

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും വിപണിക്ക് ഇന്ന് ലാഭക്കച്ചവടം. പിഴച്ചുങ്കത്തിന്റെ നടുക്കത്തില്‍ നഷ്ടത്തിലായിരുന്നു വിപണിയുടെ തുടക്കം. ഒരു ശതമാനത്തോളം താഴ്ന്ന ശേഷം പിന്നീട് ചാഞ്ചാട്ടത്തിലുമായി. അവസാന മണിക്കൂറുകളില്‍ വാങ്ങല്‍ ശക്തമായതാണ് വിപണിക്ക് തുണയായത്.
മുഖ്യസൂചികയായ സെന്‍സെക്‌സ് 79.27 പോയിന്റുകള്‍ (0.10%) ഉയര്‍ന്ന് 80,396.79 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റിയാകട്ടെ 37.20 പോയിന്റുകള്‍ (0.15%) ഉയര്‍ന്ന് വ്യാപാരാന്ത്യം 24,574.20 എന്ന നിലയിലുമെത്തി. ഇരുസൂചികകളും ഇന്‍ട്രാഡേയിലെ താഴ്ച്ചയില്‍ നിന്നും 750-800 പോയിന്റുകള്‍ ഉയര്‍ന്ന് ശക്തമായി തിരിച്ചുവരുകയായിരുന്നു. ബാങ്കിംഗ്, ഐ.ടി ഓഹരികളില്‍ വാങ്ങല്‍ ശക്തമായതാണ് വിപണിയുടെ വീണ്ടെടുക്കലിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ തീരുവ ഐ.ടി മേഖലക്ക് ഗുണമാകുമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്.
വിശാല വിപണിയില്‍ നിഫ്റ്റി സ്മാള്‍ക്യാപ് 0.33 ശതമാനവും സ്‌മോള്‍ക്യാപ് 0.17 ശതമാനവും ഉയര്‍ന്നു. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി എന്നിവ ഒഴിച്ചുള്ള എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റി മീഡിയ, ഐ.ടി, ഫാര്‍മ എന്നിവ ശരാശരി ഒരു ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചികകളും ഇന്ന് മികച്ച നേട്ടത്തിലായിരുന്നു.
ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിക്കിടയിലും ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം നിറുത്തിയത്. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവക്ക് പുറമെ റഷ്യന്‍ ക്രൂഡ് ഓയില്‍, പ്രതിരോധ ഇറക്കുമതിയില്‍ 25 ശതമാനം അധിക പിഴച്ചുങ്കം കൂടി ചുമത്താനാണ് ട്രംപിന്റെ തീരുമാനം. ഓഗസ്റ്റ് 26നാണ് ഇത് നിലവില്‍ വരുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങള്‍ക്കും മൂന്നാഴ്ച സമയം ബാക്കിയുണ്ട്. ഇതിനുള്ളില്‍ ധാരണയിലെത്താന്‍ കഴിയുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ യു.എസ് താരിഫ് ഏല്‍പ്പിക്കുന്ന ആഘാതം നിയന്ത്രിക്കാനാവുന്നതാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന മേഖലകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും ഇന്ത്യക്ക് ആശ്വാസമാണ്. ഈ യുദ്ധം അവസാനിച്ചാല്‍ ഇന്ത്യയോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ യു.എസ് നിര്‍ബന്ധിതമാകുമെന്നും വിപണി കരുതുന്നു. താരിഫ് ആഘാതമുണ്ടാക്കുമെന്ന് കരുതിയ ഓട്ടോ, ഫാര്‍മ, മെറ്റല്‍, എനര്‍ജി സെക്ടറുകള്‍ ശക്തമായി തിരിച്ചുവന്നത് ഈ പ്രതീക്ഷയുടെ സൂചനയാണെന്നും വിദഗ്ധര്‍ പറയുന്നു.
ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് ലുപിന്‍, ഹീറോ മോട്ടോ കോര്‍പ്, ടോറന്റ് പവര്‍ എന്നീ ഓഹരികളെ ലാഭക്കണക്കില്‍ മുന്നിലെത്തിച്ചത്. കോഫോര്‍ജ് ലിമിറ്റഡ്, ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സ്ഥാപനമായ നൗക്രി.കോമിന്റെ (Naukri.com) ഉടമകളായ ഇന്‍ഫോ എഡ്ജ് എന്നീ ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.
സമ്മിശ്ര ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതാണ് ഭാരതി എയര്‍ടെല്ലിന് കീഴിലുള്ള ഭാരതി ഹെക്‌സാകോമിന്റെ ഓഹരികള്‍ക്ക് വിനയായത്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി, എസ്.ആര്‍.എഫ് എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലായി.
യു.എസ് ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്കാകെ ഇന്ന് നഷ്ടമായിരുന്നു. കേരളത്തിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് ഇന്നും നഷ്ടമായിരുന്നു. ഒരു മാസത്തിനിടെ 36 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായത്. എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്‌സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, കെ.എസ്.ഇ, പോപ്പുലര്‍ വെഹിക്കിള്‍സ്, പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ്, വെര്‍ടെക്‌സ് സെക്യുരിറ്റീസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്കും നഷ്ടം നേരിട്ടു.
ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടി.സി.എം (10.34%) ആണ്. ടോളിന്‍സ് ടയേഴ്‌സ്, ആഡ്‌ടെക് സിസ്റ്റംസ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സെല്ല സ്‌പേസ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് തുടങ്ങിയ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine