മോദി 3.0 എഫക്ടില്‍ വിപണി, സര്‍വം പച്ചമയം, സെന്‍സെക്‌സ് പുതിയ ഉയരത്തില്‍

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍. രണ്ട് വ്യാപാര ദിനം കൊണ്ട് 2,955 പോയിന്റ് തിരിച്ചു പിടിച്ചാണ് സെന്‍സെക്‌സിന്റെ മുന്നേറ്റം. നിഫ്റ്റി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ 937 പോയിന്റ് ഉയര്‍ന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ജൂണ്‍ നാലിന് 72,079 പോയിന്റിലായിരുന്ന സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 76,693.36ലാണ്. നിഫ്റ്റിയാകട്ടെ 21,884 പോയിന്റില്‍ നിന്ന് 23,290 പോയിന്റായി.

പണ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ 6.5 ശതമാനത്തില്‍ തന്നെ നിലനിറുത്തിയതിനും ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ 7.2 ശതമാനമാക്കി ഉയര്‍ത്തിയതിനും പിന്നാല സെന്‍സെക്‌സ് ഇന്ന് എക്കാലത്തെയും ഉയരത്തിലെത്തി.

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനകളുടെ മൂല്യം രണ്ട് ദിനം കൊണ്ട് 394.83 ലക്ഷം കോടി രൂപയില്‍ നിന്ന് 415.95 ലക്ഷം കോടി രൂപയായി. നിക്ഷേപകര്‍ തിരിച്ചു പിടിച്ചത് 21.12 ലക്ഷം കോടി രൂപയുടെ സമ്പത്ത്.

എന്‍.ഡി.എ മുന്നണിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൊവ്വാഴ്ചത്തെ പ്രസ്താവനയാണ് വിപണിക്ക് ഊര്‍ജമായത്. മാത്രമല്ല മന്ത്രി സഭാ രൂപീകരണത്തിനില്ലെന്നും പ്രതിപക്ഷസ്ഥാനത്ത് തുടരുമെന്നും ഇന്ത്യ മുന്നണി ബുധനാഴ്ച വ്യക്തമാക്കിയതും വിപണിക്ക് ആശ്വാസമായി.

വിപണി തിരഞ്ഞെടുപ്പ് ഫലങ്ങളുമായി പൊരുത്തപ്പെട്ടതും ആഗോള വിപണികള്‍ സ്ഥിരത നേടിയതും നിക്ഷേപകര്‍ക്ക് ഊര്‍ജം പകരുന്നുണ്ടെന്നു വേണം കരുതാന്‍. ഇനി വിപണിയുടെ ശ്രദ്ധ മന്ത്രിസഭാ രൂപീകരണത്തിലും അതിന് ശേഷം വരുന്ന ബജറ്റിലുമാണ്.

രൂപയിന്ന് ഡോളറിനെ അപേക്ഷിച്ച് 83.372ലെത്തി. 83.4725ലായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

ഇന്ന് സെന്‍സെക്‌സ് 692 പോയിന്റ് ഉയര്‍ന്ന് 75074ലും നിഫ്റ്റി 201 പോയിന്റ് ഉയര്‍ന്ന് 22,821ലും വ്യാപാരം അവസാനിപ്പിച്ചു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 7.98 ലക്ഷം കോടി രൂപയാണ്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 3,952 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,890 ഓഹരികളും നേട്ടമുണ്ടാക്കി. 970 ഓഹരികളാണ് വിലയിടിവ് നേരിട്ടത്. 92 ഓഹരികളുടെ വില മാറിയില്ല. 190 ഓഹരികളില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 35 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലുമെത്തി. ആറ് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നത്. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.

നിഫ്റ്റിയിലെ എല്ലാ വിഭാഗം സൂചികകളും ഇന്ന് പച്ചപുതച്ചു. ഐ.ടി സൂചികയാണ് നേട്ടത്തിന് മുന്നേ നടന്നത്. 3.37 ശതമാനമാണ് ഉയര്‍ച്ച. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയല്‍റ്റി സൂചികകളും രണ്ട് ശതമാനം വീതം ഉയര്‍ന്നു. ബാക്കി സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലായി.

കയറിയും ഇറങ്ങിയും

ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, എസ്.ബി.ഐ, ഇന്‍ഫോസിസ്, എന്‍.ടി.പി.സി, ടി.സി.എസ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്‌ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നയിച്ചത്. ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിക്‌സ് ഇന്ന് 11 ശതമാനം ഇടിഞ്ഞു.

എസ്.ബി.ഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ മാത്രമാണ് ഇന്ന് നിഫ്റ്റി 50ല്‍ ചുവപ്പണിഞ്ഞത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് മുഖ്യ നേട്ടക്കാര്‍.

റിസര്‍വ് ബാങ്കിന്റെ പണനയത്തിനു ശേഷം നിഫ്റ്റി ബാങ്ക് സൂചിക 49,080.45 എന്ന താഴ്ന്ന നിലയില്‍ നിന്ന് രണ്ട് ശതമാനം കുതിച്ചുയര്‍ന്നു. സൂചികയിലെ 12 ഓഹരികളും പിന്നീട് നേട്ടത്തിലായി. മൂന്ന് ശതമാനം നേട്ടവുമായി ബന്ധന്‍ ബാങ്കാണ് റാലി നയിച്ചത്. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയും ഉയര്‍ന്നു.

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയില്‍ ബജാജ് ഫിനാന്‍സ് 3.8 ശതമാനം നേട്ടവുമായി മുന്നിലെത്തി. ബാജാജ് ഫിന്‍സെര്‍വ് (2.8 ശതമാനം) ഐ.ഡി.എഫ്.സി (1.28 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (ഒരു ശതമാനം) എന്നിങ്ങനെയാണ് ഉയര്‍ച്ച.

അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് ഉയര്‍ച്ചയിലാണ്. ഗ്രൂപ്പിന് കീഴിലുള്ള എന്‍.ഡി.ടി.വി ഇന്ന് നാല് ശതമാനം ഉയര്‍ന്നു.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന് കോല്‍ക്കത്തയിലെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പിനുള്ള താത്പര്യം പത്രം ലഭിച്ചതോടെ ഓഹരി വില ഉയര്‍ന്നു. 2.37 ശതമാനം ഉയര്‍ന്ന് 1,384.90 രൂപയിലെത്തി.

ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവര്‍

പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇന്ന് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് പേയ്ടിഎമ്മിന്റെ അപ്പര്‍ സര്‍ക്യൂട്ട് പിരിധി അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി പരിഷ്‌കരിച്ചത്. പേയ്ടിഎം പേമെന്റ് ബാങ്ക്സിന് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനു ശേഷം വലിയ ചാഞ്ചാട്ടമുണ്ടായതിനെ തുടര്‍ന്നാണ് പേയ്ടിഎംമ്മിന്റെ സര്‍ക്യൂട്ട് പരിധി കുറച്ചത്. ഓഹരി വലിയ തോതില്‍ കയറുകയോ ഇടിയുകയോ ചെയ്യാതിരിക്കാനാണ് സര്‍ക്യൂട്ട് പരിധി നിശ്ചയിച്ചിരിക്കുന്നത്.

എല്‍ ആന്‍ഡ് ഡി (6.48 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (5.38 ശതമാനം, വോഡഫോണ്‍ ഐഡിയ (5.33 ശതമാനം), വിപ്രോ (4.99 ശതമാനം) എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഇന്ന് കൂടുതല്‍ നഷ്ടം കുറിച്ചവര്‍

മാന്‍കൈന്‍ഡ് ഫാര്‍മ, പേജ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബി.എസ്.ഇ എന്നിവ 0.71 ശതമാനം മുതല്‍ 1.34 ശതമാനം വരെ നഷ്ടവുമായി നിഫ്റ്റി 200ലെ വീഴ്ചക്കാരായി.

വലിയ ആവേശമില്ലാതെ കേരള ഓഹരികൾ

കേരള കമ്പനി ഓഹരികളില്‍ ഇന്ന് മിക്ക കമ്പനികളും നേട്ടത്തിലായിരുന്നെങ്കിലും വലിയ മുന്നേറ്റും ആരും കാഴ്ചവച്ചില്ല. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, വണ്ടര്‍ലാ എന്നീ ഓഹരികള്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് മൈക്രോഫിന്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പാറ്റ്‌സ്പിന്‍, പോപ്പീസ് കെയര്‍, ടി.സി.എം, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയ കേരള കമ്പനി ഓഹരികള്‍.

Related Articles

Next Story

Videos

Share it