തുടര്‍ച്ചയായ ആറാം ദിനത്തിലും നേട്ടം നിലനിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ഇന്ന് വിപണി. സെന്‍സെക്‌സ് 333 പോയിന്റ് ഉയര്‍ന്ന് 66,599ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ & ടി, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഹരികള്‍ എന്നിവയാണ് സൂചികകള്‍ക്ക് കരുത്തു പകര്‍ന്നത്. പവര്‍, റെയില്‍ അനുബന്ധ ഓഹരികളും ഇന്ന് മികച്ച നേട്ടുമുണ്ടാക്കി.
നിഫ്റ്റി ഇന്ന് ഒരുവേള 19,867 പോയിന്റ് വരെ ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ച്ചയായ 19,992ലേക്കെത്താന്‍ 0.6% കൂടി ഉയര്‍ന്നാല്‍ മതിയായിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 93 പോയിന്റ് ഉയര്‍ന്ന് 19,820ലാണ് നിഫ്റ്റി.
രൂപയിന്ന് ഡോളറിനെതിരെ 27 പൈസ ഉയര്‍ന്ന് 82.94 രൂപയിലെത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
ബി.എസ്.ഇയില്‍ 3,820 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,051 ഓഹരികള്‍ നേട്ടത്തിലും 1,643 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 126 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 326 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില രേഖപ്പടുത്തി. 15 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ചയിലേക്കു പോയി. 372 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍കീട്ടിലും 138 ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ എന്‍.ടി.പി.സി മൂന്ന് ശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, എല്‍ & ടി എന്നിവ രണ്ടു ശതമാനം വീതം നേട്ടമുണ്ടാക്കി. ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടൈറ്റന്‍ എന്നിവരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍.
ഐ.ടി.സി, അള്‍ട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ എന്നിവര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബി.എസ്.ഇ മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ പുതിയ ഉയരങ്ങള്‍ താണ്ടിയെങ്കിലും യഥാക്രമം 0.9%, 0.4% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക് ഓഹരികളില്‍ മുന്നേറ്റം
സെപ്റ്റംബര്‍ 9 മുതല്‍ ഇന്‍ക്രിമെന്റല്‍ ക്യാഷ് റിസര്‍വ് റേഷ്യോ (സി.ആര്‍.ആര്‍) നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ ഇന്ന് ബാങ്ക് ഓഹരികള്‍ക്ക് കരുത്തു പകര്‍ന്നു. ബി.എസ്.ഇ ബാങ്ക് സൂചിക 0.6 ശതമാനം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ ബാങ്ക് ഓഹരികള്‍
പ്രാഥമിക വിപണിയില്‍
ഐ.പി.ഒയുമായി വിപണിയിലേക്കെത്തിയ മലിനജല സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഇ.എം.എസ് ലിമിറ്റഡ് ഇന്ന് ചെറുകിട നിക്ഷേപകരില്‍ നിന്ന് 3.5 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളില്‍ നിന്ന് 3.7 മടങ്ങും സബ്‌സ്‌ക്രിപ്ഷന്‍ നേടി. ഓഹരി സെപ്റ്റംബര്‍ 21 ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. 321.24 കേടി രൂപയാണ് കമ്പനി ഐ.പി.ഒ വഴി സമാഹരിക്കുന്നത്.
ജൂപ്പിറ്റര്‍ ഹോസ്പിറ്റല്‍സ് ഐ.പി.ഒയുടെ അവസാന ദിനമായ ഇന്ന് 63.4 മടങ്ങ് സ്ബ്‌സ്‌ക്രിപ്ഷന്‍ നേടി. റീറ്റെയ്ല്‍ നിക്ഷേപകര്‍ 7.2 മടങ്ങും എച്ച്.എന്‍.ഐ.ഐഎസ് 34.3 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡേഴ്‌സ് 187.3 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.
നേട്ടത്തിലേറിയവര്‍
ഇന്ത്യയില്‍ എന്‍വിഡിയയുമായി ചേര്‍ന്ന് എ.ഐ ഇന്‍ഫ്രാ ഒരുക്കാനുള്ള നീക്കം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളെ ഉയര്‍ത്തി. യു.സ് ഗവണ്‍മെന്റ് കമ്പനിയില്‍ നിന്ന് ഓഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് കപ്പല്‍ നിര്‍മാതാക്കളായ മസഗോണ്‍ ഡോക്ക് ഓഹരി അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു.
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍.ഇ.സി, ഹാവെല്‍സ് ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐ.ആര്‍.എഫ്.സി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
നഷ്ടം രേഖപ്പെടുത്തിയവര്‍
ഷെമാരൂ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറായ ഹിരെണ്‍ ഗദയെ 70.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസില്‍ സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (C.G.S.T) ഡിപ്പാര്‍ട്ട്‌മെന്റ് അറ്സ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഓഹരി വില ഇന്ന് 5 ശതമാനം ലോവര്‍ സര്‍കീട്ടിലെത്തി.
യു.എസില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് നാറ്റ്‌കോ ഫാര്‍മ ഓഹരികളും ഇന്ന് 3 ശതമാനം ഇടിഞ്ഞു.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ
സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ്, എന്‍.എച്ച്.പി.സി, കോറോമാന്‍ഡെല്‍ ഇന്റര്‍നാഷണല്‍, പേജ് ഇന്‍ഡസ്ട്രീസ്, മാന്‍കൈന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് താഴ്ചയിലേക്ക് പോയ മുഖ്യ ഓഹരികള്‍.
മുന്നേറ്റം നിലനിര്‍ത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി
കേരള കമ്പനികളില്‍ പി.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയാണ് കൂടുതല്‍ ഉയര്‍ന്നത്. ഓഹരി വില 11.85 ശതമാനം ഉയര്‍ന്ന് 41.05 രൂപയിലെത്തി. മികച്ച ഓര്‍ഡറുകളുടെ പിന്‍ബലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും നേട്ടം തുടര്‍ന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 5.93 ശതമാനം വളര്‍ച്ചയുമായി 1,214.10 രൂപയിലാണ് ഓഹരി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, സാഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. ടി.സി.എം ഓഹരികളാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ കേരള കമ്പനി. 4.41 ശതമാനംഇടിഞ്ഞ് 40.50 രൂപയിലാണ് ഓഹരി. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ സെക്യൂരിറ്റീസ്, നിറ്റ ജെലാറ്റിന്‍, ഹാരിണ്‍സ് മലയാളം എന്നിവ മൂന്നു ശതമാനം വരെ നഷ്ടമുണ്ടാക്കി.