സത്യപ്രതിജ്ഞയ്ക്ക് ശേഷം വീഴ്ച, റെക്കോഡ് കൈവിട്ട് സൂചികകള്‍, മിന്നിത്തിളങ്ങി ഫാക്ട്

തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വന്‍ ഇടിവിലേക്ക് വീണ ഓഹരി വിപണി കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലായി നഷ്ടം തിരിച്ചു പിടിക്കുകയായിരുന്നു. എന്നാല്‍ പുതിയ വാരത്തില്‍ ആ നേട്ടം നിലനിര്‍ത്താനായില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞചൊല്ലി അധികാരം ഏറ്റെടുത്തതിനു പിന്നാലെ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. ഒപ്പം ആഗോള വിപണികളില്‍ നിന്നുള്ള മോശം വാര്‍ത്തകളും കൂടിയായപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കേന്ദ്രത്തില്‍ അധികാര തുടര്‍ച്ച ഉറപ്പായതോടെ വിപണിയുടെ ശ്രദ്ധ ആഗോള ചലനങ്ങളിലും വിപണിയുടെ അടിസ്ഥാന കാര്യങ്ങളിലുമാണ്.

ഉയര്‍ന്ന വാല്വേഷന്‍, പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള അമാന്തം, പോസിറ്റീവായ പുതിയ കാര്യങ്ങളൊന്നും സംഭവിക്കാത്തത് ഒക്കെ വിപണിയുടെ മുന്നേറ്റത്തിനെ പിടിച്ചു നിറുത്തുന്നു.
റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ എട്ടാം തവണയും പണനയത്തിലും റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തിയതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്ന് ബുധനാഴ്ചയെത്തുന്ന തീരുമാനങ്ങളിലാണ്. പക്ഷെ അമേരിക്കയിലെ പ്രതിമാസ തൊഴില്‍കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായതിനാല്‍ ഫെഡറല്‍ റിസര്‍വ് ഉടനടി പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് നിഗമനങ്ങള്‍.
യു.എസില്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം ഉയര്‍ന്നതോടെ ഇന്ത്യന്‍ രൂപ ദുര്‍ബലമായി. റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയതിനാല്‍ വലിയ ഇടിവിലേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ രൂപയ്ക്കായി. ഡോളറിനെതിരെ 0.13 ഉയര്‍ന്ന് 83.5112ലെത്തി രൂപ.
റെക്കോഡ് തൊട്ട് സെന്‍സെക്‌സും നിഫ്റ്റിയും
ഇന്നലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആവേശത്തിൽ ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും പുതിയ റെക്കോഡിട്ടാണ് വ്യാപാരത്തിന് തുടക്കമിട്ടത്. എന്നാല്‍ പിന്നീട് വില്‍പ്പന സമ്മര്‍ദ്ദവും ദുര്‍ബലമായ ആഗോള വിപണികളും ഓഹരി സൂചികകളെ താഴേക്കടിച്ചു.
മിക്ക യൂറോപ്യന്‍ വിപണികളിലും ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായിരുന്നു. ഇത് ഏഷ്യന്‍ വിപണികളിലേക്കും ബാധിക്കുകയായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടുമെന്നും ഈ മാസം അവസാനം പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നുമുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയാണ് യൂറോപ്യന്‍ വിപണികളെ ബാധിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

സെന്‍സെക്‌സ് ഇന്ന് 76,935.41 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ഒരുവേള 77,000 പോയിന്റെന്ന റെക്കോഡ് പിന്നിട്ട് 77,079.04 വരെയെത്തി. പക്ഷെ വ്യാപാരാന്ത്യം 203 പോയിന്റിടിഞ്ഞ് (0.27 ശതമാനം) 76,490.08ലാണ് സെന്‍സെക്‌സുള്ളത്.
നിഫ്റ്റി 23,319ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 23,411.90 പോയിന്റ് തൊട്ട് റെക്കോഡിട്ടു. പക്ഷെ ആ നേട്ടം നിലനിറുത്താനാകാതെ 31 പോയിന്റിടിഞ്ഞ് 23,259.20ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ സൂചികകളുടെ പ്രകടനം
വിപണിയുടെ ഇന്നത്തെ ട്രെന്‍ഡ് മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളെ ബാധിച്ചില്ല. മികച്ച വില്‍പ്പന താത്പര്യം നേടിയ മിഡ്ക്യാപ് സൂചിക 0.56 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.04 ശതമാനവും ഉയര്‍ന്നു.
മിഡ്, സ്‌മോള്‍ക്യാപ് സൂചികകളിലെ മുന്നേറ്റം ഇന്ന് ബി.എസ്.ഇ.യിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 423.5 ലക്ഷം കോടി രൂപയില്‍ നിന്ന് 425 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താന്‍ സഹായിച്ചു. നിക്ഷേപകരുടെ സമ്പത്തില്‍ 1.5 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്.
ഐ.ടി ഓഹരികളാണ് ഇന്ന് കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലകപ്പെട്ടത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറച്ചേക്കില്ലെന്നതാണ് ഐ.ടിയെ ബാധിച്ചത്. നിഫ്റ്റി മീഡിയ, റിയല്‍റ്റി, ഫാര്‍മ എന്നിവ ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. കൊഫോര്‍ജ് നാല് ശതമാനവും പെര്‍സിസി്റ്റന്റ് സിസ്റ്റം 3.68 ശതമാനവും എംഫസിസ് 3.41 ശതമാനനും ടെക് മഹീന്ദ്ര 2.77 ശതമാനവും ഇന്‍ഫോസിസ് 2.16 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ബാങ്ക് സൂചികയും നഷ്ടത്തിലായിരുന്നു. സ്വകാര്യ ബാങ്ക് സൂചിക 0.09 ശതമാനം ഇടിഞ്ഞു. അതേസമയം പൊതുമേഖല ബാങ്ക് സൂചിക 0.71 ശതമാനം ഉയര്‍ന്നു.
ബി.എസ്‌.ഇയില്‍ ഇന്ന് 4,129 കമ്പനികള്‍ വ്യാപാരം നടത്തിയതില്‍ 2,631 ഓഹരികളും നേട്ടത്തിലായി 1,360 ഓഹരി വില താഴ്ന്നു. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് 316 ഓഹരികളാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 31 എണ്ണം താഴ്ന്ന വിലയിലേക്ക് നീങ്ങി. ഒമ്പത് ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലെത്തി. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ഓഹരികളിലെ നഷ്ടവും നേട്ടവും
നിഫ്റ്റിയില്‍ അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയാണ് ഇന്ന് നേട്ടം കുറിച്ചത്. അതേസമയം ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.

ചന്ദ്രബാബു നായിഡുവിന്റെ വിജയത്തിനു ശേഷം മുന്നേറ്റം നടത്തിയ അന്ധ്രാ കമ്പനി ഓഹരികള്‍ ഇന്നും നേട്ടത്തിലാണ്. കെ.സി.പി നാല് വ്യാപാരം ദിനം കൊണ്ട് 50 ശതമാനം ഉയര്‍ന്നു. അമരരാജ എനര്‍ജി 32 ശതമാവും ആന്ധ്രാ ഷുഗര്‍ 21 ശതമാനവും അവന്തി ഫുഡ്‌സ് 28 ശതമാനവും നെല്‍കാസ്റ്റ് 13 ശതമാനവും വിരാട്ട് ക്രെയിന്‍ ഇന്‍ഡസ്ട്രീസ് 23 ശതമാനവുമാണ് നാല് ദിവസം കൊണ്ട് വര്‍ധിച്ചത്.

ഇന്‍കംടാക്‌സ് റീഫണ്ട് ഓര്‍ഡര്‍ ലഭിച്ച ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി ഇന്ന് 6 ശതമാനം ഉയര്‍ന്നു.

അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌സ്‌റ്റോണ്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് എംഫസിസിന്റെ ഓഹരി വിലയില്‍ നാല് ശതമാനം ഇടിവുണ്ടായി.
സുസ്‌ലോണ്‍ ഓഹരിയും ഇന്ന് 5 ശതമാനം ഇടിവിലായിരുന്നു. സ്വതന്ത്ര ഡയറക്ടര്‍മാര്‍ രാജിവച്ചതാണ് കാരണം.
ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സിമന്റ് ഓഹരികള്‍ മുന്നേറ്റം നടത്തി. രാംകോ സിമന്റ്‌സ് (5.20 ശതമാനം), ശ്രീ സിമന്റ്‌സ് (4.64 ശതമാനം), അള്‍ട്രാടെക് സിമന്റ് (3.56 ശതമാനം), ഡാല്‍മിയ ഭാരത് (3.41 ശതമാനം, ബിര്‍ള കോര്‍പറേഷന്‍ (3.41 ശതമാനം) എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
മേയിലെ ബിസിനസ് കണക്കുകള്‍ പുറത്തു വന്നിതിനു പിന്നാലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഹരികള്‍ ഉയര്‍ന്നു. എച്ച്.ഡി.എഫ്.സി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് മുന്നേറ്റം കാഴ്ചവച്ചത്.

ഇന്ന് മികച്ച നേട്ടം കുറിച്ചവര്‍

ഫാക്ട് (ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍) ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ല്‍ ഇന്ന് 14.99 ശതമാനം നേട്ടവുമായി ഏറ്റവും മുന്നില്‍.
മികച്ച മണ്‍സൂണ്‍ ലഭിക്കുന്ന പ്രതീക്ഷകള്‍ ഫെര്‍ട്ടിലൈസര്‍ കമ്പനികളെ മൊത്തത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്. നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ നാല് മുതല്‍ 8 ശതമാനം വരെ ഉയര്‍ന്നു. ഖാരിഫ് സീസണില്‍ വിളവ് ലഭിക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ വളം പ്രയോഗം നടത്തുന്നത് ഡിമാന്‍ഡ് കൂട്ടുമെന്നതാണ് ഓഹരികള്‍ക്ക് ഗുണമായത്.
പതഞ്ജലി ഫുഡ്‌സ്, സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, പ്രസിറ്റീജ് എസ്റ്റേറ്റ്‌ പ്രോജക്‌സ്, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റി 200ലെ മറ്റ് മുഖ്യ നേട്ടക്കര്‍.

ഇന്ന് മികച്ച നഷ്ടം കുറിച്ചവര്‍

പൂനവാല ഫിന്‍കോര്‍പ് ഇന്ന് 8.16 ശതമാനം നഷ്ടവുമായി നിഫ്റ്റി 200ലെ മുഖ്യ വീഴ്ചക്കാരായി. വേദാന്ത, കൊഫോര്‍ജ്, എംഫസിസ്, ഗെയില്‍ എന്നിവയാണ് മൂന്ന് ശതമാനത്തിലധികം നഷ്ടവുമായി നിഫ്റ്റി 200ല്‍ ആദ്യ അഞ്ചില്‍ ത്തെി ഓഹരികള്‍.
സമ്മിശ്ര പ്രകടനവുമായി കേരളക്കമ്പനികള്‍
കേരള കമ്പനികളില്‍ കാലത്തീറ്റക്കമ്പനിയായ കെ.എസ്.ഇ ഇന്ന് 6.64 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ടി.സി.എം, ബി.പി.എല്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നിലുള്ള മറ്റ് കേരള കമ്പനി ഓഹരികള്‍.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി എന്നിവയാണ് നഷ്ടം കൂടുതല്‍ എഴുതിചേര്‍ത്ത കേരള കമ്പനികള്‍.

Related Articles

Next Story

Videos

Share it