പണപ്പെരുപ്പവും പലിശഭാരവും: ആശങ്ക വീണ്ടും; ഓഹരികളില്‍ നഷ്ടം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആഗോള, ആഭ്യന്തര തലങ്ങളില്‍ നിന്നുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതോടെ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 106.98 പോയിന്റ് (0.16%) താഴ്ന്ന് 65,846.50ലും നിഫ്റ്റി 26.45 പോയിന്റ് (0.13%) കുറഞ്ഞ് 19,570.85ലുമാണുള്ളത്.

അമേരിക്ക, ചൈന, ഇന്ത്യ എന്നിവയുടെ കഴിഞ്ഞമാസത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ കണക്ക് ഈയാഴ്ച അറിയാം എന്നതാണ് മുഖ്യ ആശങ്ക.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

പണപ്പെരുപ്പം പൊതുവേ കൂടുമെന്നാണ് പൊതുവിലയിരുത്തല്‍. റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് (റിപ്പോ നിരക്ക്) നിലനിറുത്താനാണ് സാദ്ധ്യതയേറെ. എന്നാല്‍, പണനയം സമീപഭാവിയില്‍ കടുപ്പിച്ചേക്കുമെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കിയേക്കാം. പണപ്പെരുപ്പം ഉയര്‍ത്തുന്ന ആശങ്കയാണ് കാരണം. ചൈനീസ് കയറ്റുമതി ഇടിഞ്ഞതും മൂഡീസ് അമേരിക്കയിലെ പത്ത് ബാങ്കുകളുടെ റേറ്റിംഗ് കുറച്ചതുമെല്ലാം ഇന്ന് ഓഹരി നിക്ഷേപകരെ
ആശങ്കപ്പെടുത്തി.

സെന്‍സെക്‌സില്‍ ഇന്ന് 1,852 ഓഹരികള്‍ നേട്ടത്തിലും 1,752 ഓഹരികള്‍ നഷ്ടത്തിലുമാണ്. 146 ഓഹരികളുടെ വില മാറിയില്ല. 271 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 32 എണ്ണം താഴ്ചയിലും ആയിരുന്നങ്കിലും ഓഹരി സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്താനായില്ല. 14 കമ്പനികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുമായിരുന്നു. 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികള്‍ നേരിട്ട ഇടിവ് എന്നിവയും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍, യൂറോപ്യന്‍ വിപണികള്‍ ഇന്ന് നഷ്ടത്തിലാണ്. തിങ്കളാഴ്ച ഏകദേശം 1,800 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (FII) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചത്.
നിരാശപ്പെടുത്തിയവര്‍
ലോഹം, എഫ്.എം.സി.ജി., വാഹനം, റിയല്‍റ്റി ഓഹരികളുടെ മോശം പ്രകടനമാണ് ഇന്ന് സൂചികകളെ തളര്‍ത്തിയത്. നിഫ്റ്റി ലോഹം 1.17 ശതമാനം ഇടിഞ്ഞു.
കഴിഞ്ഞദിവസം നിക്ഷേപകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ച് ഉയര്‍ന്ന സൊമാറ്റോ ഇന്ന് 4.35 ശതമാനം ഇടിഞ്ഞു. പി.ബി. ഫിന്‍ടെക് (പോളിസി ബസാര്‍), മാക്‌സ് ഹെല്‍ത്ത്‌കെയര്‍, രാംകോ സിമന്റ്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയ ഓഹരികള്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, സണ്‍ ഫാര്‍മ, നെസ്‌ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.ടി.സി., ഭാരതി എയര്‍ടെല്‍ എന്നിവയാണ് സെന്‍സെക്‌സിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയ പ്രമുഖര്‍.
ഗ്ലാന്‍ഡ് ഫാര്‍മയും ഇന്ത്യന്‍ ബാങ്കും
ഓഹരി വിപണി പൊതുവേ മൂകമായിരുന്നെങ്കിലും ചില ഓഹരികള്‍ വലിയ കുതിപ്പാണ് ഇന്ന് നടത്തിയത്. ഗ്ലാന്‍ഡ് ഫാര്‍മ ഓഹരി 20 ശതമാനം മുന്നേറി.
ജൂണ്‍പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഗ്ലാന്‍ഡിന് കരുത്തായത്. വരുമാനം ജൂണ്‍പാദത്തില്‍ 41 ശതമാനം വര്‍ദ്ധിച്ചിരുന്നു. മാത്രമല്ല, ഗ്ലാന്‍ഡിന്റെ സ്റ്റാറ്റസ് 'അണ്ടര്‍ പെര്‍ഫോം' എന്നതില്‍ നിന്ന് പ്രമുഖ രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 'വാങ്ങല്‍' (buy) എന്നതിലേക്ക് ഉയര്‍ത്തിയതും ഓഹരികള്‍ക്ക് ആവേശമായി.
പ്രമുഖ പൊതുമേഖലാ ബാങ്കായ, ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി ഇന്ന് 13.51 ശതമാനം നേട്ടത്തിലാണ്. ജൂണ്‍പാദ ലാഭം 41 ശതമാനം ഉയര്‍ന്ന് 1,709 കോടി രൂപയിലെത്തിയതും മൊത്ത വരുമാനം 11,758 കോടി രൂപയില്‍ നിന്ന് 14,759 കോടി രൂപയായതും കിട്ടാക്കട അനുപാതം വന്‍തോതില്‍ കുറഞ്ഞതും ബാങ്കിന്റെ ഓഹരികള്‍ ആഘോഷമാക്കി.
മറ്റ് പൊതുമേഖലാ ബാങ്ക് ഓഹരികളും പൊതുവേ ഇന്ന് നേട്ടത്തിലാണ്. 12 പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത ലാഭം ഏപ്രില്‍-ജൂണില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 15,306 കോടി രൂപയില്‍ നിന്ന് ഇരട്ടിയിലേറെ വര്‍ദ്ധിച്ച് 34,774 കോടി രൂപയായതാണ് ബലമായത്.
നേട്ടത്തിലേറിയ മറ്റ് ഓഹരികള്‍
നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് ഓഹരി സൂചിക ഇന്ന് 3.37 ശതമാനം ഉയര്‍ന്നു. ഫാര്‍മ (0.64%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.52%) നിഫ്റ്റി മീഡിയ (0.74%), ധനകാര്യ സേവനം (0.32%) എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
ബാങ്ക് നിഫ്റ്റി 0.28 ശതമാനം ഉയര്‍ന്ന് 44,964.45ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് ഓഹരികള്‍ 0.23 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.27 ശതമാനവും നേട്ടത്തിലാണ്. യൂണിയന്‍ ബാങ്ക്, ബയോകോണ്‍, എസ്.ബി.ഐ ലൈഫ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫൈനാന്‍സ്, എസ്.ബി.ഐ., ബജാജ് ഫിന്‍സെര്‍വ്, ഹീറോ മോട്ടോകോര്‍പ്പ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഇന്ന് നേട്ടത്തിലേറിയെങ്കിലും സെന്‍സെക്‌സിനെ നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമായില്ല. ഹാര്‍ലിയുമായി ചേര്‍ന്നൊരുക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 ബൈക്കിന് ലഭിക്കുന്ന മികച്ച ബുക്കിംഗാണ് ഹീറോയ്ക്ക് ഗുണമായത്.
ഇന്നും തിളങ്ങി ഇന്‍ഡിട്രേഡും ഈസ്‌റ്റേണും
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാഴ്ചവയ്ക്കുന്ന മുന്നേറ്റം ഇന്നും ഇന്‍ഡിട്രേഡ് കാപ്പിറ്റല്‍ തുടര്‍ന്നു. 8.88 ശതമാനമാണ് ഇന്നത്തെ നേട്ടം.
കഴിഞ്ഞ ആറ് വ്യാപാര സെഷനുകളിലായി ഇന്‍ഡിട്രേഡ് ഓഹരികള്‍ മുന്നേറിയത് 90 ശതമാനമാണ്.
ഇന്നലെ 20 ശതമാനം മുന്നേറിയ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഇന്ന് 5.97 ശതമാനം നേട്ടമുണ്ടാക്കി. അടുത്തയാഴ്ച ജൂണ്‍പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കാനിരിക്കേയാണ് ഈസ്റ്റേണ്‍ കുതിക്കുന്നത്.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

മണപ്പുറം ഫൈനാന്‍സ് (5.17%), പി.ടി.എല്‍ എന്റര്‍പ്രൈസസ് (3.65%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.30%) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
ഏറെക്കാലം നേട്ടക്കുതിപ്പ് നടത്തിയ കേരള ആയുര്‍വേദ ഇപ്പോള്‍ ഇടിവിന്റെ ട്രാക്കിലാണ്. ഓഹരി ഇന്ന് 4.97 ശതമാനം താഴ്ന്നു. മികച്ച ജൂണ്‍പാദ ഫലത്തെ തുടര്‍ന്ന് ഇന്നലെ 10.93 ശതമാനം നേട്ടമുണ്ടാക്കിയ നിറ്റ ജെലാറ്റിന്‍ ഓഹരി ഇന്ന് 4.63 ശതമാനം താഴ്ന്നു. കിംഗ്‌സ് ഇന്‍ഫ്ര (3.61%), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (3.49%), ബി.പി.എല്‍ (2.81%) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ച മറ്റ് കേരള ഓഹരികള്‍.
രൂപ താഴോട്ട്
ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായതും രൂപയെ വലച്ചു. ഇന്ന് ഡോളറിനെതിരെ 0.10 ശതമാനം നഷ്ടവുമായി 82.82ലാണ് രൂപയുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it