

ഒരുവശത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധ പ്രഖ്യാപനം. മറുവശത്ത് ഇന്ത്യന്‍ കമ്പനികളുടെ ഡിസംബര്‍ പാദത്തിലെ മോശം ഫലപ്രഖ്യാപനം. വിദേശ നിക്ഷേപകരുടെ വിറ്റൊഴിഞ്ഞുള്ള തിരിച്ചുപോക്ക് പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് ഇന്ത്യ ഓഹരി വിപണി. ഇന്ന് മാത്രം 1,018.20 പോയിന്റ്(1.32 ശതമാനം) ഇടിഞ്ഞ് സെന്‍സെക്‌സ് 76,293.60ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 309.80 പോയിന്റ് (1.32) താഴ്ന്ന് 23,071.80ല്‍ ക്ലോസ് ചെയ്തു.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ 86,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചതായിട്ടാണ് കണക്ക്. ധനമന്ത്രി നിര്‍മല സീതാരാമന്‍ 12 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചതും ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതുമൊന്നും വിപണിയെ പോസിറ്റീവായി സ്വാധീനിക്കുന്നില്ല.
2024 ഒക്ടോബറിന് ശേഷം ഏഷ്യന്‍ വിപണിയില്‍ നിന്ന് 39.5 ബില്യണ്‍ മൂല്യമുള്ള ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിഞ്ഞെന്നാണ് കണക്ക്. ഇതിലേറെയും ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. എന്നാല്‍ ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് വിപണിയെ ഒരുപരിധി വരെ കാത്തത്. വിദേശ നിക്ഷേപകരുടെ ഊര്‍ന്നുപോക്ക് വരുംനാളുകളില്‍ വിപണിക്ക് എത്രമാത്രം തിരിച്ചടി സമ്മാനിക്കുമെന്ന് കണ്ടറിയണം.
മൂന്നാംപാദത്തില്‍ കമ്പനികളുടെ പ്രകടനം മോശമായതും വിപണിയിലെ തിരിച്ചടിക്ക് പ്രധാന കാരണമാണ്. ആഭ്യന്തര നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്ന ട്രെന്റും വിപണിക്ക് വരുംദിവസങ്ങളില്‍ പ്രഹരമാകാന്‍ സാധ്യതയുണ്ട്. ആദായനികുതിയിലെ ഇളവിന്റെ ഗുണഫലം എഫ്.എം.സി.ജി കമ്പനികളുടെ പ്രകടനത്തില്‍ പ്രതിഫലിക്കുമോയെന്ന് അറിയാന്‍ നാലാംപാദ റിസല്‍ട്ടുകള്‍ വരണം. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 9.22 ലക്ഷം കോടി രൂപയുടെ ഇടിവാണ് സംഭവിച്ചത്.
ഇന്ന് എല്ലാ സൂചികകളും കടുത്ത തകര്‍ച്ചയാണ് നേരിട്ടത്. റിയാലിറ്റി (3.07), മീഡിയ (2.85), ഹെല്‍ത്ത്‌കെയര്‍ (2.49) സൂചികകളെല്ലാം കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഇന്ന് നേട്ടം കൊയ്ത ഓഹരികളുടെ എണ്ണം തീരെ കുറവായിരുന്നു. ഉയര്‍ച്ചയും പേരിനു മാത്രമാണ്. 1.54 ശതമാനം നേട്ടംകൊയ്ത ഓയില്‍ ഇന്ത്യ ഓഹരികളാണ് നേട്ടക്കാരില്‍ മുന്നില്‍. ഡിസംബര്‍ പാദത്തില്‍ ലാഭം വന്‍തോതില്‍ ഇടിഞ്ഞിട്ടും വലിയ തട്ടുകേട് വരാതെ പിടിച്ചുനില്‍ക്കാന്‍ ഓയില്‍ ഇന്ത്യ ഓഹരികള്‍ക്കായി. ഇന്ത്യന്‍ ആരോഗ്യരംഗത്ത് 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം അദാനി എന്റര്‍പ്രൈസസ് ഓഹരികളെ 1.32 ശതമാനം ഉയര്‍ത്തി. ഗ്രാസിം ഇന്‍ഡസ്ട്രീസ് (0.76), ട്രെന്റ് ഓഹരികളും നേട്ടമുണ്ടാക്കി.
ഇന്ന് ഏറെ തിരിച്ചടി നേരിട്ട ഓഹരികളിലൊന്ന് പോളിസിബസാര്‍ഡോട്ട്‌കോമിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക്കിന്റേത് ആണ്. 6.81 ശതമാനം താഴ്ചയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. എയ്ഷര്‍ മോട്ടോഴ്‌സ് (6.70), അപ്പോളോ ഹോസ്പിറ്റല്‍സ് (6.61), ഭാരത് ഡൈനാമിക്‌സ് (5.59) ഓഹരികളും കടുത്ത പ്രതിസന്ധി നേരിട്ടു. മൂന്നാംപാദത്തിലെ ഫലങ്ങളും ഈ ഓഹരികളുടെ വീഴ്ച്ചയ്ക്ക് കാരണമായി.
പ്രമുഖ കേരള ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലായി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാത്രമായിരുന്നു ഇതിനൊരു അപവാദം. മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട റിസല്‍ട്ടാകുമെന്ന വിലയിരുത്തലാണ് കിറ്റെക്‌സിന്റെ മുന്നേറ്റത്തിന് കാരണം. കെ.എസ്.ഇ ഓഹരികളാണ് ഇന്നേറെ തിരിച്ചടി നേരിട്ടത്. 4.47 ശതമാനമാണ് ഈ ഓഹരികള്‍ താഴ്ന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വലിയ കിതപ്പ് നേരിട്ടു. കേരള ബാങ്കുകള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഡിസംബര്‍ പാദത്തില്‍ വരുമാനം ഇടിഞ്ഞ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 3.50 ശതമാനമാണ് താഴ്ന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine