75,000 തൊട്ടിറങ്ങി സെന്‍സെക്‌സ്; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം, ഗോദ്‌റെജും വേദാന്തയും കുതിപ്പില്‍

വ്യാപാരത്തിന്റെ തുടക്കത്തിലുണ്ടായ ആവേശത്തിന്റെ കരുത്തില്‍ 75,000വും ഭേദിച്ച് ഇന്ന് പുത്തനുയരത്തിലേക്ക് മുന്നേറിയ സെന്‍സെക്‌സിന് വൈകിട്ട് പക്ഷേ, കാലിടറി. ഒരുവേള 22,760 പോയിന്റും കടന്ന് സര്‍വകാല ഉയരംതൊട്ട നിഫ്റ്റിയും താഴേക്കുവീണു. ഇന്നലെ മികച്ച പ്രകടനം നടത്തിയ വാഹന, എഫ്.എം.സി.ജി ഓഹരികള്‍ ഇന്ന് ഉച്ചയ്ക്കുശേഷം വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ടതാണ് തിരിച്ചടിയായത്.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ അമേരിക്കയിലും ചൈനയിലും സമ്പദ്സ്ഥിതി മെച്ചപ്പെടുന്നെന്ന വിലയിരുത്തലും ഭേദപ്പെട്ട നാലാംപാദ പ്രവര്‍ത്തനഫല പ്രതീക്ഷകളും കരുത്തായതോടെ മെറ്റല്‍ ഓഹരികളില്‍ മിക്കതും ഇന്ന് മികച്ച നേട്ടത്തിലേക്ക് കത്തിക്കയറി.
ഇന്നലെ 74,742ല്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് ഇന്ന് തുടക്കമിട്ടത് തന്നെ 75,000 പോയിന്റ് ഭേദിച്ചാണ്. ഒരുവേള സൂചിക സര്‍വകാല റെക്കോഡുയരമായ 75,124 വരെയുമെത്തി. എന്നാല്‍, പിന്നീട് പൊടുന്നനേ താഴേക്ക് പോവുകയായിരുന്നു. 74,603 വരെ താഴ്ന്നശേഷമാണ് പിന്നീട് നഷ്ടം നിജപ്പെടുത്തിയത്.
വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 58 പോയിന്റ് (-0.08%) താഴ്ന്ന് 74,683.70ലാണ്. നിഫ്റ്റി ഇന്ന് 22,768.40 വരെ ഉയര്‍ന്ന് റെക്കോഡിട്ടശേഷം താഴേക്കുപതിച്ചു. 23.55 പോയിന്റ് (-0.10%) നഷ്ടവുമായി 22,642.75ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

അമേരിക്കയുടെയും ഇന്ത്യയുടെയും ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പക്കണക്കുകള്‍ വൈകാതെ പുറത്തുവരുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്. പണപ്പെരുപ്പം കൂടിയാല്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള കാത്തിരിപ്പ് നീളും. നിലവിലെ ഉയര്‍ന്ന പലിശഭാരം കൂടുതല്‍ കാലം കൂടി വഹിക്കേണ്ടി വരുമെന്നത് നിരവധി നിക്ഷേപകരെയും കമ്പനികളെയും തളര്‍ത്തും. ഇത്, ഓഹരി വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയായേക്കും.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് 16 ഓഹരികളേ പച്ചതൊട്ടുള്ളൂ; 34 എണ്ണം ചുവന്നു. അപ്പോളോ ഹോസ്പിറ്റല്‍സ് 3.13 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. 2.05 ശതമാനം നേട്ടവുമായി ഹിന്‍ഡാല്‍കോയാണ് തൊട്ടടുത്തുള്ളത്. 1.78 ശതമാനം താഴ്ന്ന ടൈറ്റനാണ് നഷ്ടത്തില്‍ മുന്നില്‍.
ബി.എസ്.ഇയില്‍ 1,554 ഓഹരികള്‍ നേട്ടത്തിലും 2,288 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 109 ഓഹരികളുടെ വില മാറിയില്ല. 239 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 10 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയെ കണ്ടു.
വിശാല വിപണിയില്‍ ലോഹത്തിളക്കം
വിശാലവിപണിയില്‍ ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തിയത് മെറ്റല്‍ ശ്രേണി മാത്രമാണ്. നിഫ്റ്റി മെറ്റല്‍ സൂചിക 1.13 ശതമാനം ഉയര്‍ന്നു. നിഫ്റ്റി സ്വകാര്യ ബാങ്ക് 0.45 ശതമാനം, റിയല്‍റ്റി 0.53 ശതമാനം, ധനകാര്യസേവനം 0.36 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
നിഫ്റ്റി മീഡിയ 1.26 ശതമാനം, പി.എസ്.യു ബാങ്ക് 0.84 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 0.44 ശതമാനം, ഓട്ടോ 0.31 ശതമാനം എന്നിങ്ങനെ താഴ്ന്നു. ബാങ്ക് നിഫ്റ്റി 0.31 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.29 ശതമാനം നഷ്ടം കുറിച്ചപ്പോള്‍ സ്‌മോള്‍ക്യാപ്പ് സൂചിക 0.31 ശതമാനം നേട്ടമുണ്ടാക്കി.
നേട്ടത്തിലേറിയവരും നിരാശപ്പെടുത്തിയവരും
അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
നിഫ്റ്റി 200ല്‍ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, വേദാന്ത, എസ്.ബി.ഐ കാര്‍ഡ്‌സ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), പേജ് ഇന്‍ഡസ്ട്രീസ് എന്നിവ നേട്ടത്തില്‍ മുന്നിലെത്തി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലാണ് സ്റ്റീല്‍ ഓഹരികളെ തുണച്ചത്. ഒട്ടുമിക്ക ഓഹരികളും 52-ആഴ്ചത്തെ ഉയരംകണ്ടപ്പോള്‍ സെയില്‍ ഓഹരി സര്‍വകാല റെക്കോഡ് കൈവരിച്ചു. ഹിന്ദുസ്ഥാന്‍ കോപ്പറും ഹിന്ദുസ്ഥാന്‍ സിങ്കും 11 ശതമാനം വരെ കുതിച്ചു. കഴിഞ്ഞദിവസം നിക്ഷേപ സ്ഥാപനങ്ങളായ ആദിയ, ബ്ലാക്ക്‌റോക്ക് എന്നിവ വേദാന്തയില്‍ ഓഹരി പങ്കാളിത്തം കൂട്ടിയെന്നതും ഓഹരികളെ ഉയരത്തിലേക്ക് നയിച്ച ഘടകമാണ്.
ബുക്കിംഗില്‍ കഴിഞ്ഞപാദത്തില്‍ 135 ശതമാനം വളര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടാണ് റിയല്‍ എസ്‌റ്റേറ്റ് ഓഹരിയായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന് നേട്ടമായത്. 9,500 കോടി രൂപയുടെ വില്‍പനയാണ് കമ്പനി കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്. ഇത് റെക്കോഡാണ്.
നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ), എന്‍.എം.ഡി.സി., ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ മെറ്റല്‍ ഓഹരികളും ഇന്ന് തിളങ്ങി. ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രഥിയില്‍ നിന്ന് മികച്ച റേറ്റിംഗ് കിട്ടിയ പശ്ചാത്തലത്തിലാണ് എസ്.ബി.ഐ കാര്‍ഡ്‌സിന്റെ മുന്നേറ്റം.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍.
സുപ്രീം ഇന്‍ഡസ്ട്രീസ്, ബോഷ്, എസ്.ജെ.വി.എന്‍., ആര്‍.ഇ.സി ലിമിറ്റഡ്, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
കേരള ഓഹരികള്‍ക്കും ക്ഷീണം
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കേരള ഓഹരികളും മികച്ച നേട്ടം കുറിച്ചിരുന്നു; പ്രത്യേകിച്ച് ബാങ്ക് ഓഹരികള്‍. എന്നാല്‍, ഉച്ചയോടെ വില്‍പന സമ്മര്‍ദ്ദം അലയടിച്ചു. രാവിലത്തെ സെഷനില്‍ നല്ല നേട്ടംകൊയ്ത സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവ പിന്നീട് ചുവന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ആസ്റ്റര്‍, ബി.പി.എല്‍., സെല്ല സ്‌പേസ്, ഇസാഫ് ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ്, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍ എന്നിവ 1.6 മുതല്‍ 7.32 ശതമാനം വരെ നഷ്ടം കുറിച്ചു. ഈസ്റ്റേണാണ് 7.32 ശതമാനം നഷ്ടത്തിലേക്ക് വീണത്.
പ്രൈമ ഇന്‍സ്ട്രീസും 7.47 ശതമാനം നഷ്ടം രേഖപ്പെടുത്തി. വണ്ടര്‍ല 3.63 ശതമാനം നഷ്ടവും കുറിച്ചു. അതേസമയം വി-ഗാര്‍ഡ്, വെര്‍ട്ടെക്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്‌കൂബിഡേ, മുത്തൂറ്റ് മൈക്രോഫിന്‍, കെ.എസ്.ഇ., കിംഗ്‌സ് ഇന്‍ഫ്ര, ജിയോജിത്, കൊച്ചിന്‍ മിനറല്‍സ് എന്നിവ ഒന്നുമുതല്‍ 4.8 ശതമാനം വരെ നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it