Begin typing your search above and press return to search.
ആശ്വാസപച്ച! ഹെവി വെയിറ്റ് ഓഹരികളുടെ ബലത്തില്‍ സൂചികകള്‍; കരുത്തോടെ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍
തുടര്‍ച്ചയായ അഞ്ച് ദിവസത്തെ നഷ്ടത്തിനു ശേഷം ഇന്ന് ഓഹരി വിപണികളില്‍ ആശ്വാസത്തിന്റെ പച്ചപ്പ്. ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകളും ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ് തുടങ്ങിയ ഹെവി വെയിറ്റ് ഓഹരികളിലെ കനത്ത വാങ്ങലുമാണ് ഇന്ന് സൂചികകളെ ഉയര്‍ത്തിയത്.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ നഷ്ടത്തെ മറികടക്കാന്‍ ഇന്നത്തെ നേട്ടത്തിനായില്ല. സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞ ഒരാഴ്ച കൊണ്ട് രണ്ട് ശതമാനത്തോളം നഷ്ടമാണുണ്ടാക്കിയത്. ബി.എസ്.ഇ മിഡ്, സ്‌മോള്‍ക്യാപ് സൂചികകളുടെ ഇക്കാലയളവിലെ നഷ്ടം യഥാക്രമം മൂന്ന്, നാല് ശതമാനമാണ്.
നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചകൊണ്ട് കൊഴിഞ്ഞു പോയത് 10 ലക്ഷം കോടി രൂപയാണ്. ബി.എസ്.ഇ.യിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം കഴിഞ്ഞ വെള്ളിയാഴ്ചയിലെ 406.2 ലക്ഷം കോടി രൂപയില്‍ നിന്ന് 396.6 ലക്ഷം കോടിയായി താഴ്ന്നു.
രൂപയിന്ന് യു.എസ് ഡോളറിനെതിരെ ഒരു പൈസ താഴ്ന്ന് 83.49ലെത്തി.
വിവിധ സെക്ടറുകളുടെ പ്രകടനം
സെന്‍സെക്‌സ് ഇന്ന് ഒരുവേള 72,946 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് 260 പോയിന്റ് ഉയര്‍ച്ചയോടെ 72,664ല്‍ വ്യാപാരം അവസാനിപ്പിച്ചു. മൂന്ന് ദിവസത്തെ നഷ്ടം മറികടക്കാന്‍ ഇതോടെ സെന്‍സെക്‌സിന് സാധിച്ചു.
നിഫ്റ്റി ഇന്ന് 22,000ന് മുകളിലേക്ക് തിരിച്ചെത്തുകയും 98 പോയിന്റ് ഉയര്‍ന്ന് 22,055ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ബി.എസ്.ഇ.യില്‍ ഇന്ന് 3,931 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,191 ഓഹരികള്‍ നേട്ടത്തിലും 1,610 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 130 ഓഹരികളുടെ വില മാറിയില്ല.
117 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില താണ്ടിയപ്പോള്‍ 45 ഓഹരികള്‍ താഴ്ചയിലേക്ക് പോയി.ഇന്ന് 10 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമായിരുന്നു. ഇന്ന് ബി.ഇസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 3.25 ലക്ഷം കോടി രൂപ വർധിച്ചു.
എന്‍.എസ്.ഇയിലെ ഭൂരിഭാഗം സെക്ടറല്‍ സൂചികകളും നേട്ടത്തിലേറി. ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്.എം.സി.ജി, മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളും ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.
നിഫ്റ്റി ബാങ്ക്, പൊതുമേഖലാ ബാങ്ക് സൂചികകള്‍ താഴേക്ക് പോയി. സ്വകാര്യ ബാങ്ക് സൂചിക 0.18 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐ.ടിയും റിയല്‍റ്റിയും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലിവര്‍
എന്‍.ടി.പി.സി, പവര്‍ ഗ്രിഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി എന്നിവ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
മാര്‍ച്ച് പാദഫലങ്ങളുടെ പിന്‍ബലത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഓഹരികള്‍ 4.5 ശതമാനം ഉയര്‍ന്നത് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെയും ഒരു ശതമാനത്തിലധികം ഉയര്‍ത്തി.
സിങ്ക് വിലയിലുണ്ടായ ഉയര്‍ച്ചയെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ ഇന്ന് 16 ശതമാനം ഉയര്‍ന്നു. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ സിങ്ക് വില രണ്ട് ശതമാനം ഉയര്‍ന്ന് 2,955 ഡോളറായി. ചൈനയില്‍ നിന്നുള്ള പോസിറ്റീവായ വ്യാപാര കണക്കുകളാണ് സിങ്കിന് ഗുണമായത്.
ജൂപ്പിറ്റര്‍ വാഗണ്‍സിന്റെ നാലാം പാദ ലാഭം രണ്ട് മടങ്ങ് ഉയര്‍ന്നതിന്റെ പിന്‍ബലത്തില്‍ ഓഹരി 16 ശതമാനത്തോളം ഉയര്‍ന്നു.
യു.പി.എല്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, പോളിക്യാബ് ഇന്ത്യ, ഡോ.ലാല്‍ പാത്ത് ലാബ്‌സ്, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കരുത്ത് കാട്ടിയത്.
നഷ്ടത്തിൽ ഈ ഓഹരികൾ
അതേസമയം. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികള്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തിലായി.
ബാങ്ക് ഓഫ് ബറോഡ, പി.ബി ഫിന്‍ടെക്, സോന ബി.എല്‍.ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, സുപ്രീം ഇന്‍ഡസ്ട്രീസ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവ ഇന്ന് രണ്ട് ശതമാനത്തിന് മുകളില്‍ നഷ്ടവുമായി നിഫ്റ്റി 200ലെ കണ്ണീര്‍താരങ്ങളായി.
ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇന്ന് 0.8 ശതമാനം നേട്ടമുണ്ടാക്കി.
ഹൈപ്പോകാല്‍സീമിയ മരുന്നിന് യു.എസ് എഫ്.ഡി.എ അനുമതി നൽകിയത് സ്‌ട്രൈഡ്‌സ് ഫാര്‍മ ഓഹരിയെ മൂന്ന് ശതമാനം ഉയര്‍ത്തി.
മികച്ച നാലാം പാദഫലങ്ങള്‍ പുറത്തുവിട്ട പോളിക്യാബ് ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നു.
കേരള കമ്പനികളില്‍ സമ്മിശ്ര പ്രകടനം
കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ വായ്പാ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ വലിയ ഇടിവ് നേരിട്ട കേരള കമ്പനി ഓഹരികളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഓഹരികള്‍ ഇന്ന് ശക്തമായ തിരിച്ചു വരവ് കാണിച്ചു. മണപ്പുറം ഫിനാന്‍സ് ഓഹരി 5.31 ശതമാനം ഉയര്‍ന്ന് 174.50 രൂപയിലും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 4.05 ശതമാനം ഉയര്‍ന്ന് 1,664.20 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രൈമ ഇന്‍ഡസ്ട്രീസ്, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് കേരള കമ്പനി ഓഹരികള്‍.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കെ.എസ്.ഇ ഓഹരികളാണ് ഇന്ന് നഷ്ടകണക്കില്‍ മുന്നിലെത്തിയത്. ഇരു ഓഹരികളും അഞ്ച് ശതമാനത്തോളം ഇടിവ് നേരിട്ടു. ടി.സി.എം ഓഹരി 3.79 ശതമാനം ഇടിഞ്ഞു. കേരള ആയുര്‍വേദ, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എന്നിവ രണ്ട് ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി. കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
Next Story
Videos