തുടക്കത്തിലെ നേട്ടം നിലനിറുത്താനാവാതെ വിപണി: സെന്‍സെക്‌സ് 151 പോയിന്റ് നഷ്ടത്തില്‍, നിഫ്റ്റി 25,210ന് താഴെ, സ്മാള്‍ക്യാപ് ഓഹരികള്‍ക്ക് നേട്ടം

അമേരിക്കന്‍ വിപണിയിലെ മാന്ദ്യഭീതി ഒഴിഞ്ഞതിന്റെ ആവേശമുണ്ടാകുമെന്ന് കരുതിയ ഇന്ത്യന്‍ വിപണി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ റാലിക്ക് ശേഷം വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യു.എസ്, ചൈനീസ് വിപണികളിലെ മാന്ദ്യഭീതി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയാണിതെന്നും വിദഗ്ധര്‍ പറയുന്നു. രാവിലെ മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നഷ്ടത്തിലേക്ക് മാറുകയായിരുന്നു.
വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 151.48 പോയിന്റുകള്‍ ഇടിഞ്ഞ് 82,201.16 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗില്‍ നിന്നും 0.18 ശതമാനം നഷ്ടം. നിഫ്റ്റി 53.60 പോയിന്റുകള്‍ ഇടിഞ്ഞ് 25,145.10 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്, കഴിഞ്ഞ ദിവസത്തേക്കാള്‍ 0.21 ശതമാനം നഷ്ടം. 14 ദിവസത്തെ മുന്നേറ്റത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നിഫ്റ്റി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സിലെ 30ല്‍ 20 ഓഹരികളും നഷ്ടത്തിലായി. ടൈറ്റന്‍, ഐ.ടിസി, ഇന്‍ഫോസിസ്, എച്.സി.എല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവരുടെ ബലത്തിലാണ് സെന്‍സെക്‌സ് വലിയ നഷ്ടത്തിലേക്ക് പോകാതെ വ്യാപാരം നിറുത്തിയത്. റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ നഷ്ടത്തിലായി.
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡായ 83.9825 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് നടത്തിയ അടിയന്തര ഇടപെടലുകളാണ് രൂപയുടെ നഷ്ടം കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്മാള്‍ക്യാപ് സൂചികകള്‍ നേട്ടമുണ്ടാക്കി.
മിഡ്ക്യാപ് 0.38 ശതമാനവും സ്മാള്‍ക്യാപ് 1.03 ശതമാനവും വര്‍ധിച്ചു. നിഫ്റ്റി ബാങ്ക് (0.14 ശതമാനം), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.11 ശതമാനം), ഐ.ടി (0.46 ശതമാനം), മീഡിയ (0.81 ശതമാനം), മെറ്റല്‍ (0.30 ശതമാനം), പി.എസ്.യു ബാങ്ക് (0.32 ശതമാനം), പ്രൈവറ്റ് ബാങ്ക് (0.09 ശതമാനം), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.66 ശതമാനം) എന്നിവയും നേട്ടത്തിലായി. എന്നാല്‍ നിഫ്റ്റി ഓട്ടോ (-0.38 ശതമാനം), എഫ്.എം.സി.ജി (-0.07 ശതമാനം), ഫാര്‍മ (-0.12 ശതമാനം), റിയല്‍റ്റി (-0.97 ശതമാനം), ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് (0.09 ശതമാനം) ഓയില്‍ ആന്‍ഡ് ഗ്യാസ് (-0.38 ശതമാനം) എന്നീ ഓഹരി വിഭാഗങ്ങള്‍ നഷ്ടത്തിലാണ് അവസാനിപ്പിച്ചത്.

ബോണസ് ഓഹരി നല്‍കാന്‍ റിലയന്‍സ്

ഓഹരിയുടമകള്‍ക്ക് 1:1 ബോണസ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. റിലയന്‍സ് ഓഹരികള്‍ രാവിലെ ഉയര്‍ന്നെങ്കിലും വ്യാപാരാന്ത്യം 1.15 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്.

നേട്ടമുണ്ടാക്കി സൊമാറ്റോ

ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ ഓവര്‍വെയിറ്റ് റേറ്റിംഗ് നിലനിറുത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഓഹരികള്‍ നേട്ടത്തിലായി. 247.75 രൂപയില്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ച സൊമാറ്റോ ഓഹരികള്‍ ഇന്ന് 4.94 ശതമാനം വര്‍ധിച്ച് 254.95 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ ഓഹരി 40 ശതമാനം വരെ ഉയരാമെന്നാണ് ജെപി മോര്‍ഗന്റെ വിലയിരുത്തല്‍. ക്വിക്ക് കൊമേഴ്‌സ് ബിസിനസിലൂടെ സൊമാറ്റോ റീട്ടെയില്‍ രംഗത്ത് വലിയ വളര്‍ച്ച നേടുമെന്നാണ് പ്രവചനം. കമ്പനിയുടെ ഭാവി പദ്ധതികള്‍, മെട്രോ നഗരങ്ങളിലെ പ്രവര്‍ത്തനം, നവീന വിതരണ ശൃംഖല തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് വിലയിരുത്തല്‍.

ഇവരും നേട്ടമുണ്ടാക്കി

ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയാണ് ഇന്ന് വിപണിയിലെ താരമായത്. ബി.എസ്.ഇ ലിമിറ്റഡ് (4.44 ശതമാനം), ഇന്ത്യന്‍ ബാങ്ക് (4.23 ശതമാനം), കോഫോര്‍ജ് (3.61 ശതമാനം), ബോഷ് (3.41 ശതമാനം ) എന്നിവരും മികച്ച നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ നിന്നും ബൈ ബാക്ക് ചെയ്യാന്‍ തീരുമാനിച്ചതാണ് ബി.എസ്.ഇ ലിമിറ്റഡിന് അനുകൂലമായത്. 816-1080 രൂപ നിലവാരത്തില്‍ ആകെ ഷെയറുകളുടെ 2.56 ശതമാനമാണ് ഇങ്ങനെ വാങ്ങുന്നത്. ഇത് വിപണിയില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിച്ചതും അനുകൂല ഘടകമായി. കഴിഞ്ഞ പാദങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാളധികം സാമ്പത്തിക വളര്‍ച്ച നേടിയതിലൂടെ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിച്ചത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്കും നേട്ടമായി. ഹൈഗ്രോത്ത് ടെക് കമ്പനികളുടെ കൂട്ടത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കൊഫോര്‍ജ് (coforge) ലിമിറ്റഡിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് കമ്പനിക്ക് അനുകൂലമായത്. ഓട്ടോമോട്ടീവ് സെക്ടറില്‍ മികച്ച പ്രകടനം കാഴ്ച വച്ചതാണ് ബോഷിന്റെ ഓഹരി വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്.

നഷ്ടക്കണക്കില്‍ മുന്നില്‍ മസഗോണ്‍ ഡോക്ക്

1.44 ലക്ഷം കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മസഗോണ്‍ ഡോക്ക് അടക്കമുള്ള പ്രതിരോധ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നെങ്കിലും ഇന്ന് നഷ്ടത്തിലായി. 4,774.80 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ മസഗോണ്‍ ഡോക്ക് ഓഹരികള്‍ 4.52 ശതമാനം ഇടിഞ്ഞ് 4,559 രൂപയിലാണ് അവസാനിപ്പിച്ചത്. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്, ഓയില്‍ ഇന്ത്യ, ടോറന്റ് പവര്‍, ഡിക്‌സണ്‍ ടെക്‌നോളജീസ് എന്നിവയും നഷ്ടത്തിലാണ് അവസാനിച്ചത്.

മുത്തൂറ്റിന് നേട്ടം

കേരള കമ്പനികളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് 7.6 ശതമാനം നേട്ടത്തോടെ ലാഭക്കണക്കില്‍ മുന്നിലെത്തി. 346.95 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 373.50 രൂപയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 1.56 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഈസ്‌റ്റേണ്‍ ട്രേഡേഴ്‌സ് (5.72 ശതമാനം), ഹാരിസണ്‍ മലയാളം (4.07 ശതമാനം), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (5 ശതമാനം), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (3.15 ശതമാനം) എന്നിവരും മികച്ച നേട്ടമുണ്ടാക്കി.

അപ്പോളോ ടയേഴ്‌സ്, സെല്ല സ്‌പേസ്, ഫെഡറല്‍ ബാങ്ക്, ഫെര്‍ട്ടിലേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, നീറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പീസ് കെയര്‍, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, വണ്ടര്‍ലാ ഹോളീഡേയ്‌സ് എന്നിവരും നേട്ടക്കാരുടെ പട്ടികയിലാണ്.
ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസ് ഇന്ന് 4.41 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്. 170.58 രൂപയില്‍ നിന്ന് തുടങ്ങിയ വ്യാപാരം 163.05 രൂപയിലാണ് അവസാനിപ്പിച്ചത്. കെ.എസ്.ഇ 5.12 ശതമാനവും പ്രൈമ അഗ്രോ ഇന്‍ഡസ്ട്രീസ് 5.66 ശതമാനവും നഷ്ടത്തിലായി. കൊച്ചിന്‍ ഷിപ്പായാര്‍ഡ് (-0.93 ശതമാനം), ധനലക്ഷ്മി ബാങ്ക് (-1 ശതമാനം), കേരള ആയുര്‍വേദ (-1.59 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (-0.95 ശതമാനം), സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് (4.99 ശതമാനം) എന്നിവരാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ള മറ്റ് പ്രധാന കമ്പനികള്‍.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it