sensex nifty table

പച്ചപ്പ് കാത്ത് സൂക്ഷിച്ച് ഓഹരി സൂചികകള്‍, നാറ്റോ നീക്കത്തില്‍ 13% കുതിച്ചുയര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, പോപ്പീസിന് ഇന്നും വീഴ്ച

നിഫ്റ്റി മിഡ്ക്യാപ് 0.06 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.96 ശതമാനവും നേട്ടം രേഖപ്പെടുത്തി
Published on

വന്യമായ ചാഞ്ചാട്ടത്തിനൊടുവില്‍ വ്യാപാരാന്ത്യത്തില്‍ പച്ച്പ്പ് നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 443.79 പോയിന്റ് ഉയര്‍ന്ന് 81,442ലും നിഫ്റ്റി 130 പോയിന്റ് ഉയര്‍ന്ന് 24,750ലും വ്യാപാരം അവസാനിപ്പിച്ചു.

വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് 0.06 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.96 ശതമാനവും നേട്ടം രേഖപ്പെടുത്തി.

റിയല്‍റ്റി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സൂചികകളാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍. പി.എസ്.യു ബാങ്ക്, മീഡിയ, ഓട്ടോ സൂചികകള്‍ നഷ്ടത്തിലായി.

Nifty Indices
നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

രാവിലെ ആഗോള വിപണികളില്‍ നിന്ന് പോസിറ്റീവായ വാര്‍ത്തകളൊന്നും ഉണ്ടാകാതിരുന്നത് വിപണിയെ തളര്‍ത്തി. പിന്നീട് കാര്യമായ തിരിച്ചു വരവ് നടത്തിയെങ്കിലും ലാഭമെടുക്കലില്‍ നേട്ടം കുറെ നഷ്ടമാക്കുകയായിരുന്നു. നാളെ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ എം.പി.സി മീറ്റിംഗിലാണ് വിപണിയുടെ ശ്രദ്ധ. പലിശ കാല്‍ ശതമാനം കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ മേഖല.

ഓഹരികളുടെ കുതിപ്പും കിതപ്പും

നാറ്റോ അംഗങ്ങള്‍ പ്രതിരോധ മേഖലയിലെ ചെലവഴിക്കല്‍ കൂട്ടണമെന്ന നാറ്റോ യോഗത്തിലെ യു.എസ് ഡിഫന്‍സ് സെക്രട്ടറിയുടെ പ്രസ്താവന ഇന്ന് പ്രതിരോധ മേഖലയിലെ ഓഹരികളെ വലിയ മുന്നേറ്റത്തിലാക്കി. ജി.ഡിപിയുടെ 5 ശതമാനം വരെ നീക്കിവയ്ക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഈ പ്രസ്താവന. നാറ്റോയുടെ നേരത്തെയുള്ള തീരുമാനപ്രകാരം ഇത്‌ രണ്ട് ശതമാനം ആയിരുന്നു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഒറ്റയടിക്ക് 13 ശതമാനത്തോളമാണ് ഉയര്‍ന്നത്. അവസാന മൂന്ന് വ്യാപാര ദിനത്തില്‍ 20 ശതമാനമാണ് ഓഹരി മുന്നേറിയത്.

മറ്റ് പ്രതിരോധ ഓഹരികളായ ഡാറ്റ പാറ്റേണ്‍സ്, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ്, MIDHINI എന്നിവ മൂന്ന് മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്നു.

എറ്റേണല്‍ (സൊമാറ്റോ), പവര്‍ഗ്രിഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക്, സണ്‍ഫാര്‍മ എന്നിവ 4.5 ശതമാനം വരെ ഉയര്‍ന്നു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി എന്നിവ സെന്‍സെക്‌സിനെ താഴേക്ക് വലിച്ചു.

2,300 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടിയ ബെല്‍ ഓഹരികള്‍ ഒരു ശതമാനം ഉയര്‍ന്നു.

മേയില്‍ മികച്ച ബിസിനസ് വളര്‍ച്ച പുറത്തുവിട്ടത് ഏയ്ഞ്ചല്‍ വണ്‍ ഓഹരികളെ അഞ്ച് ശതമാനം മുന്നേറ്റത്തിലാക്കി.

എച്ച്.എസ്.ബി.സിയില്‍ നിന്ന് 'ബൈ' റേറ്റിംഗ് ലഭിച്ചത് ഡോ.റെഡ്ഡീസ് ഓഹരികളില്‍ മൂന്ന് ശതമാനം മുന്നേറ്റത്തിനിടയാക്കി.

വെള്ളി വില ആഗോള വിപണിയില്‍ പുതിയ റെക്കോഡിട്ടത് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികളെയും വ്യാപാരത്തിന്റെ അവസാന മണക്കൂറില്‍ മുന്നേറ്റത്തിലാക്കി.

ആലസ്യം തുടര്‍ന്ന് കേരള ഓഹരികള്‍

കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം തന്നെ ആലസ്യത്തിലായിരുന്നു. ബി.പി.എല്‍, സെല്ല സ്‌പേസ്, വെര്‍ട്ടെക്‌സ് എന്നിവ് രണ്ട് മുതല്‍ മൂന്നര ശതമാനം വരെ ഉയര്‍ന്നു.

Performance of Kerala stocks
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പോപ്പീസ് കെയറാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞു. കല്യാണ്‍, കിറ്റെക്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, കേരള ആയുര്‍വേദ തുടങ്ങിയവയും ഇന്ന് നഷ്ടത്തിലവസാനിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com