളുമുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ഇപ്ക ലാബ്, സൊമാറ്റോ, ഐഷര്‍, ബോഷ് എന്നിവ 1.3 മുതല്‍ 3.32 ശതമാനം വരെ ഇടിഞ്ഞ് നിരാശപ്പെടുത്തി.
രൂപയും തിളക്കത്തില്‍
കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഡോളറിനെതിരെ രൂപ നടത്തിയത്. ഒരുവേള 40 പൈസയിലധികം മുന്നേറി ഡോളറിനെതിരെ 82.95 വരെ എത്തിയ രൂപ വ്യാപാരം അവസാനിപ്പിച്ചത് 83.14ലാണ്. ഓഹരി വിപണികളുടെ മികച്ച പ്രകടനമാണ് കരുത്തായത്.

തിളങ്ങി മുത്തൂറ്റും സി.എസ്.ബിയും

വിപണിയിലെ മൊത്തത്തിലുള്ള മുന്നേറ്റം ഇന്ന് ചില കേരള കമ്പനികള്‍ക്കും ഗുണമായി. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഓഹരി വില 5.43 ശതമാനം ഉയര്‍ന്ന് 295.95 രൂപയിലെത്തി. സി.എസ്.ബി ബാങ്ക് 4.75 ശതമാനം മുന്നേറി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയും 3.20 ശതമാനം നേട്ടവുമായി ഇന്ന് ഉയര്‍ച്ചയിലാണ്. പ്രൈമ ഇന്‍ഡസ്ട്രീസ് (4.35 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.51 ശതമാനം), കേരള ആയുര്‍വേദ (3.42 ശതമാനം), ഫാക്ട്‌ (3.71 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയ കേരള കമ്പനികള്‍.

കേരള കമ്പനികളുടെ പ്രകടനം

വലിയ മുന്നേറ്റത്തിനിടയിലും കാലിടറിയവരും കുറവല്ല. കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇയാണ് 4 ശതമാനത്തിലധികം നഷ്ടവുമായി നിരാശപ്പെടുത്തിയ കേരള കമ്പനി. വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ്, പ്രൈം ആഗ്രോ എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it