ലാഭമെടുപ്പിനെ തുടര്‍ന്ന് ഫ്ലാറ്റായി വിപണി; പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, പോപ്പീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികള്‍ നഷ്ടത്തില്‍, മുന്നേറ്റവുമായി സ്കൂബി ഡേ

റിയൽറ്റി സൂചിക ഒരു ശതമാനം ഇടിഞ്ഞു
stock market
Published on

വലിയ ചാഞ്ചാട്ടം നിറഞ്ഞ സെഷനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ വ്യാപാരാന്ത്യം വിപണി ഫ്ലാറ്റായി ക്ലോസ് ചെയ്തു. നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് വിപണിക്ക് ഇന്നലത്തെ നേട്ടം നിലനിര്‍ത്താന്‍ സാധിക്കാത്തതിനുളള കാരണങ്ങളിലൊന്ന്. സെൻസെക്സ് 0.06 ശതമാനം (53.49 പോയിന്റ്) ഇടിഞ്ഞ് 82,391.72 ലും നിഫ്റ്റി 1.05 പോയിന്റ് ഉയർന്ന് 25,104.25 ലും വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2160 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോള്‍ 1723 ഓഹരികൾ നഷ്ടത്തിലായി. 136 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു.

മേഖലാ തലത്തിൽ റിയൽറ്റി സൂചിക ഒരു ശതമാനം ഇടിഞ്ഞു. ഐ.ടി സൂചിക 1.7 ശതമാനം ഉയർന്നു, മീഡിയ, പവര്‍ മേഖലകള്‍ ഒരു ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി.

മിഡ്ക്യാപ് സൂചിക ഫ്ലാറ്റ് ആയി അവസാനിച്ചപ്പോൾ സ്മോൾക്യാപ് സൂചിക 0.14 ശതമാനം ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

അദാനി പവര്‍ ഓഹരി 6 ശതമാനത്തിലധികം ഉയര്‍ന്നു. ഈ വർഷം ഇതുവരെ അദാനി പവർ ഓഹരി വില 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം ജൂൺ 10 ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 810.55 രൂപയിലെത്തി. ജൂണിൽ ഇതുവരെ 9 ശതമാനം വർധനവാണ് ഓഹരി രേഖപ്പെടുത്തിയത്. ഓഹരി 598 രൂപയില്‍ ക്ലോസ് ചെയ്തു.

ഗ്രാസിം ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലാബ്സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

ചൊവ്വാഴ്ച നിക്ഷേപകർ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതിനാല്‍ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. ആർ‌.ബി‌.ഐ ജംബോ നിരക്ക് കുറവ് (50 ബേസിസ് പോയിന്റ്) പ്രഖ്യാപിച്ചതിനെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഓഹരികൾ കഴിഞ്ഞ ദിവസങ്ങളില്‍ വൻ കുതിച്ചുചാട്ടം നടത്തിയിരുന്നു. പലിശ നിരക്ക് കുത്തനെ കുറയ്ക്കുന്നത് ഭവന വായ്പകളുടെ പലിശ നിരക്കുകൾ കുറയ്ക്കും. ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ലാഭം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതായിരുന്നു റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ നേട്ടത്തിനുളള കാരണം.

ശോഭ, മാക്രോടെക് ഡെവലപ്പേഴ്‌സ് (ലോധ) ഓഹരികൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. പ്രസ്റ്റീജ് എസ്റ്റേറ്റ്സ് ഓഹരികൾ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രിഗേഡ് എന്റർപ്രൈസസ്, അനന്ത് രാജ് ഓഹരികൾ 1.6 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ഡിഎൽഎഫ് , റെയ്മണ്ട് ഓഹരികൾ ഏകദേശം 1 ശതമാനം നഷ്ടത്തിലായി.

റാപ്പിഡോ കുറഞ്ഞ കമ്മീഷൻ നിരക്കുകളിൽ ഭക്ഷ്യ വിതരണ ബിസിനസിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും മാതൃ സ്ഥാപനമായ എറ്റേണലിന്റെ ഓഹരികൾ ഇന്നും നഷ്ടം തുടര്‍ന്നു. ഓഹരി 0.60 നഷ്ടത്തില്‍ 255 രൂപയിലെത്തി.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

മുത്തൂറ്റ് ക്യാപിറ്റല്‍ നേട്ടത്തില്‍

കേരളാ കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ചൊവ്വാഴ്ച നഷ്ടത്തിലായിരുന്നു. പോപ്പീസ് കെയര്‍ 4.98 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഹാരിസണ്‍സ് മലയാളം 4.19 ശതമാനം നഷ്ടത്തില്‍ 219 രൂപയിലെത്തി. കെ.എസ്.ഇ (-3.43%) ജിയോജിത്ത് ഫിനാന്‍ഷ്യല്‍ (-3.59%), കൊച്ചിൻ മിനറൽസ് & റൂട്ടൈൽ (-1.29%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ഇന്ന് നഷ്ടത്തിലായിരുന്നപ്പോള്‍ (-1.75%) ഫാക്ട് നേരിയ നേട്ടത്തില്‍ (1.03%) ക്ലോസ് ചെയ്തു.

കേരളാ കമ്പനികളുടെ പ്രകടനം
കേരളാ കമ്പനികളുടെ പ്രകടനം

സ്കൂബി ഡേ 8 ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. ഓഹരി 119 രൂപയിലെത്തി. ബിപിഎല്ലാണ് മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു ഓഹരി. ചൊവ്വാഴ്ച 12.51 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്. മുത്തൂറ്റ് ക്യാപിറ്റല്‍ (3.03%), പോപ്പുലര്‍ വെഹിക്കിള്‍സ് (1.48%), എ.വി.ടി (1.30%) തുടങ്ങിയ ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock market closing analysis 10 june 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com