റിസര്‍വ് ബാങ്ക് പലിശനിരക്ക് നിലനിറുത്തിയിട്ടും നഷ്ടത്തിലേക്ക് വീണ് ഓഹരികള്‍

പ്രതീക്ഷിച്ചത് പോലെ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ നിലനിറുത്തിക്കൊണ്ടുള്ള പണനയം പ്രഖ്യാപിച്ചെങ്കിലും ഓഹരിവിപണികള്‍ ഇന്ന് നേരിട്ടത് നഷ്ടം. കുറഞ്ഞനിരക്കിലേക്ക് താഴ്ന്ന റീട്ടെയ്ല്‍ പണപ്പെരുപ്പം നിയന്ത്രിച്ച് നിറുത്താന്‍ കടുത്ത നടപടികള്‍ തുടരുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


പണപ്പെരുപ്പം കുറഞ്ഞെങ്കിലും പലിശഭാരം സമീപഭാവിയിലെങ്ങും കുറയ്ക്കില്ലെന്ന സൂചനയായാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വിലയിരുത്തപ്പെട്ടത്. ഇതോടെ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. സെന്‍സെക്‌സ് 294.32 പോയിന്റ് (0.47 ശതമാനം) നഷ്ടത്തോടെ 62,484.64ലും നിഫ്റ്റി 91.85 പോയിന്റ് ഇടിഞ്ഞ് (0.49 ശതമാനം) 18,634.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ മെറ്റല്‍ ഒഴികെ എല്ലാ സൂചികകളും ഇന്ന് ഇടിഞ്ഞു.

റിപ്പോനിരക്ക് 6.5 ശതമാനത്തില്‍ നിലനിറുത്തിയാണ് റിസര്‍വ് ബാങ്ക് ഇന്ന് ധനനയം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ രണ്ടാം എം.പി.സി യോഗത്തിലാണ് നിരക്കുകള്‍ നിലനിറുത്തുന്നത്. പണപ്പെരുപ്പം താഴേക്ക് നീങ്ങുന്നത് പരിഗണിച്ച് ഏപ്രിലിലെ യോഗത്തിലും പലിശനിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല.

നഷ്ടത്തിലേക്ക് വീണവര്‍
നിഫ്റ്റിയില്‍ ഫാര്‍മ സൂചിക ഇന്ന് 1.03 ശതമാനവും റിയല്‍റ്റി 1.59 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 1.13 ശതമാനവും ഐ.ടി 1.12 ശതമാനവും ഇടിഞ്ഞു. 1.52 ശതമാനമാണ് മീഡിയയുടെ നഷ്ടം. ബി.എസ്.ഇ മിഡ്ക്യാപ്പ് 0.87 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.47 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റല്‍ സൂചിക 0.16 ശതമാനം ഉയര്‍ന്നു.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

സണ്‍ഫാര്‍മ, കോട്ടക് ബാങ്ക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്.യു.എല്‍., ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ്., നെസ്‌ലെ, ബജാജ് ഇരട്ടകള്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്.
വൊഡാഫോണ്‍-ഐഡിയ (വി), വരുണ്‍ ബീവറേജസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, എച്ച്.പി.എസ്.എല്‍., ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കമ്പനികള്‍.
നേട്ടത്തിലേറിയവര്‍
20 പുതിയ വിമാന എന്‍ജിനുകള്‍ക്കായി എഫ്.ടി.എ.ഐ എവിയേഷനുമായി കരാറിലേര്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റ് ഓഹരികള്‍ ഇന്ന് 7 ശതമാനം വരെ മുന്നേറി. ബ്രോക്കറേജ് ഏജന്‍സികള്‍ 'നല്ല ഭാവി' (buy rating) പ്രവചിച്ചതിനെ തുടര്‍ന്ന് ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ 5 ശതമാനം വരെ ഉയര്‍ന്നു. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ബയ് റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് പേയ്ടിഎം ഓഹരികളും 6 ശതമാനത്തോളം നേട്ടമുണ്ടാക്കി.
ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ചവർ


എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി., എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ മികച്ച വാങ്ങല്‍ താത്പര്യമുണ്ടായെങ്കിലും സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമായില്ല.

ടാറ്റാ ടെലി (മഹാരാഷ്ട്ര), ഡിക്‌സോണ്‍ ടെക്, യെസ് ബാങ്ക്, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മൂന്ന് വര്‍ഷത്തിനകം കുറഞ്ഞ ഡെപ്പോസിറ്റ് പലിശനിരക്കും ഉയര്‍ന്ന വായ്പാ പലിശനിരക്കുമായി അറ്റ പലിശ മാര്‍ജിന്‍ (എന്‍.ഐ.എം) ഒരു ശതമാനം ഉയര്‍ത്താനാകുമെന്ന വിലയിരുത്തലാണ് യെസ് ബാങ്ക് ഓഹരികള്‍ക്ക് ഉണര്‍വായത്.
രൂപയും ക്രൂഡോയിലും
സൗദി അറേബ്യ ഉത്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ക്രൂഡോയില്‍ വില ചാഞ്ചാടുകയാണ്. ആഗോളതലത്തില്‍ സാമ്പത്തികഞെരുക്കത്തിന്റെ ആശങ്ക ശക്തമാകുന്നതാണ് കാരണം; ഇത് ക്രൂഡോയില്‍ ഡിമാന്‍ഡിനെ ബാധിക്കും. ബ്രെന്റ് വില ഇന്ന് ഒരുവേള 76 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും ഇപ്പോഴുള്ളത് 77.45 ഡോളറില്‍. 72-73 ഡോളര്‍ നിരക്കില്‍ തുടരുകയാണ് ഡബ്ല്യു.ടി.ഐ ക്രൂഡ്.
റിസര്‍വ് ബാങ്ക് പണനയത്തിന്റെ പശ്ചാത്തലത്തിലും രൂപ ഇന്ന് കാര്യമായ ഉത്സാഹമൊന്നും കാട്ടിയില്ല. മൂല്യം ഡോളറിനെതിരെ മൂന്ന് പൈസ കുറഞ്ഞ് 82.57ലാണുള്ളത്. നിക്ഷേപകരുടെ ഉറ്റുനോട്ടം ഇപ്പോള്‍ അടുത്തയാഴ്ചയിലെ ഫെഡറല്‍ റിസര്‍വിന്റെ യോഗത്തിലാണ്.
നിരാശപ്പെടുത്തി കേരള ഓഹരികള്‍
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലാണുള്ളത്. അപ്പോളോ ടയേഴ്‌സ്, എ.വി.ടി., ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, കെ.എസ്.ഇ., സ്‌കൂബിഡേ, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ് എന്നിവ മാത്രമാണ് നേട്ടം കുറിച്ചത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

വി-ഗാര്‍ഡ് 2.17 ശതമാനവും സ്‌കൂബിഡേ 2.52 ശതമാനവും ഉയര്‍ന്നു. കല്യാണും കെ.എസ്.ഇയും ഒരു ശതമാനം നേട്ടമുണ്ടാക്കി. സി.എസ്.ബി ബാങ്ക്, പാറ്റ്‌സ്പിന്‍ എന്നിവ മൂന്ന് ശതമാനത്തിനുമേല്‍ ഇടിഞ്ഞു. ആസ്റ്റര്‍, കൊച്ചിന്‍ മിനറല്‍സ്, ഫാക്ട്, മുത്തൂറ്റ് കാപ്പിറ്റല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ല എന്നിവ 1-2 ശതമാനം നഷ്ടത്തിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it