പ്രതീക്ഷയ്‌ക്കൊത്ത പണനയം, സൂചികകള്‍ നേട്ടത്തില്‍; കല്യാണ്‍ ഓഹരികള്‍ കുതിപ്പില്‍

വിപണി പ്രതീക്ഷിച്ച പോലെ പലിശ നിരക്കും വിലക്കയറ്റ പ്രതീക്ഷകളും ജി.ഡി.പി വളര്‍ച്ചാ നിഗമനവും മാറ്റം വരുത്താതെയുള്ള റിസര്‍വ് ബാങ്കിന്റെ പണനയം സൂചികകളെ ഉയര്‍ത്തി. സെന്‍സെക്‌സ് 364 പോയിന്റ് ഉയര്‍ന്ന് 65,996ലും നിഫ്റ്റി 108 പോയിന്റ് ഉയര്‍ന്ന് 19,654ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഐ.ടി.സി. യു.പി.എല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി ലൈഫ്, ടെക് എം, ടി.സി.എസ്, മാരുതി സുസുക്കി, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്റ്റിയില്‍ കുതിപ്പ് രേഖപ്പെടുത്തിയ പ്രമുഖ ഓഹരികള്‍. അതേ സമയം എച്ച്.യു.എല്‍, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, നെസ്‌ലെ തുടങ്ങിയവ ഇന്ന് നഷ്ടക്കയത്തില്‍പെട്ടു.

വിശാല വിപണികളും ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം ചലിച്ചു. ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.66%, 0.56% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി.
വിവിധ സെക്ടറുകളെടുത്താല്‍ നിഫ്റ്റി റിയല്‍റ്റി ഇന്ന് മൂന്ന് ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡെക്‌സ് ഒരു ശതമാനവും ഉയര്‍ച്ചയോടെ മുന്നില്‍ നിന്നു. മീഡിയ മാത്രമാണ് ഇന്ന് ചുവപ്പണിഞ്ഞത്.
റിസര്‍വ് ബാങ്ക് റീപോ നിരക്ക് 6.50 ശതമാനമായി തുടരും. വിലക്കയറ്റതോത് 5.4 ശതമാനവും വളര്‍ച്ചാ അനുമാനം 6.5 ശതമാനവുമായി നിലനിര്‍ത്തി. സെപ്റ്റംബറില്‍ പണപ്പെരുപ്പം കുറയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

ലേലത്തിലൂടെ ബോണ്ടുകൾ ഓപ്പൺ മാർക്കറ്റിൽ വിൽപ്പന നടത്താനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിന് പിന്നാലെ 10 വർഷ കാലാവധിയുള്ള ഗവൺമെന്റ് ബോണ്ടുകളുടെ നേട്ടം ഇന്ന് കുതിച്ചുയർന്നു. 14 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഒറ്റ ദിവസ നേട്ടമാണ് (Yield) ഇന്ന് രേഖപ്പെടുത്തിയത്.10 വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് വരുമാനം മാർച്ച് 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമായ 7.3412 ശതമാനത്തിൽ ക്ലോസ് ചെയ്തു. മുൻ സെഷനിൽ 7.2140 ശതമാനത്തിൽ ആയിരുന്നു ക്ലോസിംഗ്.

നേട്ടമുണ്ടാക്കിയവര്‍
ബി.എസ്.ഇയില്‍ 3,800 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,316 ഓഹരികള്‍ ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 1,330 ഓഹരികള്‍ നഷ്ടത്തിലായി. 154 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 260 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയരം തൊട്ടു. 23 ഓഹരികള്‍ താഴ്ചയും.

ബി.എസ്.ഇയുടെ മൂല്യം ഇന്ന് 319.9 ലക്ഷം കോടിയില്‍ നിന്ന് 317.8 ലക്ഷം കോടിയായി. നിക്ഷേപകര്‍ക്ക് ഇന്നത്തെ നേട്ടം 2.1 ലക്ഷം കോടിയായി.


ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ബജാജ് ഫിന്‍സെര്‍വ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, ഡി.എല്‍.എഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തിയ ഓഹരികള്‍.

നഷ്ടത്തിലേക്ക് വീണവര്‍

വോഡഫോണ്‍ ഐഡിയ, സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ഇന്‍ഡസ് ടവേഴ്‌സ്, ഡാല്‍മിയ ഭാരത് എന്നിവ ഇന്ന് നഷ്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ മുന്നിലെത്തി.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ


തങ്കത്തിളക്കത്തില്‍ കല്യാണ്‍
കല്യാണ്‍ ഓഹരികള്‍ ഇന്ന് റെക്കോഡിനരികെയാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാം പാദ ബിസിനസ് മികച്ചതാണെന്ന അപഡേറ്റുകള്‍ വന്നതോടെ ഓഹരികള്‍ 11 ശതമാനത്തോളം ഉയര്‍ന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും കമ്പനിയുടെ വരുമാനവും ഉപയോക്താക്കളുടെ എണ്ണവും മികച്ച വളര്‍ച്ച കാഴ്ചവയ്ക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 27 ശതമാനമാണ് വര്‍ധിച്ചത്.
കേരള ആയുര്‍വേദ ഓഹരികളും ഇന്ന് മുന്നേറ്റത്തിലായിരുന്നു. പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറായ പൊറിഞ്ചുവെളിയത്ത് ഓഹരിയിലെ പങ്കാളിത്തം 3.18 ശതമാനത്തില്‍ നിന്ന് 4.16 ശതമാനമാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ കുതിപ്പിലാണ് ഓഹരി. ഇന്ന് 4.97 ശതമാനം ഉയര്‍ന്ന് 167.80 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. എട്ട് ദിവസത്തിനിടയിലെ ഓഹരിയുടെ നേട്ടം 41 ശതമാനമാണ്.
പ്രൈമ അഗ്രോ ഓഹരി ഇന്ന് 5 ശതമാനത്തിനടുത്ത് ഉയര്‍ന്നു. ടി.സി.എം, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് എന്നിവയും നേട്ടക്കണക്കില്‍ മുന്നിലെത്തി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it