
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയെ വീണ്ടും ഉലച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്ക്കുമേല്‍ 104 ശതമാനം പകരച്ചുങ്കം ചുമത്തിയതിന്റെ പ്രതിഫലനം ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയെയും വീഴ്ത്തുകയായിരുന്നു. ഇതിനൊപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നത്തെ പണനയത്തില്‍ 2026 സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ ലക്ഷ്യം 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറച്ചതും വിപണികളില്‍ നിരാശ പടര്‍ത്തി. അതേസമയം, ഉപയോക്തൃപണപ്പെരുപ്പ ലക്ഷ്യം മുന്‍പത്തെ 4.2 ശതമാനത്തില്‍ നിന്ന് നാലാക്കിയത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
ആഗോള വിപണികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഇന്ത്യന്‍ വിപണികളെയും കനത്ത വില്‍പ്പനയിലേക്ക് നയിച്ചു. ഐ.ടി, പി.എസ്.യു ബാങ്ക് ഓഹരികളിലെ വില്‍പ്പനയാണ് നിഫ്റ്റിയെയും സെന്‍സെക്‌സിനെയും താഴേക്ക് വലിച്ചത്.
സെന്‍സെക്‌സ് ഇന്ന് 379.93 പോയിന്റ് ഇടിഞ്ഞ് 73,847.15ലും നിഫ്റ്റി 136 പോയിന്റ് താഴ്ന്ന് 23,399.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.61 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.84 ശതമാനവും ഇടിഞ്ഞു. റിയല്‍റ്റി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവയെല്ലാം ഇന്ന് നഷ്ടത്തിന്റെ പാതയിലായിരുന്നു.
വരുമാനത്തിന്റെ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നു നേടുന്ന ഐ.ടി കമ്പനികളെയാണ് നഷ്ടം കൂടുതല്‍ ബാധിച്ചത്. യു.എസ് സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയാല്‍ ഐ.ടി കമ്പനി ഓഹരികള്‍ 35 ശതമാനം വരെ ഇടിയുമെന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വിലയിരുത്തിയിരുന്നു. ഇതിനകം തന്നെ ഐ.ടി സൂചിക 12 ശതമാനം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
മെറ്റലാണ് കൂടുതല്‍ ആഘാതം ഏറ്റേക്കാവുന്ന മറ്റൊരു സൂചിക. ലോകത്തെ ഏറ്റവും വലിയ മെറ്റല്‍ ഉത്പാദക രാജ്യമായ ചൈനയ്ക്ക് മേലുള്ള യു.എസിന്റെ പകരച്ചുങ്ക നീക്കങ്ങളാണ് ഓഹരികളെ ബാധിക്കുന്നത്. ചൈനയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റമുതി കുറയുന്നത് ഇന്ത്യയിലെ ലോഹ വ്യവസായത്തെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. ഇന്ത്യ പോലുള്ള തീരുവ കുറഞ്ഞ മറ്റ് വിപണികളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈന നീക്കം നടത്തിയേക്കും.
നിഫ്റ്റി മെറ്റല്‍ സൂചികയിലെ ഓഹരികളില്‍ ലോയ്ഡ് മെറ്റല്‍സ് ആന്‍ഡ് എനര്‍ജിയാണ് ശക്തമായ ഇടിവ് നേരിട്ടത്. ആറ് ശതമാനത്തോളം വിലയിടിഞ്ഞു. വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, നാഷണല്‍ അലൂമിനിയം, ജിന്‍ഡാല്‍ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ ഓഹരികള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
സ്വര്‍ണപണയ വായ്പകള്‍ക്ക് സമഗ്രമായ മാര്‍ഗരേഖ ഉടനെ പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഈ മേഖലയിലെ കേരള കമ്പനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 10 ശതമാനത്തോളവം മണപ്പുറം ഫിനാന്‍സ് മൂന്ന് ശതമാനത്തോളവുമാണ് താഴ്ന്നത്. എന്നാല്‍ സ്വര്‍ണവായ്പ ചട്ടങ്ങള്‍ കടുപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിശദമാക്കിയതോടെ ഈ ഓഹരികള്‍ നഷ്ടം അല്‍പ്പം കുറച്ചു. വ്യാപാരാന്ത്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ആറ് ശതമാനവും മണപ്പുറം ഫിനാന്‍സ് ഒരു ശതമാനത്തിലധികവും ഇടിവിലാണ്.
പോപ്പീസ് കെയര്‍, സ്റ്റെല്‍ഹോള്‍ഡിംഗ്‌സ്, ഹാരിസണ്‍സ് മലയാളം, ടി.സി.എം എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍ നിന്ന മറ്റ് ഓഹരികള്‍.
കേരള ഓഹരികളില്‍ ഇന്ന് മിന്നും പ്രകടനം കാഴ്ചവച്ചത് സ്‌കൂബിഡേയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സുമാണ്. കിറ്റെക്‌സ് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തിയപ്പോള്‍ സ്‌കൂബിഡേ അപ്പര്‍സര്‍ക്യൂട്ടിന് തൊട്ടു താഴെ നിലയുറപ്പിച്ചു.
പ്രൈമ അഗ്രോ, പാറ്റ്‌സ്പിന്‍, എ.വി.റ്റി നാച്വറല്‍സ് എന്നിവയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine