തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും നേട്ടത്തോടെ ഓഹരി വിപണി. ഫാര്‍മ, എഫ്.എം.സി.ജി ഓഹരികളിലും ചില ഐ.ടി ഓഹരികളിലുമുണ്ടായ കുതിപ്പാണ് വിപണിയെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്. ആഭ്യന്തര ഫണ്ടുകള്‍ രണ്ടു ദിവസമായി ശക്തമായ വാങ്ങല്‍ നടത്തുന്നതും വിപണിയെ സഹായിച്ചു. ഒരുവേള 200 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് 65,601 പോയിന്റ് വരെ താഴേക്ക് പോയെങ്കിലും ഇന്‍ഡെക്‌സിലെ പ്രധാന ഓഹരികളായ റിലയന്‍സിന്റേയും മെറ്റല്‍ ഓഹരികളുടേയും പിന്‍ബലത്തില്‍ 65,832 പോയിന്റിലേക്ക് ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 152 പോയിന്റ് ഉയര്‍ന്ന് 65,780ലാണ് സെന്‍സെക്‌സുള്ളത്. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലെ സെന്‍സെക്‌സിന്റെ നേട്ടം 949 പോയിന്റാണ്. നിഫ്റ്റി ഇന്ന് 19587 വരെ ഉയര്‍ന്ന ശേഷം 46 പോയിന്റ് നേട്ടവുമായി 19,575ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപ ഇന്ന് ഡോളറിനെതിരെ 35 പൈസ ഇടിഞ്ഞ് 83.06 ലെത്തി.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ രണ്ട് ശതമാനം ഉയര്‍ന്നത് സണ്‍ഫാര്‍മയാണ്. ഐ.ടി.സി, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, നെസ്ലെ, ഇന്‍ഫോസിസ്, എല്‍ & ടി എന്നിവ ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. അതേസമയം, അള്‍ട്ര ടെക് സിമന്റ്, മാരുതി എന്നിവയാണ് നഷ്ടമുണ്ടാക്കിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റി മിഡ് ക്യാപ് സൂചിക ഇന്ന് 40,000 പിന്നിട്ടു. സ്‌മോള്‍, മിഡ് ക്യാപ് സൂചിക ഇന്ന് ഒരു ശതമാനത്തോളം ഉയര്‍ന്ന് ബ്ലൂ ചിപ് ഓഹരികളെ മറികടന്നു. 2023ല്‍ ഇതു വരെ സ്‌മോള്‍, മിഡ് ക്യാപ് സൂചികകള്‍ യഥാക്രമം 29%, 27% ഉയര്‍ച്ച നേടിയിട്ടുണ്ട്. നിഫ്റ്റി ഇക്കാലയളവില്‍ 8.13 ശതമാനമാണ് ഉയര്‍ന്നത്.
ഇന്ന് 2,150 ഓഹരികള്‍ നേട്ടത്തിലും 1,525 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റിയില്‍ 33 ഓഹരികള്‍ പച്ചതൊട്ടപ്പോള്‍ 17 ഓഹരികള്‍ നഷ്ടം കുറിച്ചു. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് നിഫ്റ്റി ഇന്‍ഡെക്‌സില്‍ നേട്ടമുണ്ടാക്കിയവര്‍. അള്‍ട്രാ ടെക് സിമന്റ്, ഡോ റെഡ്ഡീസ് ലാബോറട്ടറീസ്, എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
എം.എം.ടി.സി 20% ഉയര്‍ന്നു
പൊതുമേഖലാ സ്ഥാപനമായ എം.എം.ടി.സി ഓഹരികള്‍ ഇന്ന് 20 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) എട്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഒരുവേള 14 ശതമാനം വരെ ഉയര്‍ന്ന ഓഹരി 75.72 രൂപ വരെ എത്തിയിരുന്നു. ജൂലൈ മുതല്‍ ഓഹരി 134 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ദേവയാനി ഇന്റര്‍നാഷണല്‍, ട്രൈഡന്റ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200 ല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ
ടെക്‌സ്റ്റൈല്‍ നിര്‍മാതാക്കളായ റെയ്മണ്ടിന്റെ ഓഹരികള്‍ ഇന്ന് 9.7 ശതമാനം വരെ ഉയര്‍ന്നു. മികച്ച വളര്‍ച്ചാ സാധ്യത കണക്കാക്കി ബ്രോക്കറേജ് സ്ഥാപനങ്ങളായ മോട്ടിലാല്‍ ഒസ്‌വാളും ജെഫെറീസും 'ബൈ' സ്റ്റാറ്റസ് നല്‍കിയതാണ് ഓഹരിയില്‍ ഉയര്‍ച്ചയുണ്ടാക്കിയത്.
നഷ്ടത്തിലിവര്‍
യെസ് ബാങ്ക്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ്, സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, ഡെല്‍ഹിവെറി, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയവര്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
ഇന്നും തിളങ്ങി കിംഗ്‌സ് ഇന്‍ഫ്ര
കേരള കമ്പനികളില്‍ ഇന്നും തിളക്കം നിലനിര്‍ത്തി കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്. വനാമി ചെമ്മീന്‍ കയറ്റുമതിക്കായി അമേരിക്കന്‍ സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചതാണ് ഓഹരികളില്‍ ഇന്നും മുന്നേറ്റത്തിനിടയാക്കിയത്. അപ്പര്‍ സര്‍കീട്ടിലേക്ക് പോയ ഓഹരി 4.97 ശതമാനം ഉയര്‍ന്ന് 145.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന ആസ്പിന്‍വാള്‍ ഓഹരിയാണ് കേരള കമ്പനികളില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ ഇന്‍ഡസ്ട്രീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയാണ് വില ഉയര്‍ന്ന മറ്റ് കേരള കമ്പനി ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് എന്നിവ ഇന്ന് അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, ബി.പി.എല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ മൂന്നു ശതമാനത്തിലധികവും നഷ്ടം രേഖപ്പെടുത്തി.