വില്‍പ്പന സമ്മര്‍ദ്ദം കനത്തു! വിപണിയില്‍ നഷ്ടക്കച്ചവടം, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് കനത്ത തകര്‍ച്ച

സര്‍വകാല നഷ്ടത്തിലെത്തി രൂപ, രണ്ട് ദിവസം കൊണ്ട് ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ടത് ₹6 ലക്ഷം കോടി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടക്കച്ചവടം. കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ നിരാശപ്പെടുത്തുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദവും നഷ്ടത്തിന് ആക്കം കൂട്ടി. യു.എസ് ഫെഡ് റിസര്‍വ് നിരക്കുകളെക്കുറിച്ചുള്ള ആശങ്ക, ഏഷ്യന്‍ വിപണിയിലെ തകര്‍ച്ച, ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ അടുത്ത മാസം പുറത്തുവരുന്ന കേന്ദ്ര ബജറ്റ് എന്നിവയും ഇന്ന് വിപണിയെ സ്വാധീനിച്ചു.
പ്രധാന ഓഹരി സൂചികയായ സെന്‍സെക്‌സ് 0.68 ശതമാനം (528.28 പോയിന്റുകള്‍) ഇടിഞ്ഞ് 77,620.21 എന്ന നിലയിലെത്തി. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പതില്‍ 18 ഓഹരികളിലും ചുവപ്പ് കത്തി. 0.68 ശതമാനം (162.45 പോയിന്റുകള്‍) ഇടിഞ്ഞ നിഫ്റ്റി വ്യാപാരാന്ത്യത്തില്‍ 23,526.50 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. അവസാന രണ്ട് ദിവസത്തെ വ്യാപാരത്തില്‍ ഇരു സൂചികകളും ഒരു ശതമാനത്തോളം ഇടിഞ്ഞു. രണ്ട് ദിവസം കൊണ്ട് ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം കോടി രൂപയോളം വരുമെന്നും കണക്കുകള്‍.

വിശാല വിപണിയില്‍ എഫ്.എം.സി.ജി ഒഴികെയുള്ള പ്രധാന സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായി. ഗുഡ്‌സ്, ഐ.ടി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പി.എസ്.യു ബാങ്ക്, പവര്‍, റിയല്‍റ്റി എന്നിവ ശരാശരി ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു. വില്‍പ്പന സമ്മര്‍ദ്ദം കടുത്തതോടെ ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്.

രൂപ സര്‍വകാല നഷ്ടത്തില്‍

ട്രംപിന്റെ നയങ്ങളും ഫെഡ് റിസര്‍വ് നിരക്ക് സംബന്ധിച്ച സൂചനകളും കാരണം അമേരിക്കന്‍ ഡോളര്‍ വളര്‍ന്നത് ഇന്ത്യന്‍ രൂപയെ സര്‍വകാല നഷ്ടത്തിലെത്തിച്ചു. ഒരു വേള 85.93 എന്ന നിലയിലെത്തിയ രൂപ ഒടുവില്‍ 85.8475ലാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് രൂപയെ കൂടുതല്‍ നഷ്ടത്തില്‍ നിന്നും തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എ.സികളില്‍ ഉപയോഗിക്കുന്ന റെഫ്രിജന്റ് വാതകങ്ങളുടെ വില യു.എസില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഓഹരി വില ഉയര്‍ന്ന എസ്.ആര്‍.എഫ് ലിമിറ്റഡാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. മാരിക്കോ, ഇന്ധ്രപ്രസ്ഥ ഗ്യാസ്, എന്‍.എല്‍.സി ഇന്ത്യ, ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റിടെയില്‍ എന്നീ കമ്പനികളും ഇന്ന് നേട്ടത്തില്‍ മുന്നിലെത്തി.

അഞ്ചാം ദിവസവും ചുവപ്പ് കത്തിയ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നില്‍. അഞ്ച് ദിവസത്തിനിടെ കമ്പനി ഓഹരി വിലയില്‍ നഷ്ടം 15 ശതമാനം. രണ്ട് കൊല്ലത്തിനിടെ 431 ശതമാനം നേട്ടമുണ്ടാക്കിയ ശേഷമാണ് ഇടിവെന്നതും ശ്രദ്ധേയം. ഇന്ന് 658.10 രൂപയില്‍ ക്ലോസ് ചെയ്ത കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാള്‍ 875 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഓയില്‍ ഇന്ത്യ, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലെപ്‌മെന്റ് കോര്‍പറേഷന്‍, പി.ബി ഫിന്‍ടെക്, ഗെയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കേരള കമ്പനികള്‍

11 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് പച്ചതൊടാനായത്. 5 ശതമാനം ഉയര്‍ന്ന പ്രൈമ ഇന്‍ഡസ്ട്രീസാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. പോപ്പീസ് കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടെയില്‍ തുടങ്ങിയവരും ഇന്ന് നേട്ടത്തിലാണ്.

വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, കെ.എസ്.ഇ, കേരള ആയുര്‍വേദ, കല്യാണ്‍ ജുവലേഴ്‌സ്, എ.വി.റ്റി നാച്ചുറല്‍ പ്രോഡക്ട്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലുമായി.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it