Begin typing your search above and press return to search.
റെക്കോഡ് തുടരുന്നു; നിഫ്റ്റി 19,500ല്‍ തൊട്ടു, ബി.എസ്.ഇയുടെ മൂല്യം ₹301 ലക്ഷം കോടി
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും റെക്കോഡ് കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികള്‍. സെന്‍സെക്‌സ് ഇന്ന് 339.60 പോയിന്റ് (0.52%) മുന്നേറി 65,785.64ലും നിഫ്റ്റി 98.80 പോയിന്റ് (0.51%) ഉയര്‍ന്ന് 19,497.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളുടെയും റെക്കോഡ് ക്ലോസിംഗ് പോയിന്റാണിത്.
അതേസമയം, ഇന്നൊരുവേള വ്യാപാരത്തിനിടെ സെന്‍സെക്‌സ് 65,832.98 വരെയും നിഫ്റ്റി 19,512 വരെയും മുന്നേറി ചരിത്രത്തിലെ ഏറ്റവും ഉയരവും തൊട്ടിരുന്നു. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.8 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 301.70 ലക്ഷം കോടി രൂപയിലുമെത്തി. ആദ്യമായാണ് മൂല്യം 300 ലക്ഷം കോടി കടന്ന് വ്യാപാരം പൂര്‍ത്തിയാക്കുന്നത്.
മൂല്യപ്രകാരം, ലോകത്തെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇപ്പോള്‍ ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ഹോങ്കോംഗ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഹോങ്കോംഗ് വിപണിയിലെ ചൈനീസ് കമ്പനികളെ മാറ്റിനിറുത്തിയാല്‍ ഇന്ത്യക്ക് നാലാംസ്ഥാനമുണ്ടെന്നും പറയാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നേട്ടത്തിലേറിയവര്‍
വീണ്ടും വഷളാകുന്ന അമേരിക്ക-ചൈന വ്യാപാരബന്ധം, പലിശനയം കൂടുതല്‍ കടുപ്പിക്കാനുള്ള അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നീക്കം എന്നിങ്ങനെ വെല്ലുവിളികള്‍ മൂലം പൊതുവേ ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സൂചികകളുടെ മുന്നേറ്റം. വിദേശ നിക്ഷേപകര്‍ മികച്ച പ്രതീക്ഷകളോടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും നേട്ടമാകുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി., ആക്‌സിസ് ബാങ്ക്, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ എന്നിവയ്ക്ക് ലഭിച്ച സ്വീകാര്യത ഇന്ന് സെന്‍സെക്‌സിനെ പുതിയ ഉയരത്തിലെത്തിച്ചു.
ഹിന്ദുസ്ഥാന്‍ സിങ്ക്, ടൊറന്റ് പവര്‍, യെസ് ബാങ്ക്, സണ്‍ ടിവി നെറ്റ്‌വര്‍ക്ക് എന്നിവയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ചത്.
52-ആഴ്ചയിലെ കുതിപ്പ്
സെന്‍സെക്‌സില്‍ 2,049 കമ്പനികള്‍ ഇന്ന് മുന്നേറി. 1,401 കമ്പനികള്‍ നഷ്ടം നേരിട്ടു. 146 കമ്പനികളുടെ ഓഹരി വില മാറിയില്ല. 232 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 22 കമ്പനികള്‍ താഴ്ചയിലുമായിരുന്നു. 12 കമ്പനികളുടെ വ്യാപാരം അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു; മൂന്ന് കമ്പനികളുടേത് ലോവര്‍ സര്‍ക്യൂട്ടിലും.
നിഫ്റ്റിയില്‍ എഫ്.എം.സി.ജി., ഐ.ടി എന്നിവയൊഴികെയുള്ള ഓഹരി സൂചികകള്‍ ഇന്ന് മുന്നേറി. റിയല്‍റ്റി ഓഹരികളുടെ കയറ്റം 2.25 ശതമാനമാണ്. ഓട്ടോ, മീഡിയ, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തിലധികം കുതിച്ചു. മൂലധന സമാഹരണത്തിനുള്ള നീക്കങ്ങളിന്മേലുള്ള എണ്ണ കമ്പനി ഓഹരികളുടെ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.80 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.97 ശതമാനവും നേട്ടത്തിലാണ്.
സംവര്‍ദ്ധന മദേഴ്‌സണ്‍, മാംഗ്ലൂര്‍ റിഫൈനറി, ടാറ്റാ മോട്ടോഴ്‌സ്, ജെ.കെ ടയര്‍, ഇന്റര്‍ഗ്ലോബ് (ഇന്‍ഡിഗോ) ഏവിയേഷന്‍, എച്ച്.പി.സി.എല്‍., ഡി.എല്‍.എഫ്., ബ്രിട്ടാനിയ എന്നിവ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലാണ്. മികച്ച ഡിമാന്‍ഡുണ്ടെന്ന റിപ്പോര്‍ട്ടുകളും വിലയിലെ ഉണര്‍വുമാണ് റിയല്‍റ്റി കമ്പനികള്‍ക്ക് നേട്ടമാകുന്നത്.
പുറവങ്കര ഓഹരി ഇന്ന് കുറിച്ചിട്ടത് 8 ശതമാനം വളർച്ച. ഡി.സി.ബി ബാങ്ക് ഓഹരി ഇന്ന് 6 ശതമാനം നേട്ടമുണ്ടാക്കി. ബാങ്കില്‍ ടാറ്റാ എ.എം.എസിക്ക് 7.5 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത് ഇതിന് വഴിയൊരുക്കി.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റി ഐ.ടി സൂചിക 0.12 ശതമാനവും എഫ്.എം.സി.ജി 0.02 ശതമാനവും താഴ്ചയിലാണുള്ളത്. ഐഷര്‍ മോട്ടോഴ്‌സ് 2.53 ശതമാനം ഇടിഞ്ഞു.
ഐഷറിന് കീഴിലെ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി കുറഞ്ഞ വിലയ്ക്ക് ഹീറോ മോട്ടോകോര്‍പ്പ് - ഹാര്‍ലി ഡേവിഡ്‌സണ്‍, ബജാജ് ഓട്ടോ-ട്രയംഫ് കൂട്ടുകെട്ടുകളില്‍ പുത്തന്‍ ബൈക്കുകള്‍ വിപണിയിലെത്തിയതാണ് തിരിച്ചടിയാകുന്നത്. ഇവയുടെ വരവ് എന്‍ഫീല്‍ഡിന്റെ വിപണിവിഹിതത്തെ ബാധിച്ചേക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.
ജിന്‍ഡാല്‍ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, മാരികോ, ഗോദ്‌റെജ് കണ്‍സ്യൂമര്‍ ഓഹരികളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. മാരുതി സുസുക്കി, എച്ച്.സി.എല്‍ ടെക്, ബജാജ് ഫൈനാന്‍സ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയും നഷ്ടം നേരിട്ടു.
കൊച്ചിന്‍ മിനറല്‍സും സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സും
കേരള ഓഹരികളില്‍ ഇന്ന് മിന്നിയത് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലും സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സുമാണ്. കൊച്ചിന്‍ മിനറല്‍സ് 7.94 ശതമാനവും സ്‌റ്റെല്‍ 8.74 ശതമാനവും ഉയര്‍ന്നു.
ഗള്‍ഫിലെ ബിസിനസ് വില്‍പന, ദുബൈയില്‍ പുതിയ ആശുപത്രി തുടങ്ങിയ വിഷയങ്ങളുണ്ടായിട്ടും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരി ഇന്ന് 1.11 ശതമാനം നഷ്ടത്തിലാണ്.
പ്രൈമ ആഗ്രോ 4.17 ശതമാനം, കല്യാണ്‍ ജുവലേഴ്‌സ് 3.54 ശതമാനം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 3.11 ശതമാനം, അപ്പോളോ ടയേഴ്‌സ് 3.47 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
Next Story
Videos