അഞ്ചാംനാളിലും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; ആസ്റ്ററിന് 16% കുതിപ്പ്

സെന്‍സെക്‌സ് 274 പോയിന്റുയര്‍ന്നു, നിഫ്റ്റി 19,400ന് അരികെ, റെക്കോഡ് ക്ലോസിംഗ് പോയിന്റ്
Stock Closing Analysis
Published on

ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ  റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഒരുവേള 502 പോയ്ന്റ് ഉയര്‍ന്ന് 65,673 ലെത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ 274 പോയ്ന്റ് ഉയര്‍ന്ന് (0.42%) 65,479 ലാണ് സെന്‍സെക്‌സുള്ളത്.

നിഫ്റ്റി ഇന്ന് എക്കാലത്തെയും ഉയര്‍ച്ചയായ 19,434 നിലവാരം തൊട്ടിരുന്നു. 66 പോയ്ന്റ് (0.34%) ഉയര്‍ന്ന് 19,389 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ അഞ്ച് വ്യാപാര സെഷനുകളിലായി ഉയര്‍ച്ചയിലാണ് സൂചികകള്‍.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

മറ്റ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട തളര്‍ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാനും ഇന്ന് വഴിയൊരുക്കി. വ്യാപാരാന്ത്യം 82.02ലാണ് ഡോളറിനെതിരെ രൂപ. ഇന്നലെ മൂല്യം 81.95 ആയിരുന്നു.

ഐ.ടി, പൊതുമേഖലാ ബാങ്കിംഗ് ഓഹരികളാണ് ഇന്ന് വിപണിയെ തുണച്ചത്. മിഡ് ക്യാപ് സൂചികകള്‍ 0.20% ഇടിഞ്ഞു. ഓട്ടോ, മെറ്റല്‍, സ്വകാര്യ ബാങ്ക്, റിയല്‍റ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികകളും ഇന്ന് തകര്‍ച്ചയിലായിരുന്നു. മിഡ്-കാപ്, സ്‌മോള്‍ -കാപ് ഓഹരികളും നഷ്ടത്തിലായിരുന്നു.

സെന്‍സെക്‌സില്‍ ഇന്ന് 1,636 കമ്പനികള്‍ നേട്ടത്തിലും 1,861 കമ്പനികള്‍ നഷ്ടത്തിലുമാണ്. 126 കമ്പനികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 196 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ 44 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി.

നേട്ടത്തിലേറിയവര്‍

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഹീറോ മോട്ടോ, ടെക് മഹീന്ദ്ര, ടി.സി.എസ്, വിപ്രോ, സണ്‍ഫാര്‍മ, കോട്ടക് ബാങ്ക്, ഇന്‍ഫോസിസ്, സിപ്ല, എച്ച്.സി.എല്‍ ടെക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ദ്വയം, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് റാലി നയിച്ചത്.

ടാറ്റ ടെലി സർവീസസ് (മഹാരാഷ്ട്ര), ബജാജ് ഫിനാൻസ്, പഞ്ചാബ് നാഷണൽ ബാങ്ക്, ബജാജ് ഫിൻസെർവ്, പൂനവാല ഫിൻകോർപ് എന്നിവയാണ് ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ.

ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

നഷ്ടത്തിൽ ഇവ 

ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവയാണ് നഷ്ടമുണ്ടാക്കിയത്.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

ലയനത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയ വാര്‍ത്തകളെ തുടര്‍ന്ന് ഐ.ഡി.എഫ്.സി ലിമിറ്റഡ് 2% നേട്ടമുണ്ടാക്കിയപ്പോള്‍ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് 4% താഴേക്കു പോയി.

എച്ച്.എം.എ ആഗ്രോ ഇന്‍ഡസ്ട്രീസിന് വിപണിയില്‍ മികച്ച എന്‍ട്രി നേടാനായി. ഓഹരി ഏഴ് ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗ് വിലയായ 585 രൂപയില്‍ നിന്ന് 14% ഉയര്‍ന്ന് 667 രൂപയായി.

ഹീറോ മോട്ടോ കോര്‍പ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇനത്തിലെ മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കുമെന്ന പ്രഖ്യാപനം ഓഹരി വില 2% ഉയര്‍ത്തി. അതേസമയം, ഐഷറിനു കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകും 'എക്സ്440'. വിപണി വിഹിതം നഷ്ടമായേക്കാമെന്ന സൂചനകള്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിയില്‍ 4% ഇടിവുണ്ടാക്കി. റിലയന്‍സ് ജിയോ 999 രൂപയ്ക്ക് 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയത് ഭാരതി എയര്‍ടെല്‍ ഓഹരികളില്‍ 3% ഇടിവുണ്ടാക്കി.

താരമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

കേരള കമ്പനികളില്‍ ഇന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഓഹരി വില റെക്കോഡ് ഉയരത്തിലെത്തി. 16% ഉയര്‍ന്ന് 333.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2018 ന് ശേഷം ഓഹരിയിലുണ്ടാകുന്ന ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി ബൈ റേറ്റിംഗ് നല്‍കിയതാണ് വില ഉയരാന്‍ കാരണം. ഗള്‍ഫ് ബിസിനസ് വില്‍ക്കാനുള്ള നീക്കം കമ്പനിക്ക് മികച്ച മൂല്യം ലഭിക്കുമെന്ന വിലയിരുത്തലാണ് ഇതിലേക്ക് നയിച്ചത്.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

ഫാക്ട് (3.41%), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.08 %), റബ്ഫില ഇന്റര്‍നാണല്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന കേരള കമ്പനികള്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com