മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിളങ്ങി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ കുതിപ്പ്‌

തുടര്‍ച്ചയായ രണ്ടാം വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ മുന്നേറ്റം തുടര്‍ന്നു. റിലയന്‍സ്, ഇന്‍ഫോസിസ്, ഐ.ടി.സി തുടങ്ങിയ മുന്‍നിര ഓഹരികളും വാഹന ഓഹരികളുമാണ് ഇന്ന് വിപണിയെ മുന്നേറാന്‍ സഹായിച്ചത്. ഇന്ത്യയിലേയും യു.എസിലേയും പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തുവരുന്നതും വിപണിയെ സ്വാധീനിച്ചു.

ദിവസം മുഴുവന്‍ നേട്ടത്തില്‍ തുടര്‍ന്ന സെന്‍സെക്‌സ് വ്യാപാരം അവസാനിക്കുമ്പോള്‍ 274 പോയ്ന്റ് നേട്ടത്തോടെ 65,617ലാണുള്ളത്. നിഫ്റ്റി 84 പോയ്ന്റ് ഉയര്‍ന്ന് 19,439 ലും. 13 ഓഹരി സൂചികകളില്‍ എട്ടെണ്ണവും ഇന്ന് നേട്ടത്തിലായിരുന്നു. മെറ്റല്‍, ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

നേട്ടമുണ്ടാക്കിയവര്‍

ബി.എസ്.ഇയില്‍ വ്യാപാരം നടത്തിയ 3,601 ഓഹരികളില്‍ 1,944 എണ്ണം നേട്ടത്തിലായിരുന്നു. 1,537 ഓഹരികള്‍ നഷ്ടത്തിലും 120 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ഇന്ന് 181 ഓഹരികള്‍ 52 ആഴ്ചത്തെ ഉയര്‍ന്ന വിലയിലെത്തിയപ്പോള്‍ 42 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ചയിലെത്തി. 154 ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലായിരുന്നു. 134 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്ന് ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി.

മൂന്ന് അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു കരാര്‍ ലഭിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി 10% ശതമാനം കയറി.
ജൂണിലെ പ്രീമിയം സമാഹരണത്തില്‍ വളര്‍ച്ചയുണ്ടായത് എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഓഹരികളില്‍ രണ്ട് ശതമാനം ഉയര്‍ച്ചയുണ്ടാക്കി.
ഐ.ടി.സി ഓഹരികള്‍ ഇന്ന് 1.60 ശതമാനം ഉയര്‍ന്നു. സിയറ്റ് ഒഴികെയുള്ള എല്ലാ ടയര്‍ കമ്പനികളും നേട്ടത്തിലായിരുന്നു.
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡിന് ഇന്ന് 340 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഹരി വില 11.74 ശതമാനം ഉയര്‍ന്ന് 474.90 രൂപയിലെത്തി.

ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, പോളിക്യാബ് ഇന്ത്യ, എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
നഷ്ടമുണ്ടാക്കിയ ഓഹരികള്‍
അതേ സമയം ബജാജ് ഫിനാന്‍സ് ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ബജാജ് ഫിന്‍സെര്‍വ് എന്നിവ നഷ്ടത്തിലായിരുന്നു.
സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് ഫോക്‌സ്‌കോണ്‍ പിന്മാറിയതിനെ തുടര്‍ന്ന് വേദാന്ത ഓഹരി 1.68% ഇടിഞ്ഞു.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

വാഡിലാല്‍ ഇന്‍ഡസ്ട്രീസിനെ ബെയിന്‍ കാപ്പിറ്റല്‍ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വ്യക്തത വന്നതിനു ശേഷം ഓഹരി വില ഇന്ന് 5.5% ഇടിഞ്ഞു. വാഡിലാലിന്റെ ഐസ്‌ക്രീ വിപണനം ചെയ്യുന്ന വാഡിലാല്‍ എന്റര്‍പ്രൈസസിനെ ബെയ്ന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. നവീന്‍ ഫ്‌ളൂറൈന്‍ ഇന്റര്‍നാഷണല്‍, ബന്ധന്‍ ബാങ്ക്, ദീപക് നൈട്രൈറ്റ്, യു.പി.എല്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരികള്‍.
കല്യാണ്‍ ഓഹരികള്‍ മുന്നേറ്റത്തില്‍
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് തിളങ്ങിയത്. ഓഹരിവില 6.35 ശതമാനം ഉയര്‍ന്ന് 174.30 രൂപയിലെത്തി. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരി വില ഉയരുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 18 ശതമാനം മുന്നേറ്റമുണ്ടായി. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് 30ശതമാനം വളര്‍ച്ച കൈവരിച്ചതിനെ തുടര്‍ന്നാണ് ഓഹരി മുന്നേറിയത്. ഇന്ന് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. 52 ആഴ്ചയിലെ താഴ്ന്ന വിലയില്‍ നിന്ന് 197% ഉയര്‍ച്ച. ഒരു മാസത്തിനിടെ 50 ശതമാനത്തിലധികം നേട്ടമാണ് കല്യാണ്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ ഇന്ന് 10.20% ഉയര്‍ന്ന് 582.6 രൂപയിലെത്തി. അന്തര്‍വാഹനികളുടെ നിര്‍മാണത്തിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കരാര്‍ ലഭിച്ച വാര്‍ത്തകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയിലും മുന്നേറ്റമുണ്ടാക്കിയത്.

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍(എഫ്.എ.സി.ടി) ഓഹരി 4 ശതമാനവും നിറ്റജെലാറ്റിന്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ കേരള കമ്പനി ഓഹരികള്‍.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
Resya R
Resya R  

Related Articles

Next Story

Videos

Share it