എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മോദി പ്രഭാവം കാത്തിരുന്ന വിപണിക്ക് കയ്പു നീരായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് നേടാനാകുമെന്നും നിലവിലെ നയങ്ങളില്‍ തുടര്‍ച്ചയുണ്ടാകുമെന്നും കണക്കൂകൂട്ടിയ വിപണിയെ ആദ്യമണിക്കൂറുകളില്‍ തന്നെ ആശങ്കയിലേക്ക് തള്ളിവിട്ടു തിരഞ്ഞെടുപ്പ് ഫലങ്ങൾ. സൂചികകള്‍ നിമിഷനേരം കൊണ്ട് നിലംപരിശായി.
സെന്‍സെക്‌സും നിഫ്റ്റിയും എട്ട് ശതമാനത്തിലധികം താഴേക്ക് പതിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ
ഇടിവിനാണ് നിഫ്റ്റിയും സെൻസെക്സും ഇന്ന് സാക്ഷ്യം വച്ചത്. സെന്‍സെക്‌സ് 4,390 പോയിന്റ് (5.74%) ഇടിഞ്ഞ് 72,079.05ലും നിഫ്റ്റി 1,379.40 പോയിന്റ് ഇടിഞ്ഞ് 21,884.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
വോട്ടെണ്ണല്‍ ദിനത്തിലെ വന്‍ കുതിപ്പിന് കാത്തിരിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രസ്ഥാവനകളെ വിപണി പൂര്‍ണമായും തള്ളിക്കളഞ്ഞു. 400 സീറ്റില്‍ എന്‍.ഡി.എ ജയിക്കുമെന്നുള്ള പ്രതീക്ഷയില്‍ കഴിഞ്ഞ മാസം റാലി കാഴ്ചവച്ച വിപണിക്ക് ഫലങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് എന്‍.ഡി.എയ്ക്ക് 300 സീറ്റില്‍ താഴെ മാത്രമാണ് സാധ്യത. ബി.ജെ.പിക്ക് തനിച്ച് ഭരിക്കാനുള്ള 272 സീറ്റിന്റെ ഭൂരിപക്ഷത്തിന് സാധ്യതയും കാണുന്നില്ല. ഇത് വിപണികളെ തുടര്‍ന്നും അസ്ഥിരമാക്കിയേക്കും.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
നിഫ്റ്റിയില്‍ എഫ്.എം.സി.ജി സൂചികയിലെ പച്ചപ്പ് മാറ്റി നിറുത്തിയാല്‍ ബാക്കി മേഖലകളെല്ലാം ചുവന്നു തുടുത്തു. നിഫ്റ്റി ബാങ്ക് 8 ശതമാനം, റിയല്‍റ്റി 9.6 ശതമാനം, പി.എസ്.യു ബാങ്ക് 15 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 11.8 ശതമാനം, മെറ്റല്‍ 10.6 ശതമാനം എന്നിങ്ങനെയാണ് ഇടിവ്. സ്‌മോള്‍ക്യാപ് മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 8.2 ശതമാനം, 7.9 ശതമാനം താഴ്ന്നു.
ബി.എസ്.ഇയില്‍ ഇന്ന് 3,934 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ വെറും 488 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്. 3,349 ഓഹരികളും നഷ്ടത്തിലായി. 97 ഓഹരികളുടെ വില മാറിയില്ല. 139 ഓഹരികളില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 292 ഓഹരികള്‍ താഴ്ന്ന വിലയും. ഇന്ന് 12 ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടടിച്ചത്. 2 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി.
നിഫ്റ്റി ബാങ്ക് സൂചികയിന്ന് 5,000 പോയിന്റ് ഇടിഞ്ഞു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ വന്‍ ഓഹരികളെല്ലാം മൂക്കുകുത്തി. പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഇന്ന് 19 ശതമാനം വരെ താഴക്ക് പോയി. ഇന്നലത്തെ ഓഹരിയുടെ ഉയര്‍ച്ചയില്‍ എട്ട് ലക്ഷം കോടി രൂപ പിന്നിട്ട ബാങ്കിന്റെ വിപണി മൂല്യം ഇന്ന് 7 ലക്ഷത്തിലേക്ക് താഴ്ന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി 1,454 രൂപയിലേക്ക് താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഓഹരികള്‍ 9.2 ശതമാനമാണ് ഇടിഞ്ഞത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ 20 ശതമാനം വീതം നഷ്ടത്തിലായി. ബന്ധന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ 12 ശതമാനത്തിനും നാല് ശതമാനത്തിനുമിടയില്‍ വീണു.
ഒഴുക്കിൽ അദാനിയും റിലയൻസും
ബി.ജെ.പിയുമായുള്ള വലിയ ചങ്ങാത്തം ആരോപിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് ഇന്ന് വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടത്. 10 മുതല്‍ 21 ശതമാനം വരെ ഇടിവാണ് വിവിധ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. 3.64 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തില്‍ നിന്ന് ഇന്ന് ഒഴുകിപ്പോയി.
എന്‍.ടി.പി.സി, എല്‍ ആന്‍ഡ് ടി, പവര്‍ ഗ്രിഡ് എന്നിവയും 12 മുതല്‍ 15 ശതമാനം വരെ ഇടിഞ്ഞു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
റിലയന്‍സ് ഓഹരി ഇന്ന് 9.6 ശതമാനം വരെ താഴ്ന്നപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.67 ലക്ഷം കോടി രൂപയാണ്. 20.44 ലക്ഷം കോടി രൂപയില്‍ നിന്ന് കമ്പനിയുടെ വിപണി മൂല്യം ഇന്ന് 18.50 ലക്ഷം കോടിയായി കുറഞ്ഞു.
പൊതുമേഖ ഓഹരികളില്‍ ആര്‍.ഇ.സി, പി.എഫ്.സി, കോണ്‍കോര്‍, ഭെല്‍ തുടങ്ങി പലതും 24 ശതമാനം വരെ നഷ്ടമുണ്ടാക്കി.
ആര്‍.ഇ.സിയാണ് നിഫ്റ്റി 200ലെ ഏറ്റവും വലിയ വീഴ്ച രേഖപ്പെടുത്തിയത്. 24.07 ശതമാനം ഇടിഞ്ഞ ഓഹരി വില 604.50 രൂപയില്‍ നിന്ന് 459 രൂപയിലെത്തി. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 21.62 ശതമാനം ഇടിവുമായി തൊട്ടു പിന്നിലുണ്ട്. നിഫ്റ്റി 200ല്‍ കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ അഞ്ച് കമ്പനികളില്‍ മൂന്നും അദാനി കമ്പനികളാണ്. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 21.40 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനം അദാനി ഗ്രീന്‍ എനര്‍ജി 19.43 ശതമാനം എന്നിങ്ങനെയാണ് ഇടിവ്.
കനലായി ഇവർ
എഫ്.എം.സി.ജി മേഖലയില്‍ നിന്നുള്ള ഡാബര്‍ ഇന്ത്യ (6.46 ശതമാനം), ഹിന്ദുസ്ഥാന്‍ യൂണിലീവർ (5.78 ശതമാനം), കോള്‍ഗേറ്റ് പാമോലീവ് (4.53 ശതമാനം), ഡിമാര്‍ട്ട് (4.04 ശതമാനം) ബ്രിട്ടാനിയ (3.33 ശതമാനം) എന്നിവയാണ് ഇന്ന് വിപണിയിലെ വന്‍വീഴ്ചയ്ക്കിടയിലും നിഫ്റ്റി 200ലെ ഏറ്റവും വലിയ നേട്ടക്കാരായി മാറിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
ഒഴുക്കിൽപ്പെട്ട് കേരളം കമ്പനികളും
കേരളക്കമ്പനികളില്‍ ഇന്ന് വെറും രണ്ട് ഓഹരികള്‍ മാത്രമാണ് പച്ചതൊട്ടത്. വിപണിയുടെ താഴേക്കുള്ള കുത്തൊഴിക്കില്‍ പിടിച്ചു നില്‍ക്കാനാകാതെ ബാക്കി ഓഹരികളെല്ലാം ചോരപ്പുഴയില്‍ വീണു. 2.58 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്‌സും 4.95 ശതമാനം നേട്ടവുമായി യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സുമാണ് ഒഴുക്കിനെതിരെ പിടിച്ചു നിന്നത്. സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസിന്റെ ഓഹരി വിലയിലിന്ന് മാറ്റമുണ്ടായില്ല.
കേരളകമ്പനികളുടെ ഓഹരികളിലെ മിക്കവയുടേയും നഷ്ടം അത്ര ചെറുതല്ല. 11 ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലാണ് ഭൂരിഭാഗം കമ്പനികളുടേയും വീഴ്ച. 11 ശതമാനത്തിലധികം ഇടിവുമായി ജിയോജിത്തും സ്‌കൂബി ഡേ ഗാര്‍മെന്റ്‌സുമാണ് ഇന്ന് നഷ്ടക്കണക്കിൽ മുന്നിലെത്തിയ കേരളകമ്പനികള്‍. പത്ത് ശതമാനം ഇടിവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തൊട്ടു പിന്നിലുണ്ട്. കമ്പനിയുടെ ഓഹരി വില 2013 രൂപയില്‍ നിന്ന് 1,811.7 രൂപയിലേക്കെത്തി. പത്ത് ശതമാനം ലോവര്‍സര്‍ക്യൂട്ടിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചതും. ഫാക്ട് ഓഹരി 9.53 ശതമാനം, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 7.32 ശതമാനം, എ.വി.ടി നാച്വറല്‍സ് 6.38 ശതമാനം, ഹാരിസണ്‍സ് മലയാളം 6.07 ശതമാനം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്.
ധനകാര്യ ഓഹരികളില്‍ എട്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്കാണ് നഷ്ടത്തിന് ചുക്കാൻ പിടിച്ചത്. 5.69 ശതമാനം നഷ്ടവുമായി ഫെഡറല്‍ ബാങ്ക് തൊട്ടു പിന്നിലുണ്ട്. സി.എസ്.ബി ബാങ്കും ധനലക്ഷ്മി ബാങ്കും നാല് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് എന്നീ ഓഹരികളും മൂന്ന് ശതമാനത്തിനു മുകളില്‍ ഇടിഞ്ഞു.