നഷ്ടത്തിലേക്ക് വീണ് വിപണി, നിഫ്റ്റി 19,550ന് താഴെ; കുതിച്ച്‌ ജ്യോതി ലാബ്‌സ് ഓഹരി

കനത്ത വില്‍പ്പന സമ്മര്‍ദ്ദവും ദുര്‍ബലമായ ആഗോള വിപണികളും മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാപാരം ആരംഭിച്ച വിപണിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടു.

സെന്‍സെക്‌സ് 316.31 പോയിന്റ് ഇടിഞ്ഞ് 65,512ലും നിഫ്റ്റി 109.50 പോയിന്റ് താഴ്ന്ന് 19,528ലുമാണ് വ്യാപാരാന്ത്യമുള്ളത്.
ചെറിയ നഷ്ടത്തില്‍ തുടങ്ങിയ വിപണി പിന്നീടങ്ങോട്ട് കൂടുതല്‍ താഴ്ചയിലേക്ക് വീണു. ക്യാപിറ്റല്‍ ഗുഡ്‌സ്, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വാങ്ങലുണ്ടായത് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. ക്യാപിറ്റല്‍ ഗുഡ്‌സ്, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ യഥാക്രം ഒരു ശതമാനം, 2.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ 3,956 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 1,872 ഓഹരികള്‍ നേട്ടത്തിലായി. 1,905 ഓഹരികളുടെ വില താഴ്ന്നു. 179 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 262 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടു. 39 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്ക് പോയി.
അപ്പര്‍ സര്‍കീട്ടില്‍ ഇന്ന് ഒറ്റ ഓഹരി പോലുമുണ്ടായിരുന്നില്ല. 6 ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലെത്തി.
രൂപയിന്ന് ഡോളറിനെതിരെ 0.17 പൈസ താഴ്ന്ന് 83.21ലെത്തി.
നഷ്ടത്തിലിവര്‍
ഒ.എന്‍.ജി.സി, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടമുണ്ടാക്കിയ ഓഹരികള്‍.
വാഹന വില്‍പ്പനയില്‍ കഴിഞ്ഞ മാസം വര്‍ധനയുണ്ടായെങ്കിലും പ്രധാന വാഹന കമ്പനികളുടെ ഓഹരികള്‍ താഴ്ന്നു. മാരുതി മൂന്നു ശതമാനവും ഐഷര്‍ നാല് ശതമാനവും ഇടിവ് രേഖപ്പെടുത്തി, ഹീറോ ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയവയും താഴ്ചയിലായിരുന്നു. ഇരുചക്ര വാഹന വില്‍പ്പനയും ട്രാക്ടര്‍ വില്‍പ്പനയും മന്ദഗതിയിലായത് ഈ മേഖലകളിലെ ഓഹരികളെ ബാധിച്ചു.
ബാങ്ക്, ധനകാര്യ ഓഹരികളും താഴ്ചയിലായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവ ഇന്ന് നഷ്ട കണക്കില്‍ മുന്നിലെത്തി.

ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

ഐ.ടി ഓഹരികളും ഇന്ന് താഴ്ചയിലാണ്. രണ്ടാം പാദ റിസള്‍ട്ടുകള്‍ മോശമാകുമെന്ന് റേറ്റിംഗ് ഏജന്‍സികളായ കൊട്ടക് ഇക്വിറ്റീസും നുവാമയും വിലയിരുത്തിയതാണ് ഐ.ടിക്ക് തിരിച്ചടിയായത്.
നേട്ടം കുറിച്ചവര്‍
ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, അദാനി പോര്‍ട്‌സ് എന്നിവയാണ് നേട്ടത്തിലേക്ക് പിടിച്ചു കയറിയത്.
കനത്ത വാങ്ങലിനെ തുടര്‍ന്ന് ജ്യോതി ലാബ്‌സ് ഓഹരികള്‍ ഇന്ന് 14 ശതമാനത്തോളം ഉയര്‍ന്നു. ഓഹരി ഇന്ന് 411.30 രൂപ എന്ന പുതിയ നിലവാരത്തിലേക്കുയര്‍ന്നു.
ആറ് കമ്പനികളായി വിഭജിക്കുന്നുവെന്ന വാര്‍ത്തകള്‍ വേദാന്ത ഓഹരിയില്‍ ഇന്നും കുതിപ്പുണ്ടാക്കി. ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു.
വിപണിയില്‍ ലിസ്റ്റ് ചെയ്ത ജെ.എസ്.ഡബ്ല്യു ഇന്‍ഫ്ര ആദ്യ ദിനം തന്നെ 32 ശതമാനത്തോളം ഉയര്‍ന്നു. ജെഫ്രീസ് ബൈ റേറ്റിംഗ് നല്‍കിയത് മഹാനഗര്‍ ഗ്യാസിന്റെ ഓഹരികളെ ഇന്ന് 8 ശതമാനത്തോളം ഉയര്‍ത്തി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൊമാറ്റോ, ഇന്ത്യന്‍ ബാങ്ക്, വേദാന്ത എന്നിവയാണ് നിഫ്റ്റി 200ല്‍ മുന്നേറ്റമുണ്ടാക്കിയവര്‍.
ആഗോള സമ്പദ് വ്യവസ്ഥകളില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും വേള്‍ഡ് ബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 2024 സാമ്പത്തിക വര്‍ഷത്തില്‍ 6.3 ശതമാനത്തില്‍ നിലനിര്‍ത്തിയത് ഇന്ന് വിപണിക്ക് നേട്ടമായി. 2025, 2026 സാമ്പത്തിക വര്‍ഷങ്ങളില്‍ 6.4%, 6.5% എന്നിങ്ങനെ ഇന്ത്യ വളരുമെന്നാണ് വേള്‍ഡ് ബാങ്ക് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പം ഏപ്രിലില്‍ കണക്കാക്കിയിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
മുന്നേറി കേരള ബാങ്ക് ഓഹരികള്‍
10 ശതമാനത്തിലധികം ഉയര്‍ന്ന ധനലക്ഷ്മി ബാങ്ക് ഓഹരിയാണ് ഇന്ന് കേരള കമ്പനികളില്‍ തിളങ്ങിയത്. വായ്പകള്‍ 8 ശതമാനവും സ്വര്‍ണവായ്പ 26 ശതമാനവും ഉയര്‍ന്നെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്.
സി.എസ്.ബി ബാങ്ക് ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടു. 358 രൂപയാണ് ഓഹരിയുടെ ഇന്നത്തെ വില.
സെപ്റ്റംബര്‍ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപങ്ങള്‍ 23 ശതമാനവും വായ്പകള്‍ 20 ശതമാനവും വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി ഇന്ന് മൂന്നര ശതമാനത്തോളം ഉയര്‍ന്നു. ഓഹരിയുടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് കുറിച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ 2.24 ശതമാനം നേട്ടത്തോടെ 150.50 രൂപയിലാണ് ഓഹരിയുള്ളത്.
കേരള ആയുര്‍വേദ ഓഹരിയും ഇന്ന് 5 ശതമാനം ഉയര്‍ന്നു. എ.വി.ടി നാച്വറല്‍സ്, സെല്ല സ്‌പേസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സഫ സിസ്റ്റംസ്, ടി.സി.എം എന്നീ ഓഹരികളും ഇന്ന് നേട്ടം കുറിച്ചവയില്‍പെടുന്നു.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

അഞ്ച് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയ ആസ്പിന്‍വാളാണ് നഷ്ടകണക്കില്‍ മുന്നില്‍. ഇന്‍ഡിട്രേഡ്, കിംഗ്‌സ് ഇന്‍ഫ്ര, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയും നഷ്ടത്തില്‍ മുന്നില്‍ നിന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it