റിസര്‍വ് ബാങ്ക് പണ നയം കാത്ത് വിപണി, ബുധനാഴ്ച നഷ്ടക്കച്ചവടം! കത്തിക്കയറി ധനലക്ഷ്മി ബാങ്കും സ്‌കൂബീ ഡേയും

രാജ്യത്ത് ഉപഭോഗം കൂട്ടാനായി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്നാണ് പ്രതീക്ഷ.
stock market closing points
canva, NSE, BSE
Published on

യു.എസ് - ചൈന വ്യാപാര യുദ്ധം കനക്കുമെന്ന ഭയവും ഹെവിവെയ്റ്റ് ഓഹരികളുടെ മോശം പ്രകടനവും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് നഷ്ടത്തിലാക്കി. റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റിയുടെ യോഗം ഇന്ന് തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച റിപ്പോ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതും നിക്ഷേപകരുടെ ആശങ്കക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

പ്രധാന സൂചികയായ സെന്‍സെക്സ് 0.40 ശതമാനം ഇടിഞ്ഞ് 78,271.28 എന്ന നിലയിലാണ്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ 30 ഓഹരികളില്‍ 19 എണ്ണവും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റിയാകട്ടെ 0.18 ശതമാനം ഇടിഞ്ഞ് 23,696 എന്ന നിലയിലെത്തി.

റിപ്പോ നിരക്ക് കുറക്കുമെന്ന് പ്രതീക്ഷ

അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴത്തെ പണനയ കമ്മിറ്റിയുടെ യോഗത്തെ ശ്രദ്ധേയമാക്കുന്നത്. രാജ്യത്ത് ഉപഭോഗം കൂട്ടാനായി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്നാണ് പ്രതീക്ഷ. ഏപ്രിലിലും ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ പണനയ യോഗമാണിത്. തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

രൂപ വീണ്ടും സര്‍വകാല ഇടിവില്‍

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്ന് റെക്കോഡ് ഇടിവിലെത്തി. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ ഇന്ന് 87.46 രൂപ നല്‍കേണ്ട അവസ്ഥയാണ്.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയിലേക്ക് വന്നാല്‍ നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് പച്ചകത്തി. 1.79 ശതമാനം ഉയര്‍ന്ന നിഫ്റ്റി മീഡിയയാണ് മുന്നില്‍. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, എനര്‍ജി, പി.എസ്.യു ബാങ്ക് എന്നീ സൂചികകള്‍ ഒരു ശതമാനത്തിന് മുകളിലെത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ് ഇന്‍ഡെക്‌സ് 1.58 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.68 ശതമാനവും ഉയര്‍ന്നു.

നേട്ടത്തിലായവർ
നേട്ടത്തിലായവർ

ലാഭവും നഷ്ടവും

ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ക്ക് ഇന്ന് പൊതുവേ നല്ല ദിവസമായിരുന്നു. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.46 ശതമാനം ഉയര്‍ന്നു. ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, ഇന്ദപ്രസ്ഥ ഗ്യാസ്, ജെ.എസ്.ഡബ്ല്യൂ എന്നീ കമ്പനികള്‍ ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തി. ബംഗളൂരു ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ ലിമിറ്റഡും മികച്ച പ്രകടനമാണ് ഇന്ന് കാഴ്ച വച്ചത്.

നഷ്ടത്തിലായവർ
നഷ്ടത്തിലായവർ

മുംബയ് ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനി ഗോദ്‌റേജ് പ്രോപര്‍ട്ടീസാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ആദ്യമുള്ളത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് ബയ് റേറ്റിംഗ് നിലനിറുത്തിയെങ്കിലും ലക്ഷ്യവില കുറച്ചതാണ് ഗോദ്‌റേജിന് പണിയായത്. മൂന്നാം പാദത്തിലെ മോശം പ്രകടനം എഞ്ചിനീയറിംഗ് നിര്‍മാണ കമ്പനിയായ ടൂബ് ഇന്‍വെസ്റ്റ്‌മെന്റിനും വിനയായി. മോത്തിലാല്‍ ഓസ്‌വാള്‍ ഉള്‍പ്പെടെയുള്ള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബയ് റേറ്റിംഗ് നല്‍കിയെങ്കിലും ഓഹരി വില ഇന്നും താഴെപ്പോയി. ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ് എന്നിവരും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

ധനലക്ഷ്മി ബാങ്കും സ്‌കൂബീഡേയും അപ്പര്‍ സര്‍ക്യൂട്ടില്‍

മൂന്നാം പാദത്തില്‍ 19.5 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയതോടെ ഓഹരി വില കുതിച്ചുയര്‍ന്ന ധനലക്ഷ്മി ബാങ്ക് ഓഹരികളായിരുന്നു കേരള കമ്പനികളിലെ ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. മറ്റൊരു കേരള കമ്പനിയായ സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സും ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ബി.പി.എല്‍, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്ര, കെ.എസ്.ഇ, പ്രൈമ അഗ്രോ, സഫാ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, ടോളിന്‍സ് ടയേഴ്‌സ് എന്നീ കമ്പനികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

അതേസമയം, ലോവര്‍ സര്‍ക്യൂട്ടിലെത്തിയ പോപ്പീസ് കെയര്‍ ഓഹരികളാണ് കേരള കമ്പനികളിലെ ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. പ്രൈമ ഇന്‍ഡസ്ട്രീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കേരള ആയുര്‍വേദ, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, സെല്ല സ്‌പേസ്, ആഡ്‌ടെക് സിസ്റ്റംസ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com