
ഇന്നലത്തെ ഫലപ്രഖ്യാപന പേമാരിയില്‍ കുത്തിയൊലിച്ചുപോയ നേട്ടം തിരികെ പിടിക്കാനുള്ള വിപണിയുടെ ശ്രമം ഒടുവില്‍ വിജയം കണ്ടു. സെന്‍സെക്‌സും നിഫ്റ്റിയും ഗംഭീര തിരിച്ചുവരവ് നടത്തി നിക്ഷേപകര്‍ക്ക് വലിയ ആശ്വാസം നല്‍കി. സെന്‍സെക്‌സ് 2,303.19 പോയിന്റ് (3.20 ശതമാനം) ഉയര്‍ന്ന് 78,382.24ലും നിഫ്റ്റി 735.80 പോയിന്റ് (3.36 ശതമാനം) ഉയര്‍ന്ന് 22,620.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒറ്റയ്ക്ക് ഭരണത്തിലേറാനുള്ള ഭൂരിപക്ഷമില്ലെങ്കിലും തെലുങ്കുദേശം പാര്‍ട്ടിയുടെയും ജനതാദളിന്റെയും പിന്തുണയോടെ മൂന്നാമതും നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന സൂചനകളാണ് വിപണിയെ തളര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെണീപ്പിച്ചത്.
ഇന്നലത്തെ ഇടിവ് നിക്ഷേപകര്‍ക്ക് മികച്ച ഓഹരികള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നല്‍കിയത്. കാരണം മികച്ച സാമ്പത്തിക രാഷ്ട്രീയ അടിത്തറയുള്ളതിനാല്‍ ഇന്ത്യന്‍ വിപണിയുടെ മധ്യ-ദീര്‍ഘ വീക്ഷണം അനുകൂലമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
രൂപയിന്ന് ഡോളറിനെതിരെ 0.2 ശതമാനം നേട്ടത്തോടെ 83.37ലെത്തി. റിസര്‍വ് ബാങ്കിന്റെ ഇടപെടലും വിദേശ ബാങ്കുകളുടെ ഡോളര്‍ വില്‍പ്പനയുമാണ് രൂപയ്ക്ക് തുണയായത്.
എന്‍.എസ്.ഇയിലെ ഇടപാടുകള്‍ ഇന്ന് ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 1,972 കോടിയുടെ ഇടപാടാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള റെക്കോഡാണിത്.
വിവിധ വിഭാഗങ്ങളുടെ പ്രകടനം
എന്‍.എസ്.ഇയില്‍ എല്ലാ സെക്ടറല്‍ സൂചികകളും മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റല്‍, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഇന്ന് അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്.എം.സി.ജി സൂചികകള്‍ നാല് ശതമാനത്തിലധികം മുന്നേറി. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 4.30 ശതമാനം, 3.81 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിക്‌സ് 29 ശതമാനം ഉയര്‍ന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റി ബാങ്ക് സൂചിക കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ബന്ധന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയിലെ മികച്ച റാലിയാണ് ഇതിന് സഹായകമായത്.
ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, പി.എന്‍.ബി, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവ നാല് ശതമാനത്തോളം മുന്നേറി. എസ്.ബി.ഐ രണ്ട് ശതമാനത്തോളവും.
ബി.എസ്.ഇയിലിന്ന് മൊത്തം 3,918 കമ്പനികള്‍ വ്യാപാരം നടത്തിയതില്‍ 2,560 ഓഹരികളും നേട്ടത്തിലായിരുന്നു. 1,261 ഓഹരികള്‍ വിലയിടിവ് നേരിട്ടു. 97 ഓഹരികളുടെ വില മാറിയില്ല.
വലിയ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പണനയത്തിലാണ് ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ. ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് തുടങ്ങും. ജൂണ്‍ ഏഴിന് തീരുമാനമറിയാം. റിപ്പോ നിരക്കിലും മറ്റു നയങ്ങളിലും മാറ്റം വരുത്താതെ തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കയറിയും ഇറങ്ങിയും
ഇന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ് മോട്ടോര്‍ കമ്പനി, ബ്രിട്ടാനിയ, ഡാബര്‍, കോള്‍ഗേറ്റ് പാമോലിവ്, ഗേദ്‌റേജ് കണ്‍സ്യൂമര്‍, മാരികോ അടക്കം 117 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 110 കമ്പനികള്‍ താഴ്ന്ന വിലയും. ഇന്ന് ഒറ്റ ഓഹരിയും അപ്പര്‍സര്‍ക്യൂട്ടിലെത്തിയില്ല. ലോവര്‍സര്‍ക്യൂട്ടില്‍ രണ്ട് ഓഹരികളുണ്ടായിരുന്നു.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 395 ലക്ഷം കോടി രൂപയില്‍ നിന്ന് 408 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റവ്യാപാരദിനത്തില്‍ നിക്ഷേപകരുടെ സമ്പത്ത് 13 ലക്ഷം കോടി രൂപ വര്‍ധിച്ചു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിലെ മുഖ്യ നേട്ടക്കാര്‍. എല്‍ ആന്‍ഡ് ടി മാത്രമാണ് ഇന്ന് സൂചികയില്‍ നഷ്ടം രേഖപ്പെടുത്തിയത്.
വോഡഫോണ്‍ ഐഡിയ, ആദിത്യ ബിര്‍ള ഫാഷന്‍ റീറ്റെയില്‍, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയാണ് ഇന്ന് നിഫ്റ്റി 200ലെ ആദ്യ അഞ്ചിലെത്തിയത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ 17 ശതമാനം ഇടിഞ്ഞ വോഡഫോണ്‍ ഐഡിയ ഇന്ന് 12 ശതമാനം ഉയര്‍ന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചു പൂട്ടലിലേക്ക് നീങ്ങിയ വോഡഫോണ്‍ ഐഡിയയ്ക്ക് രക്ഷാപാക്കേജ് നല്‍കി നിലനിറുത്തിയത് മോദി സര്‍ക്കാരാണ്. സര്‍ക്കാര്‍ ഓഹരിയേറ്റെടുത്തുകൊണ്ട് കമ്പനിയുടെ സ്‌പെക്ട്രം തുകയും എ.ജി.ആര്‍ തുകയും സെറ്റില്‍ ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയുടെ മുന്നോട്ടുള്ള പോക്കും സര്‍ക്കാരിനെ ആശ്രയിച്ചതാണെന്നതിനാല്‍ മോദിയുടെ തിരിച്ചു വരവ് ഓഹരിയെ ഉണര്‍ത്തി.
ഇന്നലെ വലിയ നഷ്ടം രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പിലെ 10 ഓഹരികളില്‍ ഒമ്പതും ഇന്ന് തിരിച്ചു കയറി. അദാനി ഗ്രീന്‍ എനര്‍ജി 11.01 ശതമാനം, അദാനി പോര്‍ട്‌സ് 8.59 ശതമാനം, അംബുജ സിമന്റ്‌സ്, 7.47 ശതമാനം, അദാനി എന്റര്‍പ്രൈസസ് 6.02 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. എ.സി.സി, എന്‍.ഡി.ടി.വി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ 5 ശതമാനത്തിനും 2 ശതമാനത്തിനുമിടയില്‍ നേട്ടമുണ്ടാക്കി. അദാനി വില്‍മര്‍, അദാനി പവര്‍ എന്നിവ നേരിയ നേട്ടത്തിലായിരുന്നു. അദാനി എനര്‍ജി മാത്രമാണ് താഴ്ചയിലായത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവ
ഭാരത് ഡൈനാമിക്‌സ്, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, ഓയില്‍ ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ നഷ്ടക്കണക്കില്‍ ആദ്യ പേരുകള്‍ എഴുതിചേര്‍ത്തത്.
കരകയറാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
കേരള കമ്പനികളില്‍ ഇന്ന് വിരലിലെണ്ണാവുന്ന ഓഹരികള്‍ മാത്രമാണ് നഷ്ടത്തിന്റെ രുചിയറിഞ്ഞത്. ബാക്കി ഓഹരികളെല്ലാം വിപണിയുടെ പൊതു ട്രെന്‍ഡിനൊപ്പം നീങ്ങി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ ഓഹരി 10 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി. വ്യാപാരാന്ത്യത്തില്‍ ഏഴ് ശതമാനം ഇടിഞ്ഞ് 1,684.80 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുള്ളത്. ഇന്നലെ മിക്ക പ്രതിരോധ ഓഹരികളും 20 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുടെ ലോവര്‍ സര്‍ക്യൂട്ട് 10 ശതമാനമായതിനാല്‍ നഷ്ടം കുറവായിരുന്നു. അതാണ് ഇന്നും ഓഹരി ഇടിയാന്‍ കാരണം.
ബി.ജെ.പി.ക്ക് തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതായത് പൊതുമേഖയിലെ പരിഷ്‌കരണ നയങ്ങളുടെ തുടര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്ക ഈ മേഖലയിലെ ഓഹരികളില്‍ മൊത്തത്തില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയാക്കിയിരുന്നു. ഇതാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിലയിടിവിനും കാരണമായത്. ദി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവയും 4 ശതമാനത്തിനും 2 ശതമാനത്തിനുമിടയില്‍ നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 10 ശതമാനം നേട്ടവുമായി കേരളക്കമ്പനി ഓഹരികളില്‍ മുന്നിലെത്തി. സെറ്റെല്‍ ഹോള്‍ഡിംഗ്‌സ് (8ശതമാനം), പ്രൈമ അഗ്രോ (7.95 ശതമാനം), എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ് (7.52 ശതമാനം), ഫെഡറല്‍ ബാങ്ക് (7.34 ശതമാനം) എന്നിവയാണ് നേട്ടത്തില്‍ ആദ്യ അഞ്ചിലെത്തിയ മറ്റ് ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine