ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ വീഴ്ച തുടരുന്നു; നിഫ്റ്റി 19,450ന് താഴെ

നിക്ഷേപകര്‍ക്കുമേല്‍ ആശങ്കവിതച്ച റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ തട്ടി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തിലേക്ക് വീണു. നേരിയ നേട്ടത്തോടെ തുടങ്ങി പ്രതീക്ഷയോടെയായിരുന്നു ഓഹരികളുടെ തുടക്കമെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല. അതിവേഗം നഷ്ടത്തിലേക്ക് വീണ ഓഹരി സൂചികകള്‍ പിന്നീട് കരകയറിയതുമില്ല.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


സെന്‍സെക്‌സ് 365.53 പോയിന്റ് (0.56%) നഷ്ടവുമായി 65,322.65ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റി 114.80 പോയിന്റ് (0.59%) താഴ്ന്ന് 19,428.30ലും. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് 1.61 ലക്ഷം കോടി രൂപയും കൊഴിഞ്ഞു. 306.29 ലക്ഷം കോടി രൂപയില്‍ നിന്ന് 304.68 ലക്ഷം കോടി രൂപയായാണ് മൂല്യമിടിഞ്ഞത്.

നിരാശയ്ക്ക് പിന്നില്‍
പ്രതീക്ഷിച്ചത് പോലെ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് നിലനിറുത്തിയത് ആശ്വാസമാണ്. എന്നാല്‍, നടപ്പുവര്‍ഷത്തെ പണപ്പെരുപ്പ അനുപാതം റിസര്‍വ് ബാങ്ക് കൂട്ടിയത് തിരിച്ചടിയായി. ഭാവിയില്‍ പണനയം കടുപ്പിച്ചേക്കുമെന്നതിന്റെ സൂചനയാണത്.
പുറമേ, ബാങ്കുകള്‍ക്ക് മേല്‍ അധിക കരുതല്‍ ധന അനുപാത ഭാരം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷയില്‍ മാറ്റം വരുത്താതിരുന്നതും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്ക്, ധനകാര്യം, എഫ്.എം.സി.ജി., ഐ.ടി ഓഹരികളാണ് ഇന്ന് നഷ്ടത്തിന് നേതൃത്വം നല്‍കിയതെന്ന് കാണാം.
നിരാശപ്പെടുത്തിയവര്‍
പൊതുമേഖലാ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളിലെല്ലാം ഇന്ന് വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി.
നിഫ്റ്റി ബാങ്ക് ഇന്ന് 0.77 ശതമാനം ഇടിഞ്ഞ് 44,199.10ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.45 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.18 ശതമാനവും നഷ്ടത്തിലാണ്.
ഇന്നലെ മികച്ച നേട്ടം കുറിച്ച നിഫ്റ്റി മീഡിയ ഇന്ന് 1.83 ശതമാനം ഇടിഞ്ഞു. ഫാര്‍മ ഓഹരി സൂചികയുടെ നഷ്ടം 1.45 ശതമാനം. നിഫ്റ്റി സ്വകാര്യബാങ്ക് 0.99 ശതമാനവും ധനകാര്യം 0.87 ശതമാനവും ഇടിഞ്ഞത് കനത്ത ക്ഷീണമായി. എഫ്.എം.സി.ജി ഓഹരികളുടെ വീഴ്ച 0.73 ശതമാനമാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത് അപ്പോളോ ടയേഴ്‌സാണ്; 8.47 ശതമാനം. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ജൂണ്‍ പാദ പ്രവര്‍ത്തന വരുമാന വളര്‍ച്ചയാണ് കമ്പനിക്ക് തിരിച്ചടിയായത്. 5 ശതമാനം ഉയര്‍ന്ന് 6,245 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. അതേസമയം, കമ്പനിയുടെ സംയോജിത ലാഭം 177 കോടി രൂപയില്‍ നിന്ന് 124 ശതമാനം ഉയര്‍ന്ന് 397 കോടി രൂപയായിട്ടുണ്ട്.
അല്‍കെം ലാബ്, ടൊറന്റ് പവര്‍, ഇന്‍ഫോ എഡ്ജ് (നൗക്രി), സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. സോണിയുമായുള്ള ലയനത്തിന് എന്‍.സി.എല്‍.ടി അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്നലെ 20 ശതമാനം കുതിച്ച സീ ഓഹരികളില്‍ ഇന്ന് ലാഭമെടുപ്പുണ്ടായി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍.ടി.പി.സി., ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, എച്ച്.യു.എല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയ പ്രമുഖര്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇന്ന് 13 ശതമാനത്തോളം ഉയര്‍ന്നു. കെയര്‍ റേറ്റിംഗ്‌സില്‍ നിന്ന് കെയര്‍ എ1 പ്ലസ് റേറ്റിംഗ് ലഭിച്ചതാണ് നേട്ടമായത്.
നേട്ടം കൈവരിച്ചവര്‍
എച്ച്.സി.എല്‍ ടെക്, പവര്‍ഗ്രിഡ്, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ തിളങ്ങിയ പ്രമുഖര്‍. വെറൈസണ്‍ ബിസിനസില്‍ നിന്ന് 17,000 കോടി ഡോളറിന്റെ കരാര്‍ ലഭിച്ചത് എച്ച്.സി.എല്‍ ഓഹരികള്‍ ആഘോഷമാക്കി.
ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, വരുണ്‍ ബീവറേജസ്, ആര്‍.ഇ.സി., ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, എച്ച്.സി.എല്‍ ടെക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സെന്‍സെക്‌സില്‍ ഇന്ന് 1,491 ഓഹരികള്‍ നേട്ടത്തിലും 2,094 ഓഹരികള്‍ നഷ്ടത്തിലും ആയിരുന്നു. 139 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 204 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 27 എണ്ണം താഴ്ചയിലും ആയിരുന്നു. ഇന്നും അപ്പര്‍സര്‍ക്യൂട്ടില്‍ ഓഹരികളൊന്നും ഉണ്ടായില്ല. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടില്‍ തട്ടി.
കല്യാണിന് നേട്ടം, സ്‌കൂബിഡേയ്ക്ക് കോട്ടം
മികച്ച ജൂണ്‍ പാദ പ്രവര്‍ത്തന ഫലവും എച്ച്.എസ്.ബി.സിയില്‍ നിന്ന് ലഭിച്ച 'വാങ്ങല്‍' (buy) സ്റ്റാറ്റസും കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളില്‍ ഇന്ന് 10.96 ശതമാനം കുതിപ്പുണ്ടാക്കി. സഫ സിസ്റ്റംസ് (7.11%), കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.99%), വെര്‍ട്ടെക്‌സ് (4.69%), ധനലക്ഷ്മി ബാങ്ക് (4.29%) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

അപ്പോളോ ടയേഴ്‌സിന് പിന്നാലെ സ്‌കൂബിഡേ, എ.വി.ടി., ടി.സി.എം., കിറ്റെക്‌സ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവ. ജൂണ്‍ പാദ പ്രവര്‍ത്തന ഫലം നിരാശപ്പെടുത്തിയ പശ്ചാത്തലത്തില്‍ സ്‌കൂബിഡേ 16.88 ശതമാനം ഇടിഞ്ഞു. 4.82 ശതമാനമാണ് കിറ്റെക്‌സ് ഓഹരി വിലയിലെ ഇടിവ്. എ.വി.ടി (4.97%), ടി.സി.എം (4.94%) എന്നിങ്ങനെയും ഇടിഞ്ഞു.
രൂപ വീണ്ടും താഴേക്ക്
ഇന്നലെ നേട്ടത്തിലേറിയ രൂപ ഇന്ന് ഡോളറിനെതിരെ വീണ്ടും താഴോട്ടിറങ്ങി. 0.16 ശതമാനം ഇടിഞ്ഞ് 82.85 ആണ് ഡോളറിനെതിരെ മൂല്യം. ചൈനീസ് യുവാന്‍ ഒരുമാസത്തെ താഴ്ചയിലേക്ക് വീണതാണ് രൂപയ്ക്കും സമ്മര്‍ദ്ദമായത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it